ബാലവായനയെ ആഘോഷമാക്കിയ ‘സമ്മാനപ്പെട്ടി’യും 10 വയസ്സ് തികയുന്ന ‘സമ്മാനപ്പൊതി’യും: ഡോ. കെ. ശ്രീകുമാർ എഴുതുന്നു Purna's 'Sammanapothi': A Decade of Children's Literary Excellence
2016-ൽ പത്രപ്രവർത്തന ജീവിതത്തിൽ നിന്ന് വിരമിച്ച ലേഖകൻ, പൂർണ പബ്ലിക്കേഷൻസുമായി സഹകരിച്ച് 'സമ്മാനപ്പൊതി' എന്ന പേരിൽ കുട്ടികൾക്കായി ഒരു സമഗ്ര ബാലസാഹിത്യ പുസ്തക ശേഖരം ആരംഭിച്ചു. ഇത് 1961-ൽ എസ്.പി.സി.എസ്. പ്രസിദ്ധീകരിച്ചിരുന്ന 'ബാലസാഹിത്യ സമ്മാനപ്പെട്ടി'യുടെയും തുടർന്ന് ഡി.സി. ബുക്സ് പുറത്തിറക്കിയ ബാലസാഹിത്യ ശേഖരങ്ങളുടെയും പ്രചോദനത്തിൽ നിന്നാണ് രൂപം കൊണ്ടത്. 2017-ൽ ആരംഭിച്ച ഈ സംരംഭത്തിലൂടെ 2026 വരെയുള്ള കാലയളവിൽ പ്രമുഖരും പുതുമുഖങ്ങളുമായ എഴുത്തുകാരുടെയും ചിത്രകാരന്മാരുടെയും 152 മികച്ച ബാലസാഹിത്യ രചനകൾ പൂർണ പ്രസിദ്ധീകരിച്ചു, ഇത് മലയാള ബാലസാഹിത്യ രംഗത്ത് വലിയ സ്വാീകാര്യത നേടുകയും നിരവധി പുരസ്കാരങ്ങൾക്ക് അർഹമാവുകയും ചെയ്തു.
2016-ൽ പത്രപ്രവർത്തന ജീവിതത്തിൽ നിന്ന് വിരമിച്ച ലേഖകൻ, പൂർണ പബ്ലിക്കേഷൻസുമായി സഹകരിച്ച് 'സമ്മാനപ്പൊതി' എന്ന പേരിൽ കുട്ടികൾക്കായി ഒരു സമഗ്ര ബാലസാഹിത്യ പുസ്തക ശേഖരം ആരംഭിച്ചു. ഇത് 1961-ൽ എസ്.പി.സി.എസ്. പ്രസിദ്ധീകരിച്ചിരുന്ന 'ബാലസാഹിത്യ സമ്മാനപ്പെട്ടി'യുടെയും തുടർന്ന് ഡി.സി. ബുക്സ് പുറത്തിറക്കിയ ബാലസാഹിത്യ ശേഖരങ്ങളുടെയും പ്രചോദനത്തിൽ നിന്നാണ് രൂപം കൊണ്ടത്. 2017-ൽ ആരംഭിച്ച ഈ സംരംഭത്തിലൂടെ 2026 വരെയുള്ള കാലയളവിൽ പ്രമുഖരും പുതുമുഖങ്ങളുമായ എഴുത്തുകാരുടെയും ചിത്രകാരന്മാരുടെയും 152 മികച്ച ബാലസാഹിത്യ രചനകൾ പൂർണ പ്രസിദ്ധീകരിച്ചു, ഇത് മലയാള ബാലസാഹിത്യ രംഗത്ത് വലിയ സ്വാീകാര്യത നേടുകയും നിരവധി പുരസ്കാരങ്ങൾക്ക് അർഹമാവുകയും ചെയ്തു.
2016-ൽ പത്രപ്രവർത്തന ജീവിതത്തിൽ നിന്ന് വിരമിച്ച ലേഖകൻ, പൂർണ പബ്ലിക്കേഷൻസുമായി സഹകരിച്ച് 'സമ്മാനപ്പൊതി' എന്ന പേരിൽ കുട്ടികൾക്കായി ഒരു സമഗ്ര ബാലസാഹിത്യ പുസ്തക ശേഖരം ആരംഭിച്ചു. ഇത് 1961-ൽ എസ്.പി.സി.എസ്. പ്രസിദ്ധീകരിച്ചിരുന്ന 'ബാലസാഹിത്യ സമ്മാനപ്പെട്ടി'യുടെയും തുടർന്ന് ഡി.സി. ബുക്സ് പുറത്തിറക്കിയ ബാലസാഹിത്യ ശേഖരങ്ങളുടെയും പ്രചോദനത്തിൽ നിന്നാണ് രൂപം കൊണ്ടത്. 2017-ൽ ആരംഭിച്ച ഈ സംരംഭത്തിലൂടെ 2026 വരെയുള്ള കാലയളവിൽ പ്രമുഖരും പുതുമുഖങ്ങളുമായ എഴുത്തുകാരുടെയും ചിത്രകാരന്മാരുടെയും 152 മികച്ച ബാലസാഹിത്യ രചനകൾ പൂർണ പ്രസിദ്ധീകരിച്ചു, ഇത് മലയാള ബാലസാഹിത്യ രംഗത്ത് വലിയ സ്വാീകാര്യത നേടുകയും നിരവധി പുരസ്കാരങ്ങൾക്ക് അർഹമാവുകയും ചെയ്തു.
2016 ന്റെ പകുതിയിലാണ്.
കാൽനൂറ്റാണ്ടു നീണ്ട പത്രപ്രവർത്തന ജീവിതത്തില്‍ നിന്നു സ്വമേധയാ വിരമിച്ച്, ശിഷ്ടകാലം പൂർണ്ണമായും എഴുത്തിനും വായനയ്ക്കുമായി മാറ്റിവെയ്ക്കണമെന്ന ദൃഢനിശ്ചയവുമായി കഴിഞ്ഞിരുന്ന നാളുകൾ. മഴയും വെയിലും ഒളിഞ്ഞും തെളിഞ്ഞും കളിച്ച സായന്തനത്തിൽ ടൗൺഹാളിലെ ഒരു സാംസ്‌കാരികപരിപാടി കഴിഞ്ഞ് നഗരത്തിരക്കിലലിഞ്ഞു നടക്കുമ്പോഴാണ്, അപ്രതീക്ഷിതമായി വിളി വന്നത്. അദ്ധ്യാപകനും നിരൂപകനുമൊക്കെയായ ഡോ. കെ.വി. തോമസ്മാഷാണ്. ‘പൂർണ’യിലെ ബാലേട്ടന് ഒന്നു കാണണമെന്നുണ്ട്. തിരക്കില്ലെങ്കിൽ മുതലക്കുളത്തേക്കു വരൂ എന്നായിരുന്നു സന്ദേശം. എന്റെ പല പുസ്തകങ്ങളും പ്രസിദ്ധീകരിച്ചതിന്റെ പരിചയം ബാലേട്ടനുമായുണ്ട്. എൻ.ഇ. ബാലകൃഷ്ണമാരാർ എന്നു പൂർണരൂപം.
അഞ്ചു നിലകളുള്ള ടി.ബി.എസ്. ബിൽഡിങ്ങിന്റെ മൂന്നാം നിലയിൽ ഞാനെത്തുമ്പോൾ പബ്ലിക്കേഷനുമായ ബന്ധപ്പെട്ട ഒരു യോഗം നടക്കുകയാണ് അവിടെ. ബാലേട്ടൻ, മകൻ മനോഹരൻ, തോമസ്മാഷ് എന്നിവരെല്ലാമുണ്ട് അവിടെ. സ്വതസിദ്ധമായ പുഞ്ചിരിയോടെ ബാലേട്ടൻ കാര്യം തുറന്നുപറഞ്ഞു. ‘പൂർണ’യുടെ പ്രസിദ്ധീകരണവിഭാഗവുമായി സഹകരിക്കണമെന്നായിരുന്നു അത്. കുറച്ചു ദിവസത്തെ ആലോചനകൾക്കുശേഷം ഞാൻ സമ്മതം മൂളി. അങ്ങനെ, പൂർണ - ടി.ബി.എസ്. കുടുംബത്തിലേയ്ക്ക് ഔദ്യോഗിക പരിവേഷത്തോടെ നടന്നുകയറി.
പൂർണയുടെ സ്ഥിരം പ്രസിദ്ധീകരണവഴികളിൽനിന്ന് വ്യത്യസ്തമായി എന്തുചെയ്യണം എന്ന ചിന്തയായിരുന്നു ആദ്യനാളുകളിൽ. പല ആശയങ്ങളും തോന്നിയെങ്കിലും വർഷംതോറും മികച്ച ഒരു ബാലസാഹിത്യ പുസ്തകസഞ്ചയം എന്ന നിഗമനത്തിൽ ഒടുവിൽ എത്തിച്ചേർന്നു. ബാലസാഹിത്യഭൂമികയിൽ സജീവമായി ഇടപഴകുന്ന ഒരാൾ എന്ന പക്ഷപാതവും നിശ്ചയമായും ഈ തീരുമാനത്തിനു പിന്നിൽ ഉണ്ടായിരുന്നു. മറ്റൊന്ന്, ബാല്യകാല വായനയിലെ സ്വാദിഷ്ടമായ ഒരേടായിരുന്നു. കണയന്നൂർ ഗ്രാമീണ വായനശാലയിലെ ബാലസാഹിത്യവിഭാഗത്തിൽനിന്നു തുടങ്ങിയ വായനയുടെ ‘ഹരിശ്രീ’ അത്രമേൽ ഹൃദ്യമായിരുന്നു. മികച്ച കവർചിത്രങ്ങളോടെയും ഉൾച്ചിത്രങ്ങളോടെയും പുറത്തിക്കിയിരുന്ന പ്രോഗ്രസിന്റെയും റാദുഗയുടെയും മൈലിഷിന്റെയും റഷ്യൻ പുസ്തകങ്ങളുടെ മലയാള പരിഭാഷാമധുരമാണ് ആദ്യം ആസ്വദിച്ചത്. തെര്യോഷെചകയും തീപ്പക്ഷിയും വി. സുത്യേവിന്റെ കുട്ടിപ്പുസ്തകങ്ങളുമടക്കം എത്രയോ വായനാവസന്തങ്ങൾ!
സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച്, നാഷണൽ ബുക്സ്റ്റാളിന്റെ ഷോറൂമുകളിലൂടെ വായനക്കാരായ കുട്ടികളുടെ കൈകളിലെത്തിയിരുന്ന ‘ബാലസാഹിത്യസമ്മാനപ്പെട്ടി’യാണ് എന്നിലെ ബാലന്റെ വായനാകൗതുകത്തെ ഹഠാദാകർഷിച്ച മറ്റൊന്ന്. പത്തും പന്ത്രണ്ടും പതിനഞ്ചും പുസ്തകങ്ങൾ ഉൾപ്പെട്ട ‘സമ്മാനപ്പെട്ടി’ ഒരു വർഷംപോലും മുടങ്ങാതെ എസ്.പി.സി.എസ്. പ്രസിദ്ധീകരിച്ചുവന്നു. അതും സൗജന്യവിലയിൽ! പെട്ടിയൊന്നാകെ വായിക്കാൻ ഒരിക്കൽപ്പോലും കിട്ടിയില്ലെങ്കിലും അതിലെ ഏതെങ്കിലുമൊക്കെ പുസ്തകങ്ങൾ ഒരു ഭാഗ്യംപോലെ വായനാശാലയിൽനിന്ന് വല്ലപ്പോഴും കയ്യിൽത്തടഞ്ഞിരുന്നു. അവ നിധിതുല്യമായ നിർവൃതിയോടെ വായിച്ചുതീർത്തത് ഒന്നും രണ്ടും തവണയൊന്നുമല്ല. കാരൂരിന്റെയും ലളിതാംബിക അന്തർജനത്തിന്റെയും കെ.വി. രാമനാഥന്റെയും സുമംഗലയുടെയുമൊക്കെ പുസ്തകങ്ങൾ ഇക്കൂട്ടത്തിൽപ്പെടുന്നു. ഓരോ വർഷവും ശിശുദിനവുമായി ബന്ധപ്പെട്ടാണ് ‘സമ്മാനപ്പെട്ടി’യുടെ ആഘോഷവരവ് യാഥാർത്ഥ്യമായത്.
പിൽക്കാലത്ത് ‘മലയാള ബാലസാഹിത്യ ചരിത്രം’ എന്ന പുസ്തകത്തിന്റെ ഗവേഷണത്തിനിടയിലാണ് ‘സമ്മാനപ്പെട്ടി’യുടെ ചരിത്രം ചികയുന്നത്. ബാലസാഹിത്യരചയിതാക്കൾക്കായി എസ്.പി.സി.എസ്. ഒരു ബാലപുസ്തകരചനാ മത്സരം നടത്തി, അതിൽനിന്ന് വിദഗ്ദ്ധർ ഉൾപ്പെട്ട സമിതി തിരഞ്ഞെടുത്ത പന്ത്രണ്ടു പുസ്തകങ്ങളാണ് 1961 നവംബറിൽ പുറത്തിറങ്ങിയ ആദ്യ ‘സമ്മാനപ്പെട്ടി’യുടെ ഉള്ളടക്കം. പുസ്തകമൊന്നിന് ഒരുരൂപ പ്രകാരം പന്ത്രണ്ടു രൂപ മുഖവിലയും പത്തുരൂപ പ്രീപബ്ലിക്കേഷൻ വിലയും നിശ്ചയിച്ചു. നല്ല സ്വീകാര്യതയാണ് അതിനു ലഭിച്ചത്. കാരൂർ, സി.എ. കിട്ടുണ്ണി, പാലാ നാരായണൻ നായർ, കെ.വി. രാമനാഥൻ, വി. ബാലകൃഷ്ണൻ, എം.എൻ. ഗോവിന്ദൻ നായർ, എം.എ. ജോസഫ്, തിരുവല്ല എൻ. കേശവപിള്ള, ഗോപാലകൃഷ്ണൻ കോലഴി, എ. ദാമോദരമേനോൻ, പദ്മിനി ബാലകൃഷ്ണനും പി.കെ. ബാലകൃഷ്ണനും, കെ.ജി. സേതുനാഥ് തുടങ്ങിയവരായിരുന്നു ആദ്യ ‘സമ്മാനപ്പെട്ടി’യിലെ എഴുത്തുകാർ. വർഷം ചെല്ലുന്തോറും ‘സമ്മാനപ്പെട്ടി’ക്ക് പ്രിയമേറി. പുതിയ ‘സമ്മാനപ്പെട്ടി’യ്ക്കായി മലയാളിക്കുട്ടികൾ അക്ഷമരായി കാത്തിരിക്കുകപോലുമുണ്ടായി.
എന്നാൽ, കുറച്ചു വർഷങ്ങൾ കഴിഞ്ഞതും ‘സമ്മാനപ്പെട്ടി’ വിഷയത്തിൽ എസ്.പി.സി.എസിന്റെ സാരഥികൾക്ക് താല്പര്യം കുറഞ്ഞു. ‘സമ്മാനപ്പെട്ടി’യുടെ പ്രസിദ്ധീകരണം പാതിവഴിയിൽ നിലച്ചു. സാഹിത്യപ്രവർത്തക സഹകരണസംഘം വിട്ട് കറന്‍റ് ബുക്‌സ് തുടങ്ങിയ ഡി.സി. കിഴക്കേമുറിയുടെ സാരഥ്യത്തിൽ ചില വർഷങ്ങളിൽ ബാലസാഹിത്യസഞ്ചയം പുറത്തിറങ്ങിയെങ്കിലും അത് അധികകാലം നിലനിന്നില്ല. സുമംഗലയും കുഞ്ഞുണ്ണിമാഷും സിപ്പി പള്ളിപ്പുറവും കെ.വി. രാമനാഥനുമൊക്കെ അണിനിരന്ന കറന്‍റ് ബുക്‌സിന്റെ ഇത്തരമൊരു ബാലപുസ്തകമധുരം യാദൃച്ഛയാ ചിറ്റയുടെ വീട്ടിൽനിന്നും വായിക്കാൻ കഴിഞ്ഞതിന്റെ ആവേശം ഇപ്പോഴും ഒട്ടും കുറയാതെ മനസ്സിലുണ്ട്.
‘മാതൃഭൂമി’യുടെ കോഴിക്കോട് യൂണിറ്റിൽ പത്രപ്രവർത്തകനായി ജോലിനോക്കവേ, യാദൃച്ഛികമായി ‘എൻ.ബി.എസ്. ബുള്ളറ്റി’ന്റെ ഒരു ലക്കം ശ്രദ്ധയിൽപ്പെട്ടു. പുതിയ പുസ്തകങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരണക്കണക്കുകൾ മറിച്ചു മറിച്ചുവന്നപ്പോൾ അതാ ഒരു അറിയിപ്പ്. പി. വത്സല ടീച്ചറൊക്കെ എസ്.പി.സി.എസിന്റെ സാരഥ്യത്തിലുള്ള കാലത്താണെന്നാണ് ഓർമ്മ. എസ്.പി.സി.എസ്. അക്കുറി ‘ബാലസാഹിത്യ സമ്മാനപ്പെട്ടി’യുടെ പ്രസിദ്ധീകരണം പുനരാരംഭിക്കുന്നുവെന്നും അതിലേയ്ക്കു ബാലസാഹിത്യകാരന്മാരിൽനിന്നും അപ്രകാശിത രചനകൾ ക്ഷണിക്കുന്നുവെന്നുമായിരുന്നു അറിയിപ്പ്. സി.ജെ. തോമസ് രൂപകല്പന ചെയ്ത എൻ.ബി.എസിന്റെ ലോഗോയിൽ, എന്റെയൊരു പുസ്തകം പ്രസിദ്ധീകരിച്ചുകാണണമെന്നത് ബാല്യം മുതലേയുള്ള ആഗ്രഹമായിരുന്നു. ‘സമ്മാനപ്പെട്ടി’യിലേയ്ക്കു തിരഞ്ഞെടുക്കപ്പെടുമെന്ന യാതൊരു ഉറപ്പുമില്ലാതിരുന്നിട്ടും ഞാൻ ഒരു ബലൂൺകുടുംബത്തിന്റെ സാഹസികയാത്രയുടെ കഥ എഴുതിയുണ്ടാക്കി. എഴുത്തു തുടങ്ങും മുമ്പേ മനസ്സിൽ സ്വമേധയാ കടന്നുവന്ന തലക്കെട്ടുതന്നെ- ‘ആലിപ്പഴം’- ഇട്ട് കോട്ടയത്തേയ്ക്കയച്ചു. എന്നെ ആനന്ദിപ്പിച്ചും അത്ഭുതപ്പെടുത്തിയും അത് സ്വീകരിച്ചുവെന്നറിയിക്കുന്ന കത്ത് വൈകാതെ വന്നു. അങ്ങനെ എസ്.പി.സി.എസിന്റെ ലോഗോയിൽ ‘സമ്മാനപ്പെട്ടി’യിലെ പത്തു പുസ്തകങ്ങളിലൊന്നായി 1998 ൽ ‘ആലിപ്പഴം’ യാഥാർത്ഥ്യമായി. അനല്പമായ ആനന്ദമാണ് അപ്പോൾ തോന്നിയത്.
അതിനും മുമ്പേ, എന്റെ ആദ്യ ബാലസാഹിത്യകൃതി ‘ഉണ്ണ്യായേം പൊന്നുമുത്തശ്ശീം’ പുറത്തുവന്നതും കറന്‍റ് ബുക്‌സിന്റെ ശിശുദിന ബാലസാഹിത്യസഞ്ചയത്തിലൂടെയാണ്. മാതൃഭൂമി ഡസ്‌കിലെ ഉറക്കച്ചടവാർന്ന പുലരികളിൽ, ന്യൂസ് പാഡിൽ കുറച്ചായി കുറിച്ചുവെച്ച ബാലനോവൽ, ഡി.സി. കിഴക്കേമുറിയുടെ വിലാസത്തിൽ പ്രത്യാശാലേശമില്ലാതെ അയച്ചുകൊടുക്കുകയായിരുന്നു. വൈകാതെ, ആദ്യത്തെ പ്രസിദ്ധീകരണക്കരാർ അയച്ചുകിട്ടി. 1996 നവംബറിൽ പന്ത്രണ്ടു പുസ്തകങ്ങളിലൊന്നായി എന്റെ രചനയും പുറത്തുവന്നു.
ഈവക ആഹ്ലാദാതിരേകങ്ങളാണ് പൂർണയിലേയ്ക്കുകൂടി പ്രസരിപ്പിക്കാൻ ഞാൻ തീരുമാനിച്ചത്. ശിശുദിനവേളയിൽ ഒരു ബാലസാഹിത്യ പുസ്തകസഞ്ചയം എന്ന ആശയം ഞാൻ ബാലേട്ടനുമായി പങ്കുവെച്ചു. പൂർണമായ പ്രവർത്തനസ്വാതന്ത്ര്യം അനുവദിച്ചുതരണമെന്ന ഉപാധിയും ഞാൻ മുന്നോട്ടുവെച്ചു. അതിന്റെ വിപണിസാധ്യതയെക്കുറിച്ച് ഗ്യാരണ്ടികൂടി നൽകിയതോടെ ബാലേട്ടൻ പച്ചക്കൊടി വീശി. അങ്ങനെ, 2017 ൽ ആദ്യ ‘സമ്മാനപ്പൊതി’ (പൂർണ ബാലസാഹിത്യമാല) യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. പരിചയമുള്ള എഴുത്തുകാർക്ക് രചനകൾ അഭ്യർത്ഥിച്ച് കത്തുകൾ അയച്ചു. ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ടു. പന്ത്രണ്ടു പുസ്തകങ്ങളടങ്ങിയ ‘സമ്മാനപ്പൊതി സീസൺ 1’ 2017 നവംബർ 14 ന് സിപ്പി പള്ളിപ്പുറം കോഴിക്കോട്ട് പ്രകാശനം ചെയ്തു. റിലീസിങ് തിയ്യതിക്കു മുമ്പേ പുസ്തകസഞ്ചയം യാഥാർത്ഥ്യമാക്കുകയെന്ന ഭഗീരഥപ്രയത്‌നമാണ് ഞാൻ നടത്തിയത്. ഡിസൈനർ കെ.കെ. രവിയും ഞാനും രാപ്പകൽ ഭേദമെന്യേ ജോലിചെയ്താണ് പുസ്തകസഞ്ചയത്തിന്റെ ‘ക്രാഷ് ലാന്റിങ്’ സാധ്യമാക്കിയത്.
തൊട്ടടുത്ത വർഷം വനിതകളായ ബാലസാഹിത്യ എഴുത്തുകാരുടെ പത്തു പുസ്തകങ്ങളാണ് ‘പൂർണ’ പ്രസിദ്ധീകരിച്ചത്. സീസൺ 3 യിൽ പതിമൂന്നും, സീസൺ 4 ൽ പന്ത്രണ്ടും, സീസൺ 5 ൽ പന്ത്രണ്ടും സീസൺ 6 ൽ പതിനാലും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. സീസൺ 7 ലാകട്ടെ ഇരുപതും, 8 ൽ ഇരുപത്തിരണ്ടും, 9 ൽ ഇരുപത്തഞ്ചും ബാലസാഹിത്യപുസ്തകങ്ങൾ പുറത്തിറക്കി. ഒരു വർഷംപോലും മുടങ്ങാതെ ‘സമ്മാനപ്പൊതി’ പോലൊരു ബാലസാഹിത്യസഞ്ചയം പുറത്തിറക്കുന്ന ഏക പ്രസാധകരെന്ന ബഹുമതിയും പൂർണയ്ക്കു സ്വന്തമായി. ‘സമ്മാനപ്പൊതി’യുടെ പത്താം സീസൺ ഒട്ടേറെ പുതുമകളുള്ള ഒന്നാകണമെന്ന നിർബന്ധവും എനിക്കുണ്ടായി. അതിനായി ഞാൻ മുന്നോട്ടുവെച്ച, വലിയ പണച്ചെലവുള്ള സംരംഭത്തിന് ബാലേട്ടന്റെ മകനും ‘പൂർണ’യുടെ മാനേജിങ് പാർട്ണറുമായ എൻ.ഇ. മനോഹർ സമ്മതം മൂളി.
എം. മുകുന്ദൻ, സച്ചിദാനന്ദൻ, സി. രാധാകൃഷ്ണൻ, സേതു, പ്രൊഫ. എസ്. ശിവദാസ്, സുഭാഷ്ചന്ദ്രൻ, എൻ.പി. ഹാഫിസ് മുഹമ്മദ്, പ്രിയ എ.എസ്., ഗ്രേസി, അംബാകാസുതൻ മാങ്ങാട്, പി.വി. ഷാജികുമാർ, ഡോ. കെ. ശ്രീകുമാർ എന്നിവരുടെ രചനകളാണ്, ഏറ്റവും മികച്ച ചിത്രകാരന്മാരുടെ വരകളോടെ സീസൺ 10 ൽ പുറത്തിറക്കിയത്. എം. മുകുന്ദനായിരുന്നു പ്രകാശകൻ. സീസൺ 2 മുതൽ 10 വരെ കവർ ഡിസൈനിങും സീസൺ 10 ന്റെ ബുക്ക് ഡിസൈനും നിർവ്വഹിച്ചത് കേരളത്തിലെ തന്നെ മികച്ച ഡിസൈനർമാരിൽ ഒരാളായ രാജേഷ് ചാലോടാണ്. ആദ്യ സീസണുകൾ ശിശുദിനത്തിലാണ് പ്രസിദ്ധീകരിച്ചതെങ്കിലും പിന്നീട് ലൈബ്രറി കൗൺസിൽ പുസ്തകമേളകളുടെ സമയക്രമത്തിനനുസരിച്ച് വർഷാദ്യത്തിലേയ്ക്കു മാറ്റിയിരുന്നു. ലൈബ്രറി കൗൺസിൽ വായനമത്സരങ്ങളിലേക്ക് പല ജില്ലകളിലായി ഏറ്റവുമധികം പുസ്തകങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത് ‘സമ്മാനപ്പൊതി’യിൽ നിന്നാണ്. പല പുസ്തകങ്ങളും ഒട്ടേറെ പതിപ്പുകൾ പ്രസിദ്ധീകരിച്ചു. കേന്ദ്രസാഹിത്യ അക്കാദമി - കേരള സാഹിത്യഅക്കാദമി പുരസ്‌കാരങ്ങൾ, നന്തനാർ പുരസ്‌കാരം, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡുകൾ, അബുദാബി ശക്തി അവാർഡ്, ചെറുകാട് അവാർഡ് തുടങ്ങി ഒട്ടേറെ പ്രമുഖ ബാലസാഹിത്യപുരസ്‌കാരങ്ങൾക്ക് ഈ സഞ്ചയത്തിലെ പുസ്തകങ്ങൾ അർഹത നേടി. പുസ്തകമേളകളിൽ ‘സമ്മാനപ്പൊതി’യുടെ വിവിധ സീസണുകൾ ചൂടപ്പംപോലെ വിറ്റഴിഞ്ഞു. ആദ്യ സീസണുകളിൽ പൂർണയ്ക്കു പുസ്തകം നൽകാൻ വിമുഖത കാട്ടിയിരുന്ന എഴുത്തുകാർ പിൽക്കാലത്ത് ആവശ്യപ്പെടാതെതന്നെ രചനകൾ അയച്ചത് ‘സമ്മാനപ്പൊതി’ക്കു ലഭിച്ച വമ്പൻ സ്വീകാര്യതകൊണ്ടുകൂടിയാണ്. പ്രമുഖരും പുതുമുഖങ്ങളുമായ എഴുത്തുകാരുടെ 152 മികച്ച ബാലസാഹിത്യരചനകളാണ് 2017 മുതൽ 2026 വരെയുള്ള പത്തുവർഷംകൊണ്ട് പൂർണ സമ്മാനപ്പൊതിയിലൂടെ പ്രസിദ്ധീകരിച്ചത്. ഇതിന്റെ ജനറൽ എഡിറ്ററായ എനിക്ക് കൃതാർത്ഥനാകാൻ ഇതില്പരം എന്തുവേണം!
‘സമ്മാനപ്പൊതി’യുടെ ദശവാർഷികപ്പതിപ്പോടെ ഒരു വൃത്തം ഇവിടെ പൂർണ്ണമാകുന്നു. പത്തുവർഷംകൊണ്ട് വായനക്കാർക്കിടയിൽ പൂർണ നേടിയെടുത്ത അസാധാരണമായ ഈ സ്വീകാര്യതയ്ക്ക് തീർച്ചയായും തുടർച്ചയുണ്ടാകേണ്ടതുണ്ട്. ബാലസാഹിത്യഭൂമികയിലെ അതാതുകാലത്തെ സമകാലികസ്പന്ദനങ്ങൾ ഒപ്പിയെടുത്ത് കുട്ടികളിലേക്ക് പകരാൻ പ്രസിദ്ധീകരണവിഭാഗത്തിലെ പുതുതലമുറ പ്രതിജ്ഞാബദ്ധരാവും എന്നാണ് പ്രതീക്ഷ.