‘അപ്പോഴും അവൾ ചിലങ്ക കെട്ടാൻ മരിച്ചു പോയ അച്ഛനെ അന്വേഷിക്കുകയായിരുന്നു’: തീരാനോവിലും മീനാക്ഷിയുടെ നേട്ടം
‘എന്നെ പറ്റിക്കാൻ ഇവിടെ എവിടെയോ മറഞ്ഞിരിപ്പാണ്. എനിക്കറിയാം എന്റെ ചിലങ്കക്കിലുക്കം കേട്ടാൽ അച്ഛന് വരാതിരിക്കാനാകില്ല. അമ്മാ... അച്ഛനെവിടെ, എന്റെ അച്ഛൻ...’ സംസ്ഥാന സ്കൂൾ കലോത്സവ വേദി. മോഹിനിയാട്ട മത്സരത്തിന്റെ ഊഴം കാത്ത് മത്സരാർഥികൾ. എല്ലാ കണ്ണുകളിലും മത്സരിക്കുന്നതിന്റെ ആവേശവും ആത്മവിശ്വാസവും.
‘എന്നെ പറ്റിക്കാൻ ഇവിടെ എവിടെയോ മറഞ്ഞിരിപ്പാണ്. എനിക്കറിയാം എന്റെ ചിലങ്കക്കിലുക്കം കേട്ടാൽ അച്ഛന് വരാതിരിക്കാനാകില്ല. അമ്മാ... അച്ഛനെവിടെ, എന്റെ അച്ഛൻ...’ സംസ്ഥാന സ്കൂൾ കലോത്സവ വേദി. മോഹിനിയാട്ട മത്സരത്തിന്റെ ഊഴം കാത്ത് മത്സരാർഥികൾ. എല്ലാ കണ്ണുകളിലും മത്സരിക്കുന്നതിന്റെ ആവേശവും ആത്മവിശ്വാസവും.
‘എന്നെ പറ്റിക്കാൻ ഇവിടെ എവിടെയോ മറഞ്ഞിരിപ്പാണ്. എനിക്കറിയാം എന്റെ ചിലങ്കക്കിലുക്കം കേട്ടാൽ അച്ഛന് വരാതിരിക്കാനാകില്ല. അമ്മാ... അച്ഛനെവിടെ, എന്റെ അച്ഛൻ...’ സംസ്ഥാന സ്കൂൾ കലോത്സവ വേദി. മോഹിനിയാട്ട മത്സരത്തിന്റെ ഊഴം കാത്ത് മത്സരാർഥികൾ. എല്ലാ കണ്ണുകളിലും മത്സരിക്കുന്നതിന്റെ ആവേശവും ആത്മവിശ്വാസവും.
‘എന്നെ പറ്റിക്കാൻ ഇവിടെ എവിടെയോ മറഞ്ഞിരിപ്പാണ്. എനിക്കറിയാം എന്റെ ചിലങ്കക്കിലുക്കം കേട്ടാൽ അച്ഛന് വരാതിരിക്കാനാകില്ല. അമ്മാ... അച്ഛനെവിടെ, എന്റെ അച്ഛൻ...’
സംസ്ഥാന സ്കൂൾ കലോത്സവ വേദി. മോഹിനിയാട്ട മത്സരത്തിന്റെ ഊഴം കാത്ത് മത്സരാർഥികൾ. എല്ലാ കണ്ണുകളിലും മത്സരിക്കുന്നതിന്റെ ആവേശവും ആത്മവിശ്വാസവും. പക്ഷേ അവിടെ വാലിട്ടെഴുതിയ രണ്ടു കണ്ണുകൾ മാത്രം നിറഞ്ഞൊഴുകയാണ്. ഗ്രീൻറൂമിന് പുറത്തേക്ക് കൺനോട്ടമെറിഞ്ഞ് ആരെയോ കാത്തിരിപ്പാണ്...
‘അച്ഛൻ എല്ലാം കാണുന്നുണ്ട് കുഞ്ഞേ... ആ അനുഗ്രഹം മോൾക്ക് ആവോളം ഉണ്ട്.’
സാന്ത്വനങ്ങളും സ്നേഹവാക്കുകളും ആവോളമുണ്ട്. എന്നിട്ടും ആ കണ്ണുനീർ മാത്രം തോരുന്നില്ല. .
‘മോളേ... നീ ജയിക്കുന്നതും എ ഗ്രേഡ് മേടിക്കുന്നതും അച്ഛന്റെ ആഗ്രഹമല്ലേ... കണ്ണുനീർ തുടച്ചു പോയി ജയിച്ചു വാ കുഞ്ഞേ... അച്ഛന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ.’
ആ വാക്കുകളെ ഊർജമാക്കി കൊണ്ടാണ് ഹരിപ്പാട് ഗവൺമെന്റ് സ്കൂളിന്റെ അഭിമാനമായ മീനാക്ഷി വേദിയിലേക്ക് കയറിയത്. പ്രതീക്ഷകൾ വെറുതെയായില്ല. കണ്ണിമ ചിമ്മാതെ അച്ഛനെന്നെ കാണുന്നുണ്ടെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ച് അന്ന് അവൾ നടത്തിയ പ്രകടനത്തിന് ജഡ്ജസ് പകരം നൽകിയത് എ ഗ്രേഡ്. മോഹിനിയാട്ടത്തിൽ മാത്രമല്ല, കുച്ചിപ്പുടിയിലും എ ഗ്രേഡിന്റെ തിളക്കവുമായി മീനാക്ഷി ജയിച്ചു കയറി.
വിജയത്തിന്റെ നൂറിരട്ടി മധുരത്തിലും കണ്ണീരുണങ്ങിയ ഓർമകളുമായാണ് അന്ന് മീനാക്ഷി കലോത്സവ വേദി വിട്ടത്. അച്ഛനെയോർത്ത് ഇത്രമാത്രം വിങ്ങിപ്പൊട്ടിയ ആ മകളുടെ കഥയെന്തെന്ന് അന്ന് അവൾക്കു ചുറ്റും കൂടിയവർ ആരായുകയും ചെയ്തു. ഒരു നാടും സ്കൂളും ഒന്നാകെ ആ വിജയം ആഘോഷിച്ചപ്പോഴും അവൾ മാത്രം കരഞ്ഞത് എന്തിനായിരിക്കും. ആ വലിയ നഷ്ടത്തിന്റെ കഥ മീനാക്ഷിയുടെ അമ്മ അഞ്ജന വനിത ഓൺലൈനോടു പറയുന്നു.
അച്ഛനായിരുന്നു അവൾക്കെല്ലാം
‘സൗഭാഗ്യങ്ങളിൽ വലിയ സൗഭാഗ്യം അവൾക്ക് അച്ഛനായിരുന്നു. അത് അവൾ എപ്പോഴും പറയും. അവൾ ശരിക്കും അച്ഛന്‍ കുട്ടിയാണ്. അവിടെ എനിക്കു പോലും രണ്ടാം സ്ഥാനമാണ്. ആ സൗഭാഗ്യത്തെയാണ് കോവിഡ് കണ്ണിൽച്ചോരയില്ലാതെ അവളിൽ നിന്നും പറിച്ചെടുത്തു കൊണ്ടുപോയത്. അച്ഛൻ പോയി എന്ന് അവൾക്കറിയാം. അത് അവൾ മനസിനെ പറഞ്ഞു പഠിപ്പിച്ചതുമാണ്. പക്ഷേ...’– പറഞ്ഞു തുടങ്ങുമ്പോഴേക്കും അഞ്ജനയുടെ വാക്കുകളെ രണ്ടുതുള്ളി കണ്ണുനീര്‍ മുറിച്ചു.
ഞങ്ങളുടെ സന്തോഷങ്ങളുടെയെല്ലാം ആകെത്തുകയാണ് അവൾ. ആണായും പെണ്ണായും എനിക്കും വേണുവേട്ടനും ഒരൊറ്റ മകൾ. മീനാക്ഷി... വേണുഗോപാലെന്നാണ് മുഴുവൻ പേര്. ഗൾഫിലായിരുന്നു ജോലി. കുടുംബത്തിനായി അറബ് നാട്ടിൽ പോയി ചോരനീരാക്കി കഷ്ടപ്പെട്ട മനുഷ്യൻ. ഡിസ്കിന് തകരാർ സംഭവിച്ച് അദ്ദേഹത്തിന് ഒരു വലിയ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. അതോടെ ഗൾഫ് ജീവിതം ഉപേക്ഷിച്ച് രണ്ടായിരത്തി എട്ടോടെ നാട്ടിലേക്ക് വന്നു. അതിൽപിന്നെ ചേട്ടന് വലിയ ജോലിയൊന്നും ചെയ്യാനാകുമായിരുന്നില്ല. വലിയ ഭാരമൊന്നും എടുക്കാനാകാതെ ചെറിയ ഫിറ്റിങ്സ് പണികൾ മാത്രമായി ഇലക്ട്രീഷ്യനായി നാട്ടിൽ ജോലി ചെയ്തു.
സങ്കടങ്ങളും പരിമിതികളും ഉണ്ടായിരുന്നെങ്കിലും ആരോടും പരാതിയില്ലാതെ ഞങ്ങൾ മുന്നോട്ടു പോയി. അച്ഛനും മോളുമായിരുന്നു വലിയ കൂട്ട്. മകളുടെ നൃത്തത്തിലെ താത്പര്യവും പ്രാവീണ്യവും കണ്ട് അച്ഛനായിരുന്നു അവള്‍ക്ക് എല്ലാ സപ്പോർട്ടും നൽകിയിരുന്നത്. ‘നമ്മുടെ മകൾ ഒരുപാട് ഉയരങ്ങളിലെത്തും, വലിയ വേദികൾകീഴടക്കും നോക്കിക്കോ.’ ഒരു വാശിപോലെ അദ്ദേഹം എപ്പോഴും പറയും. കുച്ചിപ്പുടി, മോഹിനിയാട്ടം, ഭരതനാട്യം ഉൾപ്പെടെ എണ്ണം പറഞ്ഞ നൃത്ത ഇനങ്ങളിലെല്ലാം അവൾ മികവുകാട്ടി. സിബിഎസ്ഇ വിട്ട് സ്റ്റേറ്റ് സിലബസിലേക്കെത്തിയ ഏഴാം ക്ലാസുമുതൽ അച്ഛനായിരുന്നു അവളെ എല്ലായിടത്തും കൊണ്ടു പോയിരുന്നത്. ഒരുക്കാനും ചിലങ്ക കെട്ടാനും എന്നു വേണ്ട വേദിയിൽ കൈപിടിച്ചു കയറ്റാൻ വരെ അവൾക്ക് അച്ഛൻ വേണം. അച്ഛൻ ഇല്ലെങ്കിൽ അവൾ കയറില്ല. ആ കൈതൊട്ട് അനുഗ്രഹം വാങ്ങിക്കയറിയാൽ സമ്മാനം ഉറപ്പെന്ന് എന്റെ കുട്ടി വിശ്വസിച്ചു. ആ ഭാഗ്യത്തെയാണ് ദൈവം ഞങ്ങളിൽ നിന്നെടുത്തത്.
മകളെ കണ്ട് അവസാന യാത്ര
രണ്ടു വർഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ കോവിഡ് രണ്ടാം വരവു വന്ന സമയം. കലോത്സവങ്ങളോ ആൾക്കൂട്ടങ്ങളോ ഇല്ലാത്ത കാലം. ചുറ്റും മരണവാർത്തകളും ഭീതിനിറയ്ക്കുന്ന മുന്നറിയിപ്പുകളും മാത്രം. ഞങ്ങളുടെ വല്ലാതെ പേടിച്ചിരുന്നു. പേടിച്ചത് വെറുതെയല്ല, ആമവാതം അഥവാ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ചേട്ടനെ വല്ലാതെ ബാധിച്ചു. നിസാരമാക്കാവുന്ന രോഗാവസ്ഥയല്ല അത്. ശരീരത്തിലെ പ്രതിരോധസംവിധാനം സ്വന്തം ശരീരത്തിലെതന്നെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിക്കുന്ന അപകടകരമായ രോഗാവസ്ഥ. അതിനൊപ്പം കോവിഡും കൂടി പിടിപ്പെട്ടാൽ എന്തു സംഭവിക്കുമെന്ന് പറയാനാകില്ല. കോവിഡ് പിടിപ്പെടാതെ നോക്കണമെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞതുമാണ്. പക്ഷേ വിധി ഞങ്ങളോട് ക്രൂരത കാട്ടി. എത്രയൊക്കെ പൊതിഞ്ഞു പിടിച്ചിട്ടും ഞങ്ങളെയൊന്നാകെ കോവിഡ് വരിഞ്ഞുമുറുക്കി. എനിക്കും മകൾക്കും അദ്ദേഹത്തിനും കോവിഡ്... പക്ഷേ പേടിച്ചതും ആശങ്കപ്പെട്ടതും അദ്ദേഹത്തെ ഓർത്തായിരുന്നു.
ആ സമയങ്ങളിൽ അദ്ദേഹം വല്ലാതെ പേടിച്ചു. മനസ് എന്തെന്നില്ലാത്ത വിധം ചഞ്ചലപ്പെട്ടു. എന്തോ സംഭവിക്കാൻ പോകുന്നു, തനിക്ക് മരണം സംഭവിക്കും മകളും ഞാനും ഒറ്റയ്ക്കാകും എന്ന പേടി. എന്റെ ചങ്കും പിടയ്ക്കാൻ തുടങ്ങി. പക്ഷേ ഒന്നും പുറത്തുകാണിക്കാതെ അദ്ദേഹത്തിന് ധൈര്യം പകർന്നു. ദിവസം കടന്നു പോകേ അദ്ദേഹം അവശനായി. വണ്ടാനം മെഡിക്കൽ കോളജിൽ മനസും ശരീരവും തളർന്ന് വേദനയോടെ അദ്ദേഹം. പുറത്ത് പ്രാർഥനയോടെ ഞങ്ങളും. എല്ലാ വേദനകളും മറികടന്ന് പുഞ്ചിരിയോടെ എനിക്കും മോൾക്കും അരികിലേക്ക് വരുമെന്ന് കൊതിച്ചതാണ്. ഐസിയുവിലെ തണുത്തുറഞ്ഞ മുറിയിലേക്ക് സ്ട്രെച്ചറില്‍ കിടത്തി അകത്തേക്ക് പോകുമ്പോഴും നമ്മുടെ മോള്... നമ്മുടെ മോള് എന്ന് പറഞ്ഞു കൊണ്ടേയിരുന്നു. മുന്നിൽ മരണം നിഴൽ പോലെ നിന്നപ്പോഴും മകളെ കാണാനാണ് വേണുവേട്ടൻ കൊതിച്ചത്. യൂ ട്യൂബിൽ അവളുടെ ഡാൻസ് വിഡിയോകൾ ആവർത്തിച്ച് ആവർത്തിച്ച് കണ്ടു കൊണ്ടേയിരുന്നു. അവളുടെ അവളുടെ ചിലങ്ക ശബ്ദം നിലയ്ക്കുന്നതു പോലെ മോളെ കൺനിറയെ കണ്ട് അദ്ദേഹം മരണത്തിന്റെ തണുപ്പിലേക്ക് വഴുതിപ്പോയി. 49 വയസ് മാത്രമായിരുന്നു അന്ന് അദ്ദേഹത്തിന് പ്രായം... ഞാനും മോളും ഈ ലോകത്ത് ആരുമില്ലാത്തവരായി. തനിച്ചായി.
മീനാക്ഷിയുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം അച്ഛന്റെ ഹൃദയത്തോട് കൂട്ടിക്കെട്ടിയതായിരുന്നു. ആ മനസ് ആഗ്രഹിച്ചതെല്ലാം അവൾ നൽകി. ഓരോ വേദികളിലും പോയി മിന്നും പ്രകടനം കാഴ്ചവച്ചത് ആ അനഗ്രഹാശിസുകൊണ്ട് മാത്രമാണ്. നൃത്ത പരിശീലനങ്ങൾക്കിടെ പഠനത്തിൽ ഉഴപ്പരുതെന്ന് അച്ഛൻ പറയുമായിരുന്നു. എല്ലാ വിഷയത്തിനും എ ഗ്രേഡ് വാങ്ങണെന്ന അച്ഛന്റെ ആഗ്രഹം നിറവേറ്റാൻ അവൾ കഠിനമായി അധ്വാനിച്ചു. അത് നേടുകയും ചെയ്തു.
അച്ഛൻ കാണുന്നുണ്ടോ ഈ നേട്ടം
അച്ഛനില്ലാത്ത ആദ്യ കലോത്സവത്തിന് തയ്യാറെടുക്കുമ്പോൾ എന്റെ കുട്ടി വല്ലാത്തൊരു അവസ്ഥയിലായിരുന്നു. ഗ്രീൻ റൂമിൽ മേക്കപ്പ് ചെയ്യുമ്പോഴും ചെസ്റ്റ് നമ്പർ വിളിക്കായി കാത്തിരിക്കുമ്പോഴും അവൾ മരിച്ചു പോയ അച്ഛനെ തിരഞ്ഞു കൊണ്ടേയിരുന്നു. ചിലങ്ക കെട്ടാൻ ഞാനൊരുങ്ങിയതാണ്. അവൾ സമ്മതിച്ചതേയില്ല. കാരണം അണിഞ്ഞൊരുങ്ങി നിൽക്കുമ്പോൾ അവളുടെ അച്ഛനോർമകൾ മുൻപില്ലാത്ത വിധം ഉയർന്നു വരും. മരിച്ചു പോയ അച്ഛൻ അടുത്തെവിടെയോ ഉണ്ടെന്ന് വിശ്വസിക്കും. അധ്യാപകരും ഗുരുക്കൻമാരും ഏറെ നേരം ആശ്വസിപ്പിക്കുമ്പോഴാണ് അവളുടെ മനസു തണുക്കുന്നത്. പക്ഷേ കർട്ടൻ വീഴുമ്പോഴേക്കും അവൾ ആ ഓർമകളെ നെഞ്ചിലേറ്റി തളർന്നുവീഴും. സബ്ജില്ലാ തല കലോത്സവത്തിൽ അച്ഛനെ തേടി കരഞ്ഞു കരഞ്ഞ് അവൾ ആശുപത്രിയിലായതാണ്. ആശുപത്രി കിടക്കയിലും എന്റെ കുഞ്ഞ് അച്ഛനെ തേടിക്കൊണ്ടേയിരുന്നു. ഇതെല്ലാം കാണുമ്പോൾ നിസഹായയായ എന്റെ നെഞ്ചും പിടയും. എന്റെ കുഞ്ഞിനെ ഒറ്റയ്ക്കാക്കി പോയില്ലേ... എന്നോർത്ത് നീറും.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുച്ചിപ്പുടിക്കും മോഹിനിയാട്ടത്തിനും കിട്ടിയ എ ഗ്രേഡ് അവൾ അച്ഛനാണ് സമർപ്പിച്ചിരിക്കുന്നത്. അച്ഛന്റെ ആഗ്രഹപ്രകാരം കലാമണ്ഡലത്തിൽ ഉപരിപഠനത്തിന് ചേരണമെന്നാണ് അവളുടെ ആഗ്രഹം. മഞ്ജുവാരിയറാണ് നൃത്തത്തിൽ അവളുടെ റോൾ മോഡൽ. അമ്പലപ്പുഴ ക്ഷേത്രത്തിൽ എത്തിയപ്പോൾ മഞ്ജു അവതരിപ്പിച്ച ആലോകയേ ശ്രീ ബാലകൃഷ്ണം സഖി എന്നു തുടങ്ങുന്ന കുച്ചിപ്പുടിയാണ് സ്കൂൾ കലോത്സവത്തിലും മീനു അവതരിപ്പിച്ചത്. ഒരാൾക്കു കൂടി നന്ദി പറയണം, ഞങ്ങളുടെ സാഹചര്യം മനസിലാക്കി മീനൂട്ടിയെ സൗജന്യമായി ഡാൻസ് പഠിപ്പിച്ച ഡോ. കലാമണ്ഡലം വിജയകുമാരി ടീച്ചറിനോട് ഒരായുഷ്ക്കാലം ഞങ്ങളുടെ കടപ്പാട് ഉണ്ടാകും.
ആഗ്രഹിച്ച ലക്ഷ്യം നേടും വരെ അവൾക്കൊപ്പം നിഴലായി ഞാനുണ്ടാകും. അതു കഴിഞ്ഞ് പാതിയിൽ അറ്റുപോയ ഈ ജീവിതത്തെ നേരെയാക്കാൻ എന്തെങ്കിലും ജോലിക്ക് ഇറങ്ങണം. വേണുവേട്ടന്റെ അമ്മ ചെല്ലമ്മയുടെ പെൻഷൻ കാശിൽ നിന്നാണ് ഇപ്പോൾ ജീവിതം മുന്നോട്ടു പോകുന്നത്. ജീവിതമല്ലേ... ജീവിച്ചു തീർത്തല്ലേ പറ്റൂ.– അഞ്ജന പറഞ്ഞു നിർത്തി.