Wednesday 24 April 2019 05:06 PM IST : By സ്വന്തം ലേഖകൻ

പകിട്ടിന് കുറവില്ല, പൈസയും വസൂൽ; പത്ത് സെന്റിൽ പണിതുയർത്ത സ്വപ്നവീട്

dh

എറണാകുളം ചേരാനല്ലൂരുള്ള പത്ത് സെന്റിൽ വീട് എന്ന സ്വപ്നം പടുത്തുയർത്തിയ കഥ പറയുന്നു ഡോ. തോമസ് രഞ്ജിത്ത്

എല്ലാവർക്കും കാണും വീട് എന്ന സ്വപ്നം. എന്റെ കാര്യത്തിൽ അതിനു പ്രാധാന്യം കൂടുതലായിരുന്നു. സ്കൂൾ കാലം മുതലേ നോട്ട്ബുക്കുകളുടെ പിറകിൽ വീടിന്റെ പ്ലാൻ വരയ്ക്കൽ എന്റെ ഹോബിയായിരുന്നു. പക്ഷേ, ഭാവിയിൽ ആരാകണമെന്ന ചോദ്യത്തിന് ഒരേയൊരുത്തരമേ ഉണ്ടായിരുന്നുള്ളൂ– ഡോക്ടർ. വീട് വരയ്ക്കാനും വയ്ക്കാനും വേറെ പഠിക്കണമെന്ന് ആ പ്രായത്തിൽ എനിക്കറിയില്ലായിരുന്നു.

വീട് എന്ന സങ്കൽപത്തിൽ എന്നെ ഏറ്റവുമധികം സ്വാധീനിച്ചത് ചെറുപ്പത്തിൽ താമസിച്ചിരുന്ന കമ്പനി ബംഗ്ലാവുകളായിരുന്നു.

പിജിക്കു പഠിക്കുമ്പോൾ ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ എതിർവശത്തുള്ള പ്ലോട്ടിൽ ഒരു വീട് പണിയാൻ തുടങ്ങി. മെഡിക്കൽ ജേർണലുകളേക്കാൾ ഹോം മാഗസിനുകളാണ് അക്കാലത്ത് വായിച്ചിരുന്നത്. അതുകൊണ്ടുതന്നെ, ആ തറയ്ക്കു യോജിക്കുന്ന പ്ലാൻ വരയ്ക്കലായിരുന്നു അക്കാലത്തെ ഹോബി. ആ വീടിന്റെ തറ പണി കഴിഞ്ഞപ്പോൾ ഡാഡിയുടെ അനുജൻ അതു വാങ്ങി. ഞാൻ വരച്ച പ്ലാനുകളിലൊന്ന് അനുസരിച്ചാണ് ആ വീട് പൂർത്തിയാക്കിയത്. ബന്ധുക്കളും സുഹൃത്തുക്കളും പ്ലാനുകളടങ്ങിയ സിഡികളും പുസ്തകങ്ങളും സമ്മാനിക്കുന്നതുവരെയായി വീട് പ്രേമം.

പഠനം കഴിഞ്ഞ് ജോലിക്കു കയറിയത് കൊച്ചിയിൽ. പല സ്ഥലങ്ങളും പോയിക്കണ്ടെങ്കിലും ഇഷ്ടപ്പെട്ടത് ചേരാനല്ലൂരിലെ പത്ത് സെന്റ്. സ്ഥലം വാങ്ങിയെങ്കിലും വീടുവയ്ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചില്ല. കാരണം, മനസ്സിലെ വീട് പത്ത് സെന്റിൽ ഒതുങ്ങില്ല. മാത്രമല്ല, ഭാര്യ മിനുവിന്റെ വീടിനെക്കുറിച്ചുള്ള സങ്കൽപങ്ങൾ തികച്ചും വ്യത്യസ്തവും. ആയിടെ ഒരു വില്ല പ്രോജക്ട് കാണാൻ പോയി. അതിന്റെ സൗകര്യങ്ങളും സ്ഥലവും വിലയും തട്ടിച്ചു നോക്കിയപ്പോൾ ഒരു കാര്യം മനസ്സിലായി. പത്ത് സെന്റിൽ നല്ല വീട് വയ്ക്കാനാകും. ഒരാഴ്ച കൊണ്ട് പ്ലാൻ മാറ്റിവരച്ചു. പിന്നെ ഭാര്യയും ഞാനും ഒരുമിച്ചിരുന്ന് സമവായത്തിലെത്തി. സാധാരണ വീടു വയ്ക്കുമ്പോഴത്തെ ചടങ്ങുകളെല്ലാം വേണം– ഞാൻ സമ്മതിച്ചു. വീട്ടിൽ കൺസൽറ്റേഷൻ റൂം വേണ്ട– ഡോക്ടറായ ഭാര്യയും സമ്മതിച്ചു. തടികൊണ്ടുള്ള ഫർണിച്ചറിന് തടിയുടെ തന്നെ ഫിനിഷ്– ഞാൻ സമ്മതിച്ചു. ജനലുകളും വാതിലുകളും വെള്ള– ഭാര്യ സമ്മതിച്ചു. ഒടുവിൽ വീടിന്റെ തീം തീരുമാനമായി... ബ്രൗൺ ആൻഡ് വൈറ്റ്.

പിറ്റേ ആഴ്ച നിർമാണരംഗത്തുള്ള എന്റെ കസിന്റെ നിർദേശപ്രകാരം സിവിൽ എൻജിനീയറായ രാകേഷും ഇന്റീരിയർ ഡിസൈനറായ ജിനേഷും കാണാനെത്തി. വീടിന്റെ പ്ലാൻ ചെത്തിമിനുക്കി 3000 ചതുരശ്രയടിക്കു താഴെയെത്തിച്ചു അവർ.

സിവിൽ ജോലികൾ ആരംഭിച്ചപ്പോൾ ദിവസത്തിൽ ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും വർക് സൈറ്റ് സന്ദർശിച്ചിരുന്നു. പണിയുമ്പോൾ വരുത്തേണ്ട ചില മാറ്റങ്ങൾ മുൻകൂട്ടിക്കണ്ട് പറഞ്ഞുകൊടുക്കാൻ പറ്റി. എലിവേഷനെക്കുറിച്ച് ധാരണയുണ്ടായിരുന്നെങ്കിലും കൃത്യമായ തീരുമാനത്തിലെത്തിയിരുന്നില്ല. അവസാനദിവസമാണ് എക്സ്റ്റീരിയർ ഇപ്പോൾ കാണുന്ന രീതിയിലേക്കു മാറ്റിയത്. ഒന്നാംനിലയിൽ പണിത പാരപ്പെറ്റിന്റെ ഒരു വരിയൊഴികെ പണിതതൊന്നും പൊളിച്ചുമാറ്റേണ്ടിവന്നില്ല. ഇതിനിടയിൽ നേരത്തേ കണ്ടുവച്ച സാധനങ്ങൾ ഓരോന്നായി വാങ്ങി. മാർബിൾ, ഗ്രാനൈറ്റ്, ഷിംഗിൾസ്, കല്ലുകൾ ഇവയെല്ലാം ബ്രൗൺ ഷേഡിലുള്ളതുതന്നെ വാങ്ങി.

വീടിന്റെ സ്ട്രക്ചർ കഴിഞ്ഞതോടെ കൂട്ടപ്പൊരിച്ചിൽ ആരംഭിച്ചു. ഫ്ലോറിങ്, വയറിങ്, പ്ലമിങ് എല്ലാം ഏറെക്കുറേ ഒരേസമയത്തുതന്നെ നടക്കുന്നു. വൈകാതെ പെയിന്റിങ്ങും ട്രസ്സ് വർക്കും ആരംഭിച്ചു. ഇതേസമയം കുഷനുകളുടെയും ബെഡ്സ്പ്രെഡുകളുടെയും പണി വീട്ടിൽ മമ്മിയും തുടങ്ങിക്കഴിഞ്ഞിരുന്നു. നാട്ടിൽ മരപ്പണി തീർത്ത് തയാറാക്കിയിട്ടിരുന്നു. പണിയുടെ വേഗം കൂട്ടാൻ മരപ്പണിയും പോളിഷ്–പെയിന്റിങ് പണികളും രണ്ടാക്കിത്തിരിച്ചു.

അതിനിടയിൽ ഒന്ന് ബെംഗളൂരുവിൽ പോകേണ്ടിവന്നു. വീടിന്റെ അളവുകളെല്ലാം മനഃപാഠമായിരുന്നു. അതുകൊണ്ടുതന്നെ ചിക്പേട്ടിൽപോയി കർട്ടൻ തുണികളും ലാംപ്ഷേഡുകളും വാങ്ങി. ഇതേ സാധനങ്ങളിൽ ചിലത് മൂന്നിരട്ടിയിലധികം വില കൊടുത്ത് ഇവിടെനിന്നും വാങ്ങേണ്ടിവന്നപ്പോൾ സങ്കടം തോന്നി.

ജനുവരി 28നായിരുന്നു വീട് കൂദാശ. എന്നാൽ അപ്പോഴും പണി പൂർത്തിയായിരുന്നില്ല. അന്ന് കണ്ടവർ പണി തീരാൻ മൂന്ന് മാസമെങ്കിലുമെടുക്കുമെന്നാണ് വിധിച്ചത്. മുന്നിൽ രണ്ട് വഴികളുണ്ടായിരുന്നു. ഒന്നുകിൽ സമാധാനപരമായി പണികൾ തീർക്കുക. അല്ലെങ്കിൽ മുഴുവൻ സമയം പണിയെടുത്ത് നേരത്തേ തീരുമാനിച്ച ഫെബ്രുവരി 11ന് സൽക്കാരം നടത്തി താമസം തുടങ്ങുക. രണ്ടാമത്തെ മാർഗമാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. സൽക്കാരത്തലേന്ന് വന്നവർ വാ പൊളിച്ചു നിന്നു. ചിലർ തുറന്നുചോദിച്ചു,‘‘ നാളെത്തന്നെയാണോ പരിപാടി?’’

ഹൗസ് വാമിങ് ദിവസം വൈകിട്ട് അഞ്ച് മണിവരെ വാതിലിന്റെ പോളിഷിങ് നടന്നു. ലാൻഡ്സ്കേപിങ് ഉൾപ്പെടെ എല്ലാ പണികളും തീർത്ത് വൈകിട്ട് ആറുമണിയോടെ ഞങ്ങൾ അതിഥികളെ വരവേറ്റു. വീടു കണ്ട ചിലർ പറഞ്ഞു: നിങ്ങൾ ഡോക്ടർ ആല്ല ആർക്കിടെക്ട് ആകേണ്ടയാളാണ്. ■