റോക്കറ്റ് പ്യൂരിഫയർ– ഒരു സ്മാർട് െഎഡിയ കഥ, വൈറൽ കഫേയ്ക്കു പിന്നിൽ
പേരു പോലെ തന്നെ പച്ചിലക്കാട്ടിനുള്ളിൽ ഒളിച്ചിരിക്കുകയാണ് ‘ഹിഡൻ കഫേ’. കൊച്ചി നഗര ഹൃദയത്തിലാണ് ഈ കഫേ എന്നു പറഞ്ഞാൽ വിശ്വസിക്കുമോ? ഇടപ്പള്ളിയിൽ ഹൈവേയിൽ നിന്ന് അൽപം ഉള്ളിലേക്ക് കയറിയാൽ പച്ചപ്പിന്റെ മറ്റൊരു ലോകം കാണാം. ഷാനി, രോഹിത് നായർ, ശ്രീജിത് കുമാർ, ഷുഹൈബ് എന്നീ സുഹൃത്തുക്കളുടെ തലയിൽ മിന്നിയ ആശയമാണിത്. ആർട്ടിസ്റ്റുകൾ കൂടിയായ രോഹിതും ശ്രീജിത്തും ചേർന്നാണ് ഇവിടത്തെ ചിത്രങ്ങൾ വരച്ചത്. ചെറുപ്പക്കാരുടെയും റീൽസ് പ്രേമികളുടെയും ഇഷ്ട താവളമായ കഫേയിൽ ചെലവു കുറഞ്ഞ സ്മാർട് െഎഡിയകൾ ഒട്ടേറെയുണ്ട്. അതിലൊന്നാണ് ചിത്രത്തിൽ കാണുന്നത്.
ഇവിടേക്കുള്ള വെള്ളം ശുദ്ധീകരിക്കുന്ന പ്യൂരിഫയറുകളാണ് ഇത്. പ്യൂരിഫയർ വച്ചപ്പോൾ തോന്നിയ െഎഡിയയാണ് ചുമരിൽ റോക്കറ്റിന്റെ ചിത്രം വരയ്ക്കുക എന്നത്. പ്യൂരിഫയറിന് റോക്കറ്റിനോട് സാമ്യം തോന്നുന്ന ആകൃതി ഉള്ളതിനാൽ ചുമരിലെ ചിത്രം കൂടി ആയപ്പോൾ ഒറ്റ നോട്ടത്തിൽ വിക്ഷേപണത്തിന് ഒരുങ്ങി നിൽക്കുന്ന റോക്കറ്റുകളാണെന്നേ തോന്നൂ. അങ്ങനെ അടിമുടി വെറൈറ്റിയിൽ കുളിച്ചു നിൽക്കുകയാണ് കഫേ.