കൊറോണ ഇന്ത്യയിലേക്ക് എത്തിത്തുടങ്ങിയ സമയം മുതൽ ഇൻസ്റ്റാഗ്രാമിൽ പലരും മാറിയും തിരിഞ്ഞും ഷെയർ ചെയ്തത് വിനായക് ഡിസൈൻ ചെയ്ത കോവിഡ്19 അവെയർനെസ്സ് പോസ്റ്ററുകളാണ്. വിനായക് ചെയ്തതാണെന്ന് അറിഞ്ഞും അറിയാതെയും സുഹൃത്തുക്കളും സുഹൃത്തുക്കളുടെ സുഹൃത്തുക്കളും ഒക്കെയായി ആ പോസ്റ്ററുകൾ അവരുടെ  സ്റ്റോറിസിലൂടെയും സ്റ്റാറ്റസിലൂടെയും ഒക്കെ കൈമാറിപ്പോന്നു...

"എപിഡെമിക്കിൽ നിന്ന് പാൻഡെമിക്കിലേക്ക് കോവിഡ്19 മാറി എന്ന് ലോകാരോഗ്യ സംഘടന പറഞ്ഞ സമയത്ത് ഞാൻ ആലോചിച്ചത് നമുക്കൊക്കെ എങ്ങനെയും വിവരങ്ങൾ കിട്ടുന്നുണ്ട്,ഗ്രാമങ്ങളിലും മറ്റ് ഉൾപ്രദേശങ്ങളിലും ഉള്ള ടിവിയും പത്രവും വാട്സാപ്പും ഫേസ്ബുക്കും ഒന്നുമില്ലാത്തവരുണ്ട് അവർ എന്ത് ചെയ്യും എന്നാണ്... എനിക്കറിയാവുന്നത് വരയാണ് അതിലൂടെ അവർക്കൊക്കെ  എളുപ്പത്തിൽ മനസിലാവുന്ന തരത്തിലുള്ള പോസ്റ്ററുകൾ ചെയ്യാൻ അങ്ങനെയാണ് തീരുമാനിച്ചത്. വായിക്കും മുൻപേ തന്നെ കണ്ട് കാര്യങ്ങൾ മനസിലാകുന്ന രീതിയിലാണ് പോസ്റ്ററുകൾ ചെയ്യാൻ നോക്കിയത്‌.

ADVERTISEMENT

ആറോറ ഹെൽത്ത്‌ ആൻഡ് ഇന്നോവേഷൻ എന്ന കമ്പനിയിൽ സീനിയർ ക്രീയേറ്റീവ് ഡിസൈനർ ആയിട്ടാണ് ജോലി ഞാൻ ചെയ്യുന്നത്. ഇന്ത്യയിലെ ആദ്യത്തെ കേസ് കേരളത്തിൽ  റിപ്പോർട്ട്‌ ചെയ്ത സമയത്താണ് ആദ്യത്തെ പോസ്റ്റർ ചെയ്തത്. വൈറസ് സിനിമ ആയിടക്ക് കണ്ട് ഞെട്ടിയിരിക്കുന്ന സമയം കൂടിയായിരുന്നു അത്‌... എത്രയും വേഗം ആൾക്കാരിലേക്ക് വിവരങ്ങൾ എത്തിക്കുക എന്നതായിരുന്നു ചിന്ത. അതിന് ശേഷമാണ് ഇത് കമ്പനിയിൽ ഇത് പറയുന്നതും, അവർ അത്‌ ഏറ്റെടുക്കുന്നതും.

 കമ്പനിയുടെ ബാക്കി കാര്യങ്ങൾ ഒക്കെ മാറ്റിവെച്ചാണ് കോവിഡ്19ന്റെ ബോധവത്കരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്യാൻ തുടങ്ങിയത്. ഗവണ്മെന്റുമായി സഹകരിച്ച് ജില്ലാ ആശുപത്രികൾ വഴിയാണ് ആളുകളിലേക്ക് ഇപ്പോൾ പോസ്റ്ററുകൾ എത്തിക്കുന്നത്.

ADVERTISEMENT

ഈ സമയത്ത് രോഗത്തിനോട് ഒപ്പം തന്നെ നമ്മൾക്ക് പൊരുതേണ്ടി വരുന്ന ഒന്നാണ് വ്യാജസന്ദേശങ്ങൾ. വിവരങ്ങൾ കൃത്യമാണോ എന്ന് നോക്കാനും അതാത് പ്രദേശത്തിനനുസരിച്ച് വരയിലും ചില വിവരങ്ങളിലും മാറ്റം വരുത്താനും ഇതിനായി റിസർച്ച് ടീം തന്നെ ഉണ്ട്. ഉദാഹരണത്തിന് ചില നാട്ടുപ്രദേശങ്ങളിൽ ഒരു രീതിയുണ്ട്... ജനിക്കുമ്പോൾ കുഞ്ഞ് കരഞ്ഞില്ലെങ്കിൽ അമ്മയുടെ കുപ്പിവള ചുവരിലടിച്ച് പൊട്ടിച്ചിട്ട് ആ വളപ്പൊട്ട് അടുപ്പിലിട്ട് ചൂടാക്കും എന്നിട്ട് കുഞ്ഞിന്റെ വയറ്റിൽ കുത്തും! ഇത്തരം ആചാരവും ജീവിതരീതികളുമായി ബന്ധപ്പെട്ട് കിടക്കുന്ന കാര്യങ്ങൾ ചെയ്യരുതെന്ന് പറഞ്ഞു മനസിലാക്കാൻ നല്ല ജാഗ്രതയും ക്ഷേമയും വേണം, ഒറ്റയടിക്ക് പറഞ്ഞാൽ അവരത് പുച്ഛിച്ചു തള്ളും.

അത്‌ പോലെ ആണ് കോവിഡിന്റെ കാര്യവും. ആളുകൾക്ക് മനസിലാകുന്ന രീതിയിൽ അത്‌ പറഞ്ഞു കൊടുക്കുക എന്നത് വളരെ പ്രധാനമാണ്. കൊറോണ എന്നത് വെറും പനിയായി കണക്കാക്കാതെ നാട്ടുമരുന്നുകൾ ചെയ്ത് നോക്കാതെ, ഇന്ന ഇന്ന ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടണം എന്നാണ് പ്രധാനമായും പറഞ്ഞു കൊടുക്കാൻ നോക്കുന്നത്.

ADVERTISEMENT

ഒരു ഗ്രാമത്തിൽ പോയി കോവിഡ് 19 എന്ന് പറഞ്ഞാൽ അവർക്ക് ചിലപ്പോൾ  അറിയണമെന്നില്ല, അവർക്ക് അറിയുന്നത് കൊറോണ എന്ന് മാത്രമാകും.

ആദ്യം പഞ്ചാബിനു വേണ്ടിയാണ് പോസ്റ്റർ ചെയ്തത്. പിന്നെ കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട തുടങ്ങിയ ഇടങ്ങളിൽ ചെയ്തു. ഇന്ത്യയ്ക്ക് പുറത്ത് ബംഗ്ലാദേശിലേക്കും ഇവ കൊടുത്തു.

ഞാൻ ചെയ്ത പോസ്റ്ററുകൾ ആർക്ക് വേണമെങ്കിലും സൗജന്യമായി ഡൗൺലോഡ് ചെയ്യാനും സൗകര്യം ചെയ്തിട്ടുണ്ട്. എല്ലാവരിലേക്കും വിവരങ്ങൾ എത്തിക്കാൻ വേണ്ടി തന്നെ ചെയ്തതാണ്. പോസ്റ്റ്‌റുകൾ ഗൂഗിൾ ഡ്രൈവിൽ ഇട്ടിട്ടുണ്ട്... ഇൻസ്റ്റാ വഴിയും ഫബി വഴിയും ചോദിക്കുന്ന എല്ലാവർക്കും അതിന്റെ അക്സിസും കൊടുക്കുന്നുണ്ട്. കേരളത്തിൽ വയനാട്ടിലും പിന്നെ ദുബായിലും നിന്നൊക്കെ പോസ്റ്റർ ചോദിച്ചവർക്കും കൊടുത്തിരുന്നു.

തിരുവനന്തപുരത്തുകാരനാണ് വിനായക്. ഇപ്പോൾ ഭാര്യയുമൊത്ത്‌ ബാംഗ്ലൂരുവിൽ ആണ് താമസം.

 

ADVERTISEMENT