Saturday 17 November 2018 03:58 PM IST : By സ്വന്തം ലേഖകൻ

മുന്നൂറ് വർഷം പഴക്കമുള്ള ഉപയോഗശൂന്യമായ മന; അതിന് പുനർജന്മം നൽകിയത് ഇങ്ങനെ–ചിത്രങ്ങൾ

mana

മുന്നൂറുവർഷം പഴക്കമുള്ള മനയായിരുന്നു ഈ വീടിന്റെ സ്ഥാനത്തുണ്ടായിരുന്നത്. പൂർണമായും വാസ്തുശാസ്ത്രമനുസരിച്ചു നിർമിച്ച മന പൊളിക്കുന്നതിൽ തീരെ താൽപര്യമില്ലായിരുന്നു വീട്ടുകാരൻ നിഷാൻ റോയിക്കും കുടുംബത്തിനും. പക്ഷേ, കാലം കെട്ടിടത്തെ ഉപയോഗിക്കാനാകാത്ത വിധത്തിലാക്കിയിരുന്നു. പഴയ വീടിന്റെ ഗുണങ്ങളെല്ലാം ഉൾച്ചേർന്ന പുതിയൊരു വീടുവയ്ക്കാമെന്ന് ഡിസൈനർ ജയൻ ബിലാത്തിക്കുളം ഉറപ്പുകൊടുത്തു. പഴയ വീട് പൊളിക്കുന്നതിനു മുമ്പ് അതിന്റെ മുറികളുടെ സ്ഥാനവും അളവുകളും ജയൻ കുറിച്ചെടുത്തു. തറയുൾപ്പെടെ മുഴുവൻ പൊളിച്ച് ഉപയോഗിക്കാനാവുന്ന എല്ലാം പുനരുപയോഗിക്കാൻ മാറ്റിവച്ചു.

ഈ വീടിന്റെ പ്ലാൻ ഒരൽപം വ്യത്യസ്തമാണ്. പഴയ വീടിന്റെ വാസ്തുശാസ്ത്രപരമായ അളവുകളും മുറികളുടെ സ്ഥാനവും ചിലയിടങ്ങളിൽ പകർത്തിയിട്ടുണ്ട് എന്നതാണു കാരണം. ഊണുമുറിയുടെയും അടുക്കളയുടെയുമെല്ലാം സ്ഥാനവും അളവുകളും പഴയ വീട്ടിൽനിന്ന് പ്രചോദനമുൾക്കൊണ്ടു ചെയ്തതാണ്. അതുകൊണ്ടുതന്നെ 64 സെന്റ് ഉണ്ടെങ്കിലും, പ്ലോട്ടിന്റെ ഒരു കോണിലാണ് വീട്.

mana-1

ഓർമകളുടെ മുഖമണ്ഡപം

മൂന്നുവശവും വരാന്തകളാൽ ചുറ്റപ്പെട്ട മണ്ഡപമാണ് വീടിന്റെ മുഖം. തടിയുടെ ടെക്സ്ചർ നൽകിയ തൂണുകൾ വരാന്തയ്ക്ക് പഴമയുടെ സ്പർശം നൽകുന്നു. പഴയ മനയുടെ മുഖമണ്ഡപത്തിന് യാതൊരു കേടുമുണ്ടായിരുന്നില്ല. ഈ മുഖമണ്ഡപം സൂക്ഷ്മമായി അഴിച്ചെടുത്ത് പഴയപടി കൂട്ടിച്ചേർത്താണ് പൂമുഖത്തിന്റെ നിർമാണം. പഴയ ഉരുണ്ടതൂണുകൾ പുനരുപയോഗിക്കാൻ പറ്റാത്ത വിധം ദ്രവിച്ചുതുടങ്ങിയിരുന്നു. ആ സ്ഥാനത്ത് പുതിയ ചതുരൻ തൂണുകൾ നിർമിച്ചു.

പ്രധാനവാതിൽ കടന്ന് ഫോയറിലേക്കു കയറാം. ഫോയറിന്റെ ഇടതുവശത്താണ് സ്വീകരണമുറി. ഇരിപ്പിടങ്ങളെല്ലാം തടികൊണ്ടു നിർമിച്ചവതന്നെ. ഈ മുറിയോടു ചേർന്ന് പൊതുവായി ഉപയോഗിക്കാവുന്ന ബാത്റൂം ഉണ്ട്.

mana-2

ഉപയോഗമനുസരിച്ച് മുറികളെ രണ്ട് ബ്ലോക്കുകളായാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. ഫോയറിനോടു ചേർന്നുതന്നെയാണ് ഗോവണി. ഗോവണിയുടെ പിറകിൽ ഒരു വാട്ടർ കോർട്‌യാർ‍ഡ് ഉണ്ട്. അകത്തളത്തിന് കുളിർമയേകുന്ന ഈ കോർട്‌യാർഡിലെ ഫെറോസിമന്റ് വർക്കുകൾ അകത്തളത്തിന്റെ ഭംഗി കൂട്ടാൻ സഹായിച്ചിട്ടുണ്ട്. കോർട്‌യാർഡിന്റെ സ്ഥാനം ലിവിങ് റൂമിനോടും കിടപ്പുമുറിയോടും ചേർന്നിരിക്കുന്ന ബാത്റൂമുകളുടെ മധ്യത്തിലായി വരും.

ഫോയറിൽനിന്നു തുടങ്ങുന്ന ഇടനാഴി അടുക്കളയിലേക്കും അനുബന്ധമുറികളിലേക്കും നയിക്കുന്നു. ഇടനാഴിയിൽനിന്നു തന്നെയാണ് കിടപ്പുമുറിയിലേക്കും പ്രവേശനം. ഇടനാഴി അവസാനിക്കുന്നത് ഊണുമുറിയും ഫാമിലി ലിവിങ്ങും ചേർന്ന മുറിയിലാണ്. പാൻട്രി, അടുക്കള, വർക്ഏരിയ എന്നിവയടങ്ങുന്ന മുറികൾ അതിനപ്പുറം.

mana-3

തട്ടിന്റെ തണുപ്പിൽ

രണ്ട് കിടപ്പുമുറികളും ഹോംതിയറ്ററുമടങ്ങുന്നതാണ് മുകളിലെ നില. ഹോം തിയറ്റർ ഒരു മൾട്ടിപർപ്പസ് റൂം ആണെന്നു പറയാം. നിറമുള്ള ജനാലച്ചില്ലുകളും കിളിവാതിലുമെല്ലാമുള്ള ഈ ഏരിയ, ഫാമിലി സിറ്റിങ് ഏരിയയായി സാധാരണ സമയങ്ങളിൽ ഉപയോഗിക്കാം. സിനിമ കാണേണ്ട സമയത്തുമാത്രം ജനാലകൾ ഇരുണ്ട കർട്ടനിട്ടു മറയ്ക്കാൻ സംവിധാനമുണ്ടാക്കിയിട്ടുണ്ട്. വീടിന്റെ എക്സ്റ്റീരിയറിനെ സുന്ദരമാക്കുന്നതിൽ ഇവിടത്തെ തടികൊണ്ടുള്ള ജനാലകളും കിളിവാതിലുമെല്ലാം വളരെയധികം പങ്കുവഹിക്കുന്നുണ്ട്.

mana3

ഇരൂൾ ആണ് പ്രധാനമായി ഉപയോഗിച്ച തടി. മുകളിലെ നിലയിൽ സ്ഥാപിച്ച വെന്റിലേഷനുകൾ പഴയ വീട്ടിൽനിന്നു ലഭിച്ചതാണ്. തടികൊണ്ടുണ്ടാക്കിയതാണെന്നു തോന്നുന്ന പല ഭാഗങ്ങളും ഫെറോസിമന്റാണ് എന്നത് പലർക്കും അദ്ഭുതമായിതോന്നാം. ഫെറോസിമന്റിൽ തടിയുടെ ഫിനിഷ് നൽകിയാണ് സ്വീകരണമുറിയിലെ നെരിപ്പോടും കോർണിസുകളുമെല്ലാം തയാറാക്കിയിരിക്കുന്നത്. ഗോവണിക്കും ജനാലകൾക്കും വാതിലുകൾക്കുമെല്ലാം യഥാർഥ തടിതന്നെ ഉപയോഗിച്ചു. വിദഗ്ധനായ മൂത്താശാരിയുടെ നേതൃത്വത്തിൽ, തടി കൊണ്ടുള്ള പട്ടികയും കഴുക്കോലുമെല്ലാം കൂട്ടി ഓടിട്ടു നിർമിച്ച വീടാണിത്. മുകളിലെ മുറികളിൽ സീലിങ് തട്ടിട്ടു നിർമിക്കുകയും ചെയ്തു.

ഫ്ലോറിങ്ങാണ് എടുത്തു പറയേണ്ട മറ്റൊരു ഘടകം. ഒന്നര അടി നീളവും വീതിയുമുള്ള സെറാമിക് ടൈലുകളുടെ സമ്മിശ്രണമാണ് ഓരോ മുറിയിലും കാണുന്നത്. ഒരേ പാറ്റേൺതന്നെ പിൻതുടരാതെ മുറിയുടെ സ്വഭാവത്തിനൊത്ത ടൈൽ തിരഞ്ഞെടുക്കുകയായിരുന്നു. ചെറിയ ചിലയിടങ്ങളിൽ മറ്റു നിറങ്ങൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും വെള്ളയും തടിയുടെ ഇരുണ്ട നിറവും തന്നെയാണ് വീടിന്റെ പൊതുവായ നിറങ്ങൾ. പുഴയുടെ തീരത്താണ് ഈ വീട്. പാട്ടുംപാടി ഓടിപ്പോകുന്ന വെള്ളം കാണാൻ പരമ്പരാഗതശൈലിയിലുള്ള വീടിന്റെ വരാന്തയേക്കാൾ യോജിച്ചൊരു ഇടമുണ്ടോ! ■

mana-4

Project Facts

Area: 3759 sqft

Designer: ജയൻ ബിലാത്തിക്കുളം, ജെയ്ബീസ് ഇന്റീരിയേഴ്സ്, കോഴിക്കോട്
jayanbilathikulam@gmail.com

Location:

കാരന്തൂർ, കോഴിക്കോട്

mana-1