ചെലവു കുറഞ്ഞൊരു വീടൊന്നും ഇനിയുള്ള കാലത്ത് പണിയാൻ പറ്റില്ല,’ കോവിഡിനുശേഷം കേൾക്കുന്ന പതിവു പല്ലവിയാണിത്. അതുകൊണ്ടുതന്നെ 19,30,000 രൂപയ്ക്ക് 1100 ചതുരശ്രയടിയുള്ള വീട് പൂർത്തിയാക്കി എന്നതു വിശ്വസിക്കാൻ പ്രയാസം തോന്നും. സാമ്പത്തിക അച്ചടക്കവും പ്ലാനിങ്ങുമുണ്ടെങ്കിൽ കടമോ ലോണോ കൂടാതെ വീടുപണിയാൻ സാധിക്കുമെന്നാണ് കൊടുങ്ങല്ലൂർ കൂളിമുട്ടത്തുള്ള റിയാസിന്റെ വീട് കാണിച്ചുതരുന്നത്.
നിശ്ചിത ബജറ്റിൽ നിന്നുകൊണ്ട് വീടുപണിയണമെന്നതുകൊണ്ട് വീട്ടുകാരുടെ ആവശ്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തുമില്ല.
ചെലവു കുറച്ചതിന്റെ പ്രധാന കാരണമായി ഡിസൈനർ സക്കറിയ കാപ്പാട്ട് പറയുന്നത് വീട്ടുകാരുടെ സഹകരണമാണ്. തങ്ങളുടെ ആവശ്യങ്ങളും ബജറ്റും വീട്ടുകാർ മുൻകൂട്ടി അറിയിച്ചിരുന്നു. മൂന്ന് കിടപ്പുമുറികൾ വേണമെന്നത് വീട്ടുകാർ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
വീട്ടുകാരുടെ ഉപയോഗരീതി കണക്കിലെടുത്ത് 10X11 ചതുരശ്രയടിയുള്ള മൂന്ന് കിടപ്പുമുറികളാണ് നിർമിച്ചത്. രണ്ട് കിടപ്പുമുറികൾ മാത്രം അറ്റാച്ഡ് ബാത്റൂം ആക്കി. മൂന്നാമത്തെ കിടപ്പുമുറിക്ക് കോമൺ ബാത്റൂം ഉപയോഗിക്കാം.
ജനലിനും വാതിലിനും തടി ഉപയോഗിച്ചുതന്നെ ചെലവു നിയന്ത്രിച്ചു. ആഞ്ഞിലിയാണ് തടിപ്പണിക്ക് പൂർണമായി ഉപയോഗിച്ചത്. സ്ഥിരമായി തടിയെടുക്കുന്ന സ്ഥലത്തുനിന്ന് വാങ്ങിയതിനാൽ ചെലവ് നിയന്ത്രിക്കാനും ഗുണമേന്മയുള്ളത് തിരഞ്ഞെടുക്കാനും സാധിച്ചുവെന്ന് സക്കറിയ പറയുന്നു. പല സൈറ്റുകളിലേക്കും ഒരുമിച്ച് കൊണ്ടുപോകുന്നതിനാൽ വണ്ടിക്കൂലിയിനത്തിലും ലാഭം കിട്ടി. ഒരു വലിയ ആഞ്ഞിലി മുറിച്ച് പലകകളാക്കി ഉപയോഗിക്കുകയായിരുന്നു. മില്ലിൽ നിന്ന് പലകകൾ വാങ്ങി ഉപയോഗിക്കുമ്പോൾ നഷ്ടം വരാൻ സാധ്യതയുണ്ടെന്നാണ് ഡിസൈനറുടെ അഭിപ്രായം. തടി നേരിട്ട് അറപ്പിക്കുകയാണെങ്കിൽ ആഞ്ഞിലി പോലുള്ള ചില തടികളുടെ വെള്ളയുള്ള ഭാഗം ട്രീറ്റ് ചെയ്ത് ജനൽപ്പാളിക്കും മറ്റും പ്രയോജനപ്പെടുത്തുകയുമാകാം. ജനലും വാതിലും പോളിഷ് ചെയ്യാതെ പെയിന്റടിച്ചതും ചെലവു നിയന്ത്രിക്കാൻ സഹായിച്ചു. ചെലവു കുറച്ചതു മാത്രമല്ല, ജനൽ വാതിലുകൾക്ക് പെയിന്റ് നൽകിയത് കൊളോണിയൽ ശൈലിയിലുള്ള ഈ വീടിന്റെ ആകർഷണം കൂട്ടുന്നതിനും വലിയ പങ്കുവഹിച്ചിട്ടുണ്ട്. റബ്‌വുഡ് ഉപയോഗിച്ച് ഫർണിച്ചർ നിർമിച്ചതും ചെലവ് കൈപ്പിടിയിലാക്കിക്കൊണ്ടുതന്നെയാണ്.
വീടിന്റെ ചെലവു കുറയ്ക്കുക എന്നാൽ ഗുണമേന്മയില്ലാത്ത നിർമാണസാമഗ്രികൾ ഉപയോഗിക്കുക എന്ന തെറ്റിധാരണ പലർക്കുമുണ്ട്. എന്നാൽ പ്രമുഖ ബ്രാൻഡുകൾ എല്ലാം തന്നെ പല വിലയിലുള്ള ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കുന്നുണ്ട്. ലക്ഷ്വറി കാറ്റഗറിയിൽ നിന്ന് മാറി, പ്രമുഖ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ തന്നെ തിരഞ്ഞെടുക്കുകയാണ് ഇവിടെ ചെയ്തത്. സാനിറ്ററി ഉൽപന്നങ്ങളും പൈപ്പുകളും വയറുകളും സ്വിച്ചുമൊക്കെ പ്രശസ്ത കമ്പനികളുടെ മീഡിയം വിലയിലുള്ളത് തിരഞ്ഞെടുക്കുകയായിരുന്നു.
ചതുരശ്രയടിക്ക് ഏകദേശം 60 രൂപ വരുന്നടൈലാണ് നിലത്തു പതിച്ചത്. ചെലവ് നിയന്ത്രിക്കാൻ ആണ് ജോയിന്റ് ഫ്രീയായി ടൈൽ പതിപ്പിച്ചത്. സ്പേസർ ഇട്ടാൽ ഇപോക്സിക്ക് മാത്രമല്ല, പണിക്കൂലിയിനത്തിലും വലിയ ചെലവു വരും. സ്റ്റോൺ ഡിസൈനുള്ള ജോയിന്റ് ഫ്രീ ടൈൽ മാർബിളിന്റെ ഭംഗി തരികയും ചെയ്യും.
ഒറ്റനില വീടാണ്. ഫ്ലാറ്റ് ആയി വാർത്ത് അതിനു മുകളിൽ ട്രസ്സ് ചെയ്ത് ഓടുവിരിച്ചു. മുകളിൽ ധാരാളം സ്റ്റോറേജ് ഏരിയ ഉണ്ട്. പഴയ ഓട് ഉപയോഗിച്ചു.
ഡിസൈനറെ സംബന്ധിച്ച് നല്ലൊരു എലിവേഷന്റെ ഭാഗമാണ് സിറ്റ്ഔട്ട്. എന്നാൽ സിറ്റ്ഔട്ട് വേണ്ട എന്നതായിരുന്നു വീട്ടുകാരുടെ അഭിപ്രായം. സിറ്റ്ഔട്ടിനു പകരം ചെറിയൊരു ലോഞ്ച് മാത്രം നിർമിച്ചു. മുൻവശത്തെ കോൺക്രീറ്റ് തൂണുകളും ഭിത്തിയിലെ ‘ഗ്രൂവ്’ ഡിസൈനും എലിവേഷന്റെ ഭംഗികൂട്ടാൻ സഹായിച്ചു. മൂന്ന് കൂരകളായി മേൽക്കൂര നിർമിച്ചതും എലിവേഷന്റെ അഴകുകൂട്ടി.
PROJECT FACTS:
Area: 1100 sqft Owner: റിയാസ് ചുള്ളിപ്പറമ്പിൽ Location: കൊടുങ്ങല്ലൂർ
Design: എസ്ബി ആർക്കിടെക്ചർ, മലപ്പുറം Email: zakariyakappat@gmail.com