ഏറെ വായിക്കപ്പെട്ട ‘നയന്റീസ് കിഡ്’ എന്ന പുസ്തകത്തിലൂടെ വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റിയ യുവഎഴുത്തുകാരനാണ് റീസ് തോമസ്. ചലച്ചിത്ര പ്രവർത്തകൻ കൂടിയായ റീസിന്റെ രണ്ടാമത്തെ പുസ്തകമാണ് ‌‘എന്റെ ഇണയുടെ തിരോധാനം’. ആദ്യ പുസ്തകം പോലെ ഓർമക്കുറിപ്പുകളുടെ സമാഹാരമാണിത്. ഈ കൃതിയും ഇതിനോടകം വായനക്കാരെ ആകർഷിച്ചു കഴിഞ്ഞു.

എന്റെ ഇണയുടെ തിരോധാനം’ പിറന്ന വഴികളെക്കുറിച്ച് റീസ് തോമസ് എഴുതിയത് വായിക്കാം –

ADVERTISEMENT

ആദ്യ പുസ്തകം ‘90സ് കിഡ്’ ഇറങ്ങിയിട്ടിപ്പോ ഒരു വർഷമാകുന്നു. അത് നാലാം പതിപ്പിലെത്തി നിൽക്കുന്നു. ഇതുവരെ ഒരു മോശം വാക്കുപോലും വായനക്കാരിൽ നിന്ന് കേൾക്കേണ്ടി വന്നിട്ടില്ലെന്നത് ഒരുപാട് സന്തോഷവും സമാധാനവും തരുന്ന കാര്യമാണ്. ജീവിതത്തിൽ ഒരു പുസ്തകമെങ്കിലും സ്വന്തം പേരിൽ പ്രസിദ്ധീകരിച്ച് കാണണം എന്ന ആഗ്രഹത്തിൽ മാത്രം സംഭവിച്ച കാര്യമായിരുന്നു ആദ്യത്തെ പുസ്തകമെന്നത്. ചെറുപ്പം തൊട്ടേയുള്ള, പുസ്തകങ്ങളോട് തോന്നിയിരുന്ന ഒരു വല്ലാത്ത അടുപ്പത്തിൽ നിന്നുണ്ടായ ആഗ്രഹം മാത്രം. എഴുത്തുകാരനായി ജീവിക്കണമെന്നോ, ഒരുപാട് പുസ്തകങ്ങൾ എഴുതിക്കൂട്ടണമെന്നോ എന്നൊന്നും ചിന്തിച്ചിട്ടേയില്ല.

അതുകൊണ്ട് തന്നെ ഉടനേ ഒരു രണ്ടാം പുസ്തകമെന്നത് ചിന്തിച്ചിട്ടേയില്ലാത്ത കാര്യമായിരുന്നു. പക്ഷേ ഓരോന്നും നമ്മളറിയാതെ തന്നെ സംഭവിക്കുകയാണ്. നമ്മൾ പ്ലാൻ ചെയ്യുന്നപോലെ ആവില്ലാലോ പലപ്പോഴും ഓരോന്നും സംഭവിക്കുക. എങ്കിലും വീണ്ടുമൊരു പുസ്തകം എന്നത് ഒരു നേട്ടം തന്നെയാണെന്ന് കരുതുന്നു. അത് സംഭവിക്കുന്നത് ‘സ്റ്റോറി സ്ലേറ്റ്’ പോലൊരു പ്രസാധകരിലൂടെയാണ് എന്നത് കൂടുതൽ സന്തോഷം. ആദ്യപുസ്തകത്തിന്റെ ഒരു വിപുലീകരണം എന്ന രീതിയിൽ ഒന്ന് ശ്രമിച്ച് നോക്കിയതാണ് ഇതിലെ എഴുത്തുകളെല്ലാം. മുൻപെപ്പോഴോ എഴുതിയിട്ടിരുന്ന കുറച്ച് ഓർമ്മകളും, ജീവിതത്തിൽ സ്വാധീനിച്ച ചില മനുഷ്യരും, കുറച്ച് സിനിമകളും അടുത്തിടെ വായിച്ച ചില പുസ്തകങ്ങളെക്കുറിച്ചുള്ള എഴുത്തുകളുമെല്ലാമാണ് ഇതിലടങ്ങിയിരിക്കുന്നത്. ഒരുമാതിരിപ്പെട്ട എല്ലാ കുറിപ്പുകളിലും സിനിമയും പുസ്തകങ്ങളുമാണ് കൂടുതലായും ആവർത്തിച്ച് വരുന്ന കാര്യങ്ങൾ, അതുകൊണ്ടാണ് ‘ഒരു സിനിമാപുസ്തകം’ എന്ന് കൂടി ചേർത്ത് ഇതിന് പേര് നൽകാമെന്ന് തീരുമാനിച്ചത്.

ADVERTISEMENT

ഇതിനെല്ലാത്തിനുമൊപ്പം കഴിഞ്ഞ പുസ്തകമായ ‘90s കിഡ്’ കാരണം ജീവിതത്തിൽ സംഭവിച്ച ചില വലിയ കാര്യങ്ങൾ അതായത് അതിലെഴുതിയ ഒരു കുറിപ്പ് ‘ജെ കെ റൗളിംഗ്’ വരെ എത്തി അവർ അത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത സംഭവത്തിനെക്കുറിച്ചും അതിന് ശേഷമുണ്ടായ കാര്യങ്ങളെ കുറിച്ചുമെല്ലാമുള്ള എന്റെ ഭാഗത്ത്‌ നിന്നുമുള്ള വിവരണവും ഈ പുസ്തകത്തിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ഞാൻ അനുവർത്തിച്ച്‌ പോന്നിട്ടുള്ള ചില കൗതുകകരമായ സംഗതികളെക്കുറിച്ചുള്ള കുറിപ്പുകളും ഇതിലുണ്ട്. പല കാലങ്ങളിലായി എഴുതപ്പെട്ട കുറിപ്പുകളായതുകൊണ്ട് തന്നെ ഭാഷാപരമായ വ്യത്യാസങ്ങളുണ്ടായേക്കാമെന്ന് ആദ്യമേ അറിയിക്കുന്നു.

ഒരു പുസ്തകമെഴുതിയ വ്യക്തിക്ക് ഒരുപാട് ബഹുമാനവും വിലയുമുണ്ടായിരുന്ന കാലത്താണ് ഞാനൊക്കെ പുസ്തകങ്ങൾ വായിച്ച് തുടങ്ങിയത്, അതുകൊണ്ട് തന്നെ അത്രയും മഹത്തായ കാര്യം തന്നെയായിട്ട് അത് വിശ്വസിക്കുകയും ചെയ്തിരുന്നു. എന്നാൽ ഏത് മോശം സാധനവും നല്ലതാണെന്ന് മനുഷ്യനെ അടിച്ചേൽപ്പിച്ചും കബളിപ്പിച്ചും വിൽപ്പനയുണ്ടാക്കുന്ന ഈ കാലത്ത് പുസ്തകങ്ങളും അതിന്റെ ഭാഗമായിരിക്കുന്നു, നല്ലതേത് ചീത്തയേതെന്ന് തുറന്ന് പറഞ്ഞാൽ പൊതുസമൂഹത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ടേക്കുമോ എന്ന് ഭയന്ന് മനുഷ്യർ ഭൂരിഭാഗത്തിന്റെ കൂടെ കൂടുന്ന കാലത്ത്, നിലവാരമെന്നത് ഒരു തർക്കവിഷയമാണ്. എങ്കിലും പുസ്തകങ്ങളുടെ കാര്യത്തിൽ ചെറുപ്പം മുതലേ നല്ലയെഴുത്തുകൾ വായിച്ച് ശീലിച്ച മനുഷ്യർക്ക് അത് തുറന്ന് പറയാനുള്ള തന്റേടവും തിരിച്ചറിവും ഇപ്പോഴും ഉണ്ടെന്ന് തന്നെയാണ് വിശ്വസിക്കുന്നതും, ഈ അടുത്തകാലത്ത് ആഘോഷിക്കപ്പെട്ട ചില പുസ്തകങ്ങളുടെ കാര്യത്തിൽ അങ്ങനുള്ള മനുഷ്യർ ആ തന്റേടം കാണിച്ചിട്ടുമുണ്ട്.

ADVERTISEMENT

സോഷ്യൽ മീഡിയ റീലുകളും സ്റ്റോറിയും സ്റ്റാറ്റസുമിടാനും ഫോട്ടോഷൂട്ടുകൾക്കും വേണ്ടി മാത്രമായി പുസ്തകങ്ങളെ ഉപയോഗിക്കുന്ന കാലത്ത് വായനയുടെ പ്രാധാന്യത്തേക്കാൾ പുസ്തകങ്ങൾ കച്ചവടമാക്കുന്നതിന്റെ പ്രധാന്യത്തെക്കുറിച്ച് മാത്രമാണ് മനുഷ്യർ ചിന്തിക്കുന്നുള്ളൂ. ഒരിക്കലും ബഷീറിനേയും തകഴിയേയും, എം. ടിയേയും, പൌലോ കൊയ്‌ലോയേയുമൊന്നും ഞാനറിഞ്ഞത് റീലുകളിലൂടെയും സ്റ്റാറ്ററ്റസുകളിലൂടെയുമൊന്നും അല്ലായിരുന്നു. പുസ്തകങ്ങളെ അറിയണമെന്നും, വായനയെ ആസ്വദിക്കണമെന്നുമുള്ള ആഗ്രഹത്തിൽ നാട്ടുമ്പുറത്തെ വയനശാലയിലേക്ക് എത്തിപ്പെട്ടതിന്റെ ഭാഗമായിട്ട് ഇവരൊക്കെ നമ്മുടെ ജീവിതങ്ങളിലേക്ക് വന്നുചേരുകയായിരുന്നു, അങ്ങനെയാണ് എഴുത്തുകളുടെ ഭംഗിയും ആഴവും ചിന്താതലങ്ങളും എല്ലാം ഉൾക്കൊള്ളാനായതും.

വളരെ ആകസ്മികമായിട്ട് രണ്ടാം പുസ്തകമെന്ന സന്തോഷം സംഭവിപ്പിച്ചതിന് സ്റ്റോറി സ്ലേറ്റിലെ സജിൻ ചേട്ടനോടും, സുജിത്തേട്ടനോടുമുള്ള നന്ദി അറിയിക്കുന്നു. പിന്നെ അവതാരിക എഴുതിത്തന്ന സുമയ ഇത്തയോടും അകംനിറഞ്ഞ സ്നേഹവും ബഹുമാനവും അറിയിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തുവാണ്, ഇത്തയുടെ ‘F2 ഫാക്റ്റർ’ എന്ന പുസ്തകം വളരെ അപ്രതീക്ഷിതമായി വായിക്കാൻ തിരഞ്ഞെടുത്ത് ഒരുപാട് ഇഷ്ടം തോന്നിയ പുസ്തകമാണ്, എന്തെങ്കിലുമൊന്ന് പ്രിയപ്പെട്ടതായാൽ അതിന്റെ സൃഷ്ടാവിനെ തേടി പോകുന്ന സ്വഭാവം പണ്ടുമുതൽക്കേയുള്ളതുകൊണ്ട് അങ്ങനെ തുടങ്ങിയ സൗഹൃദമാണ് ഇപ്പൊ ഈ അവതാരിക വരെ എത്തിനില്‍ക്കുന്നത്. പുസ്തകങ്ങൾ വഴി അടുപ്പിക്കുന്നതെല്ലാം എനിക്ക് എന്നും പ്രിയപ്പെട്ടത് തന്നെയായിരുന്നു. അതുപോലെ ഇതിലെ എല്ലാ കുറിപ്പുകൾക്കും ചേർക്കാനുള്ള ചിത്രങ്ങൾ എന്നത് എനിക്ക് കഴിയാത്ത കാര്യമായിരുന്നു, പക്ഷേ അവിടെ എന്റെ മനസ്സിലുള്ള ഓർമ്മകൾക്ക് തന്റെ വരകളിലൂടെ ജീവൻ നൽകിയ സാറാ ഇത്തയോടും, മനോഹരമായും രസകരമായും ഒരു കവർ വരച്ച് നല്‍കിയതിന് രാജേഷ് ചാലോട് ചേട്ടനോടുമുള്ള നന്ദിയും ഇവിടെ കുറിക്കുന്നു.

സമൂഹത്തിൽ ഒറ്റപ്പെട്ട് പോകുവാൻ വയ്യാത്തതുകൊണ്ട് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വഴി, പുസ്തകം വായിച്ചിട്ട് ആത്മാർഥതയോടെ അറിയിച്ച അഭിപ്രായങ്ങളെല്ലാം സന്തോഷത്തോടെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. അല്ലാതെ ആരിലേക്കും ഒന്നും അടിച്ചേൽപ്പിക്കാനോ മഹത്തായി കാണിക്കുവാനോ ഞാൻ ശ്രമിച്ചിട്ടില്ലെന്ന് വിനീതമായി അറിയിക്കുന്നു. അതുകൊണ്ട് തന്നെയായിരിക്കണം നമ്മുടെ പുസ്തകത്തിനുണ്ടായിട്ടുള്ള ചുരുക്കം വായനക്കാരിൽ നിന്നും മോശമായിട്ടൊന്നും ഇതുവരെ കേൾക്കേണ്ടി വന്നിട്ടില്ലെന്ന് ആദ്യമേ അറിയിച്ചതും. ഞാനൊക്കെ വായിച്ച് വളർന്ന എഴുത്തുകളുടെയൊന്നും ഏഴയലത്ത് നമ്മുടെയൊന്നും എഴുത്തുകളോ അനുഭവങ്ങളോ ഒന്നും എത്തില്ലെന്ന ഉറപ്പോടെയും വിശ്വാസത്തോടെയും തന്നെ രണ്ടാമത്തെ പുസ്തകം നിങ്ങളിലേക്കെത്തിക്കുകയാണ്.

ADVERTISEMENT