‘മലയാളത്തിലെ പ്രമുഖ എഴുത്തുകാരെയൊക്കെ മിനി മാഗസിന്റെ പേജുകളിലേക്ക് കൂട്ടിക്കൊണ്ടുവന്ന അരവി’: സുരേഷ് എം.ജി. എഴുതുന്നു
ഒരു കാലത്ത് മലയാളത്തിലെ സാഹിത്യ–സാംസ്കാരിക മേഖലയിൽ ശക്തമായ സ്വാധീനമായിരുന്നു സമാന്തര മാസികകൾ. പിന്നീട് പ്രശസ്തിയിലേക്കുയർന്ന പല പ്രഗത്ഭരുടെയും തുടക്കം ഈ ചെറു പ്രസിദ്ധീകരണങ്ങളിലൂടെയായിരുന്നു. അക്കൂട്ടത്തിൽ ശ്രദ്ധേയമായ മാസികകളിൽ ഒന്നായിരുന്നു ബാംഗ്ളൂരിൽ നിന്ന് അരവി പ്രസിദ്ധീകരിച്ചിരുന്ന മിനി മാഗസിൻ.
ഒരു കാലത്ത് മലയാളത്തിലെ സാഹിത്യ–സാംസ്കാരിക മേഖലയിൽ ശക്തമായ സ്വാധീനമായിരുന്നു സമാന്തര മാസികകൾ. പിന്നീട് പ്രശസ്തിയിലേക്കുയർന്ന പല പ്രഗത്ഭരുടെയും തുടക്കം ഈ ചെറു പ്രസിദ്ധീകരണങ്ങളിലൂടെയായിരുന്നു. അക്കൂട്ടത്തിൽ ശ്രദ്ധേയമായ മാസികകളിൽ ഒന്നായിരുന്നു ബാംഗ്ളൂരിൽ നിന്ന് അരവി പ്രസിദ്ധീകരിച്ചിരുന്ന മിനി മാഗസിൻ.
ഒരു കാലത്ത് മലയാളത്തിലെ സാഹിത്യ–സാംസ്കാരിക മേഖലയിൽ ശക്തമായ സ്വാധീനമായിരുന്നു സമാന്തര മാസികകൾ. പിന്നീട് പ്രശസ്തിയിലേക്കുയർന്ന പല പ്രഗത്ഭരുടെയും തുടക്കം ഈ ചെറു പ്രസിദ്ധീകരണങ്ങളിലൂടെയായിരുന്നു. അക്കൂട്ടത്തിൽ ശ്രദ്ധേയമായ മാസികകളിൽ ഒന്നായിരുന്നു ബാംഗ്ളൂരിൽ നിന്ന് അരവി പ്രസിദ്ധീകരിച്ചിരുന്ന മിനി മാഗസിൻ.
ഒരു കാലത്ത് മലയാളത്തിലെ സാഹിത്യ–സാംസ്കാരിക മേഖലയിൽ ശക്തമായ സ്വാധീനമായിരുന്നു സമാന്തര മാസികകൾ. പിന്നീട് പ്രശസ്തിയിലേക്കുയർന്ന പല പ്രഗത്ഭരുടെയും തുടക്കം ഈ ചെറു പ്രസിദ്ധീകരണങ്ങളിലൂടെയായിരുന്നു. അക്കൂട്ടത്തിൽ ശ്രദ്ധേയമായ മാസികകളിൽ ഒന്നായിരുന്നു ബാംഗ്ളൂരിൽ നിന്ന് അരവി പ്രസിദ്ധീകരിച്ചിരുന്ന മിനി മാഗസിൻ. ഇപ്പോഴിതാ, തന്റെ മിനി മാഗസിൻ അനുഭവങ്ങൾ ‘കൊളാഷ്’ എന്ന പുസ്തകത്തിലൂടെ വായനക്കാർക്കായി പങ്കുവച്ചിരിക്കുകയാണ് അരവി. ഈ പുസ്തകത്തിന്റെ ഏകോപനം നിർവഹിച്ച സുരേഷ് എം.ജി. ‘കൊളാഷ് അഥവാ മിനിമാഗസിൻ കാലം’ എന്ന പേരിൽ എഴുതിയതു വായിക്കാം –
എൺപതുകളും തൊണ്ണൂറുകളുമാണ് മിനി മാഗസിൻ കാലം. ബാംഗ്ളൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മിനി മാഗസിൻ എന്ന മലയാളം മാസികയുടെ കാലം. അതുകൊണ്ടു തന്നെ പുതുതലമുറയ്ക്ക് മിനി മാഗസിൻ പരിചിതമായിക്കൊള്ളണമെന്നില്ല. കേരളത്തിനു പുറത്ത് ഓഫ്സെറ്റിൽ അച്ചടിച്ച ആദ്യ മലയാളം മാസിക എന്ന ഖ്യാതി മിനി മാഗസിനുണ്ട്. അതിലുപരി ഇന്ന് മലയാള സാഹിത്യത്തിൽ തിളങ്ങി നിൽക്കുന്ന പലരും എഴുതിത്തുടങ്ങിയ മാസികയാണത്. അതിനൊപ്പം അക്കാലത്തെ ഒന്നാം നിരക്കാരും എഴുതിയിരുന്നു. അതുകൊണ്ടു തന്നെ തലയെടുപ്പുകൊണ്ടു മാത്രം, സാഹിത്യഭംഗികൊണ്ടു മാത്രം, ശ്രദ്ധിക്കപ്പെട്ട മാസികയായിരുന്നു ഇത്.
അരവി എന്ന അരവിന്ദാക്ഷനായിരുന്നു മിനി മാഗസിന്റെ അമരക്കാരൻ. അരവി ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഒപ്പം ചെറുകഥാകൃത്തും. മലയാളത്തിലെ അക്കാലത്തെ പ്രമുഖ ആനുകാലികങ്ങളിൽ അദ്ദേഹമെഴുതിയിരുന്നു. ബോംബെയിലായിരുന്നു ജോലി. പിന്നെ ബാംഗ്ളൂരിലേക്ക് സ്ഥലം മാറ്റമായി. അക്കാലത്താണ് അദ്ദേഹത്തിന് ഒരു മാസിക തുടങ്ങുക എന്ന ആശയം വരുന്നത്. സാഹിത്യകാരന്മാരെ പരിചയപ്പെടണം എന്ന തീവ്രമായ ആഗ്രഹമായിരുന്നു അതിനു പുറകിൽ എന്നൊരിക്കൽ പറഞ്ഞതോർക്കുന്നു. ഒട്ടും അനുഭവസമ്പത്തില്ലാതെ ഇങ്ങനെയൊരു ഉദ്യമത്തിലേക്കെടുത്തുചാടിയതിനെക്കുറിച്ച് പുസ്തകത്തിൽ വിശദമായി തന്നെ പറയുന്നുണ്ട്.
മിനി മാഗസിന്റെ നേതൃത്വത്തിൽ ബാംഗ്ളൂരിൽ അരവിയേട്ടൻ സാഹിത്യ സംഗീത സർഗ്ഗ സംഗമങ്ങൾ സംഘടിപ്പിച്ചു. മലയാള സാഹിത്യത്തിലേയും സംഗീതത്തിലേയും സിനിമയിലേയും പ്രമുഖരെല്ലാം സന്തോഷപൂർവ്വം അതിൽ പങ്കെടുത്തു. കെ.പി. ഉമ്മറും, കാർട്ടൂണിസ്റ്റ് യേശുദാസനും, ഈയ്യിടെ അന്തരിച്ച പദ്മഭൂഷൺ ടി.ജെ.എസ് ജോർജ്ജും, പുനത്തിലും, അടൂർ ഗോപാലകൃഷ്ണനും, കൈതപ്രവുമെല്ലാം അക്കൂട്ടത്തിലുണ്ട്. ആ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് അരവി എന്ന അരവിയേട്ടൻ ലോഗോസ് ബുക്സ് പട്ടാമ്പി പ്രസിദ്ധീകരിച്ച തന്റെ ‘കൊളാഷ്’ എന്ന ഓർമ്മപ്പുസ്തകത്തിലൂടെ. അരവിയേട്ടൻ മാത്രമല്ല, അന്ന് സാഹിത്യ സർഗ്ഗ സംഗീത സംഗമത്തിൽ പങ്കെടുത്തവരും ഇന്ന് മലയാള സാഹിത്യലോകത്ത് മുൻ നിരയിലുള്ളവരുമായ പലരും അവരുടെ ഓർമ്മകൾ പങ്കുവച്ചിട്ടുണ്ടീ പുസ്തകത്തിൽ.
എന്തുകൊണ്ട് തന്റെ ഓർമ്മകൾക്ക് ‘കൊളാഷ്’ എന്ന് പേരിട്ടു എന്നു പറഞ്ഞുകൊണ്ടാണ് അരവി ആരംഭിക്കുന്നത്. ‘ഓർമ്മകൾ ഒന്നിന്റേയും തുടർച്ചയല്ല. പലപ്പോഴായി പല വള്ളികളിൽ മൊട്ടിട്ടതും, ചെടികളിൽ വിരിഞ്ഞതും പൂമരങ്ങൾ നിറങ്ങൾ വിതറി ആഘോഷിച്ചതും, ഇളം തെന്നൽ സുഗന്ധങ്ങൾ ഏറ്റെടുത്തതും, നിശ്ചല ചിത്രങ്ങൾ ആകുമ്പോൾ കോളാഷ് എന്നല്ലാതെ മറ്റെന്താണു പറയുക?’ എന്നാണാ കാരണം. അങ്ങനെ തുടർച്ചയല്ലാത്ത ഓർമ്മകളാൽ സമൃദ്ധമാണ് അരവിയുടെ ഈ പുസ്തകം.
അരവിയേട്ടന്റെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നത് പക്ഷേ മിനി മാഗസിനോ സർഗ്ഗ സംഗമോ അല്ല. സൗഹൃദങ്ങളാണ്. സ്നേഹമാണ്. ആ സൗഹൃദങ്ങളുടെ കൂടി ചിത്രങ്ങളാണീ കുറിപ്പുകളിൽ നിറഞ്ഞിരിക്കുന്നത്. ‘ബാംഗ്ളൂരിൽ നിന്നൊരു മലയാള മാസിക ഇറങ്ങിയിരുന്നു. സംഗതി മിനിയായിരുന്നില്ല. ലക്ഷണമൊത്ത സാഹിത്യ മാസിക തന്നെയായിരുന്നു, ഒരു മറുനാടൻ മാസിക എന്നു മാത്രമേ അവകാശപ്പെട്ടിരുന്നുള്ളുവെങ്കിലും. അരവിയായിരുന്നു എഡിറ്റർ. മലയാളത്തിലെ അക്കാലത്തെ പ്രമുഖ എഴുത്തുകാരെയൊക്കെ മിനി മാഗസിന്റെ പേജുകളിലേക്ക് കൂട്ടിക്കൊണ്ടുവന്നു അരവി’ എന്ന പനച്ചിയുടെ (ജോസ് പനച്ചിപ്പുറത്തിന്റെ) വാക്കുകൾ കൊളാഷിൽ ഉദ്ധരിച്ചിട്ടുണ്ട്. അതായിരുന്നു സത്യം. അതുകൊണ്ടുകൂടിയാണ് മിനി മാഗസിൻ ഓർക്കപ്പെടേണ്ടത്. മലയാള സാഹിത്യത്തിന് മിനി മാഗസിൻ നൽകിയ സംഭാവന അത്ര ചെറുതല്ല. മിനിയല്ല. അതിനാൽ തന്നെ അരവിയേട്ടൻ നൽകിയ സംഭാവനയും. അതോർക്കപ്പെടേണ്ടതുണ്ട്, രേഖപ്പെടുത്തപ്പെടേണ്ടതുണ്ട്, എന്ന ചിന്തയിൽ നിന്നാണ് ‘കൊളാഷ്’ എന്ന പുസ്തകം പിറക്കുന്നത്.
അരവിയേട്ടന്റെ കൂട്ടുകാരുടെ, അതായത് മിനി മാഗസിനും അതിന്റെ സർഗ്ഗസംഗമങ്ങളുമായി സഹരിച്ചവരിൽ ഇന്ന് ജീവിച്ചിരിപ്പുള്ളവരുടെ, കുറിപ്പുകൾ എന്തായിരുന്നു ആ മിനിമാഗസിൻ കാലം എന്ന് വ്യക്തമായി രേഖപ്പെടുത്തുന്നു. എം. മുകുന്ദന്റെ ആമുഖത്തിൽ നിന്നാണതിന്റെ തുടക്കം. മറ്റെഴുത്തുകാരാരൊക്കെ എന്നു നിങ്ങൾക്ക് പുസ്തകത്തിന്റെ പുറം ചട്ടയിൽ കാണാം. എടുത്തെഴുതി (അരവിയേട്ടന്റെ വാക്കുകളിൽ പറഞ്ഞാൽ) ബ്രാഗിങ്ങ് ആക്കുന്നില്ല.
സാഹിത്യ സർഗ്ഗ സംഗമങ്ങൾക്ക് നിമിത്തമായത് അല്ലെങ്കിൽ പ്രേരണയായത് ടി.ജെ.എസ് ജോർജ്ജുമായുള്ള സൗഹൃദമാണെന്ന് അരവിയേട്ടൻ ഓർത്തെടുത്തിരിക്കുന്നു. ടി.ജെ.എസിനെ പരിചയപ്പെടുത്തിയത് പുനത്തിൽ കുഞ്ഞബ്ദുള്ള. ഇവരിൽ പലർക്കുമൊപ്പം നടത്തിയ യാത്രകൾ പുസ്തകത്തിലുണ്ട്. പലരുടേയും സ്വഭാവ പ്രത്യേകതകളും തന്റെ ഓർമ്മകൾക്കിടയിൽ അരവിയേട്ടൻ സൂചിപ്പിച്ചു പോകുന്നു. തന്റെ സാഹിത്യ സർഗ്ഗ സംഗീത സംഗമങ്ങളെക്കുറിച്ച് വാചാലനാകുമ്പോൾ തന്നെ അതിനായി എല്ലാം മറന്ന് ഒപ്പം നിന്ന ഓരോരുത്തരേയും ഔപചാരികതയില്ലാത്ത സ്നേഹത്തോടെ ഓർത്തെടുത്തെഴുതാൻ മറക്കുന്നില്ലദ്ദേഹം.
അരവിയേട്ടന്റെ ആതിഥേയത്വം സ്വീകരിക്കാത്ത മലയാള സാഹിത്യ നായകർ അക്കാലത്ത് ചുരുക്കമേ ഉണ്ടായിട്ടുള്ളു. അധികം സൗഹൃദങ്ങളൊന്നുമില്ലെന്ന് ഞാൻ ധരിച്ചിരിക്കുന്ന (എന്റേത് ഒരു വായനക്കാരൻ എന്ന നിലയിൽ ദൂരെദൂരെനിന്നുള്ള കാഴ്ചയാണെന്ന് സമ്മതിക്കട്ടെ) ഡി.വിനയചന്ദ്രൻ പോലും അക്കൂട്ടത്തിലുണ്ട്. അവരെല്ലാം അരവിയേട്ടന്റെ വീട് സ്വന്തം വീടുപോലെ കരുതി. ലളിതച്ചേച്ചി സ്വന്തം ചേച്ചിയായി. എന്തും ആവശ്യപ്പെടാവുന്ന ഒരു കുടുംബ ബന്ധം അവരെല്ലാം നിലനിർത്തി. ബാംഗ്ളൂരിൽ വണ്ടിയിറങ്ങുന്നതിനു മുമ്പ് ചേച്ചിയെ വിളിച്ച് തനിക്കു വേണ്ട വിഭവങ്ങൾ ആവശ്യപ്പെടാനുള്ള സ്വാതന്ത്ര്യം വരെ. ചേച്ചിക്കാകട്ടെ അതൊരു സന്തോഷമായിരുന്നു. സ്വന്തം കൂടപ്പിറപ്പുകളെപ്പോലെ അവർ എല്ലാവർക്കും വേണ്ടതു വച്ചുവിളമ്പി. സന്തോഷത്തോടെ ഒപ്പം നിന്നു. പുസ്തകത്തിലുടനീളം നിങ്ങൾക്ക് ഈ സ്നേഹം സുഹൃത്തുക്കൾ ഓർത്തെടുത്തിരിക്കുന്നതും കാണാനാകും.
ചിലർ തനിക്കു വരുത്തിയ ബുദ്ധിമുട്ടുകളും ഒട്ടൊന്ന് ഹാസ്യം കലർത്തി കൊളാഷിൽ അരവിയേട്ടൻ പറഞ്ഞിട്ടുണ്ട്. അതായത് തന്റെ ചില അടുത്ത സുഹൃത്തുക്കളുടെ നിഴൽ പറ്റി തനിക്കരികിലെത്തി, സ്ഥലകാലബോധമില്ലാതെ പെരുമാറിയവർ. അതിലും അദ്ദേഹത്തിനു പരാതികളൊന്നുമില്ല എന്നതു ശ്രദ്ധേയമാണ്. അങ്ങനെയും മനുഷ്യരുണ്ടെന്ന മട്ടിൽ സൂചിപ്പിച്ചു പോകുന്നു എന്നു മാത്രം.
കൈതപ്രത്തിനാദ്യം തോന്നിയ നീരസം (അങ്ങനെയൊരു വാക്ക് ഉപയോഗിക്കാമെങ്കിൽ) പിന്നെ അടുത്ത സൗഹൃദമായതെങ്ങനെ എന്നും, യു.എ. ഖാദർ, എൻ.പി. മുഹമ്മദ് തുടങ്ങിയവരോടുള്ള ബഹുമാനവും, ഒരിക്കൽ എം.ടിയുടെ ഓഫീസ് മുറിയിൽ ഇത്തിരി നേരം ചിലവിട്ടതുമെല്ലാം അതിന്റെ ഭാഗമാണ്. ‘ഉപ്പ അരവിയേട്ടന് മുന്നിൽ മുയൽക്കുഞ്ഞ്. റസാഖ് കോട്ടക്കലിന്റെ ഉപ്പയുടെ ഫോട്ടോ മുഖചിത്രമായി മിനിമാഗസിൻ വന്നു. ഉപ്പയെക്കുറിച്ചുള്ള പ്രസിദ്ധീകരണ രംഗത്തെ ആദ്യ സ്പെഷൽ അതായിരുന്നു’ എന്ന് ഹാഫിസ് മുഹമ്മദ് ആ ബന്ധത്തേയും മിനിമാഗസിനേയും ഓർത്തെഴുതിയിരിക്കുന്നു. എൻ.പി. മുഹമ്മദിനെപ്പോലെയുള്ള ഒരെഴുത്തുകാരന് മലയാള ആനുകാലിക ലോകത്തിൽ അതിനു മുമ്പ് ലഭിക്കാത്ത ആദരമാണ് മിനിമാഗസിൻ നൽകിയതെന്ന് ഈ വരികൾ പറയുന്നു.
പക്ഷേ കാലം പലതിലും മാറ്റം വരുത്തി. സ്വന്തമായി വ്യാപാരമാരംഭിച്ച അരവിയേട്ടനെവിടേയോ താളം പിഴച്ചു. മിനി മാഗസിൻ നിലച്ചു. ‘കൊടുമുടിയിലെ വെളിച്ച വിതാനങ്ങൾക്ക് അസ്തമയമുണ്ടാകുമോ ? കണ്ണുകൾ തുറന്നിരിക്കുമ്പോൾ തന്നെ അശാന്തമായ കൊടുമുടിയിൽ ആരവങ്ങൾ അകന്നു തുടങ്ങുന്നു... വെളിച്ചത്തിന്റെ ബാക്കി നിന്ന പൊട്ടുകൾ കൂടി പ്രഭ മങ്ങി പിൻവാങ്ങി തുടങ്ങുന്നു. അവശേഷിച്ചതു പോലും തിരിഞ്ഞു നിന്ന് ഭാണ്ഡത്തിൽ ശേഖരിക്കാൻ ഒരുങ്ങാതെ അരവി കുന്നിറങ്ങുന്ന കാഴ്ച ഞാൻ മങ്ങിയ വെളിച്ചത്തിലും കണ്ടു... നടന്നും കിതച്ചും എന്റെ പ്രിയ സുഹൃത്ത് അരവി എത്തിയ താഴ്‌വരകളിലെ നേരിയ പൊടിപടലങ്ങളിലും വേണ്ടത്ര വെളിച്ചം ഉദിച്ചുയരുന്നില്ലല്ലോ എന്നത് എന്നെ വ്യാകുലപ്പെടുത്തുന്നുണ്ട്’ എന്ന് കെ.ആർ. വിനയൻ എഴുതുന്നു. ആ വെളിച്ചപ്പൊട്ടുകൾ തിരിച്ചെത്തിക്കാനുള്ള ശ്രമം കൂടിയാണ് കൊളാഷ് എന്ന അരവിയേട്ടന്റെ ഓർമ്മക്കുറിപ്പിനനുബന്ധമായുള്ള സുഹൃത്തുക്കളുടെ പങ്കുവയ്ക്കലുകൾ. അങ്ങനെ പങ്കുവയ്ക്കുക മാത്രമല്ല, 2026 ജനുവരി ഇരുപത്തിനാലാം തിയതി, ഇവരിൽ എത്തിച്ചേരാവുന്നവരെല്ലാം ചേർന്ന് തൃശൂർ സാഹിത്യ അക്കാദമിയിൽ വച്ച് ഒരു മിനി മാഗസിൻ മിനി സൗഹൃദ സംഗമം സംഘടിപ്പിക്കുകയുണ്ടായി. അതിൽ വേറിട്ട രീതിയിൽ കൊളാഷിന്റെ പ്രസാധനവും നടന്നു. ഈ പ്രസാധനത്തിനായി പ്രസാധകരായ ലോഗോസ് ബുക്സ് ഒരു പ്രത്യേകാൽ കോപ്പി തയ്യാറാക്കിയിരുന്നു. അതിൽ അരവിയേട്ടനാശംസയർപ്പിച്ചുകൊണ്ട് അന്നവിടെ വന്നവർക്കെല്ലാം എഴുതാനായി ചില താളുകൾ ഒഴിച്ചിട്ടിരുന്നു. അങ്ങനെ അവരുടെ ആശംസകളോടെ ആ കോപ്പി എല്ലാ സുഹൃത്തുക്കൾക്കും വേണ്ടി കെ.എൽ. ശ്രീകൃഷ്ണദാസ്, അയ്മനം ജോൺ എന്നിവർ ചേർന്ന് അരവിയേട്ടനു സമ്മാനിച്ചു. അതായിരുന്നു പുസ്തകപ്രകാശനവും. ഞങ്ങൾക്ക് തന്ന സ്നേഹസൗഹൃദങ്ങളുടെ ഒരു മൊമെന്റൊ എന്ന നിലയിലായിരുന്നു സുഹൃത്തുക്കളുടെ ഈ സമ്മാനം. ‘പ്രിയപ്പെട്ട അരവീ, താങ്കൾ ജീവിതത്തിൽ കുറേ സമ്പത്ത് നേടി, സാഹിത്യക്കമ്പത്താൽ കുറേ നഷ്ടപ്പെടുത്തുകയും ചെയ്തു. പക്ഷെ ഒന്നു പോയി എൽ.ബി. അക്കൗണ്ട് (ലൗ ബാങ്ക് അക്കൗണ്ട്) പരിശോധിച്ചു നോക്കൂ, താങ്കളെപ്പോലുള്ള ധനികർ ലോകത്ത് വിരളമായിരിക്കും’ എന്ന കെ.പി. രാമനുണ്ണിയുടേയും, ‘അരവിയോട് ചോദിക്കുകയാണെങ്കിൽ അരവി പറയും:- ‘ഇല്ല ഒരു ദുഖവും ഇല്ല. ഞാൻ നേടിയ വിലമതിക്കാനാവാത്ത സ്നേഹഷൃദങ്ങൾ തിരിച്ചെടുക്കാൻ ദൈവത്തിന് പോലും കഴിയില്ലല്ലോ’. അരവിയ്ക്ക് കിട്ടിയ സ്നേഹവും ഷൃദവും അനുപമമാണ് , അനശ്വരമാണ്.” എന്ന കെ.എൽ. ശ്രീകൃഷ്ണദാസിന്റേയും വരികളോടേയും, ഈ ഓർമ്മക്കുറിപ്പുകൾ ഏകോപിപ്പിക്കാനും പുസ്തകരൂപത്തിലാക്കാനും എനിക്കു ലഭിച്ച അവസരത്തിൽ സന്തോഷം പ്രകടിപ്പിച്ചും ഈ കുറിപ്പവസാനിപ്പിക്കാം.