‘അവളുടെ ചിത്രങ്ങൾ പതിഞ്ഞത് എന്റെ കണ്ണുകളിൽ...’ ലാലേട്ടൻ സ്റ്റൈൽ പ്രണയം പറഞ്ഞ് ഖലീഫും ശാമിലിയും A Love Story Born from Friendship and Photography
റജിസ്ട്രേഷൻ കഴിഞ്ഞപ്പോഴാണ് മോഡൽ ഉണ്ടെങ്കിലേ സംഗതി നടക്കൂ എന്നു മനസ്സിലായത്. അങ്ങനെ അന്വേഷിച്ചൊടുവിൽ ഒരാളെ കിട്ടി. ആ കുട്ടിയാണ് ഈ കുട്ടി...
റജിസ്ട്രേഷൻ കഴിഞ്ഞപ്പോഴാണ് മോഡൽ ഉണ്ടെങ്കിലേ സംഗതി നടക്കൂ എന്നു മനസ്സിലായത്. അങ്ങനെ അന്വേഷിച്ചൊടുവിൽ ഒരാളെ കിട്ടി. ആ കുട്ടിയാണ് ഈ കുട്ടി...
റജിസ്ട്രേഷൻ കഴിഞ്ഞപ്പോഴാണ് മോഡൽ ഉണ്ടെങ്കിലേ സംഗതി നടക്കൂ എന്നു മനസ്സിലായത്. അങ്ങനെ അന്വേഷിച്ചൊടുവിൽ ഒരാളെ കിട്ടി. ആ കുട്ടിയാണ് ഈ കുട്ടി...
‘‘അവളുടെ ചിത്രങ്ങൾ എന്റെ ക്യാമറയിലല്ല പതിഞ്ഞത്, എന്റെ കണ്ണുകളിൽ...’’ ചിത്രം എന്ന പ്രിയദർശൻ സിനിമയിലെ വാചകം കടമെടുത്തുകൊണ്ടാണു ഖലീഫ് സംസാരിച്ചു തുടങ്ങിയത്. 15 വർഷം നീണ്ട പ്രണയകാലത്തിന്റെ തുടക്കം ഫൊട്ടോഗ്രഫിയിലൂടെ ആരംഭിച്ച സൗഹൃദത്തിൽ നിന്നാണ്.
പ്രണയത്തിന്റെയും വിവാഹത്തിന്റെയും കഥ പറയാനിരിക്കുമ്പോൾ ഖലീഫിനും ശാമിലിക്കുമൊപ്പം തിരുവനന്തപുരത്തെ വീട്ടിൽ കുഞ്ഞ് ഈവയുമുണ്ട്.
‘‘തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളജിൽ മൂന്നു ദിവസം നീളുന്ന കോളജ് ഫെസ്റ്റ് നടക്കുന്നു. ഫെസ്റ്റിലേക്ക് ആദ്യമായൊരു എൻട്രി ഇടുന്നത് എജെ കോളജിലെ മാസ് കമ്മ്യൂണിക്കേഷൻ പഠനകാലത്താണ്. ഫെസ്റ്റ് ആയിരുന്നു പ്രഥമലക്ഷ്യമെങ്കിലും ഫൊട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കണം എന്നൊരു പ്ലാനും ഉണ്ടായിരുന്നു.
റജിസ്ട്രേഷൻ കഴിഞ്ഞപ്പോഴാണ് മോഡൽ ഉണ്ടെങ്കിലേ സംഗതി നടക്കൂ എന്നു മനസ്സിലായത്. അങ്ങനെ അന്വേഷിച്ചൊടുവിൽ ഗ്രേസ്ഫുൾ ആയ ഒരാളെ കിട്ടി. ആ കുട്ടിയാണ് ഈ കുട്ടി’’ ശാമിലിയെ നോക്കി ഖലീഫ് ചിരിയോടെ പറയുന്നു.
‘‘ ഞാനന്ന് ഇവാനിയോസിൽ ബിഎസ്‌സി മാത്തമാറ്റിക്സ് വിദ്യാർഥിയാണ്. ഖലീഫിന്റെ ആറ്റിറ്റ്യൂഡ് എന്നെ ഇംപ്രസ് ചെയ്തു. പോസിറ്റിവിറ്റി ഫീൽ ചെയ്യുന്ന ചിരിയും സംസാരവും.’’ ശാമിലി പറഞ്ഞു.
‘‘രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോഴേക്കും ഞ ങ്ങൾ ഫെയ്സ്ബുക് ഫ്രണ്ട്സായി. പിന്നെയതൊരു നല്ല സൗഹൃദമായി വളർന്നു.’’ ഖലീഫ് ചിരിച്ചു.
നൂറ് എസ്എംഎസും ഞങ്ങളും
‘‘ഇന്നത്തെപോലെ അൺലിമിറ്റഡ് കോൾസോ 5ജി നെറ്റോ ഒന്നുമില്ലല്ലോ അന്ന്. മെസഞ്ചറിൽ ഒരു ‘ഹായ്’ സെൻഡ് ആകാൻ തന്നെ കാത്തിരിക്കണം. പക്ഷേ, 100 എസ്എംഎസ് ദിവസവും ഫ്രീ കിട്ടുന്ന പ്ലാൻ ഉണ്ടായിരുന്നു. അതിൽ ഒന്നു പോലും ഞങ്ങൾ പാഴാക്കിയില്ല.
2012 നവംബർ 12ന് ഖലീഫ് എന്നെ പ്രൊപോസ് ചെയ്തു. മതം ഞങ്ങൾക്കിടയിൽ മതിലുകൾ തീർക്കുമെന്ന് ഉറപ്പായിരുന്നു. വീട്ടുകാർ സ്നേഹത്തോടെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പിന്നെ, കുറച്ചു കാലം ഡെലുലു അവസ്ഥ ആയിരുന്നു. ഉണ്ടോ എന്നു ചോദിച്ചാൽ ഉണ്ട്. ഇല്ലേ എന്നാണ് ചോദ്യമെങ്കിൽ ഇല്ല! പക്ഷേ, രണ്ടു വീട്ടുകാരുടേയും സമ്മതത്തോടെ വേണം വിവാഹം എന്നായിരുന്നു ഞങ്ങളുടെ പ്രാർഥന.’’ ശാമിലിയുടെ കണ്ണുകളിൽ ചിരി പടർന്നു.
‘‘എന്റെ വാപ്പ സലീം കുറച്ചുകൂടി വലിയ സ്ക്രീനിൽ കാര്യങ്ങളെ നോക്കിക്കാണുന്ന ആളാണ്. 2019ൽ ശാമിലിയെ വാപ്പയ്ക്കു പരിചയപ്പെടുത്തി. വിവാഹാലോചനയുമായി ശാമിലിയുടെ വീട്ടിലേക്കു വിളിച്ചതു വാപ്പയാണ്. ഞങ്ങളുടെ തീരുമാനം ഉറച്ചതാണെന്ന ബോധ്യം രണ്ടു വീട്ടുകാർക്കുമുണ്ടായി. ഇതിനിടയിൽ പുറത്തു നിന്നുള്ള സമ്മർദങ്ങൾ ധാരാളമുണ്ടായിരുന്നു.
2020 സെപ്റ്റംബർ 16ന് എല്ലാവരുടേയും അനുഗ്രഹത്തോടെ ഞങ്ങൾ ഒന്നായി. ഇപ്പോഴിതാ അഞ്ചു വർഷം കഴിഞ്ഞു. വാപ്പായുടെ വേർപാട് ബാക്കിയാക്കിയ നോവിൽ നിന്നു കരകയറാൻ താങ്ങായതു ശാമിലിയും മോളുമാണ്. ഞാൻ ബിസിനസുമായി മുന്നോട്ടു പോകുന്നു. ശാമിലി തിരുവനന്തപുരം മുത്തൂറ്റ് മെർക്കന്റൈൽ കോർപ്പറേറ്റ് ഓഫിസിൽ എച്ച്ആർ ആണ്. മകൾ ഈവ ഹേസൽ ചെമ്പക കിന്റർ ഗാർഡനിൽ പഠിക്കുന്നു.’’ ഖലീഫിന്റെ മുഖത്തു നിറഞ്ഞ ചിരി തെളിഞ്ഞു.
‘‘രണ്ടുപേർക്കും പൊതുവായൊരിഷ്ടമുണ്ടെങ്കിൽ അതു യാത്രകളാണ്. നാട്ടിലെ ഒട്ടുമിക്ക സ്പോട്ടുകളും കണ്ടു കഴിഞ്ഞു, ചില വിദേശരാജ്യങ്ങളും. ഇനി മൂന്നാളും ഒരുമിച്ചൊരു വേൾഡ് ടൂറാണ് മനസ്സിൽ.’’ ഈവ മോ ൾടെ കയ്യിലിരുന്ന ഗ്ലോബ് തൊട്ട് ശാമിലി പറയുന്നു. കാര്യമെന്തെന്നു മനസ്സിലായില്ലെങ്കിലും ഞാൻ എപ്പോഴേ റെഡി എന്ന മട്ടിൽ കുഞ്ഞ് ഈവ ചിരിച്ചു. ∙