രതീഷ് പൊതുവാളും ദിവ്യയും ചോദിച്ചു വാങ്ങിയതാണ് ഒന്നാംനിലയിലെ ഫ്ലാറ്റ്. ‘ദക്ഷിണ’ എന്ന പേരിലുണ്ട് അതിനു പിന്നിലെ രഹസ്യം. രതീഷ് അതു വെളിപ്പെടുത്തുന്നു–

‘‘ആൻഡ്രോയിഡ് കുഞ്ഞപ്പനു ശേഷം അടുത്ത സിനിമ സംവിധാനം ചെയ്യാനുള്ള ആലോചന നടക്കുന്നതിനിടയിലാണ് കൊച്ചിയിൽ താമസമാക്കാം എന്നു തീരുമാനിക്കുന്നത്. വീടു വേണോ ഫ്ലാറ്റ് വേണോ എന്ന് കുറേ ആലോചിച്ചു. ഒടുവിൽ ‘വീടുപോലെ ഒരു ഫ്ലാറ്റ്’ മതി എന്നായി. ദിവ്യയ്ക്കായിരുന്നു അന്വേഷണ ചുമതല. ഓടിനടന്ന് കുറേ ഫ്ലാറ്റുകൾ കണ്ടു. കടവന്ത്രയിലെ ഈ ഫ്ലാറ്റ് കണ്ടയുടനേ ദിവ്യ വിളിച്ചു പറഞ്ഞു; ‘നമുക്ക് ഈ ഫ്ലാറ്റ് വാങ്ങാം’.

ADVERTISEMENT

ഗ്രൗണ്ട് ഫ്ലോറിലെ പാർക്കിങ് ഏരിയയ്ക്കു മുകളിലുള്ള അതിവിശാലമായ സ്പേസ് ആണ് ദിവ്യയെ വീഴിച്ചത്. ഫ്ലാറ്റിന് രണ്ടുവശത്തുമായി 1750 സ്ക്വയർഫീറ്റ് സ്ഥലം. ബാൽക്കണിയോ ഓപ്പൺ ടെറസോ ആയി ഇവിടം ഉപയോഗിക്കാം. ഒന്നാംനിലയിലെ രണ്ട് താമസക്കാരിൽ ഒരുകൂട്ടർക്കു മാത്രമേ ഈ സൗകര്യം ലഭിക്കൂ.’’

കഥയുടെ ബാക്കി ദിവ്യ പറയും.

ADVERTISEMENT

‘‘2023 ലാണ്. മകൾക്കന്ന് മൂന്ന് വയസാണ്. അതിനു മുൻപ് മുംബൈയിലെ ഫ്ലാറ്റിലായിരുന്നു ഞങ്ങൾ. മകൾക്ക് ഓടിക്കളിക്കാൻ ആവശ്യത്തിനു സ്ഥലം വേണം എന്നായിരുന്നു മനസ്സിൽ. അതാണ് ഈ ഫ്ലാറ്റ് കണ്ടയുടനെ ഇഷ്ടപ്പെടാൻ കാരണം.’’

‘വരദക്ഷിണ’ എന്നാണ് മകളുടെ പേര്. ഫ്ലാറ്റിന്റെ പേര് മാത്രമല്ല, മുക്കും മൂലയും വരെ രൂപപ്പെട്ടതിന്റെ മുഖ്യ കാരണം ഒന്നേയുള്ളൂ–മകളോടുള്ള സ്നേഹം.’’

ADVERTISEMENT

വീട് പോലെയൊരു ഫ്ലാറ്റ് അല്ല, വീടു തന്നെയാണ് ‘ദക്ഷിണ.’ രതീഷ് പൊതുവാളിലെ ആർട് ഡയറക്ടറും ദിവ്യയിലെ വീട്ടുകാരിയും ഉണർന്നു പ്രവർത്തിച്ചതോടെ ഫ്ലാറ്റ് അടിമുടി മാറി. കൃത്യമായി പറഞ്ഞാൽ ബിൽഡർ കൈമാറിയ രൂപത്തിന്റെ 20 ശതമാനമേ ഇപ്പോഴുള്ളൂ. ബാക്കി 80 ശതമാനവും ഇരുവരും ചേർന്ന് മാറ്റിയെടുത്തു.

ലിവിങ്, ഫാമിലി ലിവിങ്, ബെഡ്റൂം എന്നിവയോട് ചേർന്ന് ‘എൽ’ ആകൃതിയിലായിരുന്നു പാർക്കിങ്ങിനു മുകളിലുള്ള ടെറസ് സ്പേസ്. ലിവിങ് സ്പേസിനും ടെറസിനും ഇടയിലുണ്ടായിരുന്ന ബാൽക്കണി കൂടി മുറിയുടെ ഭാഗമാക്കി ടെറസിനെ ‘ബാൽക്കണി-കം-ഗാർഡൻ സ്പേസ്’ ആയി മാറ്റിയെടുത്തതാണ് സുപ്രധാന മാറ്റം. ലിവിങ്ങിൽ നിന്ന് ഇവിടേക്ക് ഗ്ലാസ് വാതിലുകളും നൽകി. അതോടെ മുറികളുടെ വലുപ്പം കൂടിയെന്നു മാത്രമല്ല, ടെറസ് ഗാർഡനിലെ പൂക്കളും പൂമ്പാറ്റകളുമെല്ലാം വീടിന്റെ കൂടി ഭാഗമായി. ദക്ഷിണയ്ക്ക് ഓടിക്കളിക്കാൻ ഇഷ്ടംപോലെ സ്ഥലവും.

‘ഡെക്ക് ഫ്ലോർ’ രീതിയിൽ നിലമൊരുക്കിയ ടെറസ് സ്പേസിന്റെ അരികിൽ ‘പെർഫറേറ്റഡ് ഷീറ്റ്’ കൊണ്ടുള്ള കൈവരി പിടിപ്പിച്ചതിനാൽ സുരക്ഷയും സ്വകാര്യതയും ഉറപ്പായി. ലിവിങ് സ്പേസിനോട് ചേർന്നുള്ള ഭാഗത്ത് ചെടികളും വള്ളിച്ചെടികളും വരുമ്പോൾ ബെഡ്റൂമിനോടു ചേർന്നയിടത്ത് അടുക്കളത്തോട്ടം തഴച്ചു വളരുന്നു.

നാല് കിടപ്പുമുറികളായിരുന്നു ഫ്ലാറ്റിൽ. ഒരു മുറിയെയും വെറുതെ വിട്ടില്ല! ഗെസ്റ്റ് ബെഡ്റൂമിന്റെ കുറച്ചുഭാഗം മാസ്റ്റർ ബെഡ്റൂമിൽ ചേർത്ത് അവിടെ ‘വോക്ക്-ഇൻ-വാഡ്രോബ്’ ഒരുക്കി. ഒരു കിടപ്പുമുറിയെ സ്റ്റഡി റൂം ആയി പരിവർത്തനപ്പെടുത്തി. അടഞ്ഞ അടുക്കളയെ ‘സെമി ഓപ്പൺ’ ആക്കി ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഉൾപ്പെടുത്തി. അതിഥികളില്ലാത്തപ്പോൾ ഇവിടമാണ് ഭക്ഷണമേശ.

‘യൂട്ടിലിറ്റി’യിൽ നിന്നാണ് വീടിന്റെ സ്റ്റൈൽ രൂപപ്പെട്ടതെന്ന് രതീഷ് പറയുന്നു, ‘‘ഏതു ശൈലിയിലാണ് ഇന്റീരിയർ എന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരം നൽകാൻ കഴിഞ്ഞെന്നു വരില്ല. ഓരോന്ന് രൂപപ്പെട്ടതിനു പിന്നിലും ഒരു കാരണമുണ്ട്.’’

കോമൺ ഏരിയയിലെ സിമന്റ് ടൈൽ വിരിച്ച നിലം ഇതിനുദാഹരണമായി രതീഷ് ചൂണ്ടിക്കാട്ടുന്നു. ആദ്യം ഇവിടെ ബെയ്ജ് നിറത്തിലുള്ള വിട്രിഫൈഡ് ടൈൽ ആയിരുന്നു. നിലത്ത് കിടന്ന് ടിവി കാണുകയും വായിക്കുകയും ഒക്കെ ചെയ്യുന്ന ശീലമുള്ള ആളാണ് രതീഷ്. മാത്രമല്ല, വീട്ടിലേക്കു കയറുമ്പോൾ ഊഷ്മളമായ അന്തരീക്ഷം സമ്മാനിക്കാൻ വിട്രിഫൈഡ് ടൈൽ നിലത്തിനാകില്ല എന്നൊരു തോന്നലും. അതുകാരണമാണ് കസ്റ്റമൈസ്‍‍‍ഡ് ഡിസൈനിലുള്ള സിമന്റ് ടൈൽ വീട്ടിലിടം പിടിച്ചത്. കിടപ്പുമുറികളിൽ ടൈൽ മാറ്റി വുഡൻ പാനൽ വിരിച്ചു.

മകൾ ഭിത്തിയിൽ കുത്തിവരയ്ക്കുന്നതിന് എന്താണ് പ്രതിവിധി എന്ന അന്വേഷണമാണ് രണ്ട് നിരയായി പെയിന്റടിച്ച് അതിൽ താഴത്തെ നിരയിൽ ‘സ്റ്റൂക്കോ പെയിന്റ്’ (Stucco Paint) നൽകാം എന്ന തീരുമാനത്തിലെത്തിയത്. സ്മൂത് ഫിനിഷിലുള്ള ഈ പെയിന്റിൽ അഴുക്കോ മഷിയോ പുരണ്ടാൽ കഴുകി വൃത്തിയാക്കാം.

ചുമരിനും സീലിങ്ങിനും ‘ഫ്ലീ ഫ്ലോയിങ്’ ഡിസൈൻ നൽകിയതിനു പിന്നിലെ ‘യൂട്ടിലിറ്റി ആംഗിൾ’ ഇങ്ങനെÐ അഗ്രം കൂർത്ത പ്രതലങ്ങളോട് അൽപം ഭയമുള്ള കൂട്ടത്തിലാണ് രതീഷ്. ചുമരിന്റെയും സീലിങ്ങിന്റെയും അരികുകളെല്ലാം പ്ലാസ്റ്റർ ഓഫ് പാരിസ് ഉപയോഗിച്ച് ഉരുട്ടിയെടുത്ത് ഈ പ്രശ്നം പരിഹരിച്ചു. ഇന്റീരിയറിന് അതൊരു നല്ല സ്റ്റൈലുമായി.

പാലുകാച്ചലിന് ക്ഷണിച്ചവരോട് രതീഷും ദിവ്യയും ഒരു കാര്യം കൂടി ആവശ്യപ്പെട്ടിരുന്നു. ‘സമ്മാനം നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ ഒരു പൂച്ചെടി അല്ലെങ്കിൽ വൃക്ഷത്തൈ മാത്രം കൊണ്ടുവരിക!’ വന്നവരിൽ ഭൂരിഭാഗവും അതുപാലിച്ചു. ആ സ്നേഹസമ്മാനങ്ങൾ ദക്ഷിണയ്ക്കു ചുറ്റും പൂവിടുന്നു.

ചിത്രങ്ങൾ: ഹരികൃഷ്ണൻ

ADVERTISEMENT