‘അടിമത്തത്തിന് എതിരെ സ്ത്രീയുടെ ഉജ്ജ്വല പോരാട്ടം’; സംഘനൃത്തത്തിന് ഒന്നാം സമ്മാനവുമായി പുതുപ്പള്ളി റോട്ടറി ക്ലബിലെ അമ്മമാരും കുട്ടികളും
റോട്ടറി ഇന്റര്‍നാഷണല്‍ 3211 ഫയര്‍ മത്സരങ്ങളില്‍ സംഘ നൃത്തത്തിന് ഒന്നാം സമ്മാനം നേടി പുതുപ്പള്ളി റോട്ടറി ക്ലബ്. തിരുവനന്തപുരം ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് മത്സരങ്ങള്‍ നടന്നത്. അടിമത്തത്തിന് എതിരെയുള്ള സ്ത്രീയുടെ ഉജ്ജ്വല പോരാട്ടമാണ് മനോഹരമായ നൃത്ത ചുവടുകളോടെ പുതുപ്പള്ളി റോട്ടറി ക്ലബ്ബിലെ അമ്മമാരും കുട്ടികളും ചേര്‍ന്ന് അവതരിപ്പിച്ചത്.
കുട്ടികളും മുതിര്‍ന്നവരും അടങ്ങിയ ഏഴംഗ ടീമാണ് നൃത്തം അവതരിപ്പിച്ചത്. സ്ത്രീശാക്തീകരണം പ്രമേയമായുള്ള നൃത്തം ചിട്ടപ്പെടുത്തിയത് നൃത്താധ്യാപകരായ സ്മിത കൃഷ്ണനും മകൾ ഹർഷ എസ് നായരും ചേര്‍ന്നാണ്.
തിരുവല്ല ടൈറ്റസ് സെക്കന്റ് ടീച്ചേർസ് കോളജ് അസിസ്റ്റന്റ് പ്രൊഫസറായ ഡോ. സുരമ്യ മത്തായി, ശ്രീജ പ്രദീപ്, സൂസൻ രാജഗോപാൽ, ഹിമ ദീപു, മയാഖ സാറാ സജി, വൃന്ദ പ്രദീപ്, നന്ദിത ആൻ ഫിലിപ്പ് എന്നിവരടങ്ങുന്ന ടീമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
വിജയിച്ച ടീമിന് 50,000 രൂപയും എവര്‍ റോളിങ് ട്രോഫികളും സമ്മാനമായി ലഭിച്ചു. ഈ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് പുതുപ്പള്ളി റോട്ടറി ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.