‘കുട്ടി എഴ്തീതാണോ ഈ കഥ ? അതോ മുമ്പ് എവിടേലും വായിച്ച് കേട്ടതാണോ ?’: കഥയുടെ മറുകര തേടിയ പെൺകുട്ടി, പുണ്യ സി. ആർ. എഴുതുന്നു
മലയാളത്തിലെ പുത്തൻതലമുറ കഥാകൃത്തുക്കളിൽ ശ്രദ്ധേയയാണ് പുണ്യ സി. ആർ. പുണ്യയുടെ ആദ്യ പുസ്തകമാണ് കഥാസമാഹാരമായ ‘കൊളം കര കൊളം’. ഈ കൃതിയുടെ പശ്ചാത്തലത്തിൽ താൻ കഥാവഴിയിലേക്കെത്തിയതിന്റെ അനുഭവങ്ങളും ഓർമകളും പുണ്യ എഴുതിയത് വായിക്കാം –
എട്ട് വയസുള്ളപ്പോഴാണ് ആദ്യമായി എന്റെയൊരു കഥ അച്ചടിച്ചു വരുന്നത്. മൂന്നാം ക്ലാസ്സിലെ ചോദ്യപേപ്പറിൽ ഒരു കുഞ്ഞ് കഥ പൂരിപ്പിച്ചെഴുതാനുണ്ടായിരുന്നു. ചോദ്യത്തിന് ഞാനെഴുതിയ ഉത്തരകഥ വായിച്ച് ലത ടീച്ചർക്ക് സന്തോഷമായി. ടീച്ചറെന്നെ യുപി ക്ലാസ്സിലെ മലയാളം ഗീത ടീച്ചർക്കും സുരേഷ് മാഷിനും പരിചയപ്പെടുത്തി. ‘‘കുട്ടി എഴ്തീതാണോ ഈ കഥ ? അതോ മുമ്പ് എവിടേലും വായിച്ച് കേട്ടതാണോ ?’’ അവര് ചോദിച്ചു. ‘‘എന്റെ കഥയാ...’’ ഞാനുത്തരം പറഞ്ഞു. അവരെന്നെ വിശ്വസിച്ചു. കൂടെ കൂട്ടി. അക്കുറി സ്കൂൾ വാർഷിക പത്രമായ ‘കണ്ണാടി’യിൽ ആദ്യ കഥ ‘എന്റെ തങ്കേച്ചി’ അച്ചടിമഷി പുരണ്ടു. വായിച്ച് വായിച്ച് കവിഞ്ഞപ്പോൾ എനിക്കും കഥകൾ പറയാനുണ്ടെന്ന് തോന്നിയിരിക്കണം. അങ്ങനെയാവാം എഴുതി തുടങ്ങിയത്.
പിന്നെ നിത്യേന എഴുത്താണ്. എഴുതിയെഴുതി ഇരുന്നൂറ് പേജ് നോട്ടുപുസ്തകങ്ങൾ തീർന്നു. രാത്രിയിൽ എല്ലാവരും ഉറങ്ങാൻ കിടന്നാൽ നോട്ടുപുസ്തകവും പേനയുമെടുത്ത് ഒരു മൂലയ്ക്കിരിക്കും. അന്ന് വീട്ടിൽ കറൻറ് കിട്ടിയിട്ടില്ല, മണ്ണണ്ണ വിളക്ക് കത്തിച്ച് വയ്ക്കും. എഴുതിയ കഥകൾക്കെല്ലാം ഞാൻ തന്നെ ചിത്രങ്ങളും വരക്കും. അമ്മയുടെ കണ്ണിൽപെടാതിരിക്കാൻ കിടക്കും മുമ്പ് പുസ്തകമെവിടെയെങ്കിലും ഒളിപ്പിച്ച് വക്കും. പിറ്റേന്ന് സന്ധ്യക്ക് എഴുതിയത് തുറന്ന് ഉറക്കെ വായിക്കും. അതിലാണ് ഏറ്റവും ആനന്ദം! പയ്യെ പയ്യെ സ്കൂള് മുഴുവൻ ‘കഥക്കുട്ടീ’ ന്ന് വിളിക്കാൻ തുടങ്ങി. മലയാളം മാഷും ടീച്ചറും സാഹിത്യോത്സവങ്ങൾക്ക് കൊണ്ടുപോയി. എന്റെ കഥകൾക്കും കേൾവിക്കാരുണ്ടായി. ചിലർ അരുമയോടെ ചേർത്തുപിടിച്ചു, പുസ്തകങ്ങൾ വാങ്ങിച്ചു തന്നു.
ഏഴാം ക്ലാസ്സിൽ ഒരു നോട്ടുപുസ്തകം മുഴുവൻ വലിയൊരു കഥ വിവരിച്ച്, ‘ഇതെന്റെ ആദ്യത്തെ നോവാലാന്ന്’ പറഞ്ഞ് മാഷിന് വായിക്കാൻ കൊടുത്ത പെൺകുട്ടിയെ തിരിഞ്ഞു നോക്കുമ്പോൾ കൗതുകമോ തമാശയോ തോന്നുന്നു. വെള്ളിയാഴ്ച്ച ഉച്ചകളിൽ എന്റെ കഥാവായനയും കാതോർത്ത് ചുറ്റും കൂടിയിരുന്ന കൂട്ടുകാരെ അൻപോടെ ഓർക്കുന്നു. എല്ലാകാലത്തും ഒപ്പമിരിക്കാൻ അങ്ങനെയാരെങ്കിലുമൊക്കെ ഉണ്ടായിരുന്നു. അവർക്ക് പറഞ്ഞു കൊടുക്കാൻ എന്നിൽ കഥകളും. പതിനേഴ് വർഷങ്ങൾ പിന്നിട്ടു. ആദ്യത്തെ പുസ്തകം കയ്യിൽ കിട്ടിയപ്പോൽ ഞാനതേ എട്ടുവയസുകാരി! കൗതുകത്തോടെയും ആനന്ദത്തോടെയും പുസ്തകം തൊട്ടു, മണത്തുനോക്കി,കഴിഞ്ഞ കാലങ്ങളിലേക്ക് വിരലുകൾ കോർത്തു.
‘കൊളം കര കൊളം’ എന്ന എന്റെ ആദ്യ കഥാസമാഹാരത്തിൽ പതിനൊന്ന് കഥകളാണ് ഉൾപ്പെട്ടിരിക്കുന്നത്. എട്ടു വയസ്സ് തൊട്ട് എഴുതിയ നൂറുകണക്കിന് കഥകളിലെ പതിനൊന്നെണ്ണം! ഓരോ കഥയ്ക്കും ഓരോ പ്രപഞ്ചം. എന്നിരുന്നാലും എല്ലാ കഥയിലും ഞാനുണ്ട്. ഞാനെന്നാൽ എന്റെ നാട്, യാത്രകൾ, കണ്ടിടപഴകിയ മനുഷ്യർ, തൊട്ടു പോയ അനുഭവങ്ങൾ, കഴിഞ്ഞ കാലത്തിന്റെ ഓർമ്മകൾ, വരും കാല പ്രതീക്ഷകൾ, സന്ദേഹങ്ങൾ... ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് സൂക്ഷ്മവും സമഗ്രവുമായ അവതാരികയെഴുതിയത് മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും എനിക്കേറെ പ്രിയപ്പെട്ട മനുഷ്യനുമായ ബെന്യാമിനാണ്. നിറങ്ങളിൽ ജീവിതം തീർക്കുന്ന പ്രിയ സുഹൃത്തും ചിത്രകാരനുമായ വിഷ്ണു റാം മനോഹരമായ കവർ പേജ് തയ്യാറാക്കിയിരിക്കുന്നു. എനിക്കെന്നെ തന്നെ കണ്ടെടുക്കലും വീണ്ടെടുക്കലുമാണ് ഒരോ കഥകളും. അതുകൊണ്ടു തന്നെ വായനയ്ക്കായി നിങ്ങളീ പുസ്തകം കയ്യിലെടുക്കുമ്പോൾ എന്റെ ജീവിതത്തിന്റെ ഒരംശം ഉള്ളം കയ്യിലെടുക്കുന്നതു പോലാണ്.