30000 ചതുരശ്രയടി, അഞ്ചര വർഷത്തെ അദ്ധ്വാനം; മൈ ജി ഷാജിയുടെ സ്വന്തം വീട് myG home appliances owner A.K Shaji’s home
മൈജി എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയുടെ തിരക്ക് ഊഹിക്കാവുന്നതേയുള്ളൂ. വനിത വീടിന്റെ ഷൂട്ട് കഴിഞ്ഞാലുടൻ പാരിസിലേക്ക് യാത്ര തിരിക്കുകയാണ് അടുപ്പക്കാർ സ്നേഹത്തോടെ ഷാജിക്ക എന്നു വിളിക്കുന്ന എ. കെ. ഷാജി. ഷൂട്ടിനിടയിലും സന്ദർശകർ... ഇത്രയും തിരക്കുകളുള്ള ആൾ വീടുപണിയുടെ ഓരോ ചെറിയ കാര്യങ്ങളിൽ വരെ ഇടപ്പെട്ടിരുന്നു എന്നറിയുമ്പോൾ ആരും അദ്ഭുതപ്പെടും. ഈ വീടിനെക്കുറിച്ച്, ഓരോ ഇടങ്ങളെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ടായിരുന്നു. ഇറ്റലി, ചൈന, ടർക്കി എന്നിവിടങ്ങളിൽ നിന്ന് ലൈറ്റും ഫർണിച്ചറും മുതൽ ചെടികൾ വരെ അദ്ദേഹം നേരിട്ടാണ് വാങ്ങിയത്.
ഹൈദരാബാദിൽ പോയി ഒരാഴ്ച താമസിച്ചാണ് ചെടികൾ തിരഞ്ഞെടുത്തത്. ഓരോ ഇടത്തും ഏതു ചെടി എന്നതു വരെ ധാരണയുണ്ടായിരുന്നു. ഒരു കാര്യത്തിനിറങ്ങിയാൽ അതിനെക്കുറിച്ച് പഠിച്ച് നൂറ് ശതമാനം പൂർണതയോടെ പൂർത്തിയാക്കുക എന്നതാണ് തന്റെ രീതിയെന്ന് അദ്ദേഹം പറയുന്നു. ബിസിനസ്സിലെ വിജയം മാത്രമല്ല, ‘മൈജി ഹദീഖ’ എന്ന ഈ വീടും അതിനു സാക്ഷ്യമേകുന്നു.
കോഴിക്കോട് പരപ്പൻപൊയിലില്‍ മൂന്നര ഏക്കറിലാണ് 30000 ചതുരശ്രയടിയുള്ള വീട്. അമ്മയ്ക്കുള്ള സമ്മാനമായാണ് ഷാജി ഈ വീട് പണിതത്. അമർ ആർക്കിടെക്ചർ ആൻഡ് ഡിസൈൻസിലെ ആർക്കിടെക്ട് ഷിജു പരീതാണ് വീട് ഡിസൈൻ ചെയ്തത്. കന്റെംപ്രറി ശൈലിയുള്ള വീട് ഇഷ്ടമാണെങ്കിലും മഴ കൂടുതൽ ലഭിക്കുന്ന പ്രദേശമായതിനാലാണ് നിയോ ക്ലാസ്സിക്കൽ ശൈലി സ്വീകരിച്ചത്. മടുപ്പ് തോന്നാതിരിക്കാൻ പല ഇടങ്ങളിലും പല ശൈലി നൽകി. അഞ്ചര വർഷം കൊണ്ടാണ് വീട് പൂർത്തിയായത്. ഗൃഹപ്രവേശം ആറ് ദിവസം നീണ്ടുനിന്ന ആഘോഷമായിരുന്നു. ഹെലിപ്പാഡ്, ബാഡ്മിന്റൻ കോർട്ട്, 100 പേർക്ക് ഭക്ഷണം ഒരുക്കാവുന്ന അടുക്കള, സോനാ/സ്റ്റീം ബാത്, സ്പാ, സലൂൺ, ആംഫി തിയറ്റർ തുടങ്ങി ഇവിടത്തെ വിസ്മയക്കാഴ്ചകൾ അവസാനിക്കുന്നില്ല.