സോഫ്റ്റ് ഫർണിഷിങ്ങിലെ മാജിക് പഠിച്ചാൽ കർട്ടനും കുഷ്യനും അതിഥികളോടു പറയും, വെൽകം ഹോം... Decorating Your Home for Celebrations
ചില വീടുകൾ പിണങ്ങിയിരിക്കുന്ന വികൃതിക്കുട്ടിയെ പോലെയാണ്. ചില വീടുകളിലേക്കു കാലെടുത്തു വയ്ക്കുമ്പോൾ തന്നെ ഹൃദയത്തിൽ സന്തോഷം നിറയും. ഒരു മുറിയിലേക്കു പ്രവേശിക്കുമ്പോൾ അതിന്റെ വലുപ്പവും വിശാലതയും കമനീയമായ ഇരിപ്പിടങ്ങളും മാത്രമല്ല കണ്ണിലുടക്കുക. മൂഡ് അനുസരിച്ച് ഇന്റീരിയറിനെ അണിയിച്ചൊരുക്കുന്ന സോഫ്റ്റ് ഫർണിഷിങ് ഉത്പന്നങ്ങളാണ് മുറിയെ മനോഹരമായ ഒരു ഇടമാക്കി മാറ്റുന്നത്.
ഓരോ കാലടിയിലും സ്വാഗതമരുളുന്ന പതുപതുത്ത റഗ്ഗുകളും, സോഫയിൽ അലസമായി വിരിച്ചിട്ടിരിക്കുന്ന ത്രോയും, ഇവിടെ ഇരിക്കൂ എന്നു ക്ഷണിക്കുന്ന കുഷ്യനുകളും, വേണ്ടതുപോലെ കാറ്റും വെളിച്ചവും കടത്തിവിടുന്ന കർട്ടനുകളും, ബെഡ്റൂമിൽ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന ഹെഡ്ബോർഡുമൊക്കെയാണ് അകത്തളത്തിലെ മാജിക്കുകാർ.
ഇഷ്ടമുള്ള ഡിസൈനിലും പാറ്റേണിലുമുള്ള ഫാബ്രിക് ഉപയോഗിച്ച് ലിവിങ് റൂമിലും ബെഡ്റൂമിലും പാനൽ ചെയ്യുന്ന ട്രെൻഡും വന്നു കഴിഞ്ഞു. പക്ഷേ, അറിഞ്ഞു തിരഞ്ഞെടുത്തില്ലെങ്കിൽ വീടിന്റെ ലുക്കും ഫീലും കെടുത്തുന്ന വില്ലന്മാരുമായേക്കാം സോഫ്റ്റ് ഫർണിഷിങ്.
അകത്തളമറിഞ്ഞ് സെലക്‌ഷൻ
ഓരോ മുറിയുടെയും സ്വഭാവവും വലുപ്പവും അറിഞ്ഞുവേണം കർട്ടനും കുഷ്യനുമൊക്കെ തിരഞ്ഞെടുക്കാൻ. വീടു ഡിസൈൻ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന നിറങ്ങളും പ്രിന്റുകളുമൊന്നും ഫ്ലാറ്റിലേക്കു സെറ്റായെന്നു വരില്ല. വലിയ സ്പേസിൽ കടും നിറങ്ങളും വലിയ മോട്ടിഫുകളും പ്രിന്റുകളും ചേരുമ്പോൾ ചെറിയ സ്പേസിൽ ഇളം നിറങ്ങളും ചെറുമോട്ടിഫുകളുമാണ് ഇണങ്ങുക.
ചെറിയ മുറികളിൽ വലിയ പ്രിന്റുകളും കടും നിറങ്ങളും ഉപയോഗിച്ചാൽ മുറിക്കു വലുപ്പം കുറഞ്ഞതായി തോന്നും. അതുകൊണ്ടുതന്നെ സോഫ്റ്റ് ഫർണിഷിങ് തിരഞ്ഞെടുക്കുമ്പോൾ ട്രെൻഡിനു പിറകേ പോകാതെ, സ്പേസിന്റെ ആവശ്യമറിഞ്ഞ് ഡിസൈനുകൾ വാങ്ങാം. ടെറാകോട്ട പോലുള്ള എർത്തി നിറങ്ങളും സേജ് ഗ്രീൻ പോലുള്ള ന്യൂട്രൽ നിറങ്ങളും മിനിമലിസ്റ്റ് വീടുകളുടെ ഫസ്റ്റ് ചോയ്സാണ്. ജുവൽ ടോണുകളും മെറ്റാലിക് വർക്കുകളും ലക്ഷ്വറി ഇന്റീരിയറുകൾക്കേ ഇണങ്ങൂ.
ഭിത്തിയുടെ നിറങ്ങളുടെ കളർ കോംബിനേഷനോട് ഇണങ്ങുന്ന നിറങ്ങളാണ് എപ്പോഴും നല്ലത്. മുറിയും സെറ്റിയും കുഷ്യനുമൊക്കെ ഒന്നിനൊന്നു ചേർന്നിണങ്ങി സുഖം പകരുന്ന അനുഭവമാകും അതു സമ്മാനിക്കുക. എന്നാൽ, വെറൈറ്റി വേണ്ടവർക്കു പരീക്ഷിക്കാൻ ഒരു സൂപ്പർ ടിപ് ഇതാ. ഓപ്പസിറ്റ് കളറുകൾ പരസ്പരം കോംപ്ലിമെന്റ് ചെയ്യുന്ന രീതിയിൽ സോഫ്റ്റ് ഫർണിഷിങ്ങ് തിരഞ്ഞെടുത്താൽ വലുപ്പമുള്ള മുറിയിലെ ആ സിംഗിൾ എലമെന്റ് കൊണ്ടുതന്നെ ഇന്റീരിയർ കളറാക്കാം.
മെറ്റീരിയൽ ബുദ്ധിപൂർവം
സോഫ്റ്റ് ഫർണിഷിങ് ഫാബ്രിക് തിരഞ്ഞെടുക്കുമ്പോൾ മനസ്സിൽ വയ്ക്കേണ്ട പ്രധാന കാര്യം മേന്മയാണ്. ഗുണമേന്മയുള്ള മെറ്റീരിയൽ തന്നെ തിരഞ്ഞെടുത്തില്ലെങ്കിൽ അധികം വൈകാതെ തന്നെ കീറിയും മുഷിഞ്ഞും ഇവ ഇന്റീരിയറിന്റെ ഭംഗി കെടുത്തും.
വില അൽപം കൂടിയാലും സാരമില്ല, ഗുണം ഒട്ടും കുറയരുത് എന്നതാണു മനസ്സിൽ വയ്ക്കേണ്ട രണ്ടാമത്തെ കാര്യം. മെറ്റീരിയലിന്റെ ത്രഡ് കൗണ്ടും (നൂൽ) യാൺ കൗണ്ടും (ഇഴ) നോക്കിയാണ് ഈട് കണക്കാക്കുന്നത്. ഇവ കൂടുന്നതിനനുസരിച്ചു ഗുണമേന്മയും ഈടും കൂടും. വീടിനു റിച്ച് ലുക്ക് നൽകുമെന്നതിനാൽ വില അൽപം കൂടുമെന്ന ആശങ്കയെ പടിക്കു പുറത്താക്കാം.
അഴുക്കും മെഴുക്കും പുരണ്ട് സോഫയും കുഷ്യനും റഗ്ഗുമൊക്കെ വേഗം മുഷിയുമെന്നാണു മിക്കവരുടെയും പരാതി. വെൽവെറ്റ്, ലിനൻ, കോട്ടൻ എന്നിങ്ങനെയുള്ള മൃദുവായ മെറ്റീരിയലുകൾ അകത്തളത്തിനു സീരിയസ് ലുക്ക് നൽകുമെങ്കിലും ഇവ എളുപ്പം അഴുക്കു പിടിക്കാം. അഴുക്കു പുര ളാത്തതും നനവു പിടിക്കാത്തതുമായ ലാമിനേറ്റഡ് ഫാബ്രിക്കും, ബാക്ടീരിയകളെ അകറ്റുന്നതും അൾട്രാവയലറ്റ് രശ്മികളെ കടത്തി വിടാത്തതുമൊക്കെയായി ന്യൂജെൻ മെറ്റീരിയലുകൾ വിപണിയിൽ സുലഭമാണ്.
ആഘോഷത്തിന് അകത്തളമൊരുക്കാം
- ആഘോഷ അവസരങ്ങളിൽ വീടിന്റെ മുഖം മാറ്റാൻ സോഫ്റ്റ് ഫർണിഷിങ്ങിലെ മാറ്റങ്ങൾ മാത്രം മതി. ഓണത്തിനു വേണ്ടി കസവു ഡിസൈനും ക്രിസ്മസിനു വേണ്ടി റെഡ് ആൻഡ് ഗ്രീൻ തീമിലും കുഷ്യനുകളും കർട്ടനുമൊക്കെ സെറ്റ് ചെയ്യാം. സീസണലായ ഈ മാറ്റങ്ങൾക്കു വേണ്ടി ഓരോ സെറ്റ് വേറേ വാങ്ങി സൂക്ഷിക്കണമെന്നു മാത്രം.
- പലതരം മെറ്റീരിയലുകൾ മിക്സ് ചെയ്തുപയോഗിക്കുന്ന ലെയറിങ് രീതി ഇന്റീരിയറിന്റെ ഡെപ്ത് കൂട്ടുമെന്നു മാത്രമല്ല, റിച്ച് ലുക്കും നൽകും. ലിനൻ സോഫയിൽ ലെതർ കുഷ്യനും ജ്യൂട് ത്രോയും കോംബിനേഷനാക്കിയാൽ ഇവിടെ ആരുടെയും കണ്ണുടക്കും.
- ഓപ്പൺ ഡിസൈൻ വീടുകളിൽ സോൺ ബ്രേക് ന ൽകാൻ സോഫ്റ്റ് ഫർണിഷിങ്ങിലെ പൊടിക്കൈകൾ മതി. ലിവിങ്ങിനും ഡൈനിങ്ങിനുമിടയിൽ ഷിയർ കർട്ടൻ നൽകുന്നതും ഡൈനിങ് ടേബിളിനടിയിൽ ഡിസൈനർ റഗ് വിരിച്ചിടുന്നതും അതിർത്തികൾ നിർണയിക്കാ ൻ സഹായിക്കും. വീടിന്റെ സന്തോഷനിമിഷങ്ങൾ ഡിജിറ്റൽ പ്രിന്റ് ചെയ്യാവുന്ന തരത്തിലും കർട്ടനും കുഷ്യനുമൊക്കെ കസ്റ്റമൈസ് ചെയ്യാം.
- വീടിന്റെ ഇന്റീരിയറിനു ചേരാത്ത തരത്തിലാണ് അലമാരയുടെ ലുക് എന്നു തോന്നുന്നുണ്ടോ. ഇഷ്ടമുള്ള ഡിസൈനിലെ ഫാബ്രിക് കൊണ്ടു സാൻവിച്ച് ചെയ്തെടുത്താൽ അലമാരയും ഇൻഡോറിലെ സ്റ്റൈലൻ എലമെന്റാകും.
അബദ്ധങ്ങൾ ഒഴിവാക്കാം
വീടിനു ലക്ഷ്വറി ലുക് നൽകാൻ ഫുൾ ലെങ്തിൽ കർട്ടനുകൾ നൽകാറുണ്ട്. ലുക്കിൽ നൂറുമാർക്കും കിട്ടുമെങ്കിലും മെയ്ന്റനൻസിൽ പൂജ്യമാണ് ഇതിന്റെ സ്കോർ. ഈ കർട്ടൻ ഇളക്കിയെടുത്തു വൃത്തിയാക്കാനും കഴുകാനും ഏജൻസിയുടെ സേവനം തേടേണ്ടി വരും. ഇവയ്ക്കു പകരം റോഡിലേക്കു കൊരുത്തിടുന്ന തരം കർട്ടനുകളാണ് മെയ്ന്റനൻസിൽ സ്കോർ ചെയ്യുക.
കട്ടിലിന്റെ ഹെഡ്ബോർഡിൽ മിക്കവരും കോട്ടനോ ലെതറോ ആകും സെലക്ട് ചെയ്യുക. ഇത്തരം ഡെക്കറേറ്റീവ് ഫാബ്രിക്കുകളിൽ ചാരിയിരിക്കുമ്പോൾ എണ്ണയും നനവും പടർന്നു പാച്ച് പോലെയാകാം. സ്റ്റെയ്ൻ റെസിസ്റ്റന്റായ ലാമിനേറ്റഡ് മെറ്റീരിയൽ തന്നെ ഇവിടേക്കു തിരഞ്ഞെടുക്കാം.
സോഫ്റ്റ് ഫർണിഷിങിനും കൃത്യമായ കരുതൽ വേ ണം. കാർപെറ്റും റഗ്ഗും കൃത്യമായ ഇടവേളകളിൽ വാക്വം ക്വീൻ ചെയ്യണം. പൊടിയും നനവും മാറുമെന്നു മാത്രമല്ല, ദുർഗന്ധവും ഉണ്ടാകില്ല. കഴുകാവുന്ന മെറ്റീരിയൽ കൊണ്ടുള്ള ചവിട്ടിയാണു പുറം വാതിലുകൾക്കു യോജ്യം. മാനേജ് ചെയ്യാൻ പ്രയാസമുള്ള വലിയ കർട്ടനുകളെക്കാൾ കനം കുറഞ്ഞ, ലൈറ്റ് വെയ്റ്റ് ആയ രണ്ടു സെറ്റ് കർട്ടൻ കരുതുന്നതാണ് മെയ്ന്റനൻസിന് എളുപ്പം. വിവരങ്ങൾക്കും ഫോട്ടോയ്ക്കും കടപ്പാട്: സോണിയ ലിജേഷ്, ക്രിയേറ്റീവ് ഇന്റീരിയോ, കൊടകര, തൃശൂർ.