‘അവന്റെ അമ്മ മീൻ കറി ഒഴിച്ച് ചോറു തന്നു, പിന്നീടാണറിഞ്ഞത് അവന്റെ അമ്മ ആൾദൈവമാണെന്ന്’: ജയറാം സ്വാമി എഴുതുന്നു Jayaram Swamy's Debut Short Story Collection Explores Fear and Memory
പ്രശസ്ത കഥാകൃത്ത് ജയറാം സ്വാമിയുടെ ആദ്യ കഥാസമാഹാരമാണ് ‘പൂത്തു നിൽക്കുന്ന കാട്ടിൽ ഇടി മുഴങ്ങി മഴ തുടങ്ങി’. പതിനാല് കഥകളാണ് ഈ പുസ്തകത്തിൽ. തന്റെ ആദ്യകൃതിയെക്കുറിച്ചും അതിലെ കഥകളെക്കുറിച്ചും ‘ഉള്ളിൽ തട്ടിയ ഭയത്തിന്റെ ഉപോല്പന്നമാണ് എനിക്കെന്റെ എഴുത്തു ജീവിതം’ എന്ന പേരിൽ ജയറാം സ്വാമി ‘വനിത ഓൺലൈനിൽ’
പ്രശസ്ത കഥാകൃത്ത് ജയറാം സ്വാമിയുടെ ആദ്യ കഥാസമാഹാരമാണ് ‘പൂത്തു നിൽക്കുന്ന കാട്ടിൽ ഇടി മുഴങ്ങി മഴ തുടങ്ങി’. പതിനാല് കഥകളാണ് ഈ പുസ്തകത്തിൽ. തന്റെ ആദ്യകൃതിയെക്കുറിച്ചും അതിലെ കഥകളെക്കുറിച്ചും ‘ഉള്ളിൽ തട്ടിയ ഭയത്തിന്റെ ഉപോല്പന്നമാണ് എനിക്കെന്റെ എഴുത്തു ജീവിതം’ എന്ന പേരിൽ ജയറാം സ്വാമി ‘വനിത ഓൺലൈനിൽ’
പ്രശസ്ത കഥാകൃത്ത് ജയറാം സ്വാമിയുടെ ആദ്യ കഥാസമാഹാരമാണ് ‘പൂത്തു നിൽക്കുന്ന കാട്ടിൽ ഇടി മുഴങ്ങി മഴ തുടങ്ങി’. പതിനാല് കഥകളാണ് ഈ പുസ്തകത്തിൽ. തന്റെ ആദ്യകൃതിയെക്കുറിച്ചും അതിലെ കഥകളെക്കുറിച്ചും ‘ഉള്ളിൽ തട്ടിയ ഭയത്തിന്റെ ഉപോല്പന്നമാണ് എനിക്കെന്റെ എഴുത്തു ജീവിതം’ എന്ന പേരിൽ ജയറാം സ്വാമി ‘വനിത ഓൺലൈനിൽ’
പ്രശസ്ത കഥാകൃത്ത് ജയറാം സ്വാമിയുടെ ആദ്യ കഥാസമാഹാരമാണ് ‘പൂത്തു നിൽക്കുന്ന കാട്ടിൽ ഇടി മുഴങ്ങി മഴ തുടങ്ങി’. പതിനാല് കഥകളാണ് ഈ പുസ്തകത്തിൽ. തന്റെ ആദ്യകൃതിയെക്കുറിച്ചും അതിലെ കഥകളെക്കുറിച്ചും ‘ഉള്ളിൽ തട്ടിയ ഭയത്തിന്റെ ഉപോല്പന്നമാണ് എനിക്കെന്റെ എഴുത്തു ജീവിതം’ എന്ന പേരിൽ ജയറാം സ്വാമി ‘വനിത ഓൺലൈനിൽ’ എഴുതിയ കുറിപ്പ് വായിക്കാം –
അന്യനാട്ടിൽ നിന്നു പറിച്ചു കൊണ്ടു വന്ന്, ആദ്യ വർഷത്തിൽ തന്നെ രണ്ടു സ്‌കൂളുകൾ കയറിയിറങ്ങിയാണ് എന്റെ പഠനം തുടങ്ങിയത്.
‘ഇതുവരെ നീ എവിടായിരുന്നു?’
‘തിമ്പു’ അത്രയും കൊച്ചൊരു ഉത്തരമേ എനിക്കറിയാമായിരുന്നുള്ളൂ.
അതെവിടാ എന്നു മനസിലാകാതെ നിൽക്കുന്നവരോടു അവന്റച്ഛൻ പട്ടാളത്തിലാ സാറെ എന്ന് ആരെങ്കിലും വിളിച്ചു പറയും. കാശ്മീരിൽ ജനിച്ച് ആസാം, മിസോറാം, ത്രിപുര വഴിക്കു ഭൂട്ടാൻ വരെ എത്തിയപ്പോഴാകും അച്ഛനു തോന്നിയത്, ഇവൻ നാട്ടിൽ പഠിക്കട്ടെ ഇല്ലെങ്കിൽ എങ്ങടവും ഇല്ലാത്തവനാകും എന്ന്.
ആരാധനാലയം പോലെയാണ് ഭൂട്ടാനിലെ സ്‌കൂളുകൾ. നാട്ടിൽ അമ്മയുടെ വീടിനടുത്തുള്ള സ്‌കൂളിലാണ് ആദ്യം പോയത്. പള്ളിയും കോൺവെന്റുമൊക്കെ ചേർന്ന് അവിടവും പ്രാർഥനാ നിർഭരമായിരുന്നു. കുറേ കുട്ടികൾ കടപ്പുറത്തു നിന്നു വരുന്നവരാണ്. കിഷോറാണ് ആദ്യം കൂട്ടുകൂടിയത്. സ്‌കൂൾ വിട്ടു പോകുന്ന വഴിക്കൊരു കുളമുണ്ട്. കിഷോറിനെ കാത്ത് അവന്റെ അനുജൻ കുളക്കരെ വന്നു നിൽക്കും. അവർ ചോറ്റുപാത്രത്തിൽ മീൻ കുഞ്ഞുങ്ങളെ കോരിയെടുത്തു കൊണ്ടു പോകും. കുപ്പിയിലിട്ടു വളർത്താൻ.
കുളത്തിന്റെ കരയോടു ചേർന്ന്, തെളിവെള്ളമുള്ള അതിന്റെ തടത്തിൽ മാനത്തുകണ്ണികളുടെ വാലിട്ടാട്ടം കണ്ടു നിൽക്കാൻ രസമാണ്. വീട്ടിൽ കുപ്പിയിൽ നീന്തി തുടിക്കുന്ന മീനുകളുണ്ടെങ്കിൽ എന്തു രസമായിരിക്കും. എപ്പഴും കണ്ടുകൊണ്ടിരിക്കാം. ഇടയ്‌ക്കൊന്നു വാലിൽ തൊട്ടു നോക്കാം. കാടും മലയുമിറങ്ങി കടലോരത്തു വന്ന എനിക്ക് അതൊക്കെ വലിയ കൗതുകങ്ങളായി തോന്നി.
വീട്ടിൽ എത്തിയിട്ടും അതൊക്കെയായിരുന്നു മനസിൽ. പൊന്തയും ചെളിയും നിറഞ്ഞ കുളത്തിനരികെ പോയത് അമ്മാവൻ എങ്ങനെയോ അറിഞ്ഞു. സന്ധ്യയ്ക്കു പഠിക്കാനിരുന്നിടത്തു നിന്ന് എഴുന്നേൽപ്പിച്ചു നിർത്തിയാണ് ശാസിച്ചത്. അമ്മവീട് അന്യദേശം പോലെ തോന്നി. ചേർത്തു പിടിക്കാനോ ഒന്നാശ്വസിപ്പിക്കാനോ ആരുമില്ലാത്തവനെ പോലെ മനസ് വിങ്ങി.
ആ ഒരു തോന്നൽ, അനാഥത്വം, ഒഴിയാ ബാധയായി ഇപ്പോഴുമുണ്ട്. പുറത്തു കാണുന്നതിനേക്കാൾ കൂടുതൽ ഉള്ളിൽ പേറി നടക്കുന്ന, പറയാനുള്ളതിലേറെയും ഞാൻ എന്നോടു മാത്രം പറയുന്ന രീതി ഉണ്ടായി വന്നത് അങ്ങനെയാകാം. അതിന്റെ പകർത്തിവയ്ക്കൽ മാത്രമാണ് എനിക്ക് എഴുത്ത്. അതു കൊണ്ടാകാം അരുതായ്‌ക എന്ന് ആരോ ഉള്ളിൽ നിന്നു ശാസിക്കുന്ന, ഞാൻ ഒരിക്കലും ചെയ്യാനിടയില്ലാത്ത കാര്യങ്ങളെ കുറിച്ച് എനിക്ക് എഴുതാനാകുന്നത്. ഉള്ളിൽ തട്ടിയ ഒരു ഭയത്തിന്റെ ഉപോല്പന്നമാണ് എനിക്കെന്റെ എഴുത്തു ജീവിതം.
കുട്ടിക്കാലത്തെ ആ കുളവും അവിടെ പോയതിനു കേട്ട ശാസനയുമാണ് ‘പട്ടാണിച്ചിറയുടെ പുരാവൃത്തം’ എന്ന കഥയായി മാറിയത്. അമ്മാവനെ പേടിച്ച്, ചതുപ്പു നിറഞ്ഞ ചിറയിൽ കളിക്കൂട്ടുകാരി മുങ്ങിപ്പോയ കാര്യം ആറുപതിറ്റാണ്ടായി ആരോടും പറയാതെ കൊണ്ടു നടക്കുന്ന രാമനാഥൻ എന്ന കഥാപാത്രം ഉണ്ടായത് അങ്ങനെയാണ്.
ഹൈദരാബാദ് നൈസാം തിരുവിതാംകൂർ മഹാരാജാവിനു പതിനെട്ടു പേർഷ്യൻ കുതിരകളെയും അവയുടെ പരിശീലകരായി ആറു പട്ടാണികളെയും നൽകിയ ഒരു പുരാവൃത്തം രാമനാഥൻ എന്ന കഥാപാത്രത്തിനു ചുറ്റും എഴുതിച്ചേർത്തു. കുളമ്പടി നിലച്ച കുതിര ലായങ്ങൾ കഥയിൽ പടംപൊഴിക്കുന്ന പാമ്പുകളുടെ താവളമായി. വഴിവക്കിലെ കുളം പട്ടാണി ചിറയായി. അതിൽ ആമ്പലുകളും അതിനടിയിൽ ഒളിഞ്ഞിരിക്കുന്ന ആത്മാക്കളും ഉണ്ടായി. അങ്ങനെ അതൊരു കഥയായി. ഓർമ്മയുടെ പുരാവൃത്തമായി.
അമ്മ വീടിനടുത്ത് കടലും കായലും ചേരുന്ന അഴിമുഖമുണ്ട്. അതിനു കുറുകേ കൂറ്റനൊരു പാലവും. ഒരു ദിവസം ഉച്ച കഴിഞ്ഞ നേരത്ത് അമ്മ എന്റെ കൈയും പിടിച്ചു ആ പാലത്തിനു നടുവിൽ ചെന്നു നിന്നു. എങ്ങനെ അവിടെ എത്തി എന്ന് ഓർമ്മയില്ല. ലൊങ് താ പതാക പോലെ അമ്മയുടെ സാരി പാറിപ്പറക്കുന്ന കാറ്റുണ്ട്. കൈവരിയുടെ ഇഴകൾക്കിടയിലൂടെ താഴെ ഇളകി മറിയുന്ന കടൽ കണ്ടു പേടിച്ച ഞാൻ അമ്മയെ പറ്റിച്ചേർന്നു നിന്നു. ഉയരത്തിൽ നിന്നാൽ ഇപ്പോഴും ആ പേടി എന്റെ ഉള്ളിൽ
തിരയടിക്കും. അമ്മ എന്നെയും കൂട്ടി അവിടെ പോയി നിന്നത് എന്തിനാണെന്ന് പിന്നീട് മുതിർന്ന ശേഷം ഓർക്കുമ്പോഴുള്ള ആധി അതിലേറെ ആഴമുള്ളതാണ്. അമ്മാവൻ കാർ കൊണ്ടു വന്ന് ചേർത്തു നിർത്തി കയറ്റി കൊണ്ടു പോയി. പിന്നെ ഞാൻ അച്ഛന്റെ നാട്ടിലെ സ്‌കൂളിലാണ് പഠിച്ചത്.
അവിടെയും ഉണ്ടായിരുന്നു കുരുത്തംകെട്ട ഒരു കൂട്ടുകാരൻ. സ്‌കൂളിനടുത്തൊരു വീട്ടിലെ കുരങ്ങിനെ കാണാൻ എന്നെയും കൊണ്ടു പോയി കടി കിട്ടിയവൻ. ചെറിയ പ്രായത്തിൽ അവൻ ഗൾഫിൽ പോയി. അവധിക്കു വന്നാൽ പിന്നെ കണ്ടിടത്തൊക്കെ ചുറ്റി നടക്കും. കൂട്ടിനു ഞാനും ചെല്ലണം. വേറ്റുകൃത്യം ഇല്ലാതൊരുത്തൻ നീ മാത്രമാ എന്ന ഇമോഷണൽ ബ്ലാക്മെയിലിങ്ങിലാണ് അവൻ എന്നെ കുരുക്കുന്നത്.
ഒരിക്കൽ കടലിൽ മുങ്ങാങ്കുഴിയിടാൻ അവൻ പ്ലാനിട്ടു. ഞാൻ ആകെ പേടിച്ചു പോയി. കടലിന്റെ ആഴം എന്നെ വന്നു പൊതിയുന്നതു പോലെ തോന്നി. ഞാനിരുന്ന് സകല ദൈവങ്ങളെയും വിളിച്ചു. അങ്ങനെ അന്നതു നടന്നില്ല. ആ രാത്രി ആദ്യമായി ഞാൻ അവന്റെ വീട്ടിലേക്കു ചെന്നു. കറന്റില്ലായിരുന്നു അപ്പോൾ. എരിയുന്ന മെഴുകുതിരി കൈയ്യിൽ പിടിച്ചു കൊണ്ട് പടിക്കലേക്കു വന്ന്, പാത്രം മുന്നിലേക്കു വച്ചു തരുന്നതു പോലെ, വെളിച്ചത്തിന്റെ വലിയൊരു വട്ടം മുറ്റത്തെ ഇരുട്ടിലേക്കു നീക്കി വച്ചു കൊണ്ട് അവന്റെ അമ്മ അകത്തേക്കു വിളിച്ചു. മീൻ കറി ഒഴിച്ച് ചോറു തന്നു.
പരിചമില്ലാത്തിടത്തു കിടന്നുറങ്ങുന്നതിന്റെ പേടിയോടെ അന്നു ഞാൻ നേരം വെളുപ്പിച്ചു. അവിടെ നിന്നിറങ്ങുമ്പോഴാണറിഞ്ഞത്, അവന്റെ അമ്മ ആൾദൈവമാണെന്ന്. ആ ഞെട്ടലാണ് പിന്നീട് അമ്മ എന്ന കഥയായത്.
നാട്ടിലെ പഴയ സിനിമ തീയറ്ററിൽ കാര്യങ്ങൾ നോക്കി നടത്താൻ ഒരാൾ ഉണ്ടായിരുന്നു. ഇടതു തോളിൽ തറച്ചു കയറിയ വെടിയുണ്ടയുമായാണ് അയാൾ ജീവിച്ചത്. തീയറ്റിനുള്ളിൽ വാസമുറപ്പിച്ച മരപ്പട്ടിക്കു നേരെ അമ്മാവൻ നിറയൊഴിച്ചത് ഉന്നം തെറ്റി അയാൾക്കു കൊണ്ടതാണ് എന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. വെടി കൊണ്ടതിനു മുൻപും ശേഷവും എന്ന് അയാൾക്കു രണ്ടു ജീവിതം ഇല്ലായിരുന്നു. ശ്രദ്ധിച്ചു നടക്കാഞ്ഞതു കൊണ്ട് കാൽ കല്ലിൽ തട്ടിയൊന്നു മുറിഞ്ഞു എന്ന മട്ടിലുള്ള ലാഘവത്തോടെ അയാൾ പിന്നെയും ഞങ്ങളുടെ ആശ്രിതനെ പോലെ ജീവിച്ചു.
ആ മനുഷ്യനെ രണ്ടായി കീറിയെടുത്ത് അച്ഛനും മകനുമാക്കിയാണ് മാൻമിസിങ്ങ് എന്ന കഥ എഴുതിയത്. ‘അയാളോടുള്ള പക പോലെ ആ വെടിയുണ്ട എന്റെ തോളത്ത് പിന്നങ്ങനതന്നെ അവിടിരുന്ന്. ഇപ്പോഴും തൊട്ടാൽ അവടൊരു തരിപ്പുണ്ട്’ എന്നു പറയുന്ന നാണുപിള്ള. മെലിഞ്ഞുറച്ച ശരീരവും നടക്കുമ്പോൾ ചെറിയൊരു ഏന്തുമായി ആകെ മൊത്തത്തിൽ എന്തോ ഒരു കുറവുള്ളതു പോലെ സരോജ നേത്രൻ എന്ന മകൻ. ഉള്ളിലുള്ളതു പേടിയോ പകയോ എന്നു തിരിച്ചറിയാനാകാത്ത തരത്തിൽ ജീവിച്ച ആ മനുഷ്യനോടുള്ള എന്റെ പ്രായശ്ചിത്തമായിരുന്നു ആ കഥാപാത്രങ്ങൾ. പതിവു പോലെ അവർക്കു ചുറ്റും ഞാൻ വേറെ സംഭവങ്ങൾ കൂട്ടിച്ചേർത്ത് കഥ എഴുതിയുണ്ടാക്കി.
ഉത്സവത്തിന് അമ്പലപ്പറമ്പിൽ മീൻ കച്ചവടം നടക്കുന്ന ഒരിടമുണ്ട്. നാട്ടുകാർക്കന്ന് മീൻ കൂട്ടിയുള്ള ഊണാണു മുഖ്യം. വൈകിട്ട് കൊയ്ത്തു കഴിഞ്ഞ പാടത്ത് കുതിരയെടുപ്പു നടക്കും. അതിനിടെ കൂട്ടത്തല്ലും കത്തിക്കുത്തും പതിവാണ്. കഴിഞ്ഞ ഒരു വർഷത്തെ കണക്കുകൾ തീർക്കുന്നത് അവിടെയാണ്.
സ്‌കൂൾ കാലം മുതൽ സ്ഥിരമായി എന്റെ മുടിവെട്ടുന്ന ഒരാളുണ്ട്. കഴുത്തിലേയും കവിളിലേയും രോമം കളയാൻ കത്തി രാകുന്നതൊക്കെ ഭയങ്കര സ്റ്റൈലിലാണ്. ഒരു തവണ അയാളെ എന്തോ വഴക്കിന്റെ പേരിൽ ആരോ അടിച്ചു ചുരുട്ടി. അക്കാലത്ത് നാട്ടിൽ ചില ചട്ടമ്പിമാരുണ്ടായിരുന്നു.
അടുത്ത ഉത്സവത്തിന് അവരിലൊരാളെ കൂടെക്കൂട്ടി അയാൾ തിരിച്ചടിച്ചു. മൂന്നാം വർഷം മറ്റവർ അയാളുടെ കണക്ക് ക്ലോസ് ചെയ്തു. കോളജ് കാലത്തൊക്കെ ദിവസവും ഷേവ് ചെയ്യുമ്പോൾ കത്തിക്ക് ഇരയായ ആ ബാർബറെ ഓർത്തു പോകും. ‘പൊന്നാത്തി തുരുത്ത്’ എന്ന കഥയിലെ അഴകേശൻ ഉണ്ടായത് അങ്ങനെയാണ്. കഥയിൽ അയാൾ ബാർബറല്ല. കുട്ടനാട്ടിൽ ആറ്റുവക്കിൽ ചെറിയൊരു ഷെഡിലിരുന്നു വള്ളം റിപ്പയർ ചെയ്യുന്ന കാർപെന്ററാണ്.
നാട്ടിലാകെ കാട്ടുപന്നി ശല്യം രൂക്ഷമായപ്പോൾ പ്ലാസ്റ്റിക്ക് വീപ്പ കുഴിച്ചിട്ട് വെള്ളം നിറച്ചിടുന്നൊരു പരിപാടി വ്യാപകമായി. ചരിവിറങ്ങി പാഞ്ഞു വരുന്ന പന്നി വീപ്പയിലേക്കു മൂക്കും കുത്തി വീഴും. അതുങ്ങക്ക് റിവേഴ്‌സ് കേറാൻ പറ്റില്ല. മൂക്കിലും മണ്ടയ്ക്കും വെള്ളം കേറി ശ്വാസം കിട്ടാതെ ചത്തു പോകും. കേട്ടപ്പോൾ തന്നെ ഞാൻ പേടിച്ചു പോയി.
ചിലപ്പോഴൊക്കെ മനുഷ്യന്റെയും അവസ്ഥ ഇതു തന്നെയല്ലേ. അന്നം തേടി ഇറങ്ങി ചെന്നു പെട്ടുപോകുന്ന ഓരോ കെണികളേ. കാട്ടുപന്നിക്കു പകരം ഒരു പാവം പയ്യനെ പ്ലാൻറ് ചെയ്ത് കഥയെഴുതി. വയനാടൻ കാട്ടിലെ വസന്തത്തിന്റെ ഇടിമുഴക്കം എന്ന സങ്കൽപ്പത്തിലേക്ക് അവനെ കൊണ്ടു നിർത്തി. അതാണ് ‘പൂത്തു നിൽക്കുന്ന കാട്ടിൽ ഇടി മുഴങ്ങി മഴ തുടങ്ങി’ എന്ന കഥ.
ചിലപ്പോൾ ചില കഥകൾക്കു പിന്നിൽ ഓർമ്മകളോ അനുഭവങ്ങളോ ഒന്നുമുണ്ടാകില്ല. വെറുതേ സങ്കൽപ്പിച്ചങ്ങ് എഴുതുന്നതാണ്. അതിന്റൊരു അങ്കലാപ്പ് ഉള്ളിലുണ്ടാകും. ശരിയാകുമോ ശരിയാകുമോ എന്ന ഭയമാണ് അന്നേരം എന്നെക്കൊണ്ട് എഴുതിക്കുന്നത്, എഴുതാൻ പ്രേരിപ്പിക്കുന്നത്...