വെറും നാല് ചുവരുകളല്ല, പകരം ശാന്തമായിട്ട് ഉറങ്ങാൻ പറ്റുന്ന ഇടമാകണം വീട്,’’ പ്രിയ അഭിനേത്രി മഞ്ജു പിള്ള പറയുന്നു. മഞ്ജുവിന്റെ തിരുവനന്തപുരം കഴക്കൂട്ടത്തെ ഫ്ലാറ്റ് ലളിതമാണ്, അതേസമയം എല്ലാ സൗകര്യങ്ങളും ഉണ്ടുതാനും. കോണ്ടൂർ സൈബർ ഗാർഡൻസിൽ അഞ്ചാം നിലയിലെ ഏകദേശം 1900 ചതുരശ്രയടിയുള്ള ഫ്ലാറ്റാണ് മഞ്ജു സ്വന്തമാക്കിയത്.

ലിവിങ് ഏരിയയുടെ ഭാഗമായ, സ്ലൈഡിങ് വാതിൽ കൊണ്ട് വേർതിരിക്കാവുന്ന ബാൽക്കണി സ്പേസ് ആണ് അകത്തളത്തിന്റെ പ്രധാന ആകർഷണം. പ്രധാന വാതിൽ തുറന്ന് അകത്തേക്ക് ആദ്യമായി കയറിയപ്പോൾ കണ്ട ഈ ബാൽക്കണിയാണ് ഫ്ലാറ്റ് സ്വന്തമാക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്ന് മഞ്ജു പറയുന്നു. ‘‘ ബാൽക്കണി എങ്ങനെ വ്യത്യസ്തമാക്കാം എന്നതായിരുന്നു പ്രധാന ചിന്ത. വ്യത്യസ്തമായ ക്ലാഡിങ്ങിനു വേണ്ടി തിരഞ്ഞെത്തിയത് ടൈൽ കൊണ്ടുള്ള ഈ ബുദ്ധനിലാണ്, ’’ മഞ്ജു പറയുന്നു.

ഇന്റീരിയർ എങ്ങനെ വേണമെന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട് മഞ്ജുവിന്. കോണ്ടൂർ ഗാർഡൻസിലെ ഡിസൈനർമാരായ മീരയുടെയും ധന്യയുടെയും സഹായത്തോടെയാണ് ഇന്റീരിയർ പൂർത്തീകരിച്ചത്. മഞ്ജുവിന്റെ യാത്രാ സംഘത്തിലെ സുഹൃത്തുക്കളും ഇന്റീരിയർ ക്രമീകരിക്കാൻ വേണ്ട പിൻതുണയേകി. ‘‘ ഓരോ യാത്രയിലും ഫ്ലാറ്റിന്റെ ഓരോ കോർണറിലേക്കും ചേരുന്ന സാധനങ്ങൾ തിരയാറുണ്ടായിരുന്നു. അങ്ങനെ കണ്ടെത്തി തൃപ്തിയായതാണ് ഇവിടത്തെ ഓരോ ഐറ്റവും,’’ ആ തിരച്ചിലുകൾ ഇനിയും തീർന്നിട്ടില്ല എന്നാണ് മഞ്ജു പറയുന്നത്.

വിശാലമായ സ്പേസിനാണ് മഞ്ജു പ്രാധാന്യം നൽകുന്നത്. അതുകൊണ്ടുതന്നെ അലങ്കാരവസ്തുക്കളോ ഫർണിച്ചറോ അമിതമാകേണ്ട എന്നു തീരുമാനിച്ചു. സ്വീകരണമുറിയിൽ അത്യാവശ്യം ഫർണിച്ചർ മാത്രമേയുള്ളൂ.

അപ്ഹോൾസ്റ്ററി കുറഞ്ഞ തടി സോഫയാണ് ആദ്യം സ്വീകരണമുറിയിലേക്ക് തിരഞ്ഞെടുത്തത്. ഇഷ്ടപ്പട്ട ഡിസൈൻ കൊടുത്ത് പണിയിച്ചതായിരുന്നു ആ സോഫ സെറ്റ്. ‘‘എന്നാൽ അച്ഛനും അമ്മയും ഫ്ലാറ്റിൽ വന്നപ്പോൾ അതിലെ ഇരിപ്പ് പ്രായമായവർക്ക് അത്ര സുഖകരമല്ല എന്ന് തിരിച്ചറിഞ്ഞു. അങ്ങനെ കുറച്ചുകൂടി മാർദ്ദവമുള്ള പ്രതലത്തോടു കൂടിയ സോഫ തിരഞ്ഞെടുത്തു.’’
ബെയ്ജും തടിയുടെ നിറവുമാണ് ഇന്റീരിയറിന്റെ അടിസ്ഥാനനിറങ്ങൾ. ആകാശത്തെയും കടലിനെയുമെല്ലാം പ്രതിനിധീകരിക്കുന്ന നീലനിറവും മഞ്ജുവിന് പ്രിയങ്കരമാണ്. സോഫയിലും കസേരയിലും സോഫ്ട് ഫർണിഷിങ്ങിലുമെല്ലാം ഈ നീലയുടെ സ്പർശമുണ്ട്.

ഇറ്റലിയിൽ ഡിസൈനിങ്ങിൽ ഉന്നതവിദ്യാഭ്യാസം ചെയ്യുന്ന ദയയുടെ സംഭാവന ഫ്ലാറ്റിന്റെ ഇന്റീരിയറിൽ എത്രമാത്രമുണ്ടെന്നു ചോദിച്ചപ്പോൾ ഇതായിരുന്നു ഉത്തരം. ‘‘ എന്റെ ഇഷ്ടങ്ങൾ അമ്മയ്ക്ക് അറിയാമല്ലോ. അതനുസരിച്ച് ഡിസൈൻ ചെയ്തോളൂ എന്നാണ് അവൾ പറഞ്ഞത്. സാധാരണ പെൺകുട്ടികളുടെ പ്രിയനിറമായ പിങ്ക് അല്ല ദയയുടെ ഇഷ്ടം. നീലയുടെ ഒരു പ്രത്യേക ഷേഡും ബ്രൗണും ഒക്കെയാണ്. അതനുസരിച്ചാണ് അവളുെട മുറി ചെയ്തത്, ’’ ദയയുടെ മുറിയോടു ചേർന്ന് ബാൽക്കണി ഇല്ലാത്തതിനാൽ കബോർഡുകൾക്കിടയിൽ ജനലിനരികെ ഇരിപ്പിടവുമൊരുക്കി. സ്പേസിന്റെ വിശാലത കൂട്ടാൻ എല്ലാ കിടപ്പുമുറികളിലും വലിയ കണ്ണാടികൾ സ്ഥാപിച്ചിട്ടുണ്ട്. മാസ്റ്റർ ബെഡ്റൂമിന്റെ വാഡ്രോബ് ഡോറുകൾ പൂർണമായി മിറർ ആണ്.

ഫ്ലാറ്റിന്റെ അടിസ്ഥാന ഡിസൈനിൽ നിന്ന് വളരെ കുറച്ചു മാറ്റങ്ങളേ വരുത്തിയിട്ടുള്ളൂ. അടുക്കള ഓപ്പൺ ആക്കിയതാണ് അതിൽ പ്രധാനം. ഡൈനിങ് ഏരിയയിലേക്ക് തുറക്കുന്ന വിധത്തിലാക്കി അടുക്കള. ‘‘ ഷൂട്ടിങ് സൈറ്റുകളിൽ നിന്ന് വരുമ്പോൾ മാത്രമേ പാചകത്തിന്റെ ആവശ്യം വരുന്നുള്ളൂ. വീട്ടിലുള്ളപ്പോൾ സ്വയം പാചകം ചെയ്യുന്നതാണ് എനിക്കിഷ്ടം,’’ അടുക്കളയുടെ ഡിസൈനിൽ മഞ്ജുവിന്റെ കരസ്പർശം ഒരുപാടിടത്തുണ്ട്. കബോർഡുകളുടെ ഒലിവ് ഗ്രീന്റെയും വൈറ്റിന്റെയും കോംബിനേഷൻ വീട്ടമ്മയുടെ ഇഷ്ടം തന്നെ.
ഒറ്റയ്ക്ക് ഇരിക്കാൻ ഇഷ്ടമുള്ളയാളാണ് മഞ്ജു. ഓരോ ഒറ്റയ്ക്കിരിക്കലും മെഡിറ്റേഷൻ മോഡിലേക്ക് നയിക്കും. മനസ്സ് ശാന്തമാകും, ശാന്തമായ മനസ്സിലേ സന്തോഷത്തിനു സ്ഥാനമുള്ളൂ. നല്ല അകത്തളം നല്ല ജീവിതത്തിനു വഴികാട്ടിയാകുന്ന സുവർണനാളുകളിലാണ് മഞ്ജു ഇപ്പോൾ.