Wednesday 23 February 2022 02:10 PM IST : By സ്വന്തം ലേഖകൻ

മൂന്ന് സെന്റിൽ വീട്, വീടിനുള്ളിൽ കിണർ; അനുസിതാരയുടെ വീടിന്റെ എൻജിനീയറുടെ പുതിയ പ്രോജക്ട് ഇങ്ങനെ...

1

ഏഴര മീറ്റർ മാത്രം റോഡ് ഫ്രണ്ടേജ് ഉള്ള മൂന്ന് സെന്റ്. കുടുംബവീടിന് തൊട്ടടുത്തായതിനാലാണ് ഇവിടെത്തന്നെ വീടു വയ്ക്കാം എന്ന് വിഷ്ണുവും ഭാര്യ ആനിസും തീരുമാനിച്ചത്. അടുത്തെവിടെയെങ്കിലും സ്ഥലം വാങ്ങി വീടു വയ്ക്കാം എന്നു വിചാരിച്ചാൽ തൊട്ടാൽ പൊളളുന്ന വില കാരണം നടക്കില്ല. കോവളം ബീച്ചിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരമേയുള്ളു ഇവിടേക്ക്.

മൂന്ന് സെന്റിൽ നല്ല വീട് പണിയാനാകുമോ എന്ന് ഇരുവർക്കും ആശങ്കയുണ്ടായിരുന്നു. വിഷ്ണുവിന്റെ ബന്ധുവും, സിനിമാതാരം അനു സിതാരയുടേതടക്കം നിരവധി വീടുകൾ ഡിസൈൻ ചെയ്ത എൻജിനീയറുമായ കൃഷ്ണപ്രസാദാണ് ധൈര്യം നൽകിയത്.

3

‘ചെറിയ സ്ഥലമാണെങ്കിലും ആവശ്യത്തിന് കാറ്റും വെളിച്ചവുമൊക്കെ കടക്കുന്ന രീതിയിലാകണം വീട്. മുറികൾ തീരെ ഇടുങ്ങിപ്പോകരുത്. എണ്ണം കുറഞ്ഞാലും മുറികൾക്ക് സാമാന്യം വലുപ്പം വേണം’ ഇതായിരുന്നു വീട്ടുകാരുടെ പ്രധാന ഡിമാൻഡ്.

തറവാടിനോട് ചേർന്ന ഭാഗത്ത്, സ്ഥലം ഒട്ടും ഒഴിച്ചിടാതെ അതിരിനോട് തൊട്ടുചേർന്ന് ചുമര് വരുന്ന രീതിയിലാണ് കൃഷ്ണപ്രസാദ് വീടിനു സ്ഥാനം കണ്ടത്. അവരുടെ പ്രത്യേക അനുമതിയോടെയായിരുന്നു ഇത്. എതിർവശത്ത് നിയമപ്രകാരമുള്ള ഒരു മീറ്റർ തന്നെ ഒഴിച്ചിട്ടു.

വീടിനു പിൻഭാഗത്ത് രണ്ട് മീറ്റർ വീതിയിൽ സ്ഥലം ഒഴിച്ചിട്ടു. എഴുപത് വർഷത്തിലധികം പഴക്കമുള്ള, വറ്റാത്ത കിണർ ഇവിടെയുണ്ടായിരുന്നു. ഇതു നിലനിർത്തണം എന്ന് വീട്ടുകാർക്ക് ആഗ്രഹമുണ്ടായിരുന്നു. സാങ്കേതികമായി വീടിനുള്ളിലും എന്നാൽ, വീടിനു വെളിയിലുമായി വരുന്ന രീതിയിൽ പ്ലാൻ ഒരുക്കി കൃഷ്ണകുമാർ കിണറിനെ വീടിനോടും വീട്ടുകാരോടും ചേർത്തുനിർത്തി. വർക്ഏരിയയുടെ ഒരു വശത്താണ് കിണർ. ഈ ഭാഗത്ത് താഴത്തെ നിലയിൽ തറയും ചുമരുകളും ഒഴിവാക്കി പില്ലറിനു മുകളിലായാണ് രണ്ടാംനില വരുന്നത്. ചുരുക്കത്തിൽ രണ്ടാംനിലയിലെ കിടപ്പുമുറിക്ക് നേരെ താഴെയായാണ് കിണർ.

2

മൂന്ന് മീറ്റർ ഒഴിച്ചിട്ടതിനാൽ മുൻവശത്ത് അത്യാവശ്യം വലുപ്പമുള്ള മുറ്റം ലഭിച്ചു. രണ്ടുവശത്തേക്കും നിരക്കി നീക്കാവുന്ന രീതിയിലുള്ള സ്ലൈഡിങ് ഗെയ്റ്റ് നൽകിയതിനാൽ സ്ഥലം പാഴാകുന്നില്ല. ഗെയ്റ്റ് തുറന്നാൽ മുറ്റം പൂർണമായി പ്രയോജനപ്പെടുത്താം. രണ്ട് കാറിന് ഇവിടെ പാർക്ക് ചെയ്യാനാ

ചെറിയ സ്ഥലത്തിന് ഇണങ്ങുന്ന രീതിയിൽ ബോക്സ് ടൈപ്പ് ഡിസൈനിലാണ് വീടിന്റെ എക്സ്റ്റീരിയർ. വെള്ള, ഗ്രേ നിറങ്ങൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. അനാവശ്യ നിറങ്ങളും അലങ്കാരങ്ങളൊന്നുമില്ലാത്ത ‘സൗമ്യഭാവം’ തെളിയുന്ന എക്സ്റ്റീരിയർ വീടിന്റെ പ്രകൃതത്തിന് നന്നായി ഇണങ്ങും.

സ്ഥലപരിമിതി കാരണം കാർപോർച്ച് ഒഴിവാക്കിയാണ് വീടൊരുക്കിയത്. ലിവിങ്, ഓപൻ പാൻട്രി, വർക്ഏരിയ, കിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിലുള്ളത്. ഫാമിലി ലിവിങ്, രണ്ട് കിടപ്പുമുറി, രണ്ട് ബാൽക്കണി എന്നിവ രണ്ടാംനിലയിൽ വരുന്നു.

4

വൈറ്റ്, ഗ്രേ,ബ്രൗൺ നിറങ്ങൾ മാത്രം ഉൾപ്പെടുന്ന സ്കാൻഡിനേവിയൻ ശൈലിയിലാണ് ഇന്റീരിയർ. ഇതോടൊപ്പം ഡബിൾ ഹൈറ്റിലുള്ള ലിവിങ്, ഡൈനിങ് ഏരിയ കൂടി വരുമ്പോൾ വീടിന് നല്ല വലുപ്പം തോന്നിക്കും. കാറ്റും വെളിച്ചവും കയറാനായി എല്ലാ മുറികളിലും പതിവിൽ കൂടുതൽ ജനാലകൾ നൽകിയിട്ടുണ്ട്. ഭിത്തി മുഴുവൻ നിറയുന്ന ജനാലകളുള്ള ലിവിങ് സ്പേസാണ് വീട്ടുകാരുടെ പ്രിയമാം ഇടം.