കണ്ണുകാണാത്ത മഴയാണ്. തട്ടിയും തടഞ്ഞും പതുക്കെ മാത്രമേ മുന്നോട്ട് പോകാനാവൂ. പകലിന് പ്രായം കൂടി വരുന്നേയുള്ളൂ എങ്കിലും റോഡിൽ നല്ല തിരക്കാണ്.

അമ്മൂമ്മക്കഥകളിലേതു പോലെ രണ്ടു വരിയാണ് ആദ്യം കേട്ടത്. ആയിരക്കണക്കിന് മരങ്ങൾ കാവൽ നിൽക്കുന്ന ഒരു ക്ഷേത്രം. അവിടെ നാടിനു കാവലായി ഭഗവതി. ഈ യാത്ര ആ കാടിന്റെ മനസ്സിലേക്കാണ്. അവിടെ കുടികൊള്ളുന്ന ദേവിക്കു മുന്നിലേക്ക്. ‘അമ്മേ നാരായണ മന്ത്രം’ തിരി തെളിഞ്ഞു.

ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെ ഫോട്ടോ:ശ്രീകാന്ത് കളരിക്കൽ
ADVERTISEMENT

അപ്പോഴും മനസ്സിൽ സംശയമേഘങ്ങൾ പെയ്യാതെ നിന്നു. പെരുമ്പാവൂർ നഗരപരിധിയിൽ തന്നെ ഇങ്ങനെയൊരു കാടുണ്ടാകുമോ? ഈ മഴയിൽ ആരോടാണ് വഴി ചോദിക്കുക. ദേവി വഴി തെളിയാതിരിക്കില്ല..ആശ്രയമാവുന്നവർക്ക് അഭയത്തണൽ വിരിക്കുന്ന അമ്മയല്ലേ... മനസ്സിലെ തിരി ഒന്നുകൂടി നീട്ടിവച്ചു.

പെരുമ്പാവുർ കീഴില്ലത്തു നിന്ന് ഇരിങ്ങോൽക്കാവിലേക്കുള്ള വഴി തുടങ്ങുന്നു. ഇനി നാലു കിലോമീറ്ററേയുള്ളൂ ക്ഷേത്രത്തിലേക്ക്. കഥയുെട പേജു മറിഞ്ഞതു പോെല കാഴ്ചകള്‍ മാറിയത് എത്ര വേഗത്തിലാണ്. ഹോണടി അലർച്ചകൾ, തിരക്കിലമർന്ന നരച്ച മുഖങ്ങൾ എല്ലാം മാഞ്ഞു പോയി. കനാലരികിൽ കൂടി റോഡ്. കൃഷിയിടങ്ങളും പച്ചപ്പും െതളിഞ്ഞു. മുന്നിൽ കാടിന്റെ കറുപ്പുകലർന്ന പച്ച നിറം. വരൂ, മരം പെയ്യുന്ന മൺ വഴിയിലൂടെ മുന്നോട്ടു നടക്കാം.

ADVERTISEMENT

പ്രാർഥന പെയ്യുന്ന വഴിയിലൂടെ

റോഡിൽ നിന്ന് കാലെടുത്തു വച്ചത് കാട്ടിലേക്കാണ്. നെറുകയിൽ കാട് തീർഥം തളിച്ചു. മഴയിൽ മൺവഴി നനഞ്ഞു കിടക്കുന്നു. കാടിനെ തൊട്ട് ഗന്ധം അറിഞ്ഞു വേണം അമ്പലത്തിനു മുന്നിലെത്താൻ. ചെരുപ്പിടാതെ കാടിനുള്ളിലേക്ക് കാലെടുത്തു വച്ചു. ആദ്യ ചുവടു വച്ചപ്പോഴേ പാദത്തിനടിയിൽ‌ നിന്ന് തണുപ്പ് ശിരസിലേക്കുള്ള യാത്ര തുടങ്ങി.

ADVERTISEMENT

കാടിനുള്ളിലേക്ക് കടക്കുമ്പോള്‍ മുതൽ ഇത് ക്ഷേത്രമാണെന്നാണ് സങ്കൽപ്പം. അത്ര പരിപാവനമായാണ് ഈ മരങ്ങളെ കാണുന്നത്. അതിന് കാരണവുമുണ്ട്. കൃഷ്ണസോദരിയാണ് ഇവി‍ടുത്തെ ദേവി എന്നാണ് സങ്കൽപം. ദേവകിയുടെ എട്ടാമത്തെ സന്താനം കംസനെ വധിക്കും എന്ന് അശരീരിയുണ്ടായതോടെ വസുദേവരെയും ദേവകിയെയും കംസന്‍ തടവിലാക്കി. അവർക്കുണ്ടായ കുഞ്ഞുങ്ങളെ നിഷ്കരുണം വധിച്ചു കൊണ്ടിരുന്നു. അലറിപെയ്യുന്ന പേമാരിക്കും കൊടുങ്കാറ്റിനും ഇടയിൽ രോഹിണിനാളിൽ എട്ടാമനായി സാക്ഷാൽ ശ്രീകൃഷ്ണന്‍ ജനിച്ചു. ദേവഹിതമനുസരിച്ച് വസുദേവർ അമ്പാടിയിലുള്ള നന്ദഗോപരുടെയും യശോദയുടെയും അടുത്ത് കുഞ്ഞിനെ ഏൽപ്പിച്ചു. അവർക്കു പിറന്ന പെൺകുഞ്ഞുമായി തിരികെയെത്തി. പിറ്റേ ദിവസം ‘എട്ടാമത്തെ കുഞ്ഞിനെ’ വധിക്കാൻ കംസനെത്തി. പെൺകുഞ്ഞാണെന്നുള്ളതൊന്നും കംസനെ പിന്തിരിപ്പിച്ചില്ല. കാലിൽ പിടിച്ച് ഉയർത്തി നിലത്തടിച്ച് കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചപ്പോൾ, കുഞ്ഞ് കംസന്റെ കൈയിൽ നിന്ന് തെന്നി മാറി ആകാശത്തേക്കുയർന്നു. ദേവീ ചൈതന്യം ഒരു നക്ഷത്രം പോലെ തിളങ്ങി. ആ വെളിച്ചം വീണ സ്ഥലത്ത് ദേവി വസിക്കാൻ വന്നു എന്നാണ് വിശ്വാസം. ആ സമയത്ത് ആകാശത്തു നിന്ന് പുഷ്പവൃഷ്ടിയുണ്ടായി.അതിൽ നിന്ന് ഈ കാണുന്ന മരങ്ങളെല്ലാം പൊട്ടിമുളച്ച് വൻകാവായി രൂപപ്പെട്ടത്രെ.േദവി വന്നിരുന്ന കാവ് ‘ഇരുന്നോൾ’കാവായും പിന്നെ, ഇരിങ്ങോൽക്കാവായും മാറി.

ക്ഷേത്രവഴി ഫോട്ടോ:ശ്രീകാന്ത് കളരിക്കൽ

മിക്ക ക്ഷേത്രങ്ങളിലും ഉപദൈവങ്ങൾ ഉണ്ടാവും. ഇവിടെ ദേവിക്ക് ഉപദേവതമാരില്ല. ഗണപതിയുടെ പ്രതിഷ്ഠയില്ലാത്തതു കൊണ്ട് എല്ലാ ക്ഷേത്രങ്ങളിലുമുണ്ടാകാറുള്ള ഗണപതിപൂജപോലും ഇവിടെയില്ല. ക്ഷേത്രത്തിനു ചുറ്റുമുള്ള മരങ്ങളാണ് ഭഗവതിയുടെ കാവലാൾ. മരങ്ങൾ മുറിക്കുകയോ മറ്റേതെങ്കിലും രീതിയിൽ പരിക്കേൽപ്പിക്കുകയോ ചെയ്യില്ല. ആയുസ്സു കഴിഞ്ഞാൽ മരത്തിന് സ്വാഭാവികമായ ‘മരണം’ സംഭവിക്കും. നിലത്തു വീണ കൊമ്പോ മരമോ ആരും എടുത്തു കൊണ്ടുപോവില്ല. ക്ഷേത്ര കാര്യങ്ങൾക്കു പോലും ഉപയോഗിക്കില്ല. ഒടുവിൽ മരം മണ്ണോടു ചേരുകയാണ് പതിവ്.

വലുപ്പത്തിൽ കേരളത്തിൽ മൂന്നാമതാണെങ്കിലും നഗരമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കാവാണ് ഇരിങ്ങോൽക്കാവെന്ന് ക്ഷേത്രാധികാരികൾ പറഞ്ഞു. പെരുമ്പാവൂർ മുനിസിപ്പൽ അതിർത്തിയിൽ തന്നെയാണ് ക്ഷേത്രവും കാവും.

കാടിനു നടുവിലെത്തിയാൽ കണ്ണടച്ചു നിൽക്കണം. മനസ്സിലേക്ക് ‘ശബ്ദമായി’ കാട് വളരുന്നതിന്റെ ഭംഗി അപ്പോഴേ അറിയാനാവൂ.. കാറ്റിന്റെ ശബ്ദം കാതിലേക്ക് കയറി വന്നു.ഏതൊക്കെയോ മരങ്ങൾ ഉലയുന്നുണ്ട്. കൂട്ടിയുരുമ്മുന്നുണ്ട്. പല തരം കിളിയൊച്ചകൾ പാറുന്നുണ്ട്. ഇതിനൊക്കെ പുറമേ ചീവിടൂകളുടെ സംഘനാദം.

മനസ്സിലുണരുന്ന മന്ത്രം

കാടിനു നടുവിലൂടെയുള്ള വഴി കടന്ന് അമ്പല മുറ്റത്തേക്ക് കയറി. മണൽ വിരിച്ച മുറ്റം. ‌അവിടെ വർഷങ്ങളുടെ കാറ്റും മഴയും തഴുകിയ കല്‍വിളക്ക്. എത്ര കണ്ണീർ പ്രാർഥനകൾ കണ്ടിട്ടുണ്ടാവും,കേട്ടിട്ടുണ്ടാവും ഈ കൽവിളക്ക്.

കൽപ്പടവിനു വലതു വശത്തു കൂടി അകത്തേയ്ക്ക് കടന്നു. പഴമ വിളിച്ചു പറയുന്ന വട്ട ശ്രീകോവിൽ. നിലവിളക്കിലെ നാളം പോലെ ജ്വലിച്ച് ദേവി. മനസ്സിൽ ഭക്തിയുടെ തണൽ തണുപ്പ് പരക്കുന്നു.

പ്രദക്ഷിണ വഴിയിൽ കൽപ്പാളികൾ പാകിയിട്ടുണ്ട്. ശ്രീകോവിലിനു മുന്നില്‍ കണ്ണടച്ചു നിന്നു. പിന്നെ പ്രദക്ഷിണം കഴിഞ്ഞ് തിരുമേനക്കു മുന്നിലെത്തി. കൈയി‍ൽ തീർഥത്തണുപ്പ്. കാടിന്റെ തണുപ്പ് നെറുകയിൽ, തുളസിയുടെ ഗന്ധം ഉള്ളിൽ. പഴമയുടെ ചിത്രങ്ങൾ തെളിഞ്ഞു നിൽക്കുന്നുണ്ട് അകത്ത്. ഒരുപാടു പ്രാർഥനകൾ പ്രദക്ഷിണം വയ്ക്കുന്നുണ്ട്.

അഭയം അമ്മേ...

തിരുവിതാംകൂർ ദേവസ്വത്തിനു കീഴിലാണ് ക്ഷേത്രം. ക്ഷേത്രവും ഇവിടുത്തെ ചടങ്ങുകളും അതേ പഴമയോടും ശുദ്ധിയോടുമാണ് തുടർന്നു വരുന്നത്. മറ്റിടങ്ങളിൽ‌ കാണാത്ത ചില പ്രത്യേകതകളും ഇവിടെയുണ്ട്. ബാലികാ രൂപമാണെന്നാണ് വിശ്വാസം. ഭഗവതിക്ക് ഗന്ധം ഇഷ്ടമല്ല. അതുകൊണ്ട് ഗന്ധമുള്ള പുഷ്പമോ പൂജാവസ്തുക്കളോ അകത്തു കയറ്റാറില്ല. ചെത്തി,തുളസി,താമര ഈ മൂന്നു പുഷ്പങ്ങളല്ലാതെ മറ്റൊരു പൂവും പൂജയ്ക്കെടുക്കില്ല. സാമ്പ്രാണിത്തിരി പോലും കത്തിക്കാറില്ല. ഒന്നോ രണ്ടോ കർപ്പൂരം മാത്രം ദീപാരാധന സമയത്ത് ഉപയോഗിക്കും. അഭിഷേകത്തിന് ജലമല്ലാതെ മറ്റൊന്നും പാടില്ല എന്നാണ് ആചാരം. അതുകൊണ്ടു തന്നെ ക്ഷേത്രത്തിലേക്ക് മുല്ലപ്പൂ ചൂടി വന്നാൽ അവരെ കാര്യം പറഞ്ഞു മനസ്സിലാക്കി പൂവ് മാറ്റിയിട്ടേ ദർശനത്തിനായി പ്രവേശിപ്പിക്കാറുള്ളൂ. ഇവിടെ വിവാഹവും നടത്തില്ല. ദേവിയെ ബാലികയായി സങ്കൽപ്പിച്ചിരിക്കുന്നതു കൊണ്ടാണിത്.

സ്വയംഭൂ ആണ് ദേവി എന്നാണ് വിശ്വാസം. മൂർച്ച കൂട്ടാൻ നാട്ടുകാരിൽ ഒരാൾ അരിവാൾ കല്ലിൽ ഉരച്ചപ്പോൾ ആ കല്ലിൻ നിന്ന് രക്തം ഒഴുകിയത്രെ. ഭയന്നു പോയ അയാൾ അടുത്തുള്ള മനയിലേക്ക് ഒാടി ചെന്ന് കാര്യം പറഞ്ഞു. ദേവീ ചൈതന്യം തിരിച്ചറിഞ്ഞ തിരുമേനി കിണ്ടിയിൽ വെള്ളവും ചിരട്ടയിൽ ശർക്കരയും നേദിച്ചു. ഇന്നും ശർക്കരയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. പഴമ അതു പോലെ തന്നെ ഇരിങ്ങോൽക്കാവിൽ നിലനിൽക്കുന്നു. ആചാരങ്ങളിലും ആ ചിട്ടകൾ തൊട്ടു നിൽക്കുന്നുണ്ട്.

ഇരിങ്ങോൽക്കാവിലെ ആറാട്ടിനും പ്രത്യേകതകളുണ്ട്.‘പൂരത്തിന്റെയന്നു പൂരം അത് ഇരിങ്ങോൽപൂരം’എന്നാണ് ചൊല്ല്. മീനമാസത്തിലെ രോഹിണിനാളിൽ കൊടിയേറി ഉത്രം നാളിലാണ് ആറാട്ട്. മിക്ക ക്ഷേത്രങ്ങളിലും ഒരു ദിവസം മാത്രമാണ് ആറാട്ട്. എന്നാൽ ഇവിടെ കൊടിയേറി പിറ്റേന്നു മുതൽ നിത്യവും ആറാട്ട് നടക്കുന്നു. ഉത്സവത്തിന് പിടിയാനപ്പുറത്താണ് ദേവി എഴുന്നള്ളുന്നത്. നീലംകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ യാത്രയും അവിടത്തെ ആറാട്ടും എല്ലാം അപൂർവതയാണ്.

മകരം മുപ്പതിനുള്ള വിത്തിടൽ ചടങ്ങും പ്രധാനമാണ്. കാർഷിക ഫലങ്ങളുമായി തുടികൊട്ടി ഉറഞ്ഞുതുള്ളി ഭക്തരെത്തും. ക്ഷേത്രമുറ്റത്ത് നെല്ല് കൂമ്പാരം കൂട്ടിയിടും.പൂജ കഴിഞ്ഞ ശേഷം മൂന്നു പിടി വിത്ത് അവർക്ക് വിതരണം ചെയ്യും. അത് അടുത്ത വർഷത്തേക്കുള്ള വിത്താണെന്ന് സങ്കൽപം. വിതയ്ക്കാനുള്ള വിത്തിനൊപ്പം ഇത് ചേർക്കുകയാണ് പതിവ്.

മൂന്നു പിടി വിത്തിനൊപ്പം എണ്ണയും മാലയും കൂട്ടുപായസവും വെള്ള നിവേദ്യവും ഭക്തർക്ക് നൽകും. ഇത് അവർ ഉണക്കിപ്പൊടിച്ച് സൂക്ഷിക്കും. ത്വക് രോഗങ്ങൾക്ക് നല്ലതാണെന്നാണ് വിശ്വാസം. .

തിരികെ നടക്കാം...

ശ്രീകോവിലിന് വലം വച്ചു. പണ്ട് മുപ്പത്തിരണ്ട് ഇല്ലക്കാരുടെതായിരുന്നു ക്ഷേത്രം. ശ്രീകോവിലിലെ മുപ്പത്തിരണ്ട് കഴുക്കോലുകൾ ഈ ഇല്ലക്കാരുടെ പ്രതീകമാണ്. പിന്നീട് അതു ലോപിച്ച് നാഗഞ്ചേരി,ഒറോഴിയം, പട്ടശേരി. മനക്കാരുടെ ഊരായ്മയായി മാറി

ദേവിയെ തൊഴുതു പുറത്തേക്കിറങ്ങി. ഇലകൾ കാറ്റിൽ നാമം ജപിക്കുന്നുണ്ട്. ഹനുമാനുമായും കാവിന് ബന്ധമുണ്ടത്രെ. സീതാദേവിയെ തേടി ഹനുമാൻ സഞ്ചരിച്ചപ്പോൾ ഇരിങ്ങോല്‍ക്കാവിൽ വിശ്രമിച്ചെന്നും െഎതിഹ്യമുണ്ട്. കാടിനുള്ളിൽ ഒരു തീർഥക്കുളവുമുണ്ട്. പ്രണമേന്ദു മഹർഷി കുളിക്കുമ്പോൾ ഇലവുമരത്തിൽ ഹനുമാൻ കയറി മഹർഷിയെ ഭയപ്പെടുത്തിയെന്നും അദ്ദേഹം ഹനുമാനെ ശപിച്ചുവെന്നു കഥയുണ്ട്. കുളത്തിൽ നിന്ന് ഒരു ഒാവ് ശ്രീകോവിലിലേക്കും പോവുന്നുണ്ടത്രെ...

കാവില്‍ നിന്നിറങ്ങും മുന്നേ ഒരിക്കല്‍ കൂടി കണ്ണടച്ചു. കാറ്റിന്റെ ശബ്ദം, പേരറിയാ കിളികളുടെ, ചീവിടിന്റെ, മരംപെയ്യുന്നതിന്റെ ശബ്ദം. പിന്നെ കഥകളുടെ,പ്രാർഥനയുടെ തണുപ്പ്. മനസ്സ് തീർഥക്കുളം പോലെ ശാന്തം.

English Summary:

Iringolkavu is a unique forest temple located near Perumbavoor, Kerala. The temple is known for its ancient rituals and the serene atmosphere of the surrounding sacred grove. The story describes unique rituals and traditions of the temple, the legend and history of Iringolkavu and mystical stories behind the temple and how to reach and experience the tranquility of the sacred grove

ADVERTISEMENT