‘അപ്പനു മണ്ണുമാന്തി യന്ത്രം ഉള്ളതുകൊണ്ട് കുട്ടിക്കാലത്തേ അതുകണ്ടാണ് വളർന്നത്’; ഓഫ്റോഡ് ഡ്രൈവിങ്ങിലെ പുലിക്കുട്ടി റിയ ബിനോ പറയുന്നു
‘‘അപ്പനു മണ്ണുമാന്തിയന്ത്രം ഒക്കെ ഉള്ളതുകൊണ്ട് കുട്ടിക്കാലത്തേ അതൊക്കെ കണ്ടാണു വളർന്നത്. തീരെ ചെറുപ്പത്തിലേ ഡ്രൈവിങ് പഠിച്ചു. ഓഫ്റോഡ് ഡ്രൈവിങ്ങിലേക്കെത്താൻ അതും കാരണമായി’’ റിയ ബിനോ പറയുന്നു.
‘‘പാലായ്ക്ക് അടുത്തു കിഴതടിയൂരിൽ ചീരാങ്കുഴി എ ന്നു വിളിപ്പേരുള്ള അനേകം വീടുകളുണ്ട്. അതിലൊന്നാണു ഞങ്ങളുടേത്. നിലമ്പൂരിലായിരുന്നു കുടുംബം. എന്റെ അപ്പാപ്പൻ ജോസഫ് മാത്യുവിന് അവിടെ റബർതോട്ടം ഉണ്ടായിരുന്നു. അപ്പാപ്പനു മൂന്ന് ആൺമക്കൾ. അതിൽ രണ്ടാമത്തെ ആളാണ് എന്റെ അപ്പൻ ബിനോ ജോസ്.
നിലമ്പൂരിലെ റബർതോട്ടത്തിലെ സ്ഥിരം യാത്രക്കാർ എന്റെ അപ്പനും അപ്പന്റെ അനുജൻ ജോസ് ജെയുമായിരുന്നു. അങ്ങോട്ടെക്കെത്താൻ നാട്ടിലെ പോലുള്ള വഴികളൊന്നുമില്ല. ഓഫ് റോഡിന്റെ ചേട്ടനായിട്ടും വരും അവർ പോകുന്ന വഴികൾ.
ഒരിക്കൽ പാലായിൽ ഓഫ്റോഡ് ഡ്രൈവിങ് മത്സരം നടക്കുന്നതറിഞ്ഞ് ചുമ്മാ കാണാൻ പോയതാണ്. അവിടെ ചെന്നപ്പോൾ അപ്പനൊരു മോഹം, മത്സരിച്ചാലോന്ന്. അങ്ങനെ ഇറങ്ങി. റെക്കോർഡ് സമയം കുറിച്ച് കപ്പും കൊണ്ട് വീട്ടിലേക്കു പോന്നു. 2005 ലാണ് ഈ സംഭവം. പിന്നെ, അവർക്കതു ഹരമായി. എവിടെ മത്സരം ഉണ്ടെങ്കിലും അവിടെയുണ്ടാകും അപ്പനും പേരപ്പനും. ഗോവയിൽ വച്ചു നടന്ന റെയ്ൻ ഫോറസ്റ്റ് ചാലഞ്ചിൽ വരെ രണ്ടുപേരും പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തിട്ടുണ്ട്.
മുൻപ് ഓഫ്റോഡ് ഡ്രൈവിങ്ങിനു പെൺകുട്ടികൾ കുറവായിരുന്നു. പക്ഷേ, ഇന്നതു മാറി. മത്സരയിനത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കാറ്റഗറിയുണ്ട്. പിന്നെ പെട്രോൾ, ഡീസൽ കാറ്റഗറികൾ വേറെ.
വണ്ടികളുടെ വ്യത്യാസം അനുസരിച്ചും വ്യത്യസ്ത കാറ്റഗറി മത്സരങ്ങൾ നടക്കാറുണ്ട്. ബിഗിനേഴ്സ് ക്ലാസ്, എ ക്സ്പെർട്ടേഴ്സ് ക്ലാസ് എന്നിങ്ങനെയാണവ. പെരൂമ്പാവൂരിൽ വച്ച് ഈയടുത്തു നടന്ന ഒരു മത്സരത്തിൽ എനിക്കു രണ്ടു ട്രോഫികൾ കിട്ടി. കേരളത്തിനകത്തും പുറത്തും മത്സരങ്ങൾ നടക്കാറുണ്ട്. ഞാനിതു വരെ കേരളത്തിനു പുറത്തുപോയി മത്സരിച്ചിട്ടില്ല.’’
ടീച്ചർ പറയുന്ന മുൻകരുതലുകൾ
പാലായിലായിരുന്നു എന്റെ വിദ്യാഭ്യാസം. ഡിഗ്രിയും ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സും പൂർത്തിയാക്കി. ഇപ്പോൾ പാലായിലെ ബ്രിട്ടിഷ് കിൻഡർ സ്കൂളിൽ അധ്യാപികയാണ്.
ഓഫ് റോഡ് ഡ്രൈവിങ്ങിന് ഇറങ്ങുന്ന എല്ലാവരും സുരക്ഷയുടെ കാര്യത്തിൽ വേണ്ട മുൻകരുതലുകൾ എടുക്കണം. വാഗമണിൽ ഒരു മത്സരത്തിനിടെ എന്റെ ജീപ്പ് മൂന്നുതവണ കരണം മറിഞ്ഞു. ജീപ്പിൽ സുരക്ഷാസൗകര്യങ്ങളെല്ലാം ഉണ്ടായിരുന്നു. മാത്രമല്ല ഓഫ് ഡ്രൈവിൽ ജീപ്പോടിക്കുന്നവർ പാലിക്കേണ്ട ഏറ്റവും അത്യാവശ്യമുള്ള ഒരുകാര്യമുണ്ട്. കയ്യും തലയും പുറത്തിടരുത് എന്ന നിയമം. അപകടസമയത്ത് അതും കൃത്യമായി പാലിച്ചതുകൊണ്ടു ജീപ്പ് മൂന്നു കരണം മറിഞ്ഞിട്ടും ഒരു പരുക്കും പറ്റാതെ ഞാൻ രക്ഷപ്പെട്ടു.
മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ബന്ധുക്കളുടെയുമൊക്കെ പിന്തുണ എനിക്ക് ഇക്കാര്യത്തിൽ ഉ ണ്ട്. അതൊരു ധൈര്യമാണ്. ഞങ്ങൾ നാലു മക്കളാണ്. ഞാനാണ് ഏറ്റവും മൂത്ത ആൾ. പ്ലസ്ടുക്കാരി റോസ്, പ ത്താംക്ലാസുകാരി റോണ, ഒൻപതാംക്ലാസുകാരൻ റിച്ചു. ഇതിൽ എനിക്കു താഴെയുള്ള രണ്ടു പേർക്കും വണ്ടിയോ ടൊന്നും വലിയ താത്പര്യമില്ലെന്നാണു ഞങ്ങൾ വീട്ടിൽ പറയുന്നത്. അനുജൻ റിച്ചു വാഹനപ്രേമിയാണ്. ലൈസ ൻസ് എടുക്കാനുള്ള പ്രായം ആവാത്തതുകൊണ്ട് അവൻ വണ്ടിയുമായി ഇതുവരെ റോഡിൽ ഇറങ്ങിയിട്ടില്ല. ക്ലാസിലെത്തുമ്പോൾ എൽ.കെ.ജിയിലെയും യുകെജിയിലെയുമൊക്കെ കുട്ടികൾ ചോദിക്കും;
‘മിസേ... ഇങ്ങനെ ജീപ്പോടിച്ചാൽ പേടിയാവില്ലേ?’
ഹേയ്.... എന്നാത്തിനാ പേടിക്കുന്നേ.... ഓഫ്റോഡ് ഡ്രൈവിങ് ഒരു വെല്ലുവിളിയാണ്. അതിനെ മറികടക്കുമ്പോൾ നമുക്കു കൂടുതൽ ആത്മവിശ്വാസം കിട്ടും.’’