നമ്മുടെ അധ്യാപകർക്ക് അധിക ചുമതലകളുടെ ഭാരം ഒഴിയുന്നില്ല; ക്ലാസ് മുറിയിൽ തളർന്നു വീഴാതെ മുന്നോട്ടു പോകുന്നതിന്റെ സങ്കടങ്ങൾ അവർ തുറന്നു പറയുന്നു beyond the classroom: an overworked teacher - teachers under pressure
മാഷേ, എന്തെങ്കിലും കുരുത്തക്കേടു കാണിച്ചാൽ നല്ല അടി കൊടുത്തോളൂ... ചോദിക്കാൻ ഞങ്ങൾ വരില്ല.’’ ഒരു കാലത്ത് സ്കൂളിലെ അധ്യാപകരോടു രക്ഷിതാക്കൾ ഇങ്ങനെയാണു പറഞ്ഞിരുന്നത്. അതിന്റെ ഗുണദോഷങ്ങളെ ആസ്പദമാക്കി നടത്തിയ പഠനങ്ങളിലൂടെ അധ്യയന രീതിയിലും കുട്ടികളെ ശാസിക്കുന്നതിലും ഒട്ടേറെ മാറ്റങ്ങളുണ്ടായി. കുട്ടികളുടെ
മാഷേ, എന്തെങ്കിലും കുരുത്തക്കേടു കാണിച്ചാൽ നല്ല അടി കൊടുത്തോളൂ... ചോദിക്കാൻ ഞങ്ങൾ വരില്ല.’’ ഒരു കാലത്ത് സ്കൂളിലെ അധ്യാപകരോടു രക്ഷിതാക്കൾ ഇങ്ങനെയാണു പറഞ്ഞിരുന്നത്. അതിന്റെ ഗുണദോഷങ്ങളെ ആസ്പദമാക്കി നടത്തിയ പഠനങ്ങളിലൂടെ അധ്യയന രീതിയിലും കുട്ടികളെ ശാസിക്കുന്നതിലും ഒട്ടേറെ മാറ്റങ്ങളുണ്ടായി. കുട്ടികളുടെ
മാഷേ, എന്തെങ്കിലും കുരുത്തക്കേടു കാണിച്ചാൽ നല്ല അടി കൊടുത്തോളൂ... ചോദിക്കാൻ ഞങ്ങൾ വരില്ല.’’ ഒരു കാലത്ത് സ്കൂളിലെ അധ്യാപകരോടു രക്ഷിതാക്കൾ ഇങ്ങനെയാണു പറഞ്ഞിരുന്നത്. അതിന്റെ ഗുണദോഷങ്ങളെ ആസ്പദമാക്കി നടത്തിയ പഠനങ്ങളിലൂടെ അധ്യയന രീതിയിലും കുട്ടികളെ ശാസിക്കുന്നതിലും ഒട്ടേറെ മാറ്റങ്ങളുണ്ടായി. കുട്ടികളുടെ
മാഷേ, എന്തെങ്കിലും കുരുത്തക്കേടു കാണിച്ചാൽ നല്ല അടി കൊടുത്തോളൂ... ചോദിക്കാൻ ഞങ്ങൾ വരില്ല.’’
ഒരു കാലത്ത് സ്കൂളിലെ അധ്യാപകരോടു രക്ഷിതാക്കൾ ഇങ്ങനെയാണു പറഞ്ഞിരുന്നത്. അതിന്റെ ഗുണദോഷങ്ങളെ ആസ്പദമാക്കി നടത്തിയ പഠനങ്ങളിലൂടെ അധ്യയന രീതിയിലും കുട്ടികളെ ശാസിക്കുന്നതിലും ഒട്ടേറെ മാറ്റങ്ങളുണ്ടായി. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിലും നിയമങ്ങളിലും ഭേദഗതികൾ വന്നു. വഴക്കു പറയാതെ, നോട്ടം കൊണ്ടു പോലും ശാസിക്കാതെയുള്ള അധ്യാപനത്തിന്റെ ആഫ്റ്റർ ഇഫക്ട്സ് എന്തെല്ലാം?
അധ്യാപക ദിനത്തോടനുബന്ധിച്ച് കേരളത്തിലെ ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളിൽ ‘വനിത’ നടത്തിയ സർവേയിൽ അധ്യാപകർ വെളിപ്പെടുത്തിയത് ആശങ്ക ഉയർത്തുന്ന വിവരങ്ങളായിരുന്നു.
സ്കൂൾ സമയം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷവും തീരാത്ത ജോലിഭാരത്താൽ മാനസികമായി തളർന്നിട്ടും ‘ഇത് എന്റെ ഡ്യൂട്ടിയാണ്’ എ ന്നു സ്വയം ബോധ്യപ്പെടുത്തുന്ന നിരവധി അധ്യാപകരെ കണ്ടു. മൂല്യനിർണയ ക്യാംപുകൾ, ഓൺലൈൻ റിപ്പോർട്ട് അപ്ഡേഷൻ, സെൻസസ് – തിരഞ്ഞെടുപ്പ് ഡ്യൂട്ടി, ട്രെയിനിങ് ക്യാംപ്, രക്ഷിതാക്കളുമായി ആശയവിനിമയം, വിദ്യാർഥികളുടെ പെരുമാറ്റ പ്രശ്നങ്ങൾ, അവരുടെ മാനസികാരോഗ്യം കൈകാര്യം ചെയ്യൽ – അധ്യാപകരെ പങ്കെടുപ്പിച്ചു നടത്തിയ സംസ്ഥാനതല സർവേയിലൂടെ മാനസിക സംഘർഷങ്ങളുടെ പരമ്പരകളാണ് വെളിപ്പെട്ടത്.
‘‘അധ്യാപകർക്കെന്താ പ്രശ്നം? സുഖകരമായ ജോലിയല്ലേ? രാവിലെ പത്തു മണിക്ക് ജോലിയിൽ കയറിയാൽ മതി. നാലു മണിക്കു വീട്ടിൽ പോകാം. ശനിയും ഞായറും മാത്രമല്ല കലണ്ടറിൽ ചുവപ്പു നിറം കാണുന്ന ദിവസങ്ങളെല്ലാം അവധി, വർഷത്തിൽ രണ്ടുമാസം വേനലവധി. ഓണം, ക്രിസ്മസ് അവധികൾ വേറെയും’’ കുറേയാളുകൾ ഇപ്പോഴും അധ്യാപക ജോലിയെ അവധികളുടെ എണ്ണം നോക്കി പരിഹസിക്കാറുണ്ട്. ഇതിന് അധ്യാപകർ നൽകുന്ന മറുപടി ഇങ്ങനെ:
പോർഷൻ തീർക്കാൻ രാവിലെയും വൈകിട്ടും എ ക്സ്ട്രാ ക്ലാസുകൾ എടുക്കേണ്ടി വരുന്നു. കുട്ടികളെ വ ണ്ടിയിൽ കയറ്റി അയയ്ക്കാനുള്ള ചുമതലയും അധ്യാപകർക്കാണ്. ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതും അധ്യാപകർ. വേസ്റ്റ് മാനേജ്മെന്റ് ഉൾപ്പെടെ പാഠ്യേതര ജോലികൾക്ക് ഒരുപാടു സമയം ചെലവഴിക്കേണ്ടി വരുന്നു. ഇതെല്ലാം കഴിഞ്ഞ് അധ്യാപകരുടെ ലഞ്ച് ബ്രേക്ക് എപ്പോഴാണെന്ന് ആരെങ്കിലും അന്വേഷിക്കാറുണ്ടോ?
രാവിലെ വീട്ടിലെ ജോലി തീർത്താണ് സ്കൂളിലെത്തുന്നത്. ക്ലാസ് കഴിഞ്ഞാലും സ്കൂൾ ജോലി തീരുന്നില്ല. ഓ ൺലൈൻ ഡ്യൂട്ടി വീട്ടിലേക്കു കൂടെ വരും. പുഞ്ചിരിയോടെയാണു നിൽക്കുന്നതെങ്കിലും ശരീരവും മനസ്സും വലിയ സ്ട്രെസ്സിലാണ്’’ അധ്യാപകർ പറയുന്നു.
നല്ലതു ചെയ്താലും കുറ്റപ്പെടുത്തലുകൾ!
‘മെന്റൽ–ഫിസിക്കൽ സ്ട്രസ്’ പങ്കുവച്ചപ്പോൾ ഇതുവരെ പുറത്തു പറഞ്ഞിട്ടില്ലാത്ത സങ്കടങ്ങളുടെ പരമ്പര മൂടുപടമഴിഞ്ഞു വീണു. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വേർതിരിവില്ലാതെ 50 ശതമാനം ടീച്ചിങ് സ്റ്റാഫുകളും പ്രതിസന്ധികളിലൂടെയാണു കടന്നു പോകുന്നത്.
‘‘കഴിഞ്ഞ കൊല്ലം സ്കൂളിൽ നിന്നൊരു ടൂർ പോയി. റിസോർട്ടിലായിരുന്നു താമസം. രാത്രി കുട്ടികളോട് റൂമിൽ കയറാൻ പറഞ്ഞിട്ടും അവർ അനുസരിക്കാതെ പുറത്തു നടന്നു. ഇതു കണ്ട് ടീച്ചർമാർ അവരോടു ദേഷ്യപ്പെട്ടു. തിരികെ എത്തിയതിന്റെ പിറ്റേന്ന് അധ്യാപകർ കുട്ടികളെ ശ്രദ്ധിച്ചില്ല എന്നു പറഞ്ഞു രക്ഷിതാക്കൾ വഴക്കുണ്ടാക്കി.
തെറ്റ് ഏതു ഭാഗത്താണെന്ന് മാതാപിതാക്കൾ അന്വേഷിക്കുന്നില്ല, കേട്ടപാതി അധ്യാപകരുടെ നേരേ തിരിയുകയാണ്.’’ മലബാറിലെ ഒരു സ്കൂളിലുണ്ടായ സംഭവം പ്രിൻസിപ്പൽ വിശദീകരിച്ചു.
‘‘വീട്ടിൽ നിന്ന് കുട്ടികൾക്ക് അന്ധമായി സപ്പോർട്ട് ലഭിക്കുന്നു. അതിന്റെ ഫലമോ? കുട്ടികൾ ഇമോഷനലി വീക്ക് ആവുന്നു. സഹനശേഷി തീരെയില്ല’’ കുട്ടികളുടെ മാനസികാവസ്ഥ ഇങ്ങനെയാകുമ്പോൾ അധ്യാപകർ നേരിടുന്ന വെല്ലുവിളികൾ അനവധിയാണ്. കുട്ടികളെ വഴക്കു പറഞ്ഞാൽ അവർ വീട്ടിൽ ചെന്നു ‘മാനസികമായി പീഡിപ്പിച്ചു’ എന്നാണു പരാതി പറയുന്നത്. ഉപദേശിക്കുന്ന അധ്യാപകർ കുറ്റക്കാരായി ചിത്രീകരിക്കപ്പെടുന്നു.
ഒരു സ്കൂളിൽ കഴിഞ്ഞ മാസം ഉണ്ടായ സംഭവം നോക്കുക: ഒരു പെൺകുട്ടി സ്കൂളിന്റെ മൂന്നാം നിലയിൽ നിന്നു താഴേക്കു ചാടാനൊരുങ്ങി. ഇപ്പോൾ ചാടുമെന്നു പറഞ്ഞ് മണിക്കൂറുകളോളം അവിടെ നിലയുറപ്പിച്ചു. ക്ലാസ് ടീച്ചർ നയത്തിൽ അവളെ താഴെയിറക്കി കാര്യം ചോദിച്ചപ്പോഴാണ് തലേദിവസം അവളുടെ വീട്ടിലുണ്ടായ സംഭവങ്ങൾ അറിഞ്ഞത്.
അച്ഛനും അമ്മയും തമ്മിൽ വിവാഹബന്ധം വേർപിരിയുകയാണ്. മകളെ ബന്ധുക്കളുടെ വീട്ടിൽ ഏൽപ്പിക്കാനാണ് അവരുടെ തീരുമാനം. ഇത് അറിഞ്ഞ് ആ കുട്ടിക്കു ഭയമുണ്ടായി. അതിനു പരിഹാരമായി ആ പതിമൂന്നു വയസ്സുകാരി ജീവനൊടുക്കാമെന്നാണു തീരുമാനിച്ചത്! കുടുംബ പ്രശ്നങ്ങളിൽ സംയമനത്തോടെയാണ് അധ്യാപകർ ഇടപെടാറുള്ളത്. എന്നാലും, അവരെ പലരും കുറ്റപ്പെടുത്തുന്നു.
സ്കൂളിലെ ലാൻഡ് ഫോണിൽ നിന്ന് മറ്റൊരു സ്കൂളിൽ പഠിക്കുന്ന ആൺകുട്ടിയെ വിളിച്ചു സംസാരിച്ചതിന് ഒരു വിദ്യാർഥിനിയെ അധ്യാപകൻ ശകാരിച്ചു. ‘മാനഭംഗപ്പെടുത്താൻ ശ്രമിച്ചു’ എന്നാണ് ആ പെൺകുട്ടി വീട്ടിൽ പോയി പരാതി പറഞ്ഞത്. മകൾ പറഞ്ഞതെല്ലാം അന്ധമായി വിശ്വസിച്ച് സ്കൂളിലേക്ക് പാഞ്ഞെത്തിയ രക്ഷിതാക്കൾക്കു മുന്നിൽ സിസിടിവി ദൃശ്യങ്ങൾ കാണിക്കാൻ സാധിച്ചിരുന്നില്ലെങ്കിൽ ആ അധ്യാപകൻ കുറ്റക്കാരനായി മാ റുമായിരുന്നു. ഏറെനാൾ അവധിയെടുത്ത ശേഷമാണ് ആ അധ്യാപകൻ അന്നുണ്ടായ ഷോക്കിൽ നിന്നു മോചിതനായി തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചത്.
‘‘അധ്യാപകരെ മാനസിക സംഘർഷത്തിലേക്കു ന യിക്കുന്ന ഘടകങ്ങൾ വേറെയുമുണ്ട്. പണ്ട് അധ്യാപക ർ കുട്ടിയെ അടിച്ചാൽ, ആ കുട്ടി വീട്ടിൽ ചെന്ന് ഇക്കാര്യം പറഞ്ഞാൽ കുട്ടിക്ക് വീട്ടിൽ നിന്ന് അടി കിട്ടുമായിരുന്നു. ഇപ്പോൾ നേരെ തിരിച്ചാണ്. കുട്ടി പരാതി പറഞ്ഞാൽ അ ധ്യാപകന് അടി കിട്ടും. പുതിയ വിദ്യാഭ്യാസ നയം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സംരക്ഷണം ഉറപ്പാക്കുന്നുണ്ട്. അധ്യാപകരുടെ ഭാഗം കേൾക്കാൻ പരാതി പരിഹാര കമ്മീഷൻ ഇല്ല...’’
പാഠം പഠിപ്പിച്ച സെൻസസ്
‘‘സെൻസസ് പൂർത്തിയാക്കിയപ്പോൾ ‘അതിനുള്ള പ്രതിഫലം കിട്ടിയില്ലേ ?’ എന്നൊരു ചോദ്യവും പലയിടങ്ങളിലും മുഴങ്ങി. ഓണം എക്സാമിലേക്ക് പാഠങ്ങൾ കവർ ചെയ്യേണ്ട സമയത്ത് അധ്യാപകർ ഫീൽഡിലായിരുന്നു. ‘പോർഷൻസ് തീർക്കാൻ എത്രമാത്രം കഷ്ടപ്പെട്ടുവെന്ന് അറിയാമോ?’’ ഇടറിയ ശബ്ദത്തോടെയാണ് അധ്യാപിക ചോദിക്കുന്നത്.
‘‘സെൻസസ് ഡ്യൂട്ടി ശരിക്കും സ്ട്രെസ്സ് ആയിരുന്നു. വനിതാ അധ്യാപകർ അവരുടെ വീടുകളിൽ അമ്മയാണ്, ഭാര്യയാണ്, പ്രായമായ അച്ഛനമ്മമാരുടെ മകളുമാണ്. ഈ കടമകൾ നിറവേറ്റിയ ശേഷമാണ് സ്കൂളിലെത്തുന്നത്. പക്ഷേ, അവർക്കു പഠിപ്പിക്കാനുള്ള സമയത്ത് ആ ജോലി ചെയ്യാൻ സാധിക്കുന്നില്ല.
നിരവധി അധ്യാപകർക്ക് 30 ദിവസത്തിനുള്ളിൽ രണ്ട് വാല്യുവേഷൻ ക്യാംപുകൾ അറ്റൻഡ് ചെയ്യേണ്ടി വന്നു. ഒരു മാസത്തോളം ക്ലാസ് മുടങ്ങി. അതു കഴിഞ്ഞപ്പോഴേക്കും സേ എക്സാം ഡ്യൂട്ടി എത്തി. തൊട്ടു പിന്നാലെ സൂപ്പർവിഷൻ ഡ്യൂട്ടി.’’
വീട്ടിലും സ്കൂളിലുമായി നിൽക്കാതെയുള്ള പരക്കം പാച്ചിലിനൊടുവിൽ തളർന്നു പോയതിന്റെ വേദന ഒരു അധ്യാപിക തുറന്നു പറഞ്ഞു – ‘‘മനസ്സ് പിടിവിട്ടു പോകുമെന്നു തോന്നിയപ്പോൾ യോഗയും മെഡിറ്റേഷനും ചെയ്താണ് മുന്നോട്ടു പോകുന്നത്. ’’
അധ്യാപകർക്ക് പണ്ടും എക്സ്ട്രാ ഡ്യൂട്ടികൾ ഉണ്ടായിരുന്നു. പക്ഷേ, ഇപ്പോഴത്തേതു പോലെ ഇരട്ടി വർക്ക് ലോഡ് ഉണ്ടായിരുന്നില്ല. സ്ട്രെസ് വിദ്യാർഥികളെ ബാധിക്കാതിരിക്കാൻ മൗനം പാലിക്കാം. പുഞ്ചിരിയോടെ ക്ലാസെടുക്കാം. പക്ഷേ, വീട്ടിൽ അങ്ങനെയാകാൻ പറ്റുമോ? അ മിത ജോലിഭാരം അധ്യാപകരുടെ കുടുംബജീവിതത്തിന്റെ ട്രാക്ക് തെറ്റിക്കുന്നുണ്ട്. സ്കൂളിൽനിന്നു വന്നു കയറുമ്പോൾ കംപ്ലീറ്റ്ലി ടയേർഡ് ആണ്. ‘യു ആർ ഓകെ’ എന്നു മനസ്സിൽ പറഞ്ഞുകൊണ്ടാണ് പിന്നീടുള്ള നിമിഷങ്ങൾ തള്ളി നീക്കുന്നത്.’’– റിട്ടയർ ചെയ്യാൻ രണ്ടു വർഷം ബാക്കിയുള്ള അധ്യാപകൻ ആരോഗ്യം വീണ്ടെടുക്കുന്ന ടെക്നിക് വിശദീകരിച്ചു.
തീരാത്ത ഡ്യൂട്ടിയുമായി വീട്ടിലേക്ക്
ഒട്ടുമിക്ക അധ്യാപകരും വൈകുന്നേരം അഞ്ചു വരെ ത്രൂ ഔട്ട് നിൽക്കുകയാണ്. വെരിക്കോസിന്റെ പ്രോബ്ലം ഉണ്ട്. ഒട്ടുമിക്ക വനിതാ അധ്യാപകരും ആരോഗ്യപരമായി വീക്ക് ആണ്. ‘‘സമൂഹം അധ്യാപകരെ നോക്കുന്ന ഒരു കാഴ്ചപ്പാടുണ്ട്. അധ്യാപകരുടെ വാക്കുകൾ മാതൃകാപരമാകണം. അവർ കൃത്യമായി കാര്യങ്ങൾ സംസാരിച്ചിരിക്കണം. അവരെ ഏൽപിക്കുന്ന കടമകളും കർത്തവ്യങ്ങളും കൃത്യമായിട്ട് അവർ ചെയ്യുമെന്നൊരു ബോധ്യം ഭരണാധികാരികൾക്കുണ്ട്. അതൊരു അംഗീകാരം തന്നെ. എന്നാൽ, ദൗർഭാഗ്യവശാൽ എല്ലാ ജോലികളും അധ്യാപകർ ചെയ്യണം എന്നൊരു അവസ്ഥയുണ്ടായി’’ സങ്കടങ്ങൾ അവസാനിക്കുന്നില്ല.
‘‘ഇക്കഴിഞ്ഞ സെൻസസ് ഡ്യൂട്ടിയിൽ ചില അധ്യാപകർക്ക് അഞ്ഞൂറിലേറെ വീടുകൾ കവർ ചെയ്യേണ്ടി വന്നു. ജോലി ഏറ്റെടുക്കാൻ പോയപ്പോഴാണ് ഇത്രയധികം വീടുകളുണ്ടെന്ന് മനസ്സിലായത്. നിയമം അനുസരിച്ച് 250നു മുകളിൽ പോകാൻപാടില്ല. സുപ്പർവൈസറെ ഇക്കാര്യം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
ഒരു മാസത്തിനുള്ളിൽ ഇത്രയും വീടുകൾ കയറി വിവ രങ്ങൾ ശേഖരിച്ച ശേഷം 10 ദിവസം ലീവ് എടുത്തോളാൻ പ റഞ്ഞു. അവധിയെടുത്ത് വീട്ടിലിരുന്നാൽ ക്ലാസിൽ ഞങ്ങളെ പ്രതീക്ഷിച്ചിരിക്കുന്ന കുട്ടികളുടെ അധ്യായങ്ങൾ ആര് തീർക്കും? രക്ഷിതാക്കളുടെ ചോദ്യങ്ങൾക്ക് എന്തു മറുപടി പറയും? ഇതു വലിയ ക്രൈസിസ് ആയിരുന്നു ഇത്. അധ്യാപകർ മാനസികമായി തളർന്നാൽ കുട്ടികളുടെ അവസ്ഥ എന്താകും? ’’ – പ്ലസ് ടു അധ്യാപകൻ സങ്കടം പങ്കുവച്ചു.
‘‘സർക്കാർ സംവിധാനത്തിന്റെ ഭാഗമാണ് അധ്യാപകർ– ശരിയാണ്, അങ്ങനെ തന്നെയാണ്. ‘ഇത്രയും കാലം അധ്യാപകർ ധാരാളം ജോലി ചെയ്തിരുന്നു. ഇപ്പോൾ എ ന്താ ഇത്ര ബുദ്ധിമുട്ട്?’ ഇതാണു ചിലരുടെ ചോദ്യം. അതിനു മറുപടി പറഞ്ഞാൽ സിസ്റ്റത്തിന് എതിരാണെന്നു കുറ്റപ്പെടുത്തും.
ജോലി ചെയ്യാൻ തയാറല്ലെന്ന് പറഞ്ഞിട്ടില്ല, പോർഷൻ തീർക്കാൻ സമയം തരണമെന്നാണു പറയുന്നത്.’’
സോറി, പ്ലസ് ടുവിൽ ക്ലർക് ഇല്ല
പ്ലസ്ടു അധ്യാപകർക്കു പങ്കുവയ്ക്കാനുള്ള സങ്കടം ഓഫിസ് ഡ്യൂട്ടികളാണ്. ‘‘ക്ലറിക്കൽ സ്റ്റാഫ് എന്നു പറയുന്ന വിഭാഗം പ്ലസ് ടുവിന് ഇല്ല. സ്റ്റാംപ് വിൽപ്പനയും കുട്ടികളുടെ ടിസി കൊടുക്കലുമൊക്കെ പ്രിൻസിപ്പലാണു ചെയ്യുന്നത്.
അഡ്മിഷൻ റജിസ്റ്റർ, അഡ്മിഷൻ പ്രൊസീജിയർ എന്നീ ജോലികൾ അധ്യാപകരുടെ ചുമതല!
സ്കൂൾ നടത്തിപ്പിന്റെ എല്ലാ ജോലികളും അധ്യാപകരെ ഏൽപിക്കുന്ന സാഹചര്യം മാറണം. പരിഹാരം ആവശ്യപ്പെട്ടു നിവേദനം കൊടുത്തിട്ടുണ്ട്. ‘എന്തെങ്കിലുമൊക്കെ നടപടി ഉണ്ടാകാതിരിക്കില്ല’’ അധ്യാപകർ പ്രതീക്ഷ പങ്കുവയ്ക്കുന്നു.
‘‘വിദ്യാർഥികൾക്ക് രക്ഷിതാക്കൾ ആഗ്രഹിക്കുന്ന റിസ ൽറ്റ് കിട്ടാൻ അധ്യാപകരുടെ മുഴുവൻസമയ ശ്രദ്ധ വേണം. അമിത ജോലിഭാരം വരുമ്പോൾ വിദ്യാർഥികളെ ശ്രദ്ധിക്കാ ൻ കഴിയില്ലെന്നു മാത്രമല്ല അധ്യാപകരുടെ വ്യക്തിജീവിതവും താളം തെറ്റുന്നു.
ഇപ്പോഴത്തെ കുട്ടികൾക്കും ഒരുപാട് ഫാമിലി ഇഷ്യൂസ് ഉണ്ട്. അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്നങ്ങൾ കുട്ടികൾ വേദനയോടെ ഞങ്ങളോടു പറയും. ഗ്രാൻഡ് പേരന്റ്സും രക്ഷിതാക്കളുമായുള്ള പ്രശ്നങ്ങൾ, ഡിവോഴ്സ്,താമസിക്കാൻ വീടില്ല... അങ്ങനെ ഒരുപാട് ഫാമിലി പ്രോബ്ലംസ് അനുഭവിക്കുന്ന നിരവധി കുഞ്ഞുങ്ങൾ നമ്മുടെ സ്കൂളുകളിലുണ്ട്.
കരഞ്ഞുകൊണ്ട് സങ്കടം പറയുന്ന കുട്ടികളുണ്ട്, വളരെ ഹാപ്പി ആയിട്ട് സംസാരിക്കുന്ന കുട്ടികളുമുണ്ട്. ഇതെല്ലാം കണ്ടും കേട്ടുമാണ് അധ്യാപകർ സ്കൂളിൽ നിന്നു വീട്ടിലേക്കു പോകുന്നത്. അവിടെ സപ്പോർട്ട് ചെയ്യാൻ ഹസ്ബൻഡ്, പേരന്റ്സ്, മക്കൾ എല്ലാവരുമുണ്ട്. എന്നു കരുതി നമ്മുടെ ടെൻഷൻ മുഴുവൻ അവരുടെ ചുമലിൽ വയ്ക്കാൻ ആവില്ലല്ലോ.’’ അധ്യാപിക ആശങ്ക പങ്കുവച്ചു.
വീട്ടിലെത്തിയാൽ ഫോൺ താഴെ വയ്ക്കാൻ സമയം കിട്ടാത്ത വിധം രക്ഷിതാക്കളുടെ കോൾ വരും. ഉറങ്ങാൻ പോകുന്നിടം വരെ അതു തുടരും.
അധ്യാപകരുടെ വീട്ടിലുള്ളവർ ഈ സാഹചര്യം മനസ്സിലാക്കുന്നവരായതുകൊണ്ടു മാത്രമാണ് കുടുംബജീവിതം കുഴപ്പങ്ങളില്ലാതെ മുന്നോട്ടു പോകുന്നത്. മാറിയ കാലഘട്ടത്തിൽ അധ്യാപകരുടെ സ്ട്രെസ് കുറയ്ക്കുന്ന രീതിയിൽ ജോലിയിൽ കാലികമായ അപ്ഡേഷൻ വരുത്തണം’’ – അധ്യാപകർ ആവശ്യപ്പെടുന്നു.
കുഞ്ഞുങ്ങളല്ലേ,ഭക്ഷണം കൊടുക്കണ്ടേ?
‘‘ഞങ്ങളുടെ സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം തയാറാക്കാനുള്ള തുക കിട്ടുന്നുണ്ട്. ഞാൻ മുൻപ് ജോലി ചെയ്തിരുന്ന സ്കൂളിൽ കുറച്ചു കുട്ടികളേ ഉണ്ടായിരുന്നുള്ളൂ.എന്നിട്ടു പോലും എല്ലാ മാസവും എന്റെ കയ്യിൽ നിന്ന് നാലായിരം രൂപയോളം ചെലവാകുമായിരുന്നു.
അനുവദിച്ചു കിട്ടിയിരുന്ന ഫണ്ട് ഒരിക്കലും ആവശ്യത്തിനു തികഞ്ഞിരുന്നില്ല. ചെറിയ സ്കൂളുകളിലെ അധ്യാപകരുടെ ഇത്തരം പ്രശ്നങ്ങൾ ആരും അഡ്രസ് ചെയ്യുന്നില്ല’’ ലോവർ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപിക മനസ്സു തുറന്നു.
‘‘സന്നദ്ധസംഘടനകൾ എന്തെങ്കിലും കൊണ്ടുവന്നാ ൽ നമ്മൾ സ്വീകരിക്കുന്നുണ്ട്. രക്ഷിതാക്കൾ ആരെങ്കിലും കുട്ടികളുടെ ബർത്ത് ഡേയോ അങ്ങനെ എന്തെങ്കിലും ഫങ്ഷനിലോ സമ്മാനങ്ങൾ കൊണ്ടു വരുകയാണെങ്കിൽ അതും സ്വീകരിക്കും’’ എൽപി ക്ലാസിലെ കുട്ടികൾക്ക് ഭക്ഷണം വിളമ്പാനുള്ള കഷ്ടപ്പാടിന്റെ അധ്യായങ്ങൾ ഹെഡ് മിസ്ട്രസ് പറയുന്നതു കേട്ടാൽ സങ്കടം തോന്നും.
‘‘പത്തു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളാണ് നാ ലാം ക്ലാസ് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്നത്. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നാണ് അവർ വരുന്നത്. അവരിൽ ഭിന്നശേഷിക്കാരുമുണ്ട്. നിഷ്കളങ്കമായ ചോദ്യങ്ങൾക്കിടയിൽ അവർ കുസൃതികളൊക്കെ ഒപ്പിക്കും. അതൊക്കെ ഈ ജോലിയുടെ ഭാഗമാണ്. സ്കൂളിന്റെ പ്രവൃത്തി സമയം നോക്കി ജോലി ചെയ്യാനാവില്ല.’’ വീട്ടിലെത്തിയാലും തീരാത്ത ഓൺലൈൻ അപ്ഡേഷൻ ഡ്യൂട്ടിയിൽ കുരുങ്ങി വീട്ടിലെ സമയവും ഡ്യൂട്ടിയായി മാറുന്നതിനെ ഇങ്ങനെ വിവരിക്കുന്നു ഒരു അധ്യാപിക.
അധ്യാപക ദിനവും ആദരിക്കൽ ചടങ്ങുകളും ആരവങ്ങളോടെ കടന്നു പോകും. അപ്പോഴും നമ്മുടെ അധ്യാപകർക്ക് അമിത ചുമതലകളുടെ ഭാരം ഒഴിയുന്നില്ല. ക്ലാസ് മുറിയിൽ നിന്നു പരീക്ഷാ ഹാളിലേക്ക്. മൂല്യനിർണയ ക്യാംപുകളിലേക്ക്, സെൻസസ് – കണക്കെടുപ്പ് ഡ്യൂട്ടികളിലേക്ക്... ഭാവി തലമുറയുടെ കരുത്തിനു പിന്തുണയേകാൻ അവർക്ക് മനസ്സമാധാനം നൽകുന്ന തൊഴിൽ സാഹചര്യം ഒരുങ്ങട്ടെ. അതിനു കരുത്തു പകരുന്ന പ്രഖ്യാപനങ്ങളാവട്ടെ അധ്യാപകദിനത്തിലെ ആശംസകൾ...