‘മക്കളുടെ ക്യൂട്ട് ചിത്രങ്ങൾ ദുരുപയോഗം ചെയ്യാൻ കഴുകന്മാര് ചുറ്റുമുണ്ട്’; സൈബറിടത്ത് കുട്ടികളുടെ ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കുന്നതിന്റെ അപകടസാധ്യതകൾ
ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി എത്താൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ ശരത്തും രേണുവും ആദ്യം ചെയ്തത് ആ സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രിയപ്പെട്ടവരെ അറിയിക്കുകയാണ്. വിവരമറിഞ്ഞപ്പോൾ മുതൽ ആശംസപ്രവാഹമായിരുന്നു. സ്കാനിങ് വിശേഷങ്ങൾ, ബേബിമൂൺ, അഞ്ചാം മാസം, ഏഴാം മാസം, ഹോസ്പിറ്റൽ ബാഗ് ഒരുക്കുന്നത് എന്നുവേണ്ട പിന്നീടുള്ള വിശേഷങ്ങളെല്ലാം അവർ ചിത്രങ്ങളും വിഡിയോയുമായി ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലുമെല്ലാം പങ്കുവച്ചു.
കുഞ്ഞു ജനിക്കുമ്പോൾ പോസ്റ്റ് ചെയ്യാനുള്ള പോസ്റ്റർ തയാറാക്കുന്നതിനിടെ കുടുംബസുഹൃത്തായ ദിവ്യ ഇരുവരേയും വിലക്കി.
‘‘ഇത്രനാളും പോസ്റ്റ് ചെയ്തതൊക്കെയും നിങ്ങളുടെ ചിത്രങ്ങളാണ്. എന്നാലിപ്പോൾ ചെയ്യാൻ പോകുന്നതു മ റ്റൊരാളുടെ വിശേഷങ്ങൾ പങ്കുവയ്ക്കലാണ്.’’ ഉറച്ച സ്വരത്തിൽ ദിവ്യ പറഞ്ഞു.
‘‘അതിനിതു ഞങ്ങളുടെ കുഞ്ഞല്ലേ. പിന്നെന്താ?’’ രേണുവിന്റെ ശബ്ദത്തിൽ നീരസം പടർന്നു.
‘‘അതേ. പക്ഷേ, ആ കുഞ്ഞും ഒരു വ്യക്തിയാണ്. കുഞ്ഞിന്റെ സ്വകാര്യതയെ നമ്മൾ ബഹുമാനിക്കണം. മാത്രമല്ല, ക്യൂട്ട് എന്നു പറഞ്ഞു നമ്മൾ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ദുരുപയോഗം ചെയ്യാൻ കഴുകന്മാരെപ്പോലെ കാത്തിരിക്കുന്നവരുണ്ട്, സമൂഹമാധ്യമങ്ങളിൽ. അവിടെ ഒരല്പം ജാഗ്രതയുണ്ടാകുന്നത് നല്ലതാണ്.’’ ദിവ്യ തുടർന്നു.
സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിനു മുൻപ് ‘ടേംസ് ആൻഡ് കണ്ടീഷൻസ്’ വായിച്ചു നോക്കുന്ന എത്രപേരുണ്ട്? സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനേയും അവരുടെ നിയമങ്ങളേയും മനസ്സിലാക്കിയതിനുശേഷം മാത്രം ചിത്രങ്ങളും വിഡിയോയും പങ്കുവയ്ക്കുക. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്ക് അവരുടെ നിബന്ധനകള്‍ക്കുള്ളിൽ നിന്നുകൊണ്ടു നമ്മുടെ കണ്ടന്റ് ഉപയോഗിക്കാം. അതുകൊണ്ടുതന്നെ ‘ഐ എഗ്രി’ എന്ന ടിക് ബോക്സ് ക്ലിക്ക് ചെയ്യുന്നതിനു മുൻപായി വിശദമായി വായിച്ചു മനസ്സിലാക്കുക.
ഷേരന്റിങ് അപകടകാരി!
ഷെയറിങ്ങും പാരന്റിങ്ങും ചേരുന്നതാണു ‘ഷേരന്റിങ്’. മാതാപിതാക്കൾ കുട്ടികളുടെ ചിത്രങ്ങളും വിഡിയോയും അ മിതമായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതിനെയാണ് ഷേരന്റിങ് എന്നു പറയുന്നത്. ഷേരന്റിങ്ങും ഷെയറിങ്ങും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
കുട്ടിയുടെ ജീവിതത്തിലെ മൈൽസ്‌റ്റോണുകൾ ഏറ്റവും മനോഹരമായ രീതിയിൽ സൂക്ഷിക്കുക എന്ന സദുദ്ദേശത്തോടെയാണു മിക്ക മാതാപിതാക്കളും ചിത്രങ്ങൾ സ മൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.
മറ്റുചിലർക്കാകട്ടെ സമപ്രായക്കാരായ മാതാപിതാക്കളുമായി കണക്ട് ചെയ്യാനുള്ള മാർഗമാണിത്. എന്നാൽ, അത്രമേൽ നിഷ്കളങ്കവും രസകരവുമായി നിങ്ങള്‍ കാണു ന്നതൊക്കെയും കാലം ചെല്ലുന്തോറും കുട്ടികളെ കുഴപ്പത്തിലാക്കിയേക്കാം.
ഡിജിറ്റൽ ഫൂട് പ്രിന്റ്
സമൂഹമാധ്യമത്തിൽ കുഞ്ഞിന്റെ ഫോട്ടോയോ സ്വകാര്യ വിവരങ്ങളോ പങ്കുവയ്ക്കുന്നതോടെ സൈബറിടത്തിൽ കുട്ടിയുടെ ഡിജിറ്റൽ ഫൂട്പ്രിന്റ് രൂപപ്പെട്ടുകഴിഞ്ഞു.
ഇതിനു മാതാപിതാക്കൾ കുട്ടിയുടെ അനുമതി തേടിയിട്ടില്ലെന്നു പ്രത്യേകം ഓർക്കണം. ഇത്തരം പ്രവൃത്തികൾ ഭാവിയിൽ കുട്ടിയുടെ സ്വകാര്യതയേയും വ്യക്തിത്വത്തേയും പ്രതികൂലമായി ബാധിക്കാം.
സ്വകാര്യതയെ മാനിക്കാം
കുട്ടികളുടെ ഔദ്യോഗിക പേര്, ജനനതീയതി, ബ്ലഡ് ഗ്രൂപ്പ്, മേൽവിലാസം, പഠിക്കുന്ന സ്കൂളിന്റെ വിവരം തുടങ്ങിയവയെ സമൂഹമാധ്യമങ്ങളിലേക്കു കൊണ്ടുവരേണ്ട. കുട്ടികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിനു മുൻപു നിങ്ങളുടെ അക്കൗണ്ട് പ്രൈവറ്റ് ആക്കുക. ഇതുവഴി ആരോക്കെയാണു നിങ്ങളുടെ പോസ്റ്റുകൾ കാണേണ്ടതെന്നു സ്വയം തീരുമാനിക്കാം.
അപരിചിതർ അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ടെങ്കിൽ അവരെ അൺഫോളോ ചെയ്യുകയും വേണം. കുട്ടികൾ സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിനു മുൻപ് ആ കുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് അനുവാദം വാങ്ങണം. സൈബർ കുറ്റവാളികളും ഹാക്കർമാരും നമുക്കു ചുറ്റുമുണ്ടെന്ന കാര്യം മറക്കേണ്ട.
ഡിജിറ്റൽ കിഡ്നാപ്പിങ്
കുട്ടികളുടെ ചിത്രങ്ങൾ ചിലർ അനുവാദമില്ലാതെ ഡൗൺലോഡ് ചെയ്യുകയും വ്യാജ പ്രൊഫൈലുകൾ നിർമിക്കാൻ ഉപയോഗിക്കുകയും ചെയ്യും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ പങ്കുവയ്ക്കാൻ ഗൂഗിൾ ഫോട്ടോസ് ആൽബം പോലെ സുരക്ഷിതമായ ആപ്പുകൾ ഉപയോഗിക്കാം.
സുരക്ഷയിൽ ഉപേക്ഷ വേണ്ട
കുഞ്ഞുങ്ങളുടെ നഗ്നത പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ യാതൊരു കാരണവശാലും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കരുത്. ബാത്ത് ടബ്ബിൽ അല്ലേ, ക്യൂട്ട് അല്ലേ തുടങ്ങിയ ന്യായീകരണങ്ങൾ ഒഴിവാക്കാം. കുട്ടികൾ കരയുന്നതും വാശിപിടിക്കുന്നതുമായ ചിത്രങ്ങളും വിഡിയോകളും ഒഴിവാക്കുന്നതാണ് ഉത്തമം.
സ്കൂൾ യൂണിഫോം ധരിച്ചിട്ടുള്ള ചിത്രങ്ങൾ, പഠിക്കുന്ന സ്കൂളിന്റെ പേരു വിവരങ്ങൾ വെളിപ്പെടുത്തുന്ന ചിത്രങ്ങൾ, കുട്ടിയുടെ ദിനചര്യ വെളിപ്പെടുത്തുന്ന ‘എ ഡേ ഇ ൻ മൈ ലൈഫ്’ പോലെയുള്ള വിഡിയോകൾ തുടങ്ങിയവ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കരുത്.
കുട്ടികളുടെ ലൊക്കേഷൻ വ്യക്തമാക്കുന്ന ജിയോ ടാഗുകളും ഒഴിവാക്കുക. ഇതുവഴി മാതാപിതാക്കളെയോ കുഞ്ഞുങ്ങളെയോ സ്‌റ്റോക്ക് ചെയ്യുന്ന അപരിചിതർക്കു കുട്ടിയിലേക്കുള്ള ദൂരം കുറയും.
മനസ്സിനു മുറിവേൽപ്പിക്കരുത്
ഡയപ്പറിട്ട് ഓടുന്നതും വാശിപിടിച്ചു കരയുന്നതുമെല്ലാം കുട്ടിയായിരിക്കുമ്പോൾ കാണാൻ രസമാണെങ്കിലും കൗമാരക്കാരിൽ ഇതൽപം ചമ്മലുണ്ടാക്കിയേക്കാം.
ഇത്തരം ചിത്രങ്ങൾ കൂട്ടുകാർക്കിടയിൽ കിട്ടിയാലോ? പിന്നെ, കളിയാക്കലുകളും റീപോസ്റ്റിങ്ങുമായി. ചിലർ ഇതിനെ തമാശയായി കാണുമെങ്കിലും ബഹുഭൂരിപക്ഷം കൗമാരക്കാരിലും ഇതു മാനസികമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. അറിഞ്ഞുകൊണ്ടു നമ്മുടെ കുട്ടികളെ കളിയാക്കലിന് ഇരയാക്കേണ്ടതുണ്ടോ? സമൂഹമാധ്യമങ്ങളെക്കുറിച്ചു വ്യക്തമായ ധാരണയുള്ള, മുതിർന്ന കുട്ടികളോട് അനുമതി ചോദിച്ചശേഷം മാത്രം അവരുടെ ഫോട്ടോയും വിഡിയോയും പോസ്റ്റ് ചെയ്യാം. കാരണം, മാതാപിതാക്കൾക്കു ശരി എന്നു തോന്നുന്ന പലതും കുട്ടികൾക്ക് ശരിയാകണമെന്നില്ല.
കുട്ടി കണ്ടന്റ് ക്രിയേറ്റേഴ്സ്
കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള ഇടംകൂടിയാണ് ഇന്നു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുക ൾ. മറ്റുള്ളവരിൽ നിന്ന് അനുമോദനവും അംഗീകാരവും കിട്ടുന്നതു കുട്ടികളിലെ ആത്മവിശ്വാസവും കഴിവും വർധിപ്പിക്കും. പക്ഷേ, അത് അപകടമാകുന്ന തരത്തിലല്ല മുന്നോട്ടു നീങ്ങുന്നതെന്ന് ഉറപ്പാക്കണം.
യൂട്യൂബ് നിയമപ്രകാരം കണ്ടന്റ് ക്രിയേറ്ററാകണമെങ്കി ൽ 13 വയസ്സു തികയണം. അതിനു താഴെയുള്ള കുട്ടികൾ ഉൾപ്പെടുന്ന കണ്ടന്റുകൾ യൂട്യൂബ് കിഡ്സിൽ അപ്‌ലോഡ് ചെയ്യാം. അക്കൗണ്ട് കൈകാര്യം ചെയ്യുന്നതു മാതാപിതാക്കളായിരിക്കണം.
മാതാപിതാക്കൾ ഒപ്പമില്ലാത്തപ്പോൾ ലൈവ് പോകാൻ അനുവദിക്കരുത്. ഓൺലൈൻ സുരക്ഷിതമായ ഇടമല്ലെന്നും എപ്പോഴും ജാഗരൂകരായിരിക്കണമെന്നും നിർദേശിക്കാം. സോഷ്യൽമീഡിയ ഒരു മിഥ്യാലോകമാണെന്നും ‘നിങ്ങളെ കാണാൻ പോകുന്നത് അപരിചിതരാണ്’ എന്നും ചെറിയ കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക.
പക്ഷേ, കൗമാരത്തിലെത്തിയ കുട്ടിയോടു ‘ഇനി റീൽ ചെയ്യരുത്’ എന്നു പറഞ്ഞു വടിയെടുക്കുന്ന വില്ലന്മാരാകാതെ അവരുടെ വൈബിനൊപ്പം കൂടാം. നിരീക്ഷിക്കുകയാണെന്ന് അവർക്കു മനസ്സിലാകാത്ത രീതിയിൽ.
നിരീക്ഷിക്കാം, കണ്ടന്റും കമന്റും
ഒരിക്കൽ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുന്ന കണ്ടന്റ് എപ്പോഴും അവിടെയുണ്ടാകും എന്നു കുട്ടികളോടു പറയുക. കണ്ടന്റുകളെക്കുറിച്ചു മാതാപിതാക്കൾക്കു വ്യക്തമായ ധാരണ വേണം. ഒരാളുടെ ശരീരവും വൈകാരികതയും അവരുടേതു മാത്രമാണെന്നും മറ്റുള്ളവർ അതു കാണേണ്ടതില്ലെന്നും പറഞ്ഞുകൊടുക്കണം. നിർബന്ധമായും മാതാപിതാക്കൾ കമന്റുകൾ ശ്രദ്ധിക്കണം.നല്ല കമന്റുകളെ മനസ്സിലേക്കെടുക്കുന്നതിനോടൊപ്പം മോശം കമന്റുകളിൽ മുറിവേൽക്കാതിരിക്കാനും പഠിപ്പിക്കാം.
ഷേരന്റിങ് ചെയ്യാറുണ്ടോ?
ജീവിതത്തിലെ എല്ലാ നിമിഷങ്ങളും ഓൺലൈനിൽ ഇടംപിടിക്കണമെന്നില്ല. ഷേരന്റിങ് തടയാൻ കുട്ടികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിനു മുൻപ് ഈ ചോദ്യങ്ങൾ സ്വയം ചോദിക്കുക.
∙‘15ാം വയസ്സിലും 25ാം വയസ്സിലും എന്റെ കുട്ടിക്ക് ഈ ചിത്രം കണ്ടാൽ സന്തോഷം തോന്നുമോ?’
∙എന്റെ കുട്ടിയുടെ ചിത്രങ്ങൾ അപരിചിതർ കാണുന്നതും പങ്കുവയ്ക്കുന്നതും ഞാൻ ആസ്വദിക്കുന്നുണ്ടോ?
∙ ചിത്രത്തിലോ പോസ്റ്റിലോ കുട്ടിയുടെ വ്യക്തിപരമായ വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ?
∙ മനോഹരമായൊരു നിമിഷം പങ്കുവയ്ക്കുകയാണോ അതോ ലൈക്കും കമന്റുമാണോ ലക്ഷ്യം?
∙ഒരാഴ്ചയ്ക്കുള്ളിൽ കുട്ടിയുടെ എത്ര ചിത്രങ്ങളും വിഡിയോയും പോസ്റ്റ് ചെയ്തു?
മേൽപറഞ്ഞ ചോദ്യങ്ങൾക്കു സ്വയം തൃപ്തികരമായ ഉത്തരം നൽകാൻ കഴിയുന്നുണ്ടെങ്കിൽ മാത്രം ചിത്രം പോസ്റ്റ് ചെയ്യുക.
പോസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കാം
∙ സോഷ്യൽ മീഡിയ അക്കൗണ്ട് പ്രൈവറ്റ് ആക്കുക.
∙ മുഖം പൂർണമായി കാണിക്കുന്ന, നേരെ ക്രോപ് ചെയ്യാവുന്ന തരത്തിലുള്ള ചിത്രങ്ങൾ ഒഴിവാക്കാം.
∙ വ്യക്തിവിവരങ്ങൾ ഫോട്ടോയിലോ വിഡിയോയിലോ വേണ്ട.
∙ 24 മണിക്കൂറിനുള്ളിൽ മാഞ്ഞുപോകുന്ന സ്‌റ്റോറികൾ പോസ്റ്റ് ചെയ്യുക.
∙ ഫോട്ടോ, വിഡിയോ ഇവ പോസ്റ്റ് ചെയ്യും മുൻപ് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഉണ്ടോ എന്നു സ്വയം ചോദിക്കുക.
വിവരങ്ങൾക്കു കടപ്പാട്: ഡോ. പട്ടത്തിൽ ധന്യ മേനോൻ, സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്റർ ആൻഡ് ഡയറക്ടർ, അവാൻസോ സൈബർ സെക്യൂരിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, തൃശ്ശൂർ.