Thursday 05 October 2023 12:30 PM IST

ലക്ഷ്വറി വീടല്ല ലക്ഷ്യം; ചെറിയ കുടുംബത്തിന് സ്മാർട്ട് വീട്

Sreedevi

Sr. Subeditor, Vanitha veedu

an1

ബജറ്റ് ആദ്യം കണക്കാക്കും. അതിൽ ഒതുങ്ങുന്ന വീടുമതി എന്ന തീരുമാനമെടുക്കും. കാലത്തിനും ജീവിതസാഹചര്യങ്ങൾക്കുമനുസരിച്ച്് വീട് പണിയുന്നവരുടെ ചിന്തകളും മാറുന്നു എന്നതാണ് ആർക്കിടെക്ചർ രംഗത്തെ വിശേഷം. വലിയ വീട് നോക്കിനടത്താൻ ആളില്ലാത്തതും കുട്ടികൾ നാട്ടിൽ നിൽക്കാത്തതും ലോൺ എടുക്കാൻ ആഗ്രഹമില്ലാത്തതുമൊക്കെ വീടിന്റെ വലുപ്പം കുറയുന്നതിന് കാരണങ്ങളാണ്.

an2

1500 ചതുരശ്രയടിക്ക് താഴെയുള്ള വീട് എന്ന ആശയവുമായാണ് റിഷിൽ ബാബുവും നാസിയയും ‘തിങ്ക് ലാൻഡ്’ ആർക്കിടെക്ചർ കമ്പനിയെ സമീപിച്ചത്. കോഴിക്കോട് നടുവട്ടത്ത് വാങ്ങിയ അഞ്ചര സെന്റിൽ വീട് പണിയാനായിരുന്നു പ്ലാൻ. L ആകൃതിയുള്ള പ്ലോട്ടിന്റെ മുൻവശത്തെ, വീതി കുറഞ്ഞ സ്ഥലം വഴിയായേ ഉപയോഗിക്കാനാവൂ. ബാക്കിയുള്ള നാലര സെന്റിൽ വലിയ വീട് വയ്ക്കാനാവില്ല. മാത്രമല്ല, വീട് പരിപാലനം എളുപ്പമാകണമെന്നും വീട്ടുകാർ ആഗ്രഹിച്ചിരുന്നു.

an3

പ്രായം ചെന്ന അതിഥികൾ വന്നാൽ അവർക്ക് മുകളിലെ കിടപ്പുമുറി നൽകുന്നത് പ്രയാസമുണ്ടാക്കുമെന്നതിനാൽ ഗെസ്റ്റ് റൂം താഴെ വേണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ആർക്കിടെക്ട് ടീമിനെ സംബന്ധിച്ച് ചെറിയ പ്ലോട്ടിൽ താഴെ രണ്ട് കിടപ്പുമുറികൾ വെല്ലുവിളി തന്നെയായിരുന്നു. വീടിന്റെ പിൻഭാഗത്ത് 1.5 മീറ്റർ സെറ്റ്ബാക്കിനു പകരം 50 സെമീ മാത്രം നൽകി, അവിടെ ജനലുകളും തള്ളിനിൽക്കുന്ന സ്ലാബുകളും ഒഴിവാക്കി. ബെഡ്റൂമുകളും ബാത്റൂമുകളുമാണ് ഇവിടെ വരുന്നത്. ബെഡ്റൂമുകളുടെ ഇത്തരത്തിലുള്ള ക്രമീകരണം വഴി ഒരു സൈഡ് കോർട്‌യാർഡും മുറ്റവും അധികമായി ലഭിച്ചു. മൂന്ന് മീറ്റർ സെറ്റ്ബാക്ക് നൽകിയ വശത്ത് താൽക്കാലികമായി കാർ പാർക്കിങ് സജ്ജീകരിച്ചു.

ചെറുതാണെങ്കിലും ഫോയർ വേണം എന്നാണ് വീട്ടുകാർ ആവശ്യപ്പെട്ട മറ്റൊരു കാര്യം. വീട്ടുകാരൻ സജീവ പൊതുപ്രവർത്തകൻ ആയതിനാൽ സന്ദർശകർ പതിവാണ്. ഇത് കുടുംബത്തിന്റെ സ്വകാര്യത നഷ്ടപ്പെടുത്തരുത് എന്നുണ്ടായിരുന്നു. ലിവിങ് റൂമും ഫാമിലി ഏരിയയും രണ്ട് വശങ്ങളിലാക്കി ഫോയറിൽ നിന്ന് ഇരുമുറികളിലേക്കും പ്രവേശിക്കാവുന്ന വിധത്തിൽ ക്രമീകരിച്ചു. ഓപ്പൻ അടുക്കളയോടു കൂടിയ ഫാമിലി ഏരിയയിലാണ് കൂടുംബാംഗങ്ങൾ കൂടുതൽ സമയം ചെലവഴിക്കുന്നത്.

an4

ഫൗണ്ടേഷന്റെയും ബേസ്മെന്റിന്റെയും നിർമാണത്തിന് കരിങ്കല്ല് ഉപയോഗിച്ചു. പ്രാദേശികമായി സുലഭമായ വെട്ടുകല്ല് ഉപയോഗിച്ചു ഭിത്തികൾ നിർമിച്ചു. ചെലവ് വരുതിയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമാണസാമഗ്രികൾ എല്ലാം തിരഞ്ഞെടുത്തത്. അതേസമയം വീടിന്റെ ഭംഗിക്കോ സൗകര്യങ്ങൾക്കോ കുറവുവരുത്തിയിട്ടില്ലതാനും. വീട്ടുകാരിയായ നാസിയ പല കടകൾ സന്ദർശിച്ച് അതിൽ ഗുണമേന്മയുള്ളതും ചെലവു കുറഞ്ഞതുമായ നിർമാണസാമഗ്രികൾ കണ്ടെത്തുകയായിരുന്നു. പലപ്പോഴും ഹോൾസെയിൽ റേറ്റിൽ സാധനങ്ങൾ വാങ്ങാൻ സാധിച്ചു. വീടിനുള്ളിൽ ലഭ്യമായ സ്ഥലം പൂർണമായി പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് പ്ലാൻ ചെയ്തത്. ട്രോപ്പിക്കൽ ശൈലിയിൽ എലിവേഷനും ഒരുക്കി.

PROJECT FACTS

Area: 1450 sqft Owner: റിഷിൽ ബാബു & നാസിയ Location: നടുവട്ടം, കോഴിക്കോട് Design: തിങ്ക് ലാൻഡ്, കോഴിക്കോട് Email: info.thinkland@gmail.com