Saturday 31 October 2020 12:32 PM IST : By സ്വന്തം ലേഖകൻ

മൂന്ന് സെന്റിലെ മൂന്ന്നില, മൂന്ന് കിടപ്പുമുറിയും ഹോം തിയറ്ററും ഉൾപ്പെടെ സൗകര്യങ്ങളെല്ലാം

sinu new

കിടിലൻ ലുക്ക്. ഏത് വലിയ വീടിനോടും കിടപിടിക്കുന്ന സൗകര്യങ്ങൾ... ആലപ്പുഴ തോടൻകുളങ്ങരയിലെ പ്രവീണിന്റെയും ലക്ഷ്മിയുടെയും ‘പ്രണവം’ എന്ന വീടിന് പറയാൻ വിശേഷങ്ങളേറെയാണ്. വെറും മൂന്ന് സെന്റിലാണ് പ്രണവം. വിസ്തീർണം 1700 സ്ക്വയർഫീറ്റ്. പക്ഷേ, കണ്ടാൽ അങ്ങനെ തോന്നില്ല. തലയുയർത്തി നിൽക്കുന്ന സാമാന്യം വലുപ്പമുള്ള വീടിന്റെ ഇമേജാണ് പ്രണവത്തിനുള്ളത്.

sinu new 4

കന്റെംപ്രറി ശൈലിയിലുള്ള ചുമരും അതിലെ ജാളികളും ഓൺടുലൈൻ ഷീറ്റ് കൊണ്ടുള്ള മേൽക്കൂരയുമെല്ലാം വീടിന്റെ പൊലിമ കൂട്ടുന്നു. വൈറ്റ് – ഗ്രേ നിറക്കൂട്ടിലാണ് എക്സ്റ്റീരിയർ.

sinu new3

വിശാലത തോന്നിക്കാനായി ബോധപൂർവം തിരഞ്ഞടുത്തതാണീ നിറക്കൂട്ട്. മൂന്ന് നിലയാണ് പ്രണവം. പക്ഷേ, കണ്ടാൽ രണ്ട് നിലയാണെന്നേ തോന്നൂ. വീടിന് പൊക്കക്കൂടുതൽ തോന്നാതിരിക്കാനായാണ് ഈ രീതിയിൽ ഡിസൈനൊരുക്കിയത്.

sinu new 5

സിറ്റ്‌ഔട്ട്, ലിവിങ്, ഡൈനിങ്, അടുക്കള, പൂജാമുറി എന്നിവയാണ് താഴത്തെ നിലയിൽ. രണ്ട് കിടപ്പുമുറി, ബാൽക്കണി എന്നിവയാണ് രണ്ടാംനിലയിലുള്ളത്. ഹോം തിയറ്റർ, ബാൽക്കണി, കോമൺ ടോയ്‍ലറ്റ്, യൂട്ടിലിറ്റി ഏരിയ എന്നിവ മൂന്നാംനിലയിൽ വരുന്നു.

sinu new 1

വീടിനു മുന്നിലായി ജിഐ സ്ട്രക്ചറിൽ പോളികാർബണേറ്റ് ഷീറ്റ് പിടിപ്പിച്ച രീതിയിലാണ് പോർച്ച്. സ്ഥലം നഷ്ടപ്പെടാതിരിക്കാനാണ് ഇത്തരത്തിൽ പോർച്ച് ഒരുക്കിയത്. ഈ സ്ഥലം മുറ്റമായി ഉപയോഗിക്കാം. ഇടുക്കം തോന്നാതിരിക്കാനായി ‍ഡബിൾ ഹൈറ്റിലാണ് ലിവിങ് സ്പേസ് ഒരുക്കിയത്. ഓരോ ഇടത്തിന്റെയും പ്രത്യേകതകൾക്കനുസരിച്ച് ഡിസൈൻ ചെയ്തു.

sinu new 2

നിർമിച്ചെടുത്തതാണ് ഫർണിച്ചർ എല്ലാം. അതുകാരണം ഒരിടത്തും തിക്കുംതിരക്കുമില്ല. ചുമരിൽ അങ്ങിങ്ങായി നൽകിയിരിക്കുന്ന ജാളി വീടിനുള്ളിൽ ആവശ്യത്തിനു വെളിച്ചം എത്തിക്കുന്നു. ഒപ്പം കാറ്റ് കയറിയിറങ്ങുന്നതിനു വഴിയൊരുക്കുകയും ചെയ്യുന്നു. ഹുരുഡീസ് ബ്ലോക്ക് കൊണ്ടാണ് ജാളി നിർമിച്ചിട്ടുളളത്. ട്രസ്സ് റൂഫ് നൽകി ഒാൺടുലൈൻ ഷീറ്റ് മേഞ്ഞ രീതിയിലാണ് മൂന്നാം നില.

sinu new 6

വീടിന് പൊക്കം തോന്നിക്കാത്ത വിധമാണ് ട്രസ്സ് റൂഫിന്റെയും മൂന്നാംനിലയുടെയും ഡിസൈൻ. വലിയ മുറ്റം ഇല്ലാത്തതിന്റെ കുറവ് പരിഹരിക്കുന്ന രീതിയിൽ തുണി നനയ്ക്കാനും ഉണങ്ങാനും എല്ലാം സൗകര്യമുള്ളതാണ് ഇവിടത്തെ യൂട്ടിലിറ്റി ഏരിയ. വാഷിങ് മെഷീൻ ഇവിടെയാണ് നൽകിയിരിക്കുന്നത്.സ്ഥലപരിമിതിയുടെ ആവലാതികൾക്ക് പ്രണവത്തിൽ സ്ഥാനമേയില്ല.

sinu new7

ഡിസൈൻ: അനീസ് ഹക്കിം, ആഡ് ഓൺ ഡിസൈൻസ്, ആലപ്പുഴ info.addon@gmail.com

Tags:
  • Vanitha Veedu