സമകാല മലയാള സാഹിത്യത്തിലെ മികച്ച കഥാകൃത്തുക്കളിൽ ഒരാളാണ് ടി. ശ്രീവത്സൻ. ആഖ്യാനത്തില്‍ പുത്തൻ ഭാവുകത്വം നിർമിച്ച ‘ആംബുലൻസ്’ ആണ് ആദ്യകഥാസമാഹാരം. ഈഡിപ്പസ് യന്ത്രം (സി.എസ്. ബിജുവിനോടൊപ്പം), നവമനോവിശ്ലേഷണം, നിസ്സാരോപദേശ കഥകൾ, മതേതരത്വത്തിനുശേഷം, ഹരിതഭാഷാവിചാരം, മുപ്പതു കഥകൾ എന്നിവയാണ് പ്രധാന കൃതികൾ. ടി.

സമകാല മലയാള സാഹിത്യത്തിലെ മികച്ച കഥാകൃത്തുക്കളിൽ ഒരാളാണ് ടി. ശ്രീവത്സൻ. ആഖ്യാനത്തില്‍ പുത്തൻ ഭാവുകത്വം നിർമിച്ച ‘ആംബുലൻസ്’ ആണ് ആദ്യകഥാസമാഹാരം. ഈഡിപ്പസ് യന്ത്രം (സി.എസ്. ബിജുവിനോടൊപ്പം), നവമനോവിശ്ലേഷണം, നിസ്സാരോപദേശ കഥകൾ, മതേതരത്വത്തിനുശേഷം, ഹരിതഭാഷാവിചാരം, മുപ്പതു കഥകൾ എന്നിവയാണ് പ്രധാന കൃതികൾ. ടി.

സമകാല മലയാള സാഹിത്യത്തിലെ മികച്ച കഥാകൃത്തുക്കളിൽ ഒരാളാണ് ടി. ശ്രീവത്സൻ. ആഖ്യാനത്തില്‍ പുത്തൻ ഭാവുകത്വം നിർമിച്ച ‘ആംബുലൻസ്’ ആണ് ആദ്യകഥാസമാഹാരം. ഈഡിപ്പസ് യന്ത്രം (സി.എസ്. ബിജുവിനോടൊപ്പം), നവമനോവിശ്ലേഷണം, നിസ്സാരോപദേശ കഥകൾ, മതേതരത്വത്തിനുശേഷം, ഹരിതഭാഷാവിചാരം, മുപ്പതു കഥകൾ എന്നിവയാണ് പ്രധാന കൃതികൾ. ടി.

സമകാല മലയാള സാഹിത്യത്തിലെ മികച്ച കഥാകൃത്തുക്കളിൽ ഒരാളാണ് ടി. ശ്രീവത്സൻ. ആഖ്യാനത്തില്‍ പുത്തൻ ഭാവുകത്വം നിർമിച്ച ‘ആംബുലൻസ്’ ആണ് ആദ്യകഥാസമാഹാരം. ഈഡിപ്പസ് യന്ത്രം (സി.എസ്. ബിജുവിനോടൊപ്പം), നവമനോവിശ്ലേഷണം, നിസ്സാരോപദേശ കഥകൾ, മതേതരത്വത്തിനുശേഷം, ഹരിതഭാഷാവിചാരം, മുപ്പതു കഥകൾ എന്നിവയാണ് പ്രധാന കൃതികൾ. ടി. ശ്രീവത്സന്റെ സമീപകാല കഥകളുടെ സമാഹാരമാണ് ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച ‘ക്ലൗഡ് മെസഞ്ചർ’ . ക്ലൗഡ് മെസഞ്ചറിന്റെ പശ്ചാത്തലത്തിൽ ടി. ശ്രീവത്സന്റെ കഥകളെക്കുറിച്ച് ‘കഥകളുടെ ശ്രീവത്സക്കാലം’ എന്ന പേരിൽ സബിത ബി. ‘വനിത ഓൺലൈനിൽ’ എഴുതിയതു വായിക്കാം –

ഒരാളുടെ തന്നെ മനസ്സിൽ അധികനേരം അതേപടി ഇരിക്കാൻ പറ്റുകയില്ല കഥകൾക്ക്. മനസ്സിൽ കയറിക്കൂടിയ കഥ മറ്റൊരാളോട് പറയാതിരിക്കുന്നത് പാപമാണ്’ – കൽപ്പറ്റ നാരായണൻ

ADVERTISEMENT

കഥകളെല്ലാം കഥകളാവുമ്പോൾ വായനയിലൂടെ മനസ്സിൽ കയറിക്കൂടിയ കുറച്ച് കഥകളെക്കുറിച്ച് പറയാതിരിക്കുന്നതും പാപമാണ്. എഴുത്തുകാരനും കഥാകൃത്തുമായ ടി. ശ്രീവത്സന്റെ കഥകളെക്കുറിച്ചാണ് പറയുന്നത്. അവിചാരിതവും അപരിചിതവുമായ ഒരു വഴിയിലൂടെയാണ് ആ കഥകളിലേക്ക് എത്തിച്ചേർന്നത്. ടി.ശ്രീവത്സന്റെ ‘30 കഥകൾ’, ‘ക്ലൗഡ് മെസഞ്ചർ’ എന്നീ രണ്ട് കഥാസമാഹരങ്ങളിലെ കഥകൾ, കഥകളാൽ കഥകൾ മെനയുന്ന ഒരു കഥാകാരനാൽ ഗാഢമായെഴുതപ്പെട്ടതാണെന്നു മനസ്സിലാവുന്നു. നേർപ്പിക്കുന്തോറും അവയുടെ ഗാഢതയേറുന്നു. കഥാകാരന്റെ ഭാഷയിൽ പറയുകയാണെങ്കിൽ സത്യമായ സത്യങ്ങളാണ് ഈ കഥകൾ. പഴമയും പുതുമയും ഇഴുകിച്ചേർന്ന ആഖ്യാനശൈലി ഈ കഥകളെ കാലങ്ങളുടെ ഇഴുകിച്ചേരൽ സാധ്യമാക്കുന്നു. കഥകളെക്കുറിച്ചാണല്ലോ പറയുന്നത് അങ്ങനെയാവുമ്പോൾ ആന്റൺ ചെക്കോവിന്റെ വരികളെ ഓർക്കാതെയിരിക്കാനാവില്ല. കഥകൾ എങ്ങനെയാവണമെന്ന് എത്ര മനോഹരമായാണ് അദ്ദേഹം കുറിച്ചത് !

‘Don't tell me the moon is shining, show me the glint of light on broken glass’– Anton Chekov

ADVERTISEMENT

ടി. ശ്രീവത്സന്റെ കഥകളിലേക്ക് വരുമ്പോൾ, ആകാശത്തോളം ഉയരവും മേഘങ്ങളുടെ അനന്യഭംഗിയുമുള്ള ഒരു ഗംഭീര കഥയാണ് ‘ക്ലൗഡ് മെസഞ്ചർ’. എഴുത്തുകാരനായ ശ്രീ. K. C. നാരായണൻ ഈ കഥയെ കുറിച്ച് എഴുതിയിരിക്കുന്നത് ആധുനിക കാലത്തെഴുതിയ ഒരു പുതിയ മേഘസന്ദേശമാണെന്നാണ്. ആകാശത്തിന്റെ ഒത്ത നടുക്ക് ജീവിക്കാൻ വേണ്ടി 40 നിലകളുള്ള ഫ്ലാറ്റ് സമുച്ചയത്തിലെ 37 മത്തെ നിലയിൽ ഫ്ലാറ്റ് സ്വന്തമാക്കി, പുറത്തുള്ള ആകാശം ഫ്ലാറ്റിനകത്തേക്ക് സദാ ഒഴുകി വരാൻ വേണ്ടി അതിന്റെ ഭിത്തി മുഴുവൻ ഇരുപതടി ഗ്ലാസ് കൊണ്ട് നിർമ്മിച്ച് ഗഗനവിസ്മയമായി ജീവിക്കുന്ന റിട്ടയേഡ് കേണൽ ‘നീൽ’ ഏകാകിയായ ഒരു ആകാശനക്ഷത്രമാണ്. മേഘങ്ങളോടെന്നപോലെ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട മറ്റൊന്നാണ് പഴയസംസ്കൃത ഗ്രന്ഥങ്ങളുടെ കാത്തുസൂക്ഷിപ്പ്. അദ്ദേഹത്തിന്റെ അച്ഛൻ ഒരു സംസ്കൃതം പ്രൊഫസറായിരുന്നു. സഫാരി ടി.വി.യോട് തന്റെ എയർഫോഴ്‌സ് ജീവിതത്തിലെ അനുഭവങ്ങൾ പങ്ക് വെയ്ക്കുന്നതാണ് കഥാപശ്ചാത്തലം. മേഘങ്ങളെക്കുറിച്ച് കഥയിൽ അദ്ദേഹം ഇങ്ങനെ വാചാലനാവുന്നു ‘മേഘം കവികളുടെ ഒഴിയാബാധയാണ്. അതിൽ എന്തൊക്കെയോ നിഗൂഢതയുണ്ടെന്ന് കാളിദാസൻ പല കൃതികളിലും പറഞ്ഞിട്ടുണ്ട്. പല കാരണം കൊണ്ടും ഒറ്റപ്പെട്ടു പോയ മനുഷ്യന് മേഘങ്ങളാണ് ഒരേയൊരു സുഹൃത്ത്, അത് മഹാരാജാവിനും പരമദരിദ്രനും ഒരുപോലെയാണ്. മേഘം എല്ലാം കാണുന്നു, അറിയുന്നു, സമാശ്വസിപ്പിക്കുന്നു...’. ഒടുവിൽ നീലിനെ തേടിയെത്തുന്ന പുഷ്‌കലാവർത്തകം കൊണ്ടുവരുന്ന സന്ദേശം എന്താണ് ? കണ്ണുപൊട്ടിക്കുന്ന കറുപ്പിൽ കാമരൂപിയായി അവൻ ആകാശമടച്ചു നിൽക്കുമ്പോൾ അത് കൊണ്ടുവരുന്ന സന്ദേശം മരണമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ അതിനെ വെല്ലുവിളിച്ച് നിൽക്കുന്ന നീൽ യഥാർത്ഥ ഗഗന പാലകനാവുമ്പോൾ കഥയുടെ ഐറണി പൂർണ്ണമാവുന്നു

‘രണ്ടാം നമ്പർ’ എന്ന കഥയിലേക്ക് വരുമ്പോൾ, അതിസൂക്ഷ്‌മതയും ദാർശനികതയുമുള്ള ഒരു കഥാകാരന് മാത്രം എഴുതാനാവുന്ന ഒരു കഥയാണ്. ഈ കഥയുടെ ക്രാഫ്റ്റ് അതിശയിപ്പിക്കും. പാലക്കാട്ടെ അഗ്രഹാരത്തിലൂടെ മാത്രം ഓടുന്ന കുഞ്ഞുങ്ങളോട് ഏറെ ഇഷ്ടമുള്ള ഒരു പാവം ബസ്സാണ് രണ്ടാം നമ്പർ. എന്നിട്ടും ബ്രഹ്മഹത്യാപാപം പേറുന്നവൻ എന്ന് പഴി കേൾക്കേണ്ടി വന്നവൻ. ജീവിക്കുന്ന ഐതിഹ്യമായ ഒരു ബസ്സിന്റെ സഞ്ചാരപഥം പിടികിട്ടാതെ അന്വേഷിച്ചിറങ്ങുന്ന കുറച്ച് ചെറുപ്പക്കാർ. കഥയുടെ അവസാനം രണ്ടാം നമ്പറിന്റെ സഞ്ചാരപഥം ഒരു അഗ്രഹാരക്കോലത്തിലേക്ക് കഥാകാരൻ വരച്ചിടുമ്പോൾ കഥ മറ്റൊരു തലത്തിലേക്ക് ഉയരുന്നു. മരണം വരെ ജയിലിനുള്ളിൽ അകപ്പെട്ടു പോയ ജയിൽപ്പുള്ളിയെപ്പോലെ രണ്ടാം നമ്പർ ഓരോ വായനക്കാരനിലും കോലമില്ലാക്കോലമായി അവശേഷിക്കുന്നു.

ADVERTISEMENT

ശ്രീവത്സന്റെ കഥകളിൽ നമ്മളെ അമ്പരിപ്പിക്കുന്നതും അതിശയിപ്പിക്കുന്നതുമായ പ്രമേയങ്ങൾ കടന്ന് വരുന്നത് പ്രത്യക്ഷമായും പരോക്ഷമായും ദർശിക്കാനാവും. ‘ഒറ്റച്ചക്കിലിയൻ’ എന്ന കഥയിലേക്ക് ഇറങ്ങുകയാണെങ്കിൽ അതൊരു സാന്ദ്രതയേറിയ കഥയാണ്. ഒരു ഉത്തമ സൃഷ്ടി. ഈ കഥയിൽ നിശ്ശബ്ദ‌ദമായ സംഗീതമുണ്ട്. ഒരു തോറ്റംപാട്ട്. പള്ളൂർ എന്ന ഗ്രാമത്തിന്റെ ഒരേയൊരു ഒറ്റച്ചക്കിലിയനാണ് രവി. കണ്യാർകളിയിൽ ഒന്നര മണിക്കൂർ അവതാരമെടുക്കുന്ന രവിയേട്ടൻ ഒരു ലോക്കോപൈലറ്റാണ്. തീവണ്ടിയ്ക്ക് മുന്നിൽ ജീവിതം അവസാനിപ്പിക്കുന്ന സ്ത്രീകളെക്കുറിച്ച് രവിയേട്ടൻ പറയുന്ന വാചകമിങ്ങനെയാണ് ‘സ്ത്രീകളുടെ ഓമനത്തം മുഴുവൻ അവരുടെ നെറ്റിയിലായിരിക്കും. അറ്റുപോയ തലയാണെങ്കിൽ പോലും അവിടെ ഒന്ന് തലോടാൻ തോന്നിപ്പോകും’. ഈ വാചകത്തിന് എത്ര എളുപ്പത്തിൽ ഉടലുലച്ച് ഉടയ്ക്കാം! വായനയ്ക്ക് മാത്രം നൽകാൻ കഴിയുന്ന അതിഗംഭീര ദൃശ്യാനുഭവം നൽകുന്നു ഈ കഥ. അപൂർവ്വമായി മാത്രം സംഭവിക്കുന്ന കഥകളിൽ ഒന്നായി ഒറ്റച്ചക്കിലിയനെ കൈ പിടിച്ച് മുന്നിലേക്ക് നിർത്താം. കഥാകാരന്റെ ബഷീറെഴുത്തിനോടുള്ള ഇഷ്ടം ‘ബഷീറെഴുത്ത്: തെളിച്ചവും ലാളിത്യവുമുള്ള മലയാള രചനയ്ക്ക്’ എന്ന കഥയിൽ തെളിച്ചമുള്ള വെളിച്ചമായി പരിണമിച്ചിരിക്കുന്നത് കാണാം. കൗതുകമുള്ള ഈ കഥാശീർഷകത്തോളം കൗതുകമുള്ളതാണ് ഈ കഥയും. ഈ കഥയിൽ രണ്ട് സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കുകൾ ഒന്നിച്ച് ‘നല്ല മലയാളത്തിന് ബഷീർ’ എന്ന ആപ്പ് വികസിപ്പിച്ചെടുക്കുകയാണ്. അവർ റുബീനയും സൈജുവും. ഇന്നിന്റെ ഇണകൾ. I am more Basheer than Basheer എന്ന കമ്പ്യൂട്ടർ ആത്മഗതത്തിലേക്ക് എത്തിക്കാനുള്ള പ്രൊജക്ടിന്റെ ലക്ഷ്യത്തെക്കുറിച്ച് സൈജു വാചാലനാവുമ്പോൾ റുബീന കൊണ്ട് വരുന്ന സുലൈമാനി സുൽത്താന് വേണ്ടിയായിരുന്നില്ലേ എന്ന് വായനക്കാർക്ക് സന്ദേഹം! നല്ല ജീവിതത്തിന് മിനിമം അടുക്കള എന്ന അവരുടെ മുദ്രാവാക്യം എല്ലാ വീടുകളിലും മുഴങ്ങിക്കേൾക്കേണ്ടത്. കഥ ബഷീറിയൻ കാലത്തിലൂടെ പോസ്റ്റ് ബഷീറിയൻ കാലത്തിലേക്ക് സഞ്ചരിക്കുന്നത് എത്ര ചടുലമായാണ് !

ബഷീറിലേക്ക് തന്നെ വീണ്ടും വരുന്നു. മറ്റൊരു കഥയിലൂടെ. അപ്പോൾ ചില അസ്വാഭാവികതകൾ നമ്മെ പൊതിയുന്നതായി തോന്നാം. അങ്ങിനെ സ്വയം നിറഞ്ഞ് തുളുമ്പാതെ നിൽക്കുന്ന ഒരു കഥയാണ് ‘ആടുകളുടെ പാത്തുമ്മ’. ഇത് വെറുമൊരു കഥയല്ല. ഒരു കീർത്തനം. ജ്ഞാനപ്പാനയെയും പി. ലീലയെയും നെഞ്ചോട് ചേർത്തു ജീവിക്കുന്ന പാത്തുമ്മയും കൂടെ ആടുകളും പൂന്താനത്തെ പാത്തുമ്മയ്ക്ക് പരിചയമില്ലെങ്കിലും ഉണ്ണികൃഷ്‌ണനെ അറിയാം. അനാഥയാണെന്ന് പറയുമ്പോഴും സനാഥ. കുശുമ്പും മത്സരോം ഇല്ലാത്ത ആടുകൾ കൂട്ടിനുള്ളപ്പോൾ അനാഥയാവുന്നതെങ്ങിനെ എന്ന് പാത്തുമ്മ ചോദിക്കുന്നു. എല്ലാരോടും എല്ലാറ്റിനോടും സ്നേഹമുള്ള പാത്തുമ്മയുടെ ദിനരാത്രങ്ങൾ കടന്നു പോകുന്നത് ഒരു ശബ്ദത്തെ ഉപാധികളില്ലാതെ ആരാധിച്ചു കൊണ്ടാണ്. പി. ലീലയെന്ന അനശ്വര ഗായികയെ അവരുടെ ശബ്ദത്തെ അവർ ചൊല്ലുന്ന പാത്തുമ്മ അതിശയകരമായ രീതിയിൽ ജ്ഞാനപ്പാനയിലൂടെ ആരാധിക്കുന്നു. അടുത്തുള്ള അമ്പലത്തിൽ നിന്നും കേൾക്കുന്ന ജ്ഞാനപ്പാനയിലെ വരികളുടെ അർത്ഥത്തെ, അർത്ഥവ്യത്യാസത്തെ രണ്ടാം ക്ലാസ് വരെ മാത്രം പഠിച്ച പാത്തുമ്മ ഉൾക്കൊള്ളുന്നതും വിശകലനം ചെയ്യുന്നതും കാണുമ്പോ പൂന്താനം പാത്തുമ്മയെ തൊഴുന്നുണ്ടാവാം. മക്കളില്ലാത്ത ജീവിതത്തിൽ തന്റെ ആട്ടിൻകുട്ടിയെ പാത്തുമ്മ ‘ഉണ്ണികൃഷ്ണ‌ൻ’ എന്ന പേരിട്ട് വാത്സല്യത്തോടെ തലോടുന്നു. എന്തൊരു നീളമാണ് പാത്തുമ്മയുടെ ഏകാന്തതയ്ക്ക് എന്ന് കഥയിൽ വായിക്കുമ്പോൾ Raymond Carver ന്റെ A small, Good thing എന്ന കഥയിലെ ബേക്കറുടെ ഏകാന്തത മങ്ങിയ വെളിച്ചമായി നമുക്ക് അനുഭവപ്പെടും. മത്സരമില്ലാത്ത ജീവിതത്തിന്റെ സുഗന്ധമുള്ള പാത്തുമ്മയുടെ കഥയെ ഒന്ന് ചാരി നിന്ന് നോക്കൂ. സ്നേഹത്തിന്റെ സുഗന്ധത്തോടെ കഥ നമ്മളെ ആലിംഗനം ചെയ്യും. കഥകൾ വായനക്കാരിൽ നിറഞ്ഞുതുളുമ്പാതിരിക്കുന്നതിന് ആടുകളുടെ പാത്തുമ്മ മികച്ച ഉദാഹരണമാണ്. ലളിതമെന്ന് തോന്നുമ്പോഴെല്ലാം കഠിനമാവുന്നു ശ്രീവത്സന്റെ കഥകൾ. കാഠിന്യത്തിന് ഗാഢത എന്ന അർത്ഥം നൽകി വായിക്കേണ്ട ഒരു വിലാപകാവ്യമാണ് ‘യാതനാശരീരം’ എന്ന കഥ. അടുത്ത ഇരുപത് കൊല്ലം വരെയുള്ള ഭാവി പദ്ധതികൾ കണിശമായി ആസൂത്രണം ചെയ്ത‌് അതിനനുസരിച്ച് ഓരോ നീക്കവും നടത്തിയിരുന്നവനാണ് അൻപഴകൻ എന്ന അൻപ്. ‘ഐ ഹേറ്റ് മൈ വില്ലേജ് മനൂ’ എന്ന് കൂട്ടുകാരനോട് പറയുമ്പോഴും തന്റെ ചെയ്‌തികളെ മുഴുവൻ പുണ്യപാപങ്ങളായ് എണ്ണുന്നവൻ. പാപകർമ്മങ്ങൾ ചെയ്യുന്നവർക്ക് യമമാർഗ്ഗത്തിൽ സംഭവിക്കുന്ന നരകയാതനകളെ ഗരുഢന്റെ ആവശ്യപ്രകാരം മഹാവിഷ്ണു വർണ്ണിക്കുന്ന പുരാണമാണ് ‘ഗരുഢ പുരാണം’. അതായിരുന്നു അൻപിന്റെ ആത്മീയ ഗ്രന്ഥവും വഴികാട്ടിയും! ഏറ്റവും പുതിയ കമ്പ്യൂട്ടർ പ്രോഗ്രാമുകളും ഭാഷകളും അനായാസമായി പഠിച്ചെടുക്കുമ്പോഴും വിടാതെ പിൻതുടർന്നതിന്റെ ദുരന്തപര്യവസാനം ഏറ്റുവാങ്ങുകയാണ് അൻപ്. ആ യാതനാശരീരം പേറി ഉറങ്ങാൻ പോലുമാവാതെ നരകത്തിലകപ്പെട്ട് കൂട്ടുകാരൻ മനു. ആരാലെന്നറിയാതെ ക്രൂരമായി കൊലചെയ്യപ്പെട്ട അൻപ്. ‘അൻപേ അൻപേ കൊല്ലാതെ...’ എന്ന ഗാനം കഥയിലിടയ്ക്കിടെ കൗതുകമായി കടന്നു വന്ന് അറംപറ്റുകയാണ്. അൻപിന്റെ മരണശേഷം അവന്റെ വീടിനെ മഹാശൂന്യത ഒരു പുതിയ ദിവസമായി ഭസ്‌മംപൂശി എന്നാണ് കഥയിലുള്ളത്. എന്തൊരു രൂപകഭംഗി!

ഇന്ദുലേഖയും മാധവനും നമുക്ക് എക്കാലത്തെയും പ്രണയജോഡികളാണ്. എന്നാൽ അവരുടെ പ്രണയത്തിന്റെ ഏറ്റവും പിൻനിരയിൽ ഒരു കരച്ചിൽ കസേരയിട്ടിരിപ്പുണ്ടോ ? ഉണ്ടെന്ന് ‘ന്റെ’ എന്ന കഥ പറയുന്നു. ന്റെ എന്ന കഥയിലെ ‘ന്റെ’ മാധവന്റെ ഇന്ദുലേഖയുടേതാണോ ? അതോ അട്ടുവിന്റെ രംഭയുടേതോ ? എന്നാൽ മാധവനെപ്പോലെയല്ലല്ലോ അട്ടു. ആരുടെയും കൂടെ ഒന്നിച്ച് ജീവിച്ചിട്ടില്ലാത്തത് കൊണ്ട് താൻ ഒറ്റയ്ക്കാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്ത ജൻമം. ഇരട്ടത്തെരുവിൽ ഒറ്റയ്ക്ക്. ഇന്ദുലേഖയെപ്പോലെയല്ലല്ലോ രംഭ ? ദൈവവിളി പോലെ കിറുക്കു മുളച്ചപ്പോൾ മക്കളാൽ പോലും ആട്ടിയകപ്പെട്ട മറ്റൊരു ഒറ്റ. ന്റെ എന്ന കഥ വായിച്ച് തന്നെ അനുഭവിക്കേണ്ടതാണ്. ന്റെ എന്ന അക്ഷരം വാക്കായി മാറാതെ അക്ഷരമായി ഇരിക്കുമ്പോൾ അതിന്റെ സ്വാർത്ഥത എത്രയാണെന്ന് തെളിയിക്കുന്നു ഈ കഥ. കൂടെ ചന്തുമേനോനെ ഒന്നൂടെ പരിചയപ്പെടാനും സാധിക്കുന്നു.

ചില കഥകൾക്ക് വായനക്കാരെ ഉണർത്തി ഉയർത്താനാവും. പിന്നീടവരെ ഉറക്കാത്ത വിധമുള്ള ഉയർത്തൽ. തൂവൽസ്‌പർശമായി അനുഭവപ്പെടുന്ന ഒരു കഥയാണ് ഈ ‘ഒറ്റമുറി, യടുക്കള ഫ്ലാറ്റിൽ’ ആകാശം മൂകമായി മഴക്കാറ് മൂടിക്കിടക്കുന്നു. പതുക്കെ എവിടെ നിന്നെന്നറിയാതെ ഒരു കാറ്റ് വരുന്നു. കാർമേഘങ്ങളെ അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടു പോവുന്നു. തെളിഞ്ഞ ആകാശത്തിൽ അങ്ങിങ്ങായി നക്ഷത്രങ്ങൾ... ഈ ഒറ്റമുറി, യടുക്കള ഫ്ലാറ്റിൽ എന്ന രൂപപ്പെടുന്ന ആകാശത്തെക്കുറിച്ചാണ് മേലെ എഴുതിയത്. ഈ കഥയെ ഒറ്റയ്ക്കിരുത്താൻ നമുക്ക് തോന്നില്ല. നിറഞ്ഞ സ്നേഹത്തോടെ കരവലയത്തിലൊതുക്കാവുന്ന കഥയാണിത്. ആ വലയത്തിൽ അവരുണ്ട്. ഒറ്റമുറിയടുക്കള ഫ്ലാറ്റിൽ ഒറ്റയ്ക്കായ എഴുപത്തിമൂന്നുകാരിയായ വിധവ. എഴുപത്തിമൂന്നിന്റെ വിജനത ഉള്ളപ്പോഴും അവരിൽ എല്ലാ പ്രായത്തിലുമുള്ള അവരുണ്ട്. ഫ്ലാറ്റ് വാങ്ങാനായി വിലയിടാൻ വരുന്ന കുറേ അരസികൻമാരെ മടുത്ത് നിൽക്കുന്ന അവരുടെ മുന്നിലേക്ക് കുട്ടികളില്ലാത്ത അവരെ അമ്മേ എന്ന് വിളിച്ചു കൊണ്ട് ഒരു എഴുപതുകാരൻ ചെറിയ ചിരിയോടെ കടന്നു വരുന്നു. ‘എനിക്കിഷ്ടമായി’ എന്നു അയാൾ പറയുമ്പോൾ കണ്ണുകൾ തിളങ്ങുന്നത് കാണാതിരിക്കാൻ തല കുനിക്കുന്ന വൃദ്ധയിൽ വൃദ്ധയാവുമ്പോഴുള്ള എല്ലാ സ്ത്രീകളെയും കാണാൻ സാധിക്കുന്നു. കഥയിലിങ്ങനെ എഴുതിയിരിക്കുന്നു. ‘ഒറ്റയ്ക്ക് അനുഭവിക്കേണ്ട വരുന്ന അനാഥത്വത്തേക്കാൾ ആയിരം മടങ്ങ് വലുതാണ് ഒരാൾക്കൂട്ടം മുഴുവൻ ഒന്നിച്ചിരുന്ന് അനാഥത്വം അനുഭവിക്കുന്നത്’. എത്ര തീവ്രമായ വാചകമാണിത്. അതുപോലെ ‘വീടും ദേവാലയവും തമ്മിലുള്ള പ്രധാനവ്യത്യാസം എന്താണെന്നറിയോ ? അവിടെയുള്ള പഴകി മെഴുക്കും കറയും പിടിച്ചവ വൃത്തിയായായും ഭംഗിയായും വച്ചിരിക്കണമെന്നില്ല. എങ്കിലും അവിടുത്തെ ഓരോ വസ്തുവിനും ‘മെറ്റീരിയൽ’ അല്ലാത്ത ഒരു മൂല്യമുണ്ടാവും. സാധാരണ ജീവിതത്തിന്റെ അർത്ഥവും ധർമ്മവും ഒന്നുമായിരിക്കില്ല അവയ്ക്ക്. നിത്യജീവിതത്തിൽ അർത്ഥശൂന്യമായ പലതും അമൂല്യമായി പരിപാലിക്കപ്പെടുന്നുണ്ടാവും’. ഈ വാചകങ്ങൾ നൽകുന്ന ആശ്വാസം അനിർവചനീയം. കഥ ആരംഭിക്കുമ്പോൾ ഇരുണ്ട് കട്ടികൂടിയ ശൂന്യതയുള്ള ആ ഫ്ലാറ്റിൽ കഥയവസാനിക്കുമ്പോൾ തെളിഞ്ഞ കട്ടി കുറഞ്ഞ മുഴുവനായും ശൂന്യതയാണ്. അപ്പോൾ കഥയിൽ നിന്നു ശൂന്യത അപ്രത്യക്ഷമാവുന്നു. കരുണ പ്രത്യക്ഷപ്പെട്ട് സ്നേഹമായി നിറയുന്നു.

നളിനി അല്ലെങ്കിൽ മറ്റൊരു സ്നേഹം എന്ന കഥ നോക്കൂ. ചാരുതയുള്ള നെയ്ത്തു ഭംഗി കാണാൻ കഴിയും. ഈ കഥയ്ക്ക് ഈ പേരല്ലായിരുന്നെങ്കിൽ പിന്നെ ഈ കഥയില്ല. ഈ കഥ നമ്മോട് പറയുന്നു ‘കാലങ്ങളായി നാം വിട്ടു പോന്ന ഭൂതങ്ങളെ, അവ ഇങ്ങോട്ടാക്രമിക്കുമ്പോൾ സഹിക്കുക എന്നല്ലാതെ ആരും അങ്ങോട്ട് ചെന്ന് പുണരാറില്ലല്ലോ’. കഥയുടെ മാനം ഇവിടെ തെളിയുകയാണ്. കഥാപാത്ര ആവിഷ്‌കാരത്തിലെ ബ്രില്ല്യൻസ് തെളിഞ്ഞു കത്തുന്ന മായാണ്ടി.

മായാണ്ടി എന്ന കഥ നിർത്താതെ നമ്മോട് സംസാരിക്കുന്നു. 12 തവണ പാമ്പുകടിയെ അതിജീവിച്ച ഒരു ഉശിരനും നിസ്സംഗനുമാണ് മായാണ്ടി. ഒരുപാട് ദൃശ്യങ്ങളുള്ള ഒരു കഥ. മായാണ്ടിയെ കേട്ടിരിക്കാനാണ് ഈ കഥ. മായാ മായാണ്ടിയിലെ ‘മായ ചില്ലറക്കാരനല്ല. മായാണ്ടിയെത്തന്നെ ശ്രദ്ധയോടെ സൂക്ഷിച്ച് നോക്കുമ്പോൾ മായാണ്ടി ചിലപ്പോൾ ഒരു ടാർസനായും ചിലപ്പോൾ ഒരു വേലായുധനായും എന്നാൽ ചിലപ്പോൾ ‘മായ’ യും കൊണ്ട് നടക്കുന്ന ഒരു അഘോരിയായും വേഷപ്പകർച്ച നടത്തുന്നു. ചില പ്രത്യേക സമയങ്ങളിൽ മാത്രം ‘ആണ്ടിയപ്പനായും’ മാറുന്നു...’ കഥ നന്നായി വാർത്തിരിക്കുന്നു, പല അച്ചുകളിലൂടെ.

ഗന്ധമാദനവും, മാർജ്ജാരനും മാറ്റി നിർത്തി ശ്രീവത്സന്റെ കഥകളെക്കുറിച്ച് പറഞ്ഞവസാനിപ്പിക്കാനാവില്ല. ഗന്ധമാദനത്തിലെ ഗന്ധം കല്യാണസൗഗന്ധികത്തിന്റേതല്ല; അത് ഇരട്ടപ്പാളങ്ങിലൂടെ ഒറ്റയായി കുതിക്കുന്ന തീവണ്ടിയുടെ മണമാണ്. ലോകത്തിൽ മറ്റൊന്നിനുമില്ലാത്ത മണം. ആ മണത്തെ കാമോൻമാദഗന്ധമായും ആ മണവുമായി വരുന്നവരെ കാമദേവൻമാരുമായി കണക്കാക്കുന്ന ഒരു സ്ത്രീയും അവരുടെ രണ്ട് കാലങ്ങളുമാണ് ഈ ഗന്ധമാദനം. രണ്ട് കാലങ്ങളിലും അവരെ മുഴുവനായും രതിക്കായി സജ്ജമാക്കുന്നത് തീവണ്ടിയുടെ ഗന്ധമാണ്. തന്റെ ഭർത്താവിന്റെ ശിഷ്യൻ ആ മണവുംപേറി വീട്ടിലെത്തുമ്പോൾ വൃദ്ധയായ ആ സ്ത്രീ കഥയിൽ ശർമ്മിഷ്‌ഠയാവുകയാണ്. ഗന്ധങ്ങൾക്ക് മൂർത്തരൂപം നേടാനുള്ള ഒരിടമായി മാറുന്നു ആ ശിഷ്യൻ! തന്റെ യൗവനം പകരാൻ തയ്യാറായി ശിഷ്യന്റെ അധ്യാപകനായ അയ്യർ സർ. യയാതിയായി മാറാനാവുമോ ശിഷ്യന് ? ഗന്ധം പോലെ മത്ത് പിടിപ്പിക്കുന്ന മറ്റെന്താണ് മനുഷ്യർക്കുള്ളത് ? സ്ത്രീ കാമനകളുടെ ഒരു തുറന്നെഴുത്ത് കൂടിയാണ് ഈ കഥ. ഗന്ധമാദനം എന്ന കഥയിൽ നിന്നും നമ്മെ മദിപ്പിക്കുന്ന ഏതെങ്കിലുമൊരു ഗന്ധമില്ലാതെ നമുക്കിറങ്ങി വരാനാവില്ല. ഈ കഥയും ലളിതമെന്ന് തോന്നിപ്പിച്ച് സങ്കീർണ്ണമാവുന്നത് കാണാം. തന്റെ കഥാവഴി രണ്ടായി പിരിയുന്ന ചിലവേളകളിൽ ശരിയായ വഴിയിൽ കഥയെ തിരിച്ച് വിടാൻ പുരാണങ്ങളിലെ കഥാപാത്രങ്ങളെ കഥാകാരൻ പതുക്കെ കഥയിലേക്ക് ഇറക്കി നിർത്തുന്നത് കാണാം. പിന്നീട് ആ കഥ നീങ്ങുന്നത് അനിതരസാധാരണ ഭംഗിയിലാണ്. ‘അലക്സാണ്ടർ ഗ്രഹാംബെൽ ഒരു നല്ല ജാരനായിരുന്നിരിക്കണം. കാരണം ടെലിഫോണിന്റെ ഏറ്റവും സവിശേഷമായ ഉപയോഗം തന്റെ കാമുകിയുടെ കിടപ്പറയിലേക്ക് അവളുടെ ഭർത്താവറിയാതെ ഒരാൾക്ക് കടന്ന് ചെല്ലാമെന്നതാണ്. അശരീരികൾകൊണ്ട് അവളുടെ ശരീരത്തിൽ ആമഗ്നനായി ലോകത്തിന്റെ വസ്‌തുനിഷ്‌ഠത മുഴുവൻ അയാൾ അവഗണിക്കുന്നു. പ്രേതസമാനമായ ഒരു ഭാരശൂന്യത അയാൾ അപ്പോഴോക്കെയും അനുഭവിക്കുന്നുണ്ടാകണം. എന്തുകൊണ്ടെന്നാൽ ജാരൻ ഒരു മരണാനന്തര ജീവിയാണ്. അവന്റെ യുക്തികൾ ലൗകികരായ നമുക്ക് സംവദിക്കാനാവില്ല. കേൾവിക്കുമപ്പുറത്തെ ചില മുഴക്കങ്ങൾ മാത്രമായിരിക്കും അവ’. മാർജാരൻ എന്ന ഗംഭീര കഥയുടെ തുടക്കമാണിത്. ജാരനെ എപ്പിക്യൂരിയൻ തൃഷ്ണകളുമായി ശാശ്വതമായ ചില മീൻകാരന്റെ സൈക്കിളിന് ചുറ്റും അലഞ്ഞു നടക്കുന്ന മാർജാരനോട് ഉപമിക്കുന്നു. ഈ സുന്ദരവും ഗംഭീരവുമായ കഥ ക്ഷണികതകളാണല്ലോ മരണവും പ്രണയവുമെന്ന് കഥ ഓർമ്മിപ്പിക്കുന്നു. ഇനിയുമുണ്ടേറെ കഥകൾ! ആംബുലൻസ്, കർപ്പൂരമരണം, കയ്യപ്പൻ, നിസ്സാരോപദേശകഥകൾ, അലായ് മിനാർ, സുദർശനം, ദയ ഇന്റർനാഷണൽ...ഒരു കുറിപ്പിൽ ഒതുക്കാനാവില്ല. ടി. ശ്രീവത്സന്റെ ഓരോ കഥയും ഓരോ പഠനമാണ്. പ്രതിഭാധനനായ എഴുത്തുകാരന്റെ ഊർജ്ജസ്വലവും ഉജ്വലവുമായ ഒരുപിടി കഥകൾ! അവ ആവർത്തിച്ചുള്ള വായന ആവശ്യപ്പെടുന്നു. അതോടൊപ്പം കാലാനുസൃതമായി നിലകൊള്ളുകയും ചെയ്യും. ശ്രീവത്സൻ ക്ലൗഡ് മെസഞ്ചറിന്റെ ആമുഖത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘എന്റെ ലോകം വളരെ ചെറുതാണ്; അതുകൊണ്ടു തന്നെ സൂക്ഷ്മവും. വിദൂരമായ നിലവിളികളേക്കാൾ തൊട്ടടുത്തിരിക്കുന്നവരുടെ ചുടുനിശ്വാസങ്ങൾക്ക് ശക്തികൂടുമെന്ന് ഞാൻ വിശ്വസിക്കുന്നു’.

ADVERTISEMENT