Thursday 30 July 2020 04:23 PM IST : By സ്വന്തം ലേഖകൻ

വീട്ടുകാരൻ മേൽനോട്ടക്കാരനായാൽ രണ്ടുണ്ട് കാര്യം; ആഗ്രഹിച്ച വീട് ബഡ്ജറ്റിൽ നിർത്തി വടകരക്കാരൻ സഫീർ

home-design-vadakara

ആകാശം മുട്ടുന്ന സ്വപ്നങ്ങളുമായാണ് എല്ലാവരും വീടുപണി തുടങ്ങുക. പക്ഷേ, കിഴിശ്ശേരിയിലെ നാലാം ക്ലാസുകാരൻ മുഹമ്മദ് ഫായിസ് പറഞ്ഞതുപോലെ "ചെലോൽത് ശരിയാവും, ചെലോൽത് ശരിയാവൂല്ല...''. അതാണ് വീടുപണിയുടെ നീതിശാസ്ത്രം. എന്നാൽ, കട്ടയ്ക്ക് കൂടെ നിന്നാൽ വീടുപണി എല്ലാർക്കും ശരിയാവുമെന്നാണ് വടകര ആയഞ്ചേരി സ്വദേശി ഒ.കെ. സഫീറിന് പറയാനുള്ളത്. സ്വന്തം വീടു തന്നെ അതിനു തെളിവ്.

4

സൗകര്യക്കുറവ് കാരണമാണ് 17 വർഷം പഴക്കമുളള ഒറ്റനില വീട് പുതുക്കിപ്പണിയാൻ തീരുമാനിച്ചത്. വിവാഹം നിശ്ചയിച്ചപ്പോൾ കൂടുതൽ മുറികൾ അത്യാവശ്യമായി വന്നു. രണ്ടു കിടപ്പുമുറിയേ പഴയ വീട്ടിൽ ഉണ്ടായിരുന്നുള്ളു. "ആവശ്യങ്ങൾ എന്തെല്ലാമാണെന്ന് നന്നായി അറിയാം. നിർമാണ മേഖലയിലാണ് ജോലി. " എന്നാൽപ്പിന്നെ വീടുപണിയുടെ മേൽനോട്ടം സ്വയം നിർവഹിക്കാമെന്ന് സഫീർ തീരുമാനിക്കുകയായിരുന്നു.

2

ആദ്യം കെട്ടിടത്തിന്റെ ഉറപ്പു പരിശോധിപ്പിച്ചു. അതനുസരിച്ച് പുതിയ പ്ലാനും എലിവേഷനും തയാറാക്കി. അബുദാബിയിലെ കമ്പനിയിൽ ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാനാണ് സഫീർ. പണിക്കാരെ കണ്ടെത്തിയതും വേണ്ട നിർദേശങ്ങൾ നൽകിയതും സഫീർ തന്നെയാണ്.

3

പഴയ ഓഫിസ് റൂം ലിവിങ് റൂം ആക്കിയതും പുതിയ അടുക്കളയും വർക് എരിയയും കൂട്ടിച്ചേർത്തതും ആണ് താഴത്തെ നിലയിൽ വരുത്തിയ പ്രധാന മാറ്റം. സിമന്റ് തറ മുഴുവനായി മാറ്റി ടൈൽ ഇട്ടു. വയറിങ്ങും പ്ലമിങ്ങും പുതുക്കി. സ്റ്റെയർ റൂം മാത്രമാണ് മുൻപ് മുകളിലുണ്ടായിരുന്നത്. ഇവിടെ രണ്ട് കിടപ്പുമുറിയും ഫാമിലി ലിവിങ്ങും പുതിയതായി നിർമിച്ചു. കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിന് ബാൽക്കണിയും ഒരുക്കി.

5

പഴയ സ്റ്റെയർകെയ്സ് തീരെ ഇടുങ്ങിയതായിരുന്നു. ഇതു പൊളിച്ചുമാറ്റി അവിടെ നല്ലൊരു കോർട് യാർഡ് നിർമിച്ചതോടെ വീട്ടകം കൂടുതൽ വിശാലമായി. കൂടുതൽ പകിട്ടോടെ തടികൊണ്ടാണ് പുതിയ സ്റ്റെയർ നിർമിച്ചത്. ഫോൾസ് സീലിങ്, ഡെക്കറേറ്റിവ് ലെറ്റിങ് എന്നിവയും ക്രമീകരിച്ചതോടെ വീടിന്റെ മൊഞ്ച് കൂടി. 900 ചതുരശ്രയടി ആയിരുന്നു പഴയ വീടിന്റെ വിസ്തീർണം. പുതുക്കിയെടുത്തപ്പോൾ അത് 2000 ചതുരശ്രയടി ആയി. എല്ലാക്കാര്യത്തിലും നേരിട്ട് ഇടപെട്ടതിനാൽ ചെലവ് പരിധി വിട്ടില്ല. ബീവിക്കു മാത്രമല്ല, സുഹ്യത്തുക്കൾക്കും ബന്ധുക്കൾക്കും എല്ലാം വീട് പെരുത്തിഷ്ടായതിന്റെ സന്തോഷത്തിലാണ് സഫീർ.