‘കൊച്ചു കുഞ്ഞുങ്ങൾക്കു വരെ പ്രത്യേക പാസ്പോർട്ട് നിര്ബന്ധമാണ്’; പാസ്പോർട്ട് നിയമഭേദഗതി, മാറ്റങ്ങൾ അറിയാം
ഒരു രാജ്യത്തെ ഗവൺമെന്റ് അവരുടെ പൗരന്മാർക്ക് നൽകുന്ന പൗരത്വത്തെ സാധൂകരിക്കുന്ന ഔദ്യോഗിക രേഖകളിലൊന്നാണ് പാസ്പോർട്ട്. അതു നിങ്ങളെ വിദേശ രാജ്യങ്ങളിലേക്കു യാത്ര ചെയ്യാൻ യോഗ്യരാക്കുന്നു. രാജ്യത്തിനു പുറത്തേക്കു പോകണമെങ്കിൽ ഒരു ഇന്ത്യൻ പൗരന്റെ കൈവശം പാസ്പോർട്ട് നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. നിയമ
ഒരു രാജ്യത്തെ ഗവൺമെന്റ് അവരുടെ പൗരന്മാർക്ക് നൽകുന്ന പൗരത്വത്തെ സാധൂകരിക്കുന്ന ഔദ്യോഗിക രേഖകളിലൊന്നാണ് പാസ്പോർട്ട്. അതു നിങ്ങളെ വിദേശ രാജ്യങ്ങളിലേക്കു യാത്ര ചെയ്യാൻ യോഗ്യരാക്കുന്നു. രാജ്യത്തിനു പുറത്തേക്കു പോകണമെങ്കിൽ ഒരു ഇന്ത്യൻ പൗരന്റെ കൈവശം പാസ്പോർട്ട് നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. നിയമ
ഒരു രാജ്യത്തെ ഗവൺമെന്റ് അവരുടെ പൗരന്മാർക്ക് നൽകുന്ന പൗരത്വത്തെ സാധൂകരിക്കുന്ന ഔദ്യോഗിക രേഖകളിലൊന്നാണ് പാസ്പോർട്ട്. അതു നിങ്ങളെ വിദേശ രാജ്യങ്ങളിലേക്കു യാത്ര ചെയ്യാൻ യോഗ്യരാക്കുന്നു. രാജ്യത്തിനു പുറത്തേക്കു പോകണമെങ്കിൽ ഒരു ഇന്ത്യൻ പൗരന്റെ കൈവശം പാസ്പോർട്ട് നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. നിയമ
ഒരു രാജ്യത്തെ ഗവൺമെന്റ് അവരുടെ പൗരന്മാർക്ക് നൽകുന്ന പൗരത്വത്തെ സാധൂകരിക്കുന്ന ഔദ്യോഗിക രേഖകളിലൊന്നാണ് പാസ്പോർട്ട്. അതു നിങ്ങളെ വിദേശ രാജ്യങ്ങളിലേക്കു യാത്ര ചെയ്യാൻ യോഗ്യരാക്കുന്നു. രാജ്യത്തിനു പുറത്തേക്കു പോകണമെങ്കിൽ ഒരു ഇന്ത്യൻ പൗരന്റെ കൈവശം പാസ്പോർട്ട് നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. നിയമ ഭേദഗതികൾ വന്നതോടെ പാസ്പോർട്ട് സ്വന്തമാക്കുന്ന പ്രക്രിയ താരതമ്യേന എളുപ്പമായിട്ടുണ്ട്.
പാസ്പോർട്ട് ലഭിക്കുന്നതിന് എന്തു ചെയ്യണം ?
പാസ്പോർട്ട് ലഭിക്കുന്നതിനായി www.passportindia.gov.in എന്ന പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കണം. വെബ്സൈറ്റിൽ നിന്നു ലഭിക്കുന്ന നിർദേശങ്ങളനുസരിച്ചുള്ള രേഖകളും ഹാജരാക്കുക.
വെബ്‌സൈറ്റിൽ കയറി റജിസ്റ്റർ ചെയ്ത് ഉപഭോക്തൃ അക്കൗണ്ട് തുറക്കുക. പാസ്പോർട്ട് അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കുക. പാസ്പോർട്ട് ലഭിക്കുന്നതിനാവശ്യമായ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുകയോ കോപ്പി പാസ്പോർട്ട് സേവാ കേന്ദ്രം സന്ദർശിക്കുന്ന സമയത്തു സമർപ്പിക്കുകയോ ചെയ്യാം.
അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ പാസ്പോർട്ട് സേവാ കേന്ദ്രം സന്ദർശിക്കുന്നതിനായുള്ള അപ്പോയിന്റ്മെന്റിന് അപേക്ഷിക്കണം. അവർ നിർദേശിക്കുന്ന സമയത്തു ശിശുക്കൾ ഉൾപ്പെടെ എല്ലാ അപേക്ഷകരും അപേക്ഷയുടെ പ്രിന്റ്, രസീത് എന്നിവയും മറ്റെല്ലാ രേഖകളുമടക്കം പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്.
പാസ്പോർട്ടിനായി സമീപിക്കേണ്ട ഓഫിസുകൾ ഏതൊക്കെയാണ് ?
പാസ്പോർട്ട് ഓഫിസുകൾ (പിഒ), പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ (പിഎസ്കെ), പോസ്റ്റ് ഓഫിസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ (പിഒപിഎസ്കെ) എന്നിവയുടെ ശൃംഖലയിലൂടെ ഭാരത സർക്കാരിന്റെ വിദേശ കാര്യ മന്ത്രാലയം പാസ്പോർട്ട് സേവനങ്ങൾ നൽകുന്നു. അപേക്ഷകർക്ക് സമീപത്തുള്ള പിഒ/പിഎസ്കെ/പിഒപിഎസ്കെ ഔദ്യോഗിക വെബ്സൈറ്റിലൂടെ കണ്ടുപിടിക്കാനാകും.
വ്യക്തിയുടെ വിലാസമുള്ളയിടത്തു നിന്നു തന്നെ പാസ്പോർട്ട് അപേക്ഷ സമർപ്പിക്കണം എന്നുണ്ടോ ?
ഇന്ത്യയിൽ എവിടെ നിന്നും പാസ്പോർട്ടിന് അപേക്ഷിക്കാം. അപേക്ഷാ ഫോമിൽ വ്യക്തമാക്കിയിട്ടുള്ള വിലാസം പരിഗണിക്കാതെ സൗകര്യപ്രദമായ പാസ്പോർട്ട് ഓ ഫിസ് കീഴിലുള്ള പാസ്പോർട്ട് സേവാ കേന്ദ്രം തിരഞ്ഞെടുക്കാം. പൊലീസ് വെരിഫിക്കേഷൻ നടത്തുക അപേക്ഷാ ഫോമിൽ വ്യക്തമാക്കിയ വിലാസത്തിലായിരിക്കും. അതേ വിലാസത്തിലായിരിക്കും പാസ്പോർട്ട് പ്രിന്റ് ചെയ്ത് അയയ്ക്കുക.
മറ്റു സേവനങ്ങൾ എന്തൊക്കെ?
പാസ്പോർട്ട് ലഭിക്കുന്നതിനായുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) വിതരണം, ഗ്ലോബൽ എൻട്രി പ്രോഗ്രാമിനായുള്ള പശ്ചാത്തല പരിശോധന, വിദേശ പൗരത്വം നേടിയതിനു ശേഷം ഇന്ത്യൻ പാസ്പോർട്ട് സറണ്ടർ ചെയ്ത സർട്ടിഫിക്കറ്റ് ഇഷ്യൂ, ഇന്ത്യയിൽ താമസിക്കുന്ന അഭയാർഥികൾ ഉൾപ്പെടെയുള്ള പൗരത്വമില്ലാത്ത വ്യക്തികൾക്ക് ഐഡന്റിറ്റി സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങളും പാസ്പോർട്ട് ഓഫിസ് നൽകുന്നു.
ഇന്ത്യയിൽ ഏതു തരത്തിലുള്ള പാസ്പോർട്ടുകളാണു നൽകപ്പെടുന്നത്?
ഇന്ത്യയിൽ മൂന്നു തരം പാസ്പോർട്ടുകൾ നൽകപ്പെടുന്നു.
∙ സാധാരണ പാസ്പോർട്ടുകൾ : 36 അല്ലെങ്കിൽ 60 പേജുകളുള്ള പത്തു വർഷത്തേക്കു സാധുതയുള്ള പാസ്പോർട്ട് ആണു സാധാരണ പാസ്പോർട്ട്.
∙ നയതന്ത്ര പാസ്പോർട്ട് : ഇന്ത്യ ഗവൺമെന്റ് അധികാരപ്പെടുത്തിയ നിയുക്ത അംഗങ്ങൾക്കു പ്രത്യേകമായുള്ള പാസ്പോർട്ടാണിത്.
∙ ഔദ്യോഗിക പാസ്പോർട്ട് : നിയുക്ത സർക്കാർ ജീവ നക്കാർക്കോ ഔദ്യോഗിക നിയമനത്തിൽ വിദേശത്തേക്ക് നിയോഗിക്കപ്പെട്ട ഗവൺമെന്റ് പ്രതിനിധിക്കോ പ്രത്യേകമായി അധികാരപ്പെടുത്തിയ മറ്റേതെങ്കിലും വ്യക്തികൾക്കോ നൽകുന്ന പാസ്പോർട്ടാണിത്.
പാസ്പോർട്ടിന് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ എന്തൊക്കെയാണ് ?
ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജനനത്തീയതി തെളിയിക്കുന്ന രേഖ, ഫോട്ടോ സഹിതമുള്ള ഐഡന്റിറ്റി പ്രൂഫ്, താമസത്തെ സംബന്ധിക്കുന്ന പ്രൂഫ് എന്നിവയാണ് അപേ ക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ട അടിസ്ഥാന രേഖകൾ.
പാസ്പോർട്ട് അപേക്ഷ കൃത്യമായി പൂരിപ്പിച്ച് എല്ലാ രേഖകളും ഫീസും സഹിതം സമർപ്പിക്കണം. സമർപ്പിക്കുന്ന രേഖകളിൽ പോരായ്മയോ നിർദ്ദിഷ്ട നടപടി ക്രമങ്ങൾ പാലിക്കാത്തതോ ആയ അപേക്ഷ നിരസിക്കപ്പെടാം.
ചില സന്ദർഭങ്ങളിൽ അധിക രേഖകൾ വേണ്ടി വന്നേക്കാം. പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കുക, മാറ്റുക, കുടുംബപ്പേര് മാറ്റുക, പ്രായപൂർത്തിയാകാത്തവർക്കായി പാസ്പോർട്ടിന് അപേക്ഷിക്കുക പോലുള്ള അവസരങ്ങളിലാണ് അധിക രേഖകൾ ആവശ്യമായി വരുന്നത്.
അപേക്ഷകർ പാസ്പോർട്ട് ഓഫിസ് വെബ്സൈറ്റ് സന്ദർശിച്ച് ആവശ്യമായ അധിക രേഖകളെക്കുറിച്ചു മനസ്സിലാക്കണം. അപേക്ഷകർ അസൽ രേഖകളുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പികൾ പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ പ്രൊസസിങ്ങിനായി നൽകേണ്ടതുണ്ട്.
പ്രായപൂർത്തിയാകാത്തവർക്കു പ്രത്യേക പാസ്പോർട്ട് ആവശ്യമാണോ ?
ഭേദഗതി ചെയ്ത നിർദേശങ്ങൾ അനുസരിച്ചു രക്ഷിതാക്കളുടെ പാസ്പോർട്ടിൽ കുട്ടിയുടെ പേരിന്റെ അംഗീകാരം ഇനി അനുവദിക്കില്ല. കൊച്ചു കുഞ്ഞുങ്ങൾക്കു വരെ പ്രത്യേക പാസ്പോർട്ട് ആവശ്യമാണ്. മൈനർ പാസ്പോർട്ടിനായി അപേക്ഷിക്കുകയാണു വേണ്ടത്.
പുതിയ പാസ്പോർട്ടിന് വീണ്ടും അപേക്ഷിക്കേണ്ടി വരുന്നത് എപ്പോൾ?
പേജുകളുടെ നിലവാരം മോശമാകുക, പേജുകൾ തീർന്നു പോകുക, പാസ്പോർട്ട് നഷ്ടപ്പെട്ടു പോകുക തുടങ്ങിയ അവസരങ്ങളിൽ പുതിയ പാസ്പോർട്ടിനായി വീണ്ടും അപേക്ഷിക്കണം.
ഒരു പാസ്പോർട്ട് എത്ര കാലത്തേക്കു സാധുവാണ് ?
ഇഷ്യൂ ചെയ്യുന്ന തീയതി മുതൽ മുതിർന്നവർക്ക് 10 വർഷത്തേക്കു സാധുതയുണ്ട്. പ്രായപൂർത്തിയാകാത്തവരുടെ പാസ്പോർട്ടിന്റെ സാധുത അഞ്ചു വർഷമോ 18 വയസ്സ് പൂർത്തിയാകുന്നതുവരെയോ ഏതാണോ ആദ്യം അതുവരെയാണ്. 15നും 18നും ഇടയിൽ പ്രായമുള്ളവർക്ക് 10 വർഷത്തെ സാധുതയുള്ള പാസ്പോർട്ടിന് അപേക്ഷിക്കാ നാകും.
പല എംബസികളും വീസ അനുവദിക്കുന്നതു പരിഗണിക്കുന്നതിനു കുറഞ്ഞത് ആറു മാസം മുതൽ ഒരു വർഷം വരെ പാസ്പോർട്ട് സാധുത നിർബന്ധിതമാക്കിയിട്ടുള്ളതിനാൽ കാലാവധി കഴിയുന്നതിനു മുൻപ് തന്നെ പാസ്പോർട്ട് പുതുക്കൽ നടപടി ചെയ്യണം. അവസാന നിമിഷത്തേക്കു വയ്ക്കാതിരിക്കുകയാണു നല്ലത്.
പാസ്പോർട്ടിനായുള്ള ഫീസ് എങ്ങനെ അറിയും ?
വെബ്സൈറ്റിലെ ഹോം പേജിലുള്ള ഫീസ് കാൽക്കുലേറ്റർ വഴി അറിയാനാകും. എട്ടു വയസ്സ് വരെയുള്ള കുട്ടികളുടെ എല്ലാ പുതിയ അപേക്ഷകൾക്കും പാസ്പോർട്ട് ഫീസിൽ 10 ശതമാനം ഇളവു നൽകുന്നുണ്ട്.
2017 ജൂൺ 24 മുതൽ മുതിർന്ന പൗരന്മാർക്ക് (60 വയസ്സും അതിന് മുകളിലും പ്രായമുള്ളവർ) മന്ത്രാലയം പ്രഖ്യാപിച്ച പുതിയ സ്കീം പ്രകാരം എല്ലാ പുതിയ അപേക്ഷകൾക്കും 10 ശതമാനം ഫീസ് കിഴിവു നൽകുന്നുണ്ട്.
വേഗത്തിലുള്ള പ്രൊസസിങ് ഉറപ്പാക്കാൻ മുതിർന്ന പൗരന്മാർക്കു പ്രത്യേക ടോക്കൺ സംവിധാനവും പിഎസ്കെ/പിഒപിഎസ്കെ എന്നിവിടങ്ങളിൽ നൽകുന്നുണ്ട്.
ഇന്ത്യയ്ക്കു പുറത്തു ജനിച്ച അപേക്ഷകർക്കു പാസ്പോർട്ട് അനുവദിക്കുമോ ?
1955ലെ പൗരത്വ നിയമ വ്യവസ്ഥകൾക്കു വിധേയമായി ഇന്ത്യക്കു പുറത്തുള്ള ഇന്ത്യൻ മാതാപിതാക്കൾക്കു ജനിച്ച വ്യക്തിക്ക് ഇന്ത്യൻ പാസ്പോർട്ട് അനുവദിക്കും.
പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് എങ്ങനെയാണ് അപേക്ഷിക്കേണ്ടത് ?
പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് അഥവാ പിസിസിയ്ക്കായി പാസ്പോർട്ട് ഓഫിസിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ mPassport Seva എന്ന മൊബൈൽ ആപ്പിലൂടെയോ അപേക്ഷിക്കാം. വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യുകയോ ലോഗിൻ ചെയ്യുകയോ (നേരത്തേ റജിസ്റ്റർ ചെയ്തവർ) ചെയ്തശേഷം ഓൺലൈൻ ഫോം സമർപ്പിക്കുക. വ്യക്തമായ പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് ലഭിച്ചതിനു ശേഷം അപേക്ഷകരുടെ വിലാസത്തിലേക്ക് പിസിസി അയയ്ക്കും.
രൂപമാറ്റം സംഭവിച്ചാൽ പാസ്പോർട്ട് പുതുക്കേണ്ടി വരുമോ ?
രൂപമാറ്റം സംഭവിച്ചാൽ പാസ്പോർട്ടിലെ ഫോട്ടോ പുതുക്കുന്നതായിരിക്കും അഭികാമ്യം. അതിനു ‘പാസ്പോർട്ട് റീ ഇഷ്യൂ’ ചെയ്യുന്നതിനായുള്ള അപേക്ഷ സമർപ്പിക്കണം. രേഖകളുടെ ലിസ്റ്റ് വെബ്സൈറ്റിലെ ഹോം പേജിൽ ‘ഡോക്യുമെന്റ് അഡ്വൈസർ’ എന്ന ലിങ്കിൽ ലഭ്യമാകും.
പാസ്പോർട്ടിൽ ജീവിതപങ്കാളിയുടെ പേരു ചേർക്കാൻ വിവാഹ സർട്ടിഫിക്കറ്റ് നൽകണോ ?
പുതിയ നിയമ പ്രകാരം പാസ്പോർട്ടിൽ ജീവിതപങ്കാളി യുടെ പേരു ചേർക്കാൻ വിവാഹ സർട്ടിഫിക്കറ്റോ ഭർത്താവും ഭാര്യയും ചേർന്നുള്ള ഫോട്ടോ പതിപ്പിച്ച് ഒപ്പിട്ട പ്രസ്താവനയോ സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. പുതിയ പാസ്പോർട്ട് എടുക്കാനും നിലവിലുള്ളതു പുതുക്കാനും ഇതു വേണം.
ജീവിതപങ്കാളിയുടെ പേരു നീക്കാൻ കോടതിയിൽ നിന്നുള്ള വിവാഹമോചന ഉത്തരവോ മരണ സർട്ടിഫിക്കറ്റോ നൽകണം.
ജീവിതപങ്കാളിയുടെ പേരു മാറ്റിച്ചേർക്കാൻ ആദ്യ വിവാഹത്തിന്റെ ഡിവോഴ്സ് ഓർഡറോ മരണ സർട്ടിഫിക്കറ്റോ അതിനോടൊപ്പം പുനർവിവാഹത്തിന്റെ സർട്ടിഫിക്കറ്റോ പുതിയ ജീവിതപങ്കാളിക്ക് ഒപ്പമെടുത്ത ഫോട്ടോ പതിപ്പിച്ച ഒപ്പിട്ട പ്രസ്താവനയോ സമർപ്പിക്കണം.
വനിതാ അപേക്ഷകരുടെ പേരിൽ നിന്നു പിതാവിന്റെയോ കുടുംബത്തിന്റെയോ പേരു മാറ്റി പങ്കാളിയുടെ പേരു ചേർക്കണമെങ്കിലും വിവാഹ സർട്ടിഫിക്കറ്റോ ഫോട്ടോ ചേർത്ത പ്രസ്താവനയോ സമർപ്പിക്കണം.
അടിയന്തരമായി പാസ്പോർട്ട് ലഭിക്കാൻ എന്തു ചെയ്യണം ?
അടിയന്തരമായി പാസ്പോർട്ട് ലഭിക്കാൻ തത്ക്കാൽ സംവിധാനം വഴി അപേക്ഷിക്കാം. തത്ക്കാൽ സംവിധാനം വഴി പാസ്പോർട്ടിന് അപേക്ഷിക്കാൻ കഴിയാത്തവരുണ്ട്. ഇതു സംബന്ധിച്ച നിർദേശങ്ങളടങ്ങിയ ബുക്ക്‌ലെറ്റ് വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്തു പരിശോധിക്കുക. ഒരു അപേക്ഷകൻ തത്കാൽ സംവിധാനത്തിനു കീഴിൽ പാസ്പോർട്ടിന് അപേക്ഷിച്ചാൽ അധിക രേഖകളും അധിക ഫീസും നൽകേണ്ടി വരും.
തത്കാൽ സംവിധാനം വഴി പാസ്പോർട്ടിന് അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകൾ ഏതൊക്കെയാണ് എന്നറിയാൻ വെബ്സൈറ്റിലെ ഹോം പേജിൽ ‘ആവശ്യമായ പ്രമാണങ്ങൾ’ എന്ന ലിങ്ക് പരിശോധിക്കുക.
പാസ്പോർട്ട് നഷ്ടപ്പെട്ടാൽ എന്തു ചെയ്യണം ?
പാസ്പോർട്ട് നഷ്ടപ്പെട്ടാൽ ഉടൻ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. പാസ്പോർട്ട് റീ ഇഷ്യു ചെയ്യാൻ അപേക്ഷിക്കണം. വിദേശത്തു വച്ചാണ് പാസ്പോർട്ട് നഷ്ടപ്പെടുന്നതെങ്കിൽ ഏറ്റവും അടുത്തുള്ള ഇന്ത്യൻ എംബസിയിലോ കോൺസുലേറ്റിലോ അറിയിക്കുക. ശേഷം പാസ്പോർട്ട് റീ ഇഷ്യൂ ചെയ്യാൻ എംബസി വഴി അപേക്ഷിക്കാവുന്നതാണ്.
പാസ്പോർട്ട് നഷ്ടപ്പെട്ട അവസരത്തിൽ അടിയന്തരമായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയോ തിരികെ വരികയോ ചെയ്യേണ്ടി വന്നാൽ എംബസിയുടെ കോൺസുലേറ്റിൽ നിന്ന് എമർജൻസി എക്സിറ്റ് (EC) നൽകുന്നതാണ്.
എം പാസ്പോർട്ട് സേവ എന്താണ് ?
വിവര വ്യാപനത്തിന്റെ പുതിയ തരംഗത്തിൽ സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്കായി വിദേശകാര്യ മന്ത്രാലയം പാസ്പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ മൊബൈലിൽ കൊണ്ടുവന്നു.
മൊബൈൽ ആപ്പ് ആയ എം പാസ്പോർട്ട് സേവ (mPassport Seva) ഇൻസ്റ്റാൾ ചെയ്താൽ സ്മാർട്ട് ഫോണി ൽ പാസ്പോർട്ട് ഓഫിസ് വെബ്സൈറ്റിലുള്ള എല്ലാ സേവനങ്ങളും ഉപയോഗിക്കാം. ആൻഡ്രോയിഡിലും ആപ്പിളിന്റെ ഐഒഎസ് പ്ലാറ്റ്ഫോമുകളിലും ഇതു ലഭ്യമാണ്.
നിരവധി വ്യാജ വെബ്സൈറ്റുകളും മൊബൈൽ ആപ്ലിക്കേഷനുകളും ഇടനിലക്കാരായി പ്രവർത്തിക്കുകയും അപേക്ഷകരിൽ നിന്നു വിവരങ്ങൾ ശേഖരിക്കുകയും പാസ്പോർട്ട് സേവനങ്ങൾക്കായി അധിക ചാർജ് ഈടാക്കുകയും ചെയ്യുന്നുണ്ട്.
www.passportindia.gov.in എന്ന വെബ്സൈറ്റിലൂടെ മാത്രം പാസ്പോർട്ടിന് അപേക്ഷിക്കുക. പാസ്പോർട്ട് സേവനങ്ങൾക്കായി സർക്കാർ ഇടനിലക്കാരെയോ പ്രതിനിധികളെയോ അധികാരപ്പെടുത്തിയിട്ടില്ല. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ റീജനൽ പാസ്പോർട്ട് ഓഫിസിൽ അറിയിക്കുക.
വിവരങ്ങൾക്ക് കടപ്പാട്: റീജനൽ പാസ്പോർട്ട് ഓഫിസ്, കൊച്ചി