‘ശ്രദ്ധിച്ചു കാലു വച്ചില്ലെങ്കിൽ മണ്ണിടിഞ്ഞു താഴേക്കു പോകും! ലക്ഷ്യം പൂർത്തീകരിക്കാതെ തിരികെയില്ലെന്നു ഞാൻ ഉറപ്പിച്ചു’; 59കാരിയുടെ എവറസ്റ്റ് ബേസ് ക്യാംപിലേക്കുള്ള യാത്ര
കസവു മുണ്ടും നേര്യതുമണിഞ്ഞ് എവറസ്റ്റിന്റെ ചോട്ടിൽ നിന്നൊരു ഫോട്ടോ എടുത്താൽ നല്ല രസൊണ്ടാവില്ലേ?’’ കുറച്ചു മാസങ്ങൾ മുൻപേ വാസന്തി തൃച്ചംബരത്തെ വീട്ടിലിരുന്നു മകനോടു ചോദിച്ചു. മകൻ ചിരിയോടെ പറഞ്ഞു ‘അടിപൊളിയായിരിക്കും.’
മാസങ്ങൾക്കു ശേഷം ആ ‘അടിപൊളിപ്പടം’ ലോകമാകെ വൈറൽ ആയി. എവറസ്റ്റിന്റെ മുന്നിൽ സെറ്റു മുണ്ടും നേര്യതുമണിഞ്ഞു കയ്യിൽ ഇന്ത്യൻ പതാകയും നിറഞ്ഞചിരിയുമായി നിൽക്കുന്നു വാസന്തി. സ്വന്തമായി തയ്ച്ചുണ്ടാക്കിയ പൈസകൊണ്ടു യാതൊരു ഒൗദ്യോഗിക ട്രെയിനിങ്ങും ഇല്ലാതെ ഒരു സ്ത്രീ തന്റെ സ്വപ്നം സ്വന്തമാക്കി നിൽക്കുന്നു. ലോകം അവരെ നോക്കി പല ഭാഷകളിൽ വിളിച്ചു പറഞ്ഞു ‘മിടുമിടുക്കി!!’
സ്വപ്നം കാണലും പ്രയത്നവും
‘‘വർഷങ്ങളായി തയ്യലാണ് തൊഴിൽ. ഈ ജോലി കൊണ്ടു തന്നെയാണു വീടു വച്ചതും മക്കളെ പഠിപ്പിച്ചതും ഇപ്പോൾ യാത്രകൾ നടത്തുന്നതുമൊക്കെ. ഇവിടുന്ന് പോകും മുൻപേ കഴുത്തിൽ കിടന്ന രണ്ടു പവന്റെ മാല ഊരി മകൾക്കു കൊടുത്തിട്ടാണ് ഇറങ്ങിയത്. അഥവാ എന്തെങ്കിലും അത്യാവശ്യം വന്നാൽ ഇതു വിറ്റോ പണയം വച്ചോ കാര്യം നടത്താൻ ഉപകരിക്കണം.’’ വാസന്തി ആ യാത്രയെ കുറിച്ച് ഓർക്കുന്നു.
കഴിഞ്ഞ വർഷം ആദ്യമായി ഒറ്റയ്ക്ക് തായ്‌ലൻഡിൽ പോയിരുന്നു. അന്നു യാത്ര പ്ലാൻ ചെയ്യാനായി യുട്യൂബ് വിഡിയോസ് കണ്ടിരുന്നു. അതിനിടയിലാണ് എവറസ്റ്റ് ബേസ് ക്യാംപിലേക്കുള്ള യാത്രയുടെ വിഡിയോ ശ്രദ്ധയിൽപെട്ടത്. ചെറിയ ക്ലാസ് മുതലേ കേൾക്കുന്ന പേരല്ലേ എവറസ്റ്റ്. ഒന്നു നേരിൽ കണ്ടാൽ കൊള്ളാമെന്ന ആഗ്രഹം അന്നേ തുടങ്ങിയതാണ്.
പൊതുവേ, കുറച്ചു സാഹസികത ഇഷ്ടമുള്ള ആളാണു ഞാൻ. സ്ത്രീകളടക്കമുള്ളവർ പോകുന്ന ട്രാവൽ വിഡിയോസ് കാണാറുണ്ട്. അന്നേ എനിക്കും പോകാൻ പറ്റുമെന്നൊരു ആത്മവിശ്വാസം വന്നിരുന്നു. തായ്‌ലൻഡ് യാത്ര കഴിഞ്ഞതോടെ എവിടെയും ഒറ്റയ്ക്കു പോയി വരാമെന്നുള്ള ധൈര്യം വന്നു. എവറസ്റ്റ് ബേസ് ക്യാംപ് ആണ് അടുത്ത ലക്ഷ്യമെന്നു മനസ്സിലുറപ്പിച്ച ശേഷമാണു മക്കളോടു പറഞ്ഞത്. അവർക്കും ഇതേക്കുറിച്ച് വല്യ ധാരണയൊന്നുമുണ്ടായിരുന്നില്ല. ‘റിസ്കാണ്. പക്ഷേ, അമ്മേടെ ഇഷ്ടം. അമ്മയ്ക്ക് പറ്റുമെന്നു തോന്നിയാൽ പോയിട്ടു വരൂ. ഞങ്ങളുടെ പൂർണ പിന്തുണയുണ്ടാകും’ എന്നാണ് അവർ പറഞ്ഞത്. അതോടെ സമാധാനമായി. മാനസികമായും ശാരീരികമായും തയാറെടുക്കാൻ തുടങ്ങി. ദിവസവും വ്യായാമം ചെയ്യാറുണ്ട്, ഇതു തീരുമാനിച്ചതോടെ വ്യായാമം കൂട്ടി.
പൊതുവേ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. ട്രെക്കിങ് പോകാനുള്ളവർ ചെയ്യേണ്ട വ്യായാമങ്ങൾ യുട്യൂബിൽ നിന്നു കണ്ടുപിടിച്ചു പരിശീലനം തുടങ്ങി. അതോടെ കാലിനൊക്കെ നല്ല ബലമായി. ദിവസവും നാലു മണിക്കൂറോളം നടന്നിരുന്നു.’’
കടമ്പകൾ ഒന്നൊന്നായി കടന്ന്
‘‘ഞാൻ പോയതു സല്ലേരി–സുർകെ വഴിയാണ്. സാധാരണഗതിയിൽ ട്രെക്കേഴ്സ് യാത്ര തുടങ്ങുന്നതു ലുക്‌ല എന്ന സ്ഥലത്തു നിന്നാണ്. അന്ന് ഫ്ലൈറ്റ് ക്യാൻസലായതോടെ റോഡ് മാർഗം സെല്ലേരി എത്തിയാണു യാത്ര തുടങ്ങിയത്. അവിടുന്നു പത്തു കിലോമീറ്റർ നടന്നു വൈകുന്നേരം ആയപ്പോ ഫക്ത്തിങ്ങ് എന്ന സ്ഥലത്തെത്തി. അതിമനോഹരമായ കാഴ്ചകളും അത്ര പ്രയാസകരമല്ലാത്ത നടപ്പും കൊണ്ട് ആദ്യ ദിവസത്തെ നടത്തം നന്നായി ആസ്വദിച്ചു.
രണ്ടാം ദിവസം തൊട്ടു വഴി ദുർഘടമാകാൻ തുടങ്ങി. ഒന്നാമതേ പതിയെയാണു നടക്കാറുള്ളത്.വഴി മോശമായപ്പോൾ നടത്തം കൂടുതൽ പതിയെ ആയി. നാംച്ചേ ബസാറായിരുന്നു ലക്ഷ്യമെങ്കിലും ജോഷ്വാല വരെയേ ചെല്ലാൻ കഴിഞ്ഞുള്ളൂ. അടുത്ത സ്ഥലത്തേക്ക് ഇപ്പോൾ പോയാൽ എത്തില്ലെന്ന ് ഒപ്പം കൂട്ടിയ പോട്ടർ പറഞ്ഞതോടെ അവിടെ തങ്ങി. ഒരു നേപ്പാളി ഷെർപയായിരുന്നു പോട്ടർ. നമ്മൾ ട്രക്കിങ്ങിന് പോകുമ്പോൾ ഗൈഡിനേയോ പോട്ടറേയോ കൂടെ കൂട്ടണമെന്നാണു നിയമം. അത്രയും ഊർജ്ജസ്വലരായിട്ടുള്ള സ്വന്തം ബാഗൊക്കെ എടുത്തു മല കയറാൻ പറ്റുന്ന ആളുകൾ ഇത്തരം സേവനങ്ങൾ എടുക്കാതെയും പോകും. സ്വദേശികളും അങ്ങനെ തന്നെ. ദിവസം 2000 നേപ്പാളി രൂപയായിരുന്നു പോട്ടറുടെ പ്രതിഫലം.
മൂന്നാം ദിവസം പകൽ എട്ടു മണിക്കു തുടങ്ങിയ കയറ്റം 11 മണിക്കു നാംച്ചേ ബസാറിലെത്തിച്ചു. ബേസ് ക്യാംപിലേക്കു പോകുന്നവർക്കു സാധനങ്ങൾ വാങ്ങാനുള്ള അവസാന സ്ഥലമാണത്. സാധാരണ ട്രക്കേഴ്സ് വൈകുന്നേരമാണ് അവിടെ എത്തുക. അപ്പോൾ അവർ കുറച്ചുകൂടി മുന്നോട്ടു നടന്ന് അവിടുത്തെ ആൾട്ടിറ്റ്യൂഡുമായി ശരീരം പൊരുത്തപ്പെടാനുള്ള അവസരം നൽകും. എന്നിട്ടുതിരികെ ഇറങ്ങി നാംച്ചേ ബസാറിൽ തന്നെ വന്നു താമസിക്കും. പക്ഷേ, ഞാൻ ഉച്ചയ്ക്ക് എത്തിയതുകൊണ്ട് അതിന്റെ ആവശ്യം വന്നില്ല.
മൂന്നാം ദിവസം തണുപ്പു കൂടിക്കൂടി വന്നു. ഒപ്പം വഴികൾ കൂടുതൽ ക്ലേശകരമായി. ശരീരം തളർന്നാലും ഇടയ്ക്കു നിന്ന് ഒരു കാപ്പിയൊക്കെ കുടിച്ചങ്ങു നടക്കും. വിചാരിച്ചിടത്ത് എത്തുക എന്നതാണ് എന്റെ ലക്ഷ്യം. അതു നേടും എന്ന് ഇടയ്ക്കിടെ മനസ്സിൽ ഉരുവിടും.
അങ്ങനെ നടന്നു നടന്ന് ഒാരോ പോയിന്റും കടന്ന് എട്ടാം ദിവസം അവസാന പോയിന്റായ ഗോരക്‌ഷെപ്പിലെത്തി. അ വിടെ താമസിച്ചിട്ട് അടുത്ത ദിവസമാണ് എവറസ്റ്റ് ബേസ് ക്യാംപിലേക്കുള്ള നടത്തം.’’
ലക്ഷ്യത്തിൽ തൊടാതെ പിന്നോട്ടില്ല
‘‘ചെറിയൊരു ബാഗും വെള്ളവും മാത്രമാണു കയ്യിൽ. ബാഗിൽ ഭക്ഷണത്തിനൊപ്പം കേരള സെറ്റും മുണ്ടും കൂടെയെടുത്തു. ബാഗ് ഒപ്പം വന്ന പോർട്ടറാണ് എടുത്തത്. ഞാൻ വാക്കിങ് സ്റ്റിക്ക് എടുത്തു നടപ്പു തുടർന്നു. ഇതുവരെ കടന്നതിനേക്കാൾ കഠിനമാണ് ഇനിയങ്ങോട്ടുള്ള വഴി.
പകുതിക്കു വച്ച് ‘ഇങ്ങനെ പോയാൽ നിങ്ങൾക്ക് അവിടെ എത്താൻ പറ്റുമെന്നു തോന്നുന്നില്ല’ എന്നായി പോട്ടർ. തിരിച്ചു പോകാമെന്നായി അയാൾ. ഇത്രയും കഷ്ടപ്പെട്ട് എട്ടു ദിവസം നടന്ന് ഇവിടം വരെയെത്തിയിട്ടു ലക്ഷ്യം പൂർത്തീകരിക്കാതെ തിരികെയില്ലെന്നു ഞാൻ ഉറപ്പിച്ചു പറഞ്ഞു. അതോടെ അയാൾ ‘ഓകെ, ലെറ്റ്സ് ഗോ’ എന്നായി. മുന്നിലിങ്ങനെ പാറകളാണ്. അതൊക്കെ കയറി വേണം പോകാൻ. ചില സ്ഥലത്തൊക്കെ വളരെ നേർത്ത വഴിയായിരിക്കും. ശ്രദ്ധിച്ചു കാലു വച്ചില്ലെങ്കിൽ മണ്ണിടിഞ്ഞു താഴേക്കു പോകും! ചിലയിടത്തു വേഗം നടന്നാൽ ആൾട്ടിറ്റ്യൂഡിന്റെ പ്രശ്നം കാരണം ശ്വാസംമുട്ടലനുഭവപ്പെടും അതുകൊണ്ട് അത്ര ശ്രദ്ധിച്ചു വേണം ഓരോ ചുവടും.
ഒൻപതാം ദിവസമാണു ബേസ് ക്യാംപിൽ എത്തുന്നത്. ഫെബ്രുവരി 23ാം തീയതി 12 മണിക്കായിരുന്നു ആ സുവർണ നിമിഷം! സന്തോഷവും സങ്കടവും കൊണ്ടു കണ്ണും മനസ്സും നിറഞ്ഞു ‘നീയെത്ര ഉയരത്തിൽ കിടക്കുന്നു, ഞാനോ ഒരു ചെറു തരി മാത്രം... എന്നിട്ടും എനിക്കു നിന്നെ കാണാൻ വരാൻ പറ്റിയില്ലേ.’’ എന്നാണ് അവിടുന്ന് എവറസ്റ്റ് നോക്കി നിന്നപ്പോൾ മനസ്സു പറഞ്ഞത്.
ഒരു വർഷത്തോളം കണ്ട സ്വപ്നമാണ് സാക്ഷാത്കരിച്ചത്. ഹിലരിയും ടെൻസിങ്ങും നടന്ന വഴിയിലൂടെ എവിടെയോ കിടന്ന ഞാനും നടന്നു. ഇതു മതി ഇനിയും മുന്നോട്ടു പോകാനെന്നോർത്തു.
തിരിച്ചു വന്നതു ഹെലികോപ്റ്ററിലാണ്. ഹെലികോപ്റ്റർ വഴി തിരികെ വരുന്നതിനെ കുറിച്ച് നേരത്തെ നോക്കി വച്ചിരുന്നു, മുകളിൽ നിന്ന് എവറസ്റ്റ് കാണുകയും ചെയ്യാം. കയറിയ അത്രയും തിരിച്ചിറങ്ങാൻ പറ്റില്ലെന്നു ബേസ് ക്യാംപിൽ എത്തുന്നതിനു മുൻപേ തോന്നി. ശരീരം വല്ലാതെ തളർന്നു പോയാൽ മക്കൾക്ക് അതൊരു ബുദ്ധിമുട്ടായി മാറും. അതുകൊണ്ട് റിസ്ക് എടുത്തില്ല.
ഹെലികോപ്റ്ററിന് ഒന്നേമുക്കാൽ ലക്ഷം രൂപയാണ്. ലുക്‌ലയിൽ നിന്നാണ് ഹെലികോപ്റ്റർ എത്തുക. രാവിലെ ഒൻപതിനു പിക് അപ്. ഞാൻ തയാറായി നിൽക്കുമ്പോഴേക്ക് അടുത്ത ഹോട്ടലിൽ നിന്ന് ഒരു കുട്ടി കൂടി ഹെലികോപ്റ്റർ വേണമെന്നു പറഞ്ഞിരിക്കുന്നു എന്ന വിവരം കിട്ടി.
ഷെയർ ചെയ്യാൻ താൽപര്യമുണ്ടോ എന്നു ചോദിച്ചതും സന്തോഷത്തോടെ സമ്മതിച്ചു. കാശും പകുതി കൊടുത്താൽ മതി. ഒരു കൂട്ടും കിട്ടും. അങ്ങനെ ഒരു ചൈനക്കാരിക്കുട്ടിക്കൊപ്പം ലുക്‌ലയിലേക്ക്. അവിടുന്ന് അടുത്ത ഫ്ലൈറ്റിനു കാഠ്മണ്ഡുവിലേക്ക്. സുഖയാത്ര...
ഏറ്റവും വലിയ പിന്തുണ എന്റെ മക്കളാണ്. മൂത്തയാൾ വിനീത് മൈസൂരിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നു. ഭാര്യ അശ്വതി, മകൾ വാമിക. രണ്ടാമത്തെയാൾ വിവേക് എറണാകുളത്ത് സിനിമാട്ടോഗ്രഫറാണ്.
മക്കളെ ബുദ്ധിമുട്ടിച്ചിട്ട് ഒന്നും വേണ്ട എന്നൊരു ചിന്തയുണ്ട്. ചെറിയ എന്തേലും സഹായം അവർ തരുമ്പോൾ വാങ്ങുക എന്നല്ലാതെ ഞാനധ്വാനിച്ചുണ്ടാക്കുന്നതു കൊണ്ടു വേണം യാത്ര ചെയ്യാൻ എന്നാണ് ആഗ്രഹം.
ഭർത്താവ് ലക്ഷ്മണൻ മരിച്ചു പോയി. അദ്ദേഹമുള്ളപ്പോഴും സ്നേഹമുണ്ടെങ്കിലും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ കൂടുതലും എന്റെ ചുമലിലായിരുന്നു. അതുകൊണ്ട് എനിക്കെല്ലാ കാര്യങ്ങളും ചെയ്യേണ്ടി വന്നു. അങ്ങനെ കുറേ കാര്യങ്ങൾ പഠിച്ചു.
എന്നെ സംബന്ധിച്ച് ‘ഏജ് ഈസ് ജസ്റ്റ് എ നമ്പർ’. മനസ്സും ചിന്തയും ചെറുപ്പമാക്കാൻ നമ്മൾ ശ്രമിക്കണം. ഞാനിപ്പോഴും ഇരുപത്തിയഞ്ചു വയസ്സിലാണ് ജീവിക്കുന്നത്. എന്നും രാവിലെ എഴുന്നേറ്റു കണ്ണാടി നോക്കി ‘യൂ ആർ യൂണീക്... യൂ ആർ സൂപ്പർ’ എന്നു പറയും. അതൊരു വല്ലാത്ത ആത്മവിശ്വാസം തരുന്നുണ്ട്. നമുക്കു നമ്മളെ അത്രയേറെ സ്നേഹിക്കാനുള്ളത്രയും!’’