Monday 29 April 2019 05:58 PM IST : By സ്വന്തം ലേഖകൻ

റബറിനേക്കാളും ലാഭം ഇപ്പോൾ ഓർക്കിഡ്; ലക്ഷങ്ങൾ വരുമാനം നൽകും അനിബ്ലാക്ക് ഓർക്കിഡിനെ അറിയാം

orchid

ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ മാർക്കറ്റിങ് രംഗത്ത് ജോലി ചെയ്തിരുന്ന അബി മാത്യു ഓർക്കിഡ് കൃഷിയിലേക്കിറങ്ങിയത് വ്യക്തമായ ലക്ഷ്യങ്ങളോ ടെയാണ്. രണ്ടു വർഷം ഇതേക്കുറിച്ച് കൃത്യമായി പഠിച്ച് വിപണി മനസ്സിലാക്കിയാണ് അബി കോട്ടയം കടപ്പൂരിലെ വീടിനോടു ചേർന്ന് ഒരേക്കറിൽ ഓർക്കിഡ് കൃഷി തുടങ്ങിയത്.

അനിബ്ലാക് എന്നയിനം ഓർക്കിഡാണ് കൃഷി ചെയ്യുന്നത്. കട്ട് ഫ്ലവർ വിപണിയിൽ ആവശ്യക്കാർ ഏറെയുള്ള ഇനമാണിത്. ബെംഗളൂരു, മുംബൈ നഗരങ്ങളിലുൾപ്പെടെ വിപണി നേരിട്ടു സന്ദർശിച്ചു പഠിച്ചാണ് അബി ഇറങ്ങിയത്. ഏകദേശം നൂറോളം ഫാമുകളും പോയിക്കണ്ടു.

നഷ്ടത്തിലായി വിൽക്കാനിരുന്ന ഫാമിലെ ചെടികൾ മുഴുവൻ വാങ്ങുകയായിരുന്നു. ഏകദേശം 40 ലക്ഷം രൂപ മുടക്കിൽ 25,000 ചെടികളാണ് അബി വ ളർത്തുന്നത്. നല്ല വളർച്ചയുള്ള ചെടിക്ക് 100 രൂപയ്ക്കു മേൽ വില വരും. സാദാ ചെടിക്ക് 60–70 രൂപ വിലയുണ്ട്. സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ മുതൽമുടക്കിന്റെ 50 ശതമാനം സബ്സിഡി നൽകി.

ഒരു വിളവെടുപ്പിൽ 550 പൂക്കൾ വരെ കിട്ടും. 20–24 രൂപ നിരക്കിലാണ് ഇവ വിൽക്കുന്നത്. എല്ലാക്കാലത്തും പൂക്കൾ കാണുമെങ്കിലും മഴക്കാലം കഴിയുമ്പോഴാണ് ഇവയുടെ സീസൺ. റബർകൃഷിയുമായി താരതമ്യം ചെയ്യുമ്പോൾ ഇതാണ് ലാഭമെന്നാണ് അബിയുടെ അഭിപ്രായം.

ചാണകവും പിണ്ണാക്കും പുളിപ്പിച്ച വെള്ളം, ഫ്ലോറിയാസ് സ്പ്രേ എന്നിവ ആഴ്ചയിലൊരിക്കൽ തളിക്കും. അതാണ് വളം. മഴക്കാലത്ത് കീടശല്യം ഉണ്ടാകും. അപ്പോൾ കീടനാശിനി പ്രയോഗിക്കും. പൂക്കൾ കൊഴിയുന്നതും ഭീഷണിയാണ്.

10–15 ദിവസം വരെ കേടുകൂടാതെ ഇരിക്കുമെന്നതാണ് അനിബ്ലാക്കിന്റെ സവിശേഷത. മുംബൈ വിപണിയിലേക്കാണ് പൂക്കൾ കയറ്റി അയക്കുന്നത്. ഉ ത്തരേന്ത്യൻ ആഡംബര വിവാഹങ്ങളുടെ അലങ്കാരങ്ങളിൽ അവിഭാജ്യ ഘടകമാണ് ഓർക്കിഡ്.

പൂക്കൾ മാത്രമല്ല, ഇലകളും

അനിബ്ലാക്കിന് കേരളത്തിലെ കാലാവസ്ഥ വളരെ യോജിച്ചതാണെന്നാണ് അബിയുടെ അഭിപ്രായം. അത്യാവശ്യം വെയിലു വേണം. തണുപ്പ് പറ്റില്ല. വെയിലു കൂടിയാലും നല്ലതല്ല. ഈർപ്പം വേണം.

ഫ്ലവർ അറേഞ്ച്മെന്റിനുള്ള ഇലകളും ഇതോടൊപ്പം വളർത്തുന്നുണ്ട്. മെസൻജിയാന, സോങ് ഓഫ് ജമൈക്ക എന്നീ ചെടികളാണ് ഇലകൾക്കായി കൃഷി ചെയ്യുന്നത്. ഒരു ഇലയ്ക്ക് രണ്ട്–മൂന്ന് രൂപ ലഭിക്കും. ഇത് റബറിന് ഇടക്കൃഷിയായി ചിലർ വളർത്താറുണ്ട്. അപ്പോൾ ഇലകൾക്ക് ഗുണമേന്മ കുറവായിരിക്കുമെന്നും ഇവ മാത്രമായി വളർത്തുന്നതുകൊണ്ട് ഗുണനിലവാരം കാത്തുസൂക്ഷിക്കാൻ പറ്റുന്നുണ്ടെന്നും അബി പറയുന്നു.

ഒരു വർഷമേ ആയുള്ളൂ അബി കൃഷി തുടങ്ങിയിട്ട്. തുടക്കത്തിൽ നഷ്ടമായിരുന്നെങ്കിലും നാലഞ്ച് മാസമായി പൂന്തോട്ടപരിചരണത്തിനുള്ള പൈസ ലഭിക്കുന്നുണ്ടെന്ന് അബി പറയുന്നു. രണ്ട് വർഷം കഴിയുമ്പോൾ മാസം ഒരു ലക്ഷം രൂപ കിട്ടുമെന്ന ആത്മവിശ്വാസം അബിക്കുണ്ട്. അതിനുള്ള പ്രയത്നത്തിലാണ് അബി.

തോട്ടത്തിലെ ജോലികൾക്കായി രണ്ട് പണിക്കാരുണ്ട്. പണിക്കാരെ മാത്രം ആശ്രയിച്ച് കൃഷി തുടങ്ങരുതെന്നാണ് അബിയുടെ ഉപദേശം. പണി അറിഞ്ഞിരിക്കണം. ഉദ്ദേശം ഏഴ് ലക്ഷം ലീറ്റർ കൊള്ളുന്ന മഴവെള്ള സംഭരണി തയാറാക്കിയിട്ടുണ്ട്. ഈ വെള്ളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ഇതിൽ മീൻ വളർത്തുന്നുമുണ്ട്. മീൻ വളർത്തുന്ന വെള്ളം നല്ല വളം കൂടിയാണ്.

ഇൻഡോർ പ്ലാന്റുകളുടെ ശേഖരം ഒരുക്കുന്ന തിരക്കിലാണ് ഇപ്പോൾ അബി. ഉടൻ തന്നെ അവയുടെ വിപണനവും തുടങ്ങുന്നതാണ്.

ടിവിയിൽ അബിയുടെ ഓർക്കിഡ് കൃഷിയെക്കുറിച്ചുള്ള പരിപാടി വന്നതിൽ പിന്നെ ഒട്ടേറെപേർ ഫോണിലൂടെയും നേരിട്ടും കൃഷി തുടങ്ങാൻ ഉപദേശം തേടുന്നുണ്ട്. ‘‘പണം മാത്രം മോഹിച്ച് ഇതിലേക്കു വരരുത്. താൽപര്യം വേണം, കഷ്ടപ്പെടാനുള്ള മനസ്സ് വേണം. പലപ്പോഴും പൂവിന്റെ പണം കിട്ടാൻ പ്രയാസമാണ്. മുംബൈയിൽപോയി ഞാൻ പണം വാങ്ങിയെടുക്കും. എല്ലാവർക്കും അതു പറ്റണമെന്നില്ല,’’ അബി പറഞ്ഞുനിർത്തി. ■