Monday 07 June 2021 04:38 PM IST : By സ്വന്തം ലേഖകൻ

10 സെന്റ്, 1420 സ്‍ക്വയർഫീറ്റ്, 18 ലക്ഷം, ഇത് കാറ്റും വെളിച്ചവും കഥ പറയുന്ന വീട്

low cost 1

ജീവിച്ച മണ്ണും നാടും വിട്ട് നഗരത്തിലേക്ക് കുടിയേറാൻ മടിച്ച മാതാപിതാക്കൾക്ക് ഡിസൈനറായ മകന്റെ സ്നേഹോപഹാരമാണ് ഈ വീട്. വീട്ടുകാർക്കു മാത്രമല്ല, നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു ഇതിനു മുൻപ് ഇവിടെ ഉണ്ടായിരുന്ന ഓലമേഞ്ഞ തറവാട്. 80 വർഷത്തിലേറെയായിരുന്നു പഴക്കം. അതു പൊളിച്ച ശേഷമാണ് പുതിയ വീടിന്റെ പണി ആരംഭിച്ചത്. അതിനാൽത്തന്നെ, കാലാവസ്ഥയ്ക്കും ചുറ്റുപാടിനും ഇണങ്ങുന്നതും ചെലവ് കുറഞ്ഞതുമായ രീതിയിൽ പുതിയ വീടൊരുക്കുക എന്നതിനായിരുന്നു മുഖ്യ പരിഗണന.

low cost 7

ശ്രദ്ധ പിടിച്ചുപറ്റാൻ മത്സരിക്കാതെ പ്രകൃതിയിൽ ലയിച്ചു നിൽക്കുന്ന രീതിയിലാണ് വീടിന്റെ രൂപഘടന. സിമന്റ് ഫിനിഷിലുള്ള സീലിങ്ങും കളിമൺ ടൈൽ പതിപ്പിച്ച ചുമരും ആദ്യമേ തന്നെ വീടിന്റെ വ്യക്തിത്വം വിളിച്ചു പറയും. മരം മുറിക്കാതെയും മുറ്റം മുഴുവൻ ടൈൽ വിരിക്കാതെയും ഒരുക്കിയ ട്രോപ്പിക്കൽ സ്റ്റൈൽ ലാൻഡ്സ്കേപ്പും വീടിന്റെ പ്രകൃതത്തോട് നന്നായി ഇണങ്ങുന്നു.

low cost 5

ലളിതമാണ് വീട്ടകം. സിറ്റ്ഔട്ട് കടന്നാൽ വലിയൊരു ഹാൾ. സ്വീകരണമുറിയും ഡൈനിങ് സ്പേസും അടുക്കളയുടെ പാതിയും അതിലുൾപ്പെടുന്നു. ഹാളിന്റെ ഇരുവശത്തുമായി രണ്ട് കിടപ്പുമുറിയാണ് താഴത്തെ നിലയിലുള്ളത്. പൊതുവായ തറനിരപ്പിൽ നിന്ന് രണ്ട് അടിയോളം താഴ്ന്നാണ് ഇതിലൊരു കിടപ്പുമുറി. ഇതിനു മുകളിൽ വീടിന്റെ ‘മിഡ് ലെവലിൽ’ വരുംവിധമാണ് ഫാമിലി ലിവിങ് സ്പേസ്. അവിടെ നിന്ന് രണ്ടാംനിലയിലെ കിടപ്പുമുറിയിലേക്കെത്താം. രണ്ടാംനിലയുടെ മുൻഭാഗത്ത് ബാൽക്കണിയും പിന്നിൽ ഓപൻ ടെറസുമുണ്ട്.

low cost 3

ആഡംബരം ഒരിടത്തുപോലും ഇല്ല എങ്കിലും മനോഹരമാണ് ഇന്റീരിയർ. വിശാലമായ ഇടങ്ങളും പ്രകൃതിയുടെ ആശ്ലേഷവും ഉള്ളിലെത്തുന്നവരുടെ മനസ്സ് ശാന്തമാക്കും. വീടിനു നടുവിൽ ഹാളിനോടു ചേർന്നുള്ള നീളൻ കോർട്‌യാർഡ് ആണ് ഇന്റീരിയറിന്റെ മുഖച്ഛായ മാറ്റുന്ന പ്രധാന ഘടകം. ഇലച്ചെടികളും ചെറിയ മരവുമൊക്കെയുള്ള കോർട്‌യാർഡിന്റെ രണ്ട് അറ്റങ്ങളിലായി പൂജാ സ്പേസും സ്റ്റെയർകെയ്സും വരുന്നു. നടുവിലൂടെയാണ് ഒരു കിടപ്പുമുറിയിലേക്കുള്ള വഴി. വാഷ്ഏരിയയുടെ സ്ഥാനവും കോർട്‌‌യാർഡിലാണ്.

low cost 2

താഴത്തെ നിലയിൽ രണ്ടും മുകളിൽ ഒന്നുമായി മൂന്ന് കിടപ്പുമുറികളാണ് വീട്ടിലുളളത്. 1420 ചതുരശ്രയടിയുള്ള വീടിന് ചെലവായത് 18 ലക്ഷം രൂപ മാത്രം. ചെലവ് ചുരുക്കൽ എന്നാൽ സൗകര്യങ്ങളിലോ ഗുണനിലവാരത്തിലോ വിട്ടുവീഴ്ച ചെയ്യലല്ല എന്നതിന് തെളിവാണ് ഈ വീട്ടിലെ ഓരോ കാഴ്ചയും.

low cost 6

കോളം–ബീം എന്നിവയോടുകൂടി ‘ഫ്രെയിം സ്ട്രക്ചർ’ രീതിയിലാണ് വീട് പണിതത്. കോൺക്രീറ്റ് കട്ടകൊണ്ടാണ് ചുമരുകൾ. സീലിങ്ങിൽ ഒരിടത്തുപോലും സിമന്റ് പ്ലാസ്റ്റർ ചെയ്തിട്ടില്ല. ലിന്റലിന് മുകളിലായി ചുറ്റോടുചുറ്റ് നൽകിയിട്ടുള്ള ഹുരുഡീസ് ജാളി വീടിനുള്ളിൽ കാറ്റും വെളിച്ചവും എത്തിക്കുന്നു. നടുവിൽ ഫിക്സഡ് ഗ്ലാസും ഇരുവശവും തുറക്കാവുന്ന പാളികളും വരുന്ന വിധത്തിലുള്ള ജനാലകൾ ചെലവ് കുറച്ചതിനൊപ്പം ചുറ്റിലുമുള്ള സുന്ദരദൃശ്യങ്ങൾ ആസ്വദിക്കാനും അവസരമൊരുക്കുന്നു. ഏതു കോണിൽ നിന്നു നോക്കിയാലും മിഴിവുറ്റ കാഴ്ചയാണ് മകന്റെ ഈ സ്നേഹസമ്മാനം. 

low cost 4

എൻ. രാധാകൃഷ്ണൻ,

എസ്ഡിസി ആർക്കിടെക്ട്സ്, മരുതംകുഴി,

തിരുവനന്തപുരം. nrks2003@gmail.com

Tags:
  • Vanitha Veedu