ഏഴ് സെന്റ് സ്ഥലം. പ്ലോട്ടിന് ഏഴ് മീറ്റർ മാത്രം വീതി... നല്ലൊരു ഡിസൈനിൽ വീടു വയ്ക്കാൻ പരിമിതികൾ പലതായിരുന്നു. ട്രെഡീഷണൽ ശൈലിയിലുള്ള വീടുവേണം എന്ന വീട്ടുകാരൻ പ്രമോദിന്റെ ആഗ്രഹത്തിനു വിഘാതമായി നിന്നതും ഇതേ പ്രശ്നങ്ങൾ തന്നെ. കേരള ട്രെഡീഷണൽ ശൈലി സാധിച്ചില്ലെങ്കിലും വീട്ടുകാർ ആഗ്രഹിക്കുന്ന വിധത്തിൽ ഓടിനും തടിക്കും പ്രാമുഖ്യം നൽകി വീട് ഡിസൈൻ ചെയ്തും നിർമിച്ചും കൊടുത്തത് കാസർകോടുള്ള എൻജിനീയർ സി. കൃഷ്ണനുണ്ണിയാണ്.

Sit out and Foyer

റോഡ് തന്ന എലിവേഷൻ

Living Area
ADVERTISEMENT

വിദേശ മലയാളികളായ പ്രമോദും ശ്രീജയും പരമ്പരാഗത ഡിസൈനിനെ സ്നേഹിക്കുന്നതുപോലെത്തന്നെ മോഡേൺ ജീവിതരീതി പിൻതുടരുന്നവരുമാണ്. അച്ഛനമ്മമാർ മാത്രമാണ് വീട്ടിലെ സ്ഥിരതാമസക്കാർ എന്നതിനാൽ മെയിന്റനൻസ് കുറഞ്ഞ ഡിസൈൻ തിരഞ്ഞെടുക്കുകയായിരുന്നു.

ഏഴ് മീറ്റർ വീതിയാണെന്നു മാത്രമല്ല, പ്രധാന റോഡ് കൂടാതെ പ്ലോട്ടിന്റെ വലതുവശത്ത് ഒരു സൈഡ് റോഡും ഉണ്ട്. സിറ്റ്ഔട്ടിൽ കൂടുതൽ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന വീട്ടുകാർക്ക് ഇതു സ്വകാര്യതയുടെ പ്രശ്നം കൂടിയായിരുന്നു. അതുകൊണ്ട് സിറ്റ്ഔട്ടിന് ഇരുവശത്തും നൽകിയ ചരിഞ്ഞ ഭിത്തി കാഴ്ചയ്ക്കു ഭംഗി മാത്രമല്ല നൽകുന്നത്, സ്വകാര്യത കൂടിയാണ്.

ADVERTISEMENT

പൂജാമുറിയിലേക്കാണ് ഇവിടത്തെ പ്രധാനവാതിൽ തുറക്കുന്നത് എന്ന പ്രത്യേകതയുണ്ട്. വാസ്തുവനുസരിച്ചാണ് പ്ലാൻ വരച്ചിരിക്കുന്നത് എന്നതിനാൽ അടുക്കളയും വീടിന്റെ മുൻവശത്താണ്. കിഴക്കോട്ട് ദർശനമായ വീടിന്റെ വർക്ഏരിയയിലൂടെ നോക്കിയാൽ ഗേറ്റിലും മുറ്റത്തും വരുന്നവരെ പെട്ടെന്നു കാണാം. വീട്ടിലെ പബ്ലിക് സ്പേസുകളായ ലിവിങ് ഡൈനിങ് ഏരിയകൾ വീടിനു മുൻവശത്തും കിടപ്പുമുറികൾ പിന്നിലും ക്രമീകരിച്ചു.

വീതി കുറവാണെങ്കിലും

Dining Area
ADVERTISEMENT

പ്ലോട്ടിനും വീടിനും വീതി കുറവായത് അകത്തളത്തിൽ പ്രതിഫലിക്കരുത് എന്നതായിരുന്നു ഡിസൈൻ ടീമിന്റെ ആഗ്രഹം. മുറികളുടെ ഉയരം കൂട്ടുന്നത് ‘വോള്യം’ (volume) കൂടുതൽ തോന്നിക്കാൻ സഹായിക്കും. ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും ഉൾപ്പെടുന്ന ഹാൾ ഡബിൾഹൈറ്റിൽ നൽകിയത് ഇതിനു സഹായകരമായി. ഫോർമൽ ലിവിങ് ഏരിയ ഒഴിവാക്കി, ലിവിങ് ഡൈനിങ് ഏരിയകൾ ഒരുമിച്ചു നൽകി. ഡൈനിങ്ങിനു പിറകിൽ ഒരു കോർട്‌യാർഡും ക്രമീകരിച്ചു. ഏറ്റവും ലളിതമായ രീതിയിൽ നിർമിച്ച ഈ കോർട്‌യാർഡിൽ ഭാവിയിൽ വീട്ടുകാർ നാട്ടിൽ സ്ഥിരതാമസമാക്കുമ്പോൾ കൂടുതൽ ചെടികൾ ക്രമീകരിച്ച് പച്ചപ്പ് കൂട്ടാം.

മെലിഞ്ഞ ഗോവണി

Sleek Staircase

ഏറ്റവും അത്യാവശ്യസാധനങ്ങൾ മാത്രം ഉപയോഗിച്ചാണ് അകത്തളം ക്രമീകരിച്ചിരിക്കുന്നത്. ഫർണിച്ചറിന്റെ എണ്ണത്തിലും ഡിസൈനിലുമെല്ലാം മിനിമലിസം പ്രാവർത്തികമാക്കി.

പകൽ വെളിച്ചം വേണ്ടുവോളം കിട്ടുന്ന വിധത്തിൽ ധാരാളം ജനലുകളും ഗോവണിയുടെയും കോർട്‌‌യാർഡിന്റെയും മുകളിൽ സൺലിറ്റുകളും നിർമിച്ചു. കോർട്‌യാർഡിനോടു ചേർന്ന ഭിത്തിയിൽ ജാളിയാണ് പ്ലാൻ ചെയ്തിരുന്നതെങ്കിലും പിന്നീടുള്ള പരിചരണം എളുപ്പമല്ലാത്തതിനാൽ ഗ്ലാസ് ബ്രിക്ക് സ്ഥാപിക്കുകയാണ് ചെയ്തത്.

നിലം തൊടാതെ ഫ്ലോട്ടിങ് രീതിയിൽ, ഏറ്റവും മെലിഞ്ഞ ഗോവണിയാണ് ഈ അകത്തളത്തിലേക്കു തിരഞ്ഞെടുത്തത്. മെറ്റൽ ഫ്രെയിമിൽ തടിപ്പലകയിട്ടു നിർമിച്ച ഗോവണിയുടെ മെറ്റൽ കൊണ്ടുള്ള കൈവരികൾ സീലിങ് വരെയെത്തുന്നു. വളരെ ചെറിയ സ്ഥലം മാത്രമെടുത്തു നിർമിച്ച ഗോവണിയുടെ അടിവശം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.

Bedroom

നാല് കിടപ്പുമുറികളാണ് ഈ വീട്ടിൽ. താഴെയും മുകളിലും രണ്ട് വീതം. താഴെ മാസ്റ്റർ ബെഡ്റൂമും അച്ഛനമ്മമാരുടെ കിടപ്പുമുറിയും. മുകളിലാണ് കുട്ടികളുടെ മുറികൾ. മുകളിലെ മുറികൾക്ക് ബാൽക്കണി വേണം എന്ന് വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. കിടപ്പുമുറികൾ നാലും ഏറ്റവും ലളിതമായി ക്രമീകരിച്ചു.

ഓടും തേക്കും

Kitchen

ട്രെഡീഷണൽ വീടുകളെ ഇഷ്ടപ്പെടുന്ന വീട്ടുകാരന്റെ താൽപര്യപ്രകാരം തടിയും ഓടും വളരെയധികം ഉപയോഗിച്ചിട്ടുണ്ട്. ജനലും വാതിലുമെല്ലാം തേക്കാണ്. ടെറാക്കോട്ട ഓടുകൊണ്ടാണ് മേൽക്കൂര മേഞ്ഞത്. അകത്തുനിന്നു നോക്കിയാലും ഓടുകാണണം എന്നുണ്ടായതിനാൽ അകത്ത് സീലിങ് ഓടും വിരിച്ചു.

മുന്നിലേക്കും വശങ്ങളിലേക്കും രണ്ടായാണ് മേൽക്കൂര ചെയ്തത്. ഈ രണ്ട് കൂരകൾക്കിടയിലെ ചെറിയ ഏരിയ മാത്രം കോൺക്രീറ്റ് ചെയ്ത്, പുറത്തുനിന്ന് കാണാത്ത വിധത്തിലാണ് വാട്ടർടാങ്ക് സ്ഥാപിച്ചിരിക്കുന്നത്.

PROJECT FACTS:

Area: 3200 sqft

Owner: പ്രമോദ് & ശ്രീജ

Location: പയ്യന്നൂർ, കണ്ണൂർ

Design: Krishnanunni. C, Greenfern Studio, കാസർകോട്

Email: info@greenfern.co.in

ചിത്രങ്ങൾ:വിഷ്ണു വി. നാഥ് ഫൊട്ടോഗ്രഫി

Maximizing Space with Clever Design:

Narrow plot house designs are challenging, but achievable with creative architecture. This 7-cent Kerala house showcases how to build a beautiful traditional-style home on a narrow plot.

ADVERTISEMENT