പോരാട്ടഭൂമിയിലെ ധീരനായ പോരാളി, നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത ആദർശധീരൻ: ‘വി എസ് കമ്യൂണിസ്റ്റ് മനുഷ്യാവതാരം’ വായിക്കുമ്പോൾ
പോരാട്ടത്തിന്റെ കനൽവഴികളിലൂടെയുള്ള വി. എസ്. അച്ചുതാനന്ദൻ എന്ന കമ്യൂണിസ്റ്റിന്റെ യാത്ര കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ ചുവപ്പിച്ച ഒരു ഏടായിരുന്നു. പുന്നപ്ര - വയലാർ വിപ്ലവഭൂമിയിൽ നിന്നാരംഭിച്ചതാണ് ത്യാഗനിർഭരമായ ആ പോരാട്ടജീവിതം. 1964 ലെ പിളർപ്പിനെ തുടർന്ന് സി.പി.ഐ (എം) രൂപവത്കരിപ്പോൾ അതിന്റെ മുഖ്യനേതാക്കളിലൊരാളായി വി.എസ് ഉണ്ടായിരുന്നു. പിന്നീട് പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും അദ്ദേഹം ജനങ്ങൾക്കുവേണ്ടി വലിയ പോരാട്ടങ്ങൾ നടത്തി. ഒപ്പം പാർട്ടിക്കുള്ളിലും അതിശക്തമായ പോരാട്ടങ്ങളാണ് നടന്നത്. ഈ രണ്ട് പോരാട്ടങ്ങളെയും രേഖപ്പെടുത്തുന്ന ഒരു സമഗ്രമായ രാഷ്ട്രീയ ജീവചരിത്രമാണ് വി.എസ്സിന്റെ ഏറ്റവും അടുത്ത രാഷ്ട്രീയ സഹയാത്രികനായ പിരപ്പൻകോട് മുരളി എഴുതിയ ‘വി എസ് കമ്യൂണിസ്റ്റ് മനുഷ്യാവതാരം’.
‘വി.എസ് കേരളത്തിന് ആരായിരുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു തലസ്ഥാനത്തു നിന്ന് ജന്മനാട്ടിലേക്കുള്ള; താൻ കൂടി നായകനായിരുന്ന പുന്നപ്ര-വയലാർ സമരത്തിന്റെ സ്മരണകളിരമ്പുന്ന വിപ്ലവമണ്ണിലേക്കുള്ള അദ്ദേഹത്തിന്റെ അവസാനയാത്ര. ജന സാഗരമാണ് ജനനായകന് അന്ത്യയാത്ര പറയാൻ ഒഴുകിയെത്തിയത്. പി.കൃഷ്ണപിള്ള കണ്ടെത്തിയ വിപ്ലവകാരി അങ്ങനെ കേരള രാഷ്ട്രീയചരിത്രത്തിലെ തിളക്കമുള്ള ഒരു അദ്ധ്യായമായി മാറി. പോരാട്ടഭൂമിയിലെ ധീരനായ പോരാളി, നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത ആദർശധീരൻ, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിലൊരാൾ, സി.പി. ഐ(എം) സ്ഥാപകരിലൊരാൾ എന്നീനിലകളിലെല്ലാം അദ്ദേഹം ഓർമ്മിക്കപ്പെടും. പിന്നീടദ്ദേഹം, കേരളത്തിന്റെ സമ്പത്ത് ദുർവ്യയം ചെയ്യപ്പെടാതിരിക്കാന്‍ നിതാന്തജാഗ്രത പുലർത്തിയ പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയുമായി. പാവങ്ങളുടെ കണ്ണീരൊപ്പാന്‍ അദ്ദേഹത്തിന്റെ കരങ്ങൾ നീണ്ടു. ഭൂമിയുടെ നിലവിളിക്കു കാതോർത്ത് പരിസ്ഥിതിക്കുവേണ്ടി പോരാട്ടം നയിച്ചു. പ്രായത്തേയും അവഗണിച്ച് മലകള്‍ നടന്നുകയറി കയ്യേറ്റങ്ങളെ പ്രതിരോധിച്ചു. ശക്തമായ സ്ത്രീപക്ഷ നിലപാടുകളെടുത്തു. അഴിമതിക്കെതിരെ നീണ്ടുനിൽക്കുന്ന സന്ധിയില്ലാ സമരങ്ങൾ നടത്തി. ഇതെല്ലാം ചേർന്നാണ് വി.എസ് എന്ന രണ്ടക്ഷരങ്ങൾ മലയാളികൾക്ക് പ്രിയങ്കരമായി മാറിയത്. ഈ പുസ്തകത്തെപ്പറ്റിയുള്ള സംസാരം തുടങ്ങിവെച്ചിട്ട് പതിനഞ്ച് വർഷങ്ങളിലധികമായി. എന്നാൽ ഇപ്പോഴാണ് അത് യാഥാർത്ഥ്യമായത്. കൂടുതൽ മാധ്യമശ്രദ്ധ കൈവന്ന പ്രക്ഷുബ്ധമായ വി.എസ്സിന്റെ അവസാന കാലങ്ങളിൽ അദ്ദേഹവുമായി വളരെ അടുപ്പമുണ്ടായിരുന്ന സഹയാത്രികനായ ശ്രീ. പിരപ്പൻകോട് മുരളി എഴുതിയ ജീവചരിത്രം എന്ന പ്രാധാന്യവും ഈ കൃതിക്കുണ്ട്. പുസ്തകം ഇറങ്ങും മുമ്പെ ഇതിലെ ആഖ്യാനങ്ങളോട് അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങളുണ്ടായി. അത് യോജിപ്പും വിയോജിപ്പും സൃഷ്ടിച്ചു. വിവാദങ്ങൾ സ്വന്തമായ സഞ്ചാരപഥങ്ങൾ കണ്ടെത്തിക്കൊള്ളട്ടെ. അതിൽ അപ്പുറമോ ഇപ്പുറമോ എന്നതല്ല പ്രധാനമായുള്ളത്. അതിനെല്ലാമുപരി, വി.എസ്.അച്യുതാനന്ദൻ എന്ന കമ്യൂണിസ്റ്റിന്റെ രാഷ്ട്രീയജീവിതത്തെ എല്ലാ ഔന്നിത്യത്തോടും അടയാളപ്പെടുത്തുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രാധാന്യം എന്ന് ഞങ്ങൾ കരുതുന്നു. ആ വിധത്തിൽ ഇത് സ്വീകരീക്കപ്പെടുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു’.– പുസ്തകത്തിന്റെ പ്രസാധകരായ സൈൻ ബുക്സിന്റെ എഡിറ്റർ ബോബി തോമസ് ആമുഖമായി എഴുതുന്നു.