Friday 30 November 2018 03:10 PM IST : By സ്വന്തം ലേഖകൻ

പ്രളയത്തിൽ വില്ലൻമാരായ മതിലുകൾ ഇനി വേണ്ട; ജൈവവേലി തീർക്കും ഈ പതിനൊന്ന് ചെടികൾ–ചിത്രങ്ങൾ

fence

കീടനാശിനികളും വളങ്ങളും വിളകളുമെല്ലാം പോലെ, മതിലുകളും ജൈവമാകേണ്ടിയിരിക്കുന്നു എന്ന് മലയാളി തിരിച്ചറിയുന്നു. പ്രളയം വന്നപ്പോൾ വീടിനു ചുറ്റുമുള്ള മതിലുകൾ വില്ലൻമാരായി. രക്ഷാപ്രവർത്തനത്തിൽ ഏറ്റവും വലിയ തടസ്സം മതിലുകളായിരുന്നു. വീടുകൾക്കിടയിൽ ഉയർത്തിക്കെട്ടിയ പല മതിലുകളും ഇടിഞ്ഞുതാഴ്ന്നു. പുതിയ മതിലു കെട്ടാൻ ഒരുപാട് നിർമാണസാമഗ്രികൾ ആവശ്യമായിവരും. തകർന്നിരിക്കുന്ന പരിസ്ഥിതിക്ക് വീണ്ടും ആഘാതമാകാനേ അതു കാരണമാകൂ. പഴയ കാലത്ത് ഉപയോഗിച്ചിരുന്ന ജൈവവേലികൾ തിരിച്ചുകൊണ്ടുവരുന്നതാണ് അതിനൊരു പോംവഴി. പണ്ട് ജൈവവേലിയായി ഉപയോഗിച്ചിരുന്ന ചെടികൾ കൂടാതെ, പുതിയ പല ചെടികളും ഇപ്പോൾ പ്രചാരത്തിലുണ്ട്. ജൈവവേലിയായി ഉപയോഗിക്കാവുന്ന കുറച്ചു ചെടികളെ പരിചയപ്പെടാം.

1. മൈലാഞ്ചി (Mehandi plant)

പണ്ട് വീടുകളിൽ വേലിയായി ഏറ്റവുമധികം ഉപയോഗിച്ചിരുന്നതാണ് മൈലാഞ്ചി. കൂടുതൽ വെയിൽ വീഴാത്ത സ്ഥലങ്ങളിലും നന്നായി വളരുമെന്നതാണ് മൈലാഞ്ചിയുടെ ഗുണം. അഞ്ച്–ആറ് അടി ഉയരത്തിൽവരെ മൈലാഞ്ചി വളരും. വെട്ടി വൃത്തിയാക്കി നിർത്താം. ഔഷധഗുണവും മൈലാഞ്ചിക്കുണ്ട്. വെള്ളവും പരിചരണവുമെല്ലാം വളരെ കുറച്ചുമതി.

fence-1

2. ചെമ്പരത്തി (Hibiscus)

വർണാഭമായ പൂക്കൾ നിറഞ്ഞ വേലിയാണ് ആഗ്രഹിക്കുന്നതെങ്കിൽ ചെമ്പരത്തി തിരഞ്ഞെടുക്കാം. ചുവന്ന നാടൻ ചെമ്പരത്തി മുതൽ മിക്ക നിറങ്ങളിലുമുള്ള പൂക്കൾ ലഭിക്കുന്ന ഹൈബ്രിഡ് ചെമ്പരത്തിവരെ വിപണിയിൽ ലഭിക്കും. കമ്പു മുറിച്ച് പ്രജനനം നടത്താം. നാടൻ ചെമ്പരത്തിക്ക് കുറഞ്ഞ പരിചരണം മതി. വെയിൽ നന്നായി കിട്ടിയാൽ എപ്പോഴും പൂക്കളുണ്ടാകും.

fence-2

3. തുംബേർജിയ (Thumbergia)

വേലിക്കൽ നിൽക്കുന്ന നീലപ്പൂവിനെ ഇഷ്ടത്തോടെ നോക്കാത്തവരുണ്ടാകില്ല. തുംബേർജിയയുടെ വിഭാഗമാണ് ഈ ചെടി. കറുത്ത നിറമുള്ള തണ്ടും കരിം പച്ച ഇലകളുമുള്ള തുംബേർജിയയ്ക്ക് കാര്യമായ പരിചരണമൊന്നും ആവശ്യമില്ല. കമ്പ് മുറിച്ചുനട്ട് പുതിയ ചെടി മുളപ്പിക്കാം. വെയിൽ കുറവുള്ള സ്ഥലങ്ങളിലും വളരും.

fence-3

4. ബാംബൂ (Bamboo)

നല്ല ഉയരം വേണമെങ്കിലും ലഭിക്കും എന്നത് ബാംബൂവിന്റെ പ്രത്യേകതയാണ്. ബുദ്ധ ബാംബൂ, ഗോൾഡൻ ബാംബൂ, യെല്ലോ ബാംബൂ, വെരിഗേറ്റഡ് ബാംബൂ എന്നിവയെല്ലാം വേലിക്കു പകരം ഉപയോഗിക്കാവുന്ന മുളകളാണ്. പരിചരണം വളരെ കുറവുമതി. എന്നാൽ വെയിൽ കിട്ടുന്ന സ്ഥലത്താണ് ഇത്തരം മുളകൾ നന്നായി വളരുക.

fence-5

5. ക്രോട്ടൻ (Croton)

നിറമുള്ള ഇലകളാണ് ക്രോട്ടന്റെ പ്രത്യേകത. ക്രോട്ടൻ കുടുംബത്തിൽപെടുന്ന പലയിനം ചെടികൾ നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ട്. നീർവാർച്ചയുള്ള മണ്ണും നല്ല സൂര്യപ്രകാശവുമാണ് ഈ ചെടികൾക്കു വേണ്ടത്. കമ്പ് നട്ട് പ്രജനനം നടത്താം. ചെടികൾ വെട്ടി നിർത്തി ഭംഗിയാക്കാം.

fence-6

6. ബൊഗെയ്ൻവില്ല (Bougainvillea)

കടലാസു ചെടിയും വേലിക്കുപകരമായി ഉപയോഗിക്കുന്നവരുണ്ട്. വേനൽക്കാലത്താണ് പൂക്കൾ ധാരാളം ഉണ്ടാകുന്നത്. നനയും വെയിലും നീർവാർച്ചയുള്ള മ ണ്ണും ആവശ്യമാണ്. കൃത്യമായി വെട്ടിനിർത്തുമ്പോഴാണ് ബൊഗെയ്ൻവില്ല ഭംഗിയിൽ നിൽക്കുന്നത്. ഉയരം കുറഞ്ഞ് വള്ളിപോലെ പടരുന്നവയും തണ്ടിന് കനം വയ്ക്കുന്നവയുമായി രണ്ട് തരം ബൊഗെയ്ൻവില്ലകളുണ്ട്.

fence77. ഗോൾഡൻ ഡുരാന്ത (Golden durantha)

മഞ്ഞ കലർന്ന പച്ച നിറമുള്ള ഇലകളുള്ള ചെടിയാണ് ഡുരാന്ത. വെള്ള, വയലറ്റ് പൂക്കൾ കുലകളായി ഉണ്ടാകും. ഓറഞ്ച് നിറമുള്ള കായ്കളും ഈ ചെടിയെ പ്രിയപ്പെട്ടതാക്കുന്നു. കൃത്യമായി വെട്ടിനിർത്തുമ്പോഴാണ് ഡുരാന്ത ഭംഗിയുള്ളതാകുന്നത്. നല്ല വെയിൽ കിട്ടുമ്പോഴാണ് ചെടിയുടെ സ്വർണ നിറം വർധിക്കുന്നത്.

fence-8

8. യൂജീനിയ (Eugenia)

ചുവന്ന തളിരിലകളാണ് ഈ ചെടിയുടെ ഭംഗി. അതുകൊണ്ടുതന്നെ എപ്പോഴും വെട്ടി നിർത്തണം. നല്ല വെയിൽ വേണം, ഇടത്തരം നനയും. കമ്പ് നട്ട് പുതിയ ചെടി വളർത്താം. ആധുനിക പൂന്തോട്ടങ്ങളിലെ ട്രെൻഡ് ആയ ഈ ചെടി നാല്–അഞ്ച് അടി വരെ ഉയരത്തിൽ വളരും.

fence-9

9. മുരയ (Murraya)

വെള്ളനിറത്തിൽ സുഗന്ധമുള്ള പൂക്കളാണ് മുരയയുടെ പ്രത്യേകത. വളരെ ഉയരത്തിൽ വളരുന്ന ഈ ചെടിയും കൃത്യമായി വെട്ടി നിർത്തേണ്ടതുണ്ട്. വെയിലും വെള്ളവും നീർവാർച്ചയുള്ള മണ്ണുമെല്ലാം നിർബന്ധം. കമ്പ് മുറിച്ചു കുത്തിയും തൈ നട്ടും പുതിയ ചെടി വളർത്തിയെടുക്കാം.

fence-10

10. മുസൻഡ (Mussaenda)

പിങ്ക്, ചുവപ്പ്, വെള്ള നിറങ്ങളിലുള്ള പൂക്കളാൽ പക്ഷികളെയും പൂമ്പാറ്റകളെയും ആകർഷിക്കുന്ന മുസൻഡ വെള്ളിലയുടെ അടുത്ത ബന്ധുവാണ്. നനയും വെയിലും കിട്ടിയാൽ ഈ ചെടി നല്ലൊരു വേലിയായി നിൽക്കും. ഒരാൾ പൊക്കത്തിൽ വളരുന്ന ഈ ചെടിയും കൃത്യമായി വെട്ടി നിർത്തണം. കമ്പ് നട്ട് പുതിയ ചെടി വളർത്താം.

fence11

11. ടെക്കോമ (Tecoma)

മഞ്ഞ നിറമുള്ള പൂക്കളാൽ മിക്കസമയത്തും വേലി ഭംഗിയാക്കണമെന്നുണ്ടെങ്കിൽ ടെക്കോമ തിരഞ്ഞെടുക്കാം. കൃത്യമായി വെട്ടിക്കൊടുത്തില്ലെങ്കിൽ മരമായി വളരും ടെക്കോമ. വലിയ പരിചരണം ആവശ്യമില്ല. നല്ല വെയിലുണ്ടെങ്കിൽ ധാരാളം പൂക്കളുണ്ടാകും.

fence-12

വേലിച്ചീര പോലുള്ള പച്ചക്കറികളും ശീമക്കൊന്ന പോലെയുള്ള ജൈവവളങ്ങളുമെല്ലാം വേലിയായി ഉപയോഗിക്കാവുന്നതാണ്. പൈനാപ്പിൾ വേലിയായി നടുന്ന രീതിയും പലയിടത്തുമുണ്ടായിരുന്നു. അതെല്ലാം തിരിച്ചുപിടിച്ച് ലാൻഡ്സ്കേപ്പിനെ കൂടുതൽ പ്രകൃതിയോടിണക്കാം. ■

വിവരങ്ങൾക്ക് കടപ്പാട്: കൃഷ്ണകുമാർ െക. എസ്. , ലാൻഡ്ക്രാഫ്ട് ലാൻഡ്സ്കേപിങ്, തിരുവനന്തപുരം
krishkums@gmail.com