Thursday 12 March 2020 12:43 PM IST : By സോന തമ്പി

7 സെന്റിലെ വീടിന് 15 സെന്റിന്റെ മേനി; വീട്ടുകാരുടെ ആവശ്യമറിഞ്ഞ് ഡിസൈനറുടെ മാജിക്

7-cent

രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപിച്ചതും ഒന്നായി എന്ന സന്തോഷത്തിലാണ് റഹിം. ഗൾഫുകാരനായ വീട്ടുകാരൻ റഹിം മഠത്തിലിന് ആലുവയിലെ ഏഴ് സെന്റിൽ വീടു വയ്ക്കുമ്പോൾ അതിന് നല്ല വലുപ്പം തോന്നണമെന്ന ആഗ്രഹമായിരുന്നു ഉണ്ടായിരുന്നത്. പല പ്ലാനുകൾക്കൊടുവിൽ ഡിസൈനർ സക്കറിയ കാപ്പാട്ടിനെ സമീപിച്ചത് വെറുതെയായില്ല. 3300 ചതുരശ്രയടിയിൽ നാല് അറ്റാച്ഡ് ബെഡ്റൂമുകളുള്ള വീടിന് ഇമ്മിണി വലുപ്പം മാത്രമല്ല, നല്ല പൊലിമയുമുണ്ട്. കന്റെംപ്രറി ശൈലിയിലാണ് റഹിം തന്റെ വീട് ആഗ്രഹിച്ചത്.

7-cent-

മൂന്ന് മീറ്റർ സെറ്റ് ബാക്ക് വിട്ടിട്ടേയുള്ളുവെങ്കിലും മൂന്നു കാർ വരെ പാർക്ക് ചെയ്യാം. കാർപോർച്ചിനു മുകളിലെ സ്ഥലം പോലും വെറുതെ കളഞ്ഞി‍ട്ടില്ല. അവിടെയാണ് ഹോംതിയറ്റർ ഒരുങ്ങുന്നത്.

7-cent-3

അധികം സ്ഥലമില്ലെങ്കിലെന്താ, ഡൈനിങ്ങിൽ നിന്ന് ഇറങ്ങുന്ന വിധത്തിൽ ഒരു കോർട്‌യാർഡും ഇവിടെ റെഡി. ക്ലാഡിങ്ങും ചെടികളും പർഗോളയുമൊക്കെയായി സംഭവം ജോർ.

7-cent-5

വീടിന്റെ ഏറ്റവും കിടിലൻ ഏരിയ ഏതാണെന്നു ചോദിച്ചാൽ സ്റ്റെയർകെയ്സും മോഡുലാർ കിച്ചനും ഒപ്പത്തിനൊപ്പം നിൽക്കും. തടിയും ഗ്ലാസും അണിഞ്ഞാണ് സ്റ്റെയറിന്റെ നിൽപ്. അതും തേക്കിന്റെ ഗമയിൽ. ഒാപൻ രീതിയിലുള്ള കിച്ചനിൽ െഎലൻഡ് കിച്ചനാണ് താരം. കാബിനറ്റുകൾക്ക് മൾട്ടിവുഡ് ഭംഗി. സ്ലാബിന് കൊറിയൻ സ്റ്റോണിന്റെ മേലുടുപ്പ്.

ലിവിങ്ങിനും ഡൈനിങ്ങിനും ഇടയ്ക്ക് മൾട്ടിവുഡ് കൊണ്ട് പാർട്ടീഷൻ ചെയ്തിട്ടുണ്ട്. ഡബിൾ ഹൈറ്റിലുള്ള ഡൈനിങ്ങിന്റെ സീലിങ്ങിൽ അടിപൊളിയൊരു വർക്ക് കാണാം. ഒാൺലൈനിൽ വാങ്ങിയ മെറ്റീരിയിൽ പിന്നീട് കൂട്ടിച്ചേർക്കുകയായിരുന്നു.

വീട്ടുകാരന്റെ കൂടെ പിന്തുണ ആവോളം ഉണ്ടായിരുന്നതിനാൽ ഒരു വർഷവും രണ്ടു മാസവും കൊണ്ട് വീട് പൂർത്തിയായി.

ഡിസൈനർ: സക്കറിയ കാപ്പാട്ട്

9746991575