മുടി വളരാൻ, സ്കിൻ നന്നാകാൻ, ആഹാരത്തിന് രുചിയും മണവും നൽകാൻ; വൈറൽ ആയ റോസ്മേരി മുറ്റത്തു വളർത്താം
മുടി വളരാൻ, സ്കിൻ നന്നാകാൻ ഒക്കെ റോസ്മേരി ഓയിലും റോസ്മേരി വെള്ളവുമൊക്കെ ഇപ്പോൾ വളരെയധികം പ്രചാരം നേടുന്നുണ്ട്. തുളസി പോലെ ഒരു ഔഷധസസ്യമാണ് റോസ്മേരി. റോസ്മേരിയുടെ ഇലകൾ ഭക്ഷണത്തിന് രുചി കൂടാനും മണം കിട്ടാനും ഉപയോഗിക്കാറുണ്ട്. മാത്രമല്ല, കൊതുകിനെ നശിപ്പിക്കാനും റോസ്മേരി ഉപയോഗിക്കാറുണ്ട്.
പരിചരണം കുറയ്ക്കരുത്
റോസ്മേരിയുടെ തൈകൾ നഴ്സറിയിലും ഓൺലൈൻ സൈറ്റുകളിലുമൊക്കെ ലഭ്യമാണ്. അല്പം നന്നായി ശ്രദ്ധ കൊടുത്താൽ റോസ്മേരി നമ്മുടെ നാട്ടിലും നന്നായി വളരും. അധികം മഴയും വെയിലും കൊള്ളുന്നതിനോട് ഈ ചെടിക്ക് താൽപര്യമില്ല. മഴക്കാലത്ത് ഷേഡിനടിയിൽ വച്ചുകൊടുക്കാം. വേനൽക്കാലത്ത് കൂടുതൽ നനയും വേണ്ട. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ നനച്ചുകൊടുത്താൽ മതി. നന്നായി വെള്ളം വാർന്നുപോകുന്ന വിധത്തിൽ വേണം പോട്ടിങ് മിക്സ് തയാറാക്കാൻ.
സ്യൂഡോമോണാസ് കലർത്തിയ വെള്ളം ഒഴിച്ചുകൊടുക്കുന്നത് വേരിലെ അണുബാധ തടയാൻ സഹായിക്കും. വേപ്പെണ്ണ വെള്ളത്തിൽ കലക്കി ഇലകൾ സ്പ്രേ ചെയ്യുന്നത് ഇല ഉണങ്ങുന്നതുപോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കും. മൂത്ത കമ്പുകൾ മുറിച്ചുനട്ട് പുതിയ ചെടി ഉണ്ടാക്കാം. നമ്മുടെ കാലാവസ്ഥയിൽ വളരാൻ അല്പം സംരക്ഷണം ആവശ്യമാണ് ഈ ചെടിക്ക്.