കോഴിക്കോടുള്ള 2980 ചതുരശ്രയടിയിലുള്ള വില്ലയാണ് പൂജ. രണ്ട് നിരപ്പുകളിലായാണ് ഈ ട്രോപ്പിക്കൽ വീട് ഒരുക്കിയത്. സുസ്ഥിര ജീവിതം പ്രദാനം ചെയ്യുന്ന ആധുനിക ഘടകങ്ങളും കേരളീയ പൈതൃകവും സമ്മേളിക്കുന്ന ഒരുനില വീടായിരുന്നു വീട്ടുകാർ ആവശ്യപ്പെട്ടത്. വനിത വീട് ആർക്കിടെക്ചർ അവാർഡ് 2025ലെ മികച്ച റെസിഡൻഷ്യൽ ഇന്റീരിയറിനുള്ള ഗോൾഡൻ അവാർഡ്, ആർക്കിടെക്ട് നൗഫാൻ നസീർ സ്വന്തമാക്കിയത് പൂജയുടെ വ്യത്യസ്തമായ ഇന്റീരിയർ ഒരുക്കിയതിനാണ്.

സൂക്ഷ്മമായി ഉൾക്കൊളളിച്ച ആർച്ചുകളും കോർട്‌യാർഡുമാണ് ഈ വീടിന്റെ ഫോക്കൽ പോയിന്റുകൾ. 10 അടി നിരപ്പ് വ്യത്യാസമുള്ള പ്ലോട്ടിന്റെ പ്രത്യേകത അവസരമാക്കിയെടുത്തു. രണ്ട് നിരപ്പിൽ വീട് ഡിസൈൻ ചെയ്യുകയും ഫോർമൽ ലിവിങ്ങിൽ നിന്ന് പ്രധാന ഹാളിലേക്ക് എത്തുമ്പോൾ 60 സെമീ താഴ്ച നൽകുകയും ചെയ്തു. ഇത് ഇടങ്ങൾ തമ്മിൽ കാഴ്ചയാൽ ബന്ധിപ്പിക്കാനും ഭംഗിയും കാര്യക്ഷമതയും കൂട്ടാനും ഉപകരിച്ചു.

ഇവിടെ ഉപയോഗിച്ചിട്ടുള്ള നിർമാണ സാമഗ്രികളും രീതികളും പുതുമ നിറഞ്ഞതും സുസ്ഥിരവുമാണ്. ക്വാറി വേസ്റ്റും ബേബി ജെല്ലിയും മെറ്റൽ കഷണങ്ങളും കൊണ്ട് ടെറാസോ ഫ്ലോറിങ് ചെയ്തു; ഓപ്പണിങ്ങുകൾക്ക് ഗ്ലേസ്ഡ് അലുമിനിയം നൽകി. മേൽക്കൂരയിൽ ക്ലേ ടൈലുകള്‍ പരമ്പരാഗത ഭംഗിയേകുന്നു. അടുക്കളയിലെ സ്റ്റോറേജിന് ഫെറോസിമന്റ് നൽകി. ഇത് ഡിസൈനിന് കന്റെംപ്രറി ഭംഗി നൽകുന്നതിനൊപ്പം ഉപയോഗക്ഷമവും പ്രകൃതിയോടിണങ്ങിയതുമാക്കി മാറ്റുന്നു. ചുമരിലെ ലൈം സ്റ്റോൺ ക്ലാഡിങ് എർത്തി ടെക്സ്ചർ നൽകുന്നു. കൂടാതെ, ഇന്റീരിയറിലെ കറുപ്പും ഈ ടെക്സ്ചറും ചേരുമ്പോൾ മനോഹരമായ കാഴ്ചാനുഭവം ലഭിക്കുകയും ചെയ്യുന്നു.

മോണോേക്രാം നിറഭംഗിയിലാണ് ഇന്റീരിയർ. തെക്കൻ കേരളത്തിലെ ‘വരാന്ത’ എന്ന കടയിൽ നിന്നാണ് ഹാൻഡ് ക്രാഫ്റ്റ് ചെയ്ത ഫാബ്രിക്കും റഗ്ഗും വാങ്ങിയത്.