Thursday 22 April 2021 04:05 PM IST : By സ്വന്തം ലേഖകൻ

ആദ്യ കാഴ്ചയിൽ തന്നെ ഹൃദയം കീഴടക്കും, പ്ലോട്ടിനനുസരിച്ച് ഡിസൈൻ ചെയ്ത അഞ്ച് കിടപ്പുമുറി വീട്

shahid 1

തൃശൂർ നാട്ടികയിലുള്ള റഷീദ് പുതുശ്ശേരിക്ക് വേണ്ടി അഞ്ച് കിടപ്പുമുറികളുള്ള വീടിന് പ്ലാൻ തയാറാക്കുമ്പോൾ ആർ‌ക്കിടെക്ട് ഷാഹിദിനു മുന്നിലെ വെല്ലുവിളി പ്ലോട്ടിന്റെ ആകൃതിയായിരുന്നു. പിന്നിലേക്കു നീണ്ടുകിടക്കുന്ന പ്ലോട്ടിൽ, അതേ ആകൃതിയിൽ എക്സ്റ്റീരിയറിനു പ്രാധാന്യം നൽകി പ്ലാൻ വരയ്ക്കാൻ കഴിഞ്ഞത് ആർക്കിടെക്ടിന്റെ വിജയമാണ്. സിറ്റ്ഔട്ടും സ്വീകരണമുറിയുമായി ബന്ധിപ്പിക്കുന്നത് L ആകൃതിയുള്ള വരാന്തയായത് കൗതുകമായി. വീടിനുള്ളിലെ സ്വകാര്യത നഷ്ടപ്പെടാതിരിക്കാനും പച്ചപ്പുകൂട്ടാനും ഈ വരാന്തയും അതോടു ചേർന്ന കോർട്‌യാർഡും സഹായിക്കും.

shahid 4

ഫോർമൽ ലിവിങ് റൂം, കിടപ്പുമുറി, ഡൈനിങ് ഏരിയ തുടങ്ങിയ മുറികളിലേക്കു പ്രവേശിക്കാൻ ഒരു ഫോയറുണ്ട്. ലക്ഷ്വറിക്കു പ്രധാന്യം നൽകിയാണ് സ്വീകരണമുറിയൊരുക്കിയത്. വെള്ള ഗ്ലാസ് പാളികൾ ക്ലാഡ് ചെയ്ത ഭിത്തിയും വെളുത്ത നിറമുള്ള ഫർണിച്ചറും സ്വർണനിറമുള്ള പ്രകാശവുമെല്ലാം മുറിക്ക് രാജകീയ പ്രൗഢിയേകുന്നു. ഫോയറിനോടു ചേർന്നും ഗോവണിയുടെ ചുവട്ടിലും ഓരോ കോർട്‌യാർഡ് നിർമിച്ചിട്ടുണ്ട്. ഫാമിലി ലിവിങ്ങും ഡൈനിങ്ങും പരസ്പരം തുറന്നിരിക്കുന്നു.

shahid 3

അടുക്കള യൂണിറ്റ് അൽപം വലുതാണ്. ഡൈനിങ്ങിലേക്കു തുറന്നിരിക്കുന്ന പ്രധാന കിച്ചൻ, പാൻട്രിയുടെ ധർമമാണ് നിറവേറ്റുന്നത്. ഗ്ലാസ് ടൈൽ കൊണ്ടുള്ള സ്പ്ലാഷ് ബാക്ക് ഈ അടുക്കളയ്ക്ക് പ്രത്യേക അനുഭൂതിയേകുന്നു. വർക്കിങ് കിച്ചനും സ്റ്റോറും വർക്ഏരിയയുമെല്ലാം പിന്നിലുണ്ട്.

shahid 5

രാജകീയമായ ഫർണിച്ചറും ലൈറ്റിങ്ങുമാണ് ഈ വീടിന്റെ എടുത്തുപറയേണ്ട ഘടകം. എല്ലാം ഇറക്കുമതി ചെയ്തതുതന്നെ. ഫർണിച്ചർ ചിലത് ചൈനയിൽനിന്നും ചിലത് ദുബായിൽനിന്നും വാങ്ങി. കിടപ്പുമുറികളിൽ ഉപയോഗിച്ച ഫ്ലോർ ടൈലും റൂഫ് ടൈലും ചൈനയിൽനിന്നു വാങ്ങി. പൊതുവായി ഉപയോഗിക്കുന്ന മുറികളിലെല്ലാം ഇറ്റാലിയൻ മാർബിൾകൊണ്ടാണ് ഫ്ലോറിങ്.

shahid 7

കിടപ്പുമുറികൾ ഓരോന്നും ഓരോ തീമിലാണ്. സ്യൂട്ട് റൂമിന്റെ ശൈലിയിലാണ് മാസ്റ്റർബെഡ്റൂം. സിറ്റിങ് ഏരിയയും ഡ്രസിങ് ഏരിയയുമെല്ലാം പ്രത്യേകം ക്രമീകരിച്ചിരിക്കുന്നു. ബാത്റൂമിനോടു ചേർന്ന് കോർട്‌യാർഡുമുണ്ട്. ഈ മുറിയിൽനിന്ന് പാഷ്യോയിലേക്കു കടക്കാം.

shahid 6

മകളുടെ കിടപ്പുമുറിക്ക് വളരെയധികം പ്രശംസ കിട്ടിയെന്ന് റഷീദ് പറയുന്നു. പ്രത്യേകം സിറ്റിങ് ഏരിയ ക്രമീകരിച്ച ഈ മുറി വെള്ള മഞ്ഞ തീമിലാണ്. കിടപ്പുമുറികളെല്ലാം യൂറോപ്യൻ ശൈലിയിലാണ് ക്രമീകരിച്ചത്. കോമൺ ഏരിയകളിൽ നിന്നെല്ലാം പുറത്തേക്ക് വാതിലും പാഷ്യോകളും നിർമിച്ച് അകത്തളത്തെ പ്രകൃതിയുമായി ബന്ധപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.

shahid 2

മുകളിൽ ലിവിങ് ഏരിയയ്ക്കു പകരം ഇടനാഴികളാണ് മുറികളെ തമ്മിൽ കൂട്ടിയിണക്കുന്നത്. കിടപ്പുമുറികളിൽ ആവശ്യമായ സ്വകാര്യത ലഭിക്കുമെന്നതാണ് ഇടനാഴിയുടെ മെച്ചം. ഹോംതിയറ്ററും മുകളിൽതന്നെയാണ്. കാറ്റും വെളിച്ചവും നന്നായി കയറിയിറങ്ങുന്ന വീടാകണം എന്ന വീട്ടുകാരുടെ ആഗ്രഹവും ആർക്കിടെക്ട് സാധിച്ചുകൊടുത്തു.

shahid 8

ഡിസൈൻ : ഷാഹിദ് നാസർ

പേപ്പർ ഷാഡോ

തൃശൂർ

shahidnassar@gmail.com

Tags:
  • Vanitha Veedu