ടെക്നോപാർക്കിൽ ഉദ്യോഗസ്ഥരായ കിരണിനും പവിത്രയ്ക്കും അപാർട്മെന്റിനേക്കാൾ ഇഷ്ടം വീടിനോടായിരുന്നു. എന്നാൽ വീട്ടിൽ അപാർട്മെന്റിന്റേതായ ആധുനിക സൗകര്യങ്ങളെല്ലാം വേണം താനും. തിരുവനന്തപുരം എസ്ഡിസി ആർക്കിടെക്ട്സിലെ എൻജിനീയറും ഡിസൈനറുമായ എൻ. രാധാകൃഷ്ണനെ അവർ സമീപിക്കുന്നത് ഈ ആവശ്യവുമായാണ്. നാല് സെന്റിൽ 1660 ചതുരശ്രയടിയിൽ വീട്ടുകാരുടെ ഇഷ്ടത്തിനൊത്ത വീടു തന്നെ അദ്ദേഹം നിർമിച്ചുനൽകി.
തിരുവനന്തപുരം ചെറുവയ്ക്കലിലെ പുനർജ്യോതി എന്ന ഈ വീട്ടിൽ ന്യൂജെൻ കുടുംബത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഓരോ ഇഞ്ചും കാര്യക്ഷമമായി വിനിയോഗിച്ച, സ്ഥല നഷ്ടം ഒട്ടുമില്ലാതെയുള്ള പ്ലാൻ തന്നെയാണ് പ്രധാന ആകർഷണം.

റോഡ് ലെവലിൽ നിന്നും ഉയർന്ന പ്ലോട്ടാണ്. കാർപോർച്ച് മാത്രം റോഡ് ലെവലിൽ നൽകി ബാക്കി ഇടങ്ങൾ പ്ലോട്ടിന്റെ സ്വാഭാവിക ഘടനയ്ക്കനുസരിച്ച് രൂപകൽപന ചെയ്തു. ജിെഎ ഫ്രെയിമിൽ ഷീറ്റ് ഇട്ട് നിർമിച്ച പോർച്ചിന് കാൽസ്യം സിലിക്കേറ്റ് ബോർഡ് കൊണ്ട് ഫോൾസ് സീലിങ്ങും നൽകി.

പ്ലോട്ടിന്റെ പരിമിതി പോർച്ചിന് തടസ്സമാകാത്ത വിധം മൂലകൾ ഉൾപ്പെടുത്തി ഫോൾഡബിൾ/സ്ലൈഡിങ് ഗെയ്റ്റ് നൽകി. രണ്ട് വശങ്ങളിലേക്കും തുറക്കാവുന്ന ഗെയ്റ്റിന് ഭാരം കുറയ്ക്കാനായി മെഷ് നൽകി. മതിലിലെ ജാളി ഡിസൈൻ വെയിലിനെ പ്രതിരോധിക്കുന്നതിനൊപ്പം വീടിന് സ്വകാര്യതയും നൽകുന്നു.
എലിവേഷനിലെ ബോക്സ് പ്രൊജക്ഷനിൽ വുഡൻ ഫിനിഷുള്ള ടൈൽ ക്ലാഡ് ചെയ്ത് ഹൈലൈറ്റ് ചെയ്തു. രണ്ട് ബാൽക്കണികളും വലിയ ജനാലകളും പുറംകാഴ്ചയ്ക്ക് ഭംഗിയേകുന്നു. ലാൻഡ്സ്കേപ്പിലേക്കും സിറ്റ്ഔട്ടിലേക്കും പ്രത്യേകം പടികൾ നൽകിയിട്ടുണ്ട്. ഇതു കാരണം പ്ലോട്ടിന്റെ ഉയരവ്യത്യാസം അറിയുന്നില്ല.

ഫോയറിനോടു ചേർന്ന് കോർട്യാർഡ് ക്രമീകരിച്ചു. ജൂട്ട് ഫിനിഷിലുള്ള അക്വാമറൈൻ സോഫയും ഗ്രേ, വെള്ള നിറങ്ങളിലെ മുഴുനീളൻ കർട്ടനും ലിവിങ്ങിന് അഴകേകുന്നു. പ്ലൈവുഡിൽ സിഎൻസി കട്ടിങ് ചെയ്ത് പൂജാ സ്പേസും സജ്ജീകരിച്ചു. ലിവിങ്, ഡൈനിങ് ഏരിയകളെ തമ്മിൽ വേർതിരിക്കാൻ പ്ലൈവുഡ് വെനീർ കൊണ്ടുള്ള പാർട്ടീഷൻ നൽകി. ഇത് ക്യൂരിയോ ഷെൽഫ് ആയും ഉപയോഗിക്കാം.

ലിവിങ്ങിൽ നിന്ന് പുറത്തെ സീറ്റിങ് സ്പേസിലേക്കിറങ്ങാൻ വലിയ സ്ലൈഡിങ് ഗ്ലാസ് വാതിലുകൾ നൽകിയിട്ടുണ്ട്. ഡൈനിങ്ങിനെയും അടുക്കളയെയും വേർതിരിക്കുന്നത് ബ്രേക്ഫാസ്റ്റ് കൗണ്ടർ ആണ്. സ്ലേറ്റ് സ്റ്റോൺ കൊണ്ട് ക്ലാഡിങ് ചെയ്ത് ബ്രേക്ഫാസ്റ്റ് കൗണ്ടർ ആകർഷകമാക്കി.

ഗ്രേ, വെള്ള നിറങ്ങളിൽ ഒരുക്കിയ അടുക്കളയിലെ കൗണ്ടർടോപ് നാനോവൈറ്റ് കൊണ്ടാണ്. പ്ലൈവുഡ് കൊണ്ടാണ് കിച്ചൻ കാബിനറ്റ്. വലിയ ജനാലകൾ അടുക്കളയ്ക്ക് അഴകേകുന്നു. വാഷ് ഏരിയയോടു ചേർന്ന ഭിത്തിയിൽ വോൾ പേപ്പർ ഒട്ടിച്ച് ഭംഗിയാക്കി. വുഡൻ പാനലിങ്ങും ഹാങ്ങിങ് ലൈറ്റും വാഷ് ഏരിയയുടെ മാറ്റ് കൂട്ടുന്നു.

താഴെ ഒന്ന്, മുകളിൽ രണ്ട് എന്നിങ്ങനെയാണ് കിടപ്പുമുറികൾ. കാറ്റും വെളിച്ചവും നിറയെ ലഭിക്കും രീതിയിൽ വിശാലമായ ജനാലകൾ നൽകിയാണ് മുറികൾ ക്രമീകരിച്ചത്. കിടപ്പുമുറികളിൽ ബേ വിൻഡോ നൽകിയിട്ടുണ്ട്. ഒരു കിടപ്പുമുറിയിൽ വലിയ ടിവിയും റിക്ലൈനർ സോഫയും നൽകി ചെറിയ രീതിയിൽ ഹോം തിയറ്ററാക്കി മാറ്റി.

തടിയും ഗ്ലാസ്സും ചേർന്നുള്ള ഗോവണിയുടെ ചുമരിന് സ്ലേറ്റ് സ്റ്റോണും സാൻഡ് സ്റ്റോണും കൊണ്ട് ക്ലാഡിങ് ചെയ്തു. അതിൽ പെയിന്റിങ് വച്ച് കൂടുതൽ ആകർഷകമാക്കി.
രണ്ട് നിലകൾക്കും ഇടയ്ക്കായി ഒരു സ്പേസ് നൽകിയിട്ടുണ്ട്. െഎടി ഉദ്യോഗസ്ഥരായ വീട്ടുകാരുടെ വർക് സ്പേസ് ആണിത്.
ഡിസൈൻ: എൻ. രാധാകൃഷ്ണൻ, എസ്ഡിസി ആർക്കിടെക്ട്സ്, തിരുവനന്തപുരം, ഫോൺ: 94472 06623, nrks2003@gmail.com