Tuesday 18 May 2021 06:02 PM IST : By സ്വന്തം ലേഖകൻ

അകത്തളം ഭിത്തികളാൽ വേർതിരിച്ചില്ല, വലിയ ജനലുകള്‍ തുറക്കുന്നത് പച്ചപ്പിലേക്ക്, ആരാണ് ഇങ്ങനെയൊരു വീട് ആഗ്രഹിക്കാത്തത്

mm jos 1

ജോജിനെയും റോഷ്നിക്കും വേണ്ടി ആർക്കിടെക്ട് എം എം ജോസ് വീട് ഡിസൈൻ ചെയ്തു നൽകി. വീടിനു ചുറ്റും മെക്സിക്കൻ പച്ചപ്പിന്റെ പുതപ്പു മൂടിക്കിടക്കുന്നതു പോലെ. പല തരം ചെടികൾ പുൽത്തകിടിയിലും ഇന്റീരിയറിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലും സവിശേഷമായ പ്രസരിപ്പു പകരുന്നു.താഴെയും മുകളിലുമുള്ള നാല് കിടപ്പുമുറികളുടെയും ജനൽ തുറന്നിട്ടാൽ പുൽത്തകിടിയുടെ സൗന്ദര്യമുള്ള കാഴ്ച കാണാം. വലതുവശത്ത്, മുകളിലെ കിടപ്പുമുറിക്കു മുകളിലായി ത്രികോണാകൃതിയിലുള്ള റൂഫിൽ പെട്ടെന്നു കണ്ണെത്തും. ഇംപോർട്ടഡ് റൂഫ് ടൈലുകൾ നൽകുന്ന അപൂർവ ഭംഗിയാണ് വീടിന്റെ മറ്റൊരു ഹൈലൈറ്റ്. മുൻഭാഗത്ത് കണ്ണുടക്കുന്നത് വെളുത്ത സ്റ്റീൽ ജാളിയിലാണ്. ജ്യാമിതീയ രൂപങ്ങളാണ് ഇതിലെ ഡിസൈൻ. ജാളി സ്ക്രീനിന്റെ തൊട്ടുപിറകിൽ കോർട്‌യാർഡാണ്. ഗരാജ്, പോർച്ച്, വരാന്ത, സിറ്റ്ഒൗട്ട്, ലിവിങ് എന്നിവിടങ്ങളിൽ നിന്നെല്ലാം ഇൗ കോർട്‌യാർഡിൽ എത്താം എന്നതാണ് ഇൗ ഡിസൈനിന്റെ ഏറ്റവും മനോഹരമായ കാര്യം.

mm jose 4

ഒാപൻ തീം അതിലോലമായി സമന്വയിപ്പിച്ചിരിക്കുന്ന പ്ലാൻ. വീടിനകത്ത് എല്ലാവരും പൊതുവായി ചേരുന്ന സ്ഥലങ്ങളിലെല്ലാം ഭിത്തികൾ കുറവാണ്. അതേസമയം, സ്വകാര്യ ഇടങ്ങൾക്കെല്ലാം പൂർണമായ സ്വകാര്യത ഉറപ്പുവരുത്തി.കണ്ടു മടുക്കാത്ത ഫർണിച്ചർ ഡിസൈനുകൾക്കുള്ള ക്രെഡിറ്റ് ആർക്കിടെക്ടിനു കൊടുക്കാം. ഇൗ വീടിനുവേണ്ടിത്തന്നെ പ്രത്യേകമായി ഡിസൈൻ ചെയ്തെടുത്തവയാണവ. തേക്കിന്റെ ആഢ്യത്തം പറയാതിരിക്കാൻ വയ്യ. വാഡ്രോബുകൾക്കാണെങ്കിൽ തേക്കും വെനീറും ഉപയോഗിച്ചിരിക്കുന്നു. വിട്രിഫൈഡ് ടൈൽ ആണ് ഫ്ലോറിങ്ങിന്, എങ്കിലും പ്രാധാന്യം കൊടുക്കേണ്ട ഇടങ്ങൾ തടികൊണ്ട് ഹൈലൈറ്റ് ചെയ്തു. വീടിനെ സവിശേഷമാക്കുന്ന മറ്റൊരു കാര്യം ഭിത്തിയിലെ റിലീഫ് വർക്കുകളാണ്. സ്റ്റീലും വുഡും ചേർന്ന റിലീഫ് വർക്കുകൾ ലിവിങ്ങിലും ഡൈനിങ്ങിലും കാണാം.

mm jose 2

അകത്തളത്തിൽ ഒരിടത്തും നിറങ്ങളുടെ ആധിക്യം കാണാനാവില്ല. മൃദുലഭാവങ്ങളുള്ള ലിവിങ് മനസ്സിനെ സ്വാധീനിക്കും. ഫ്ലോറിങ്ങിലും ഫർണിഷിങ്ങിലും ഫർണിച്ചറിലുമെല്ലാം ക്രീം, ബ്രൗൺ നിറങ്ങളാണ് പരസ്പരം ഇഴചേർന്നു കിടക്കുന്നത്. ഫാമിലി ലിവിങ്ങിലും സ്ഥിതി വ്യത്യസ്തമല്ല. മുഴുനീളജനാലയുടെ നേർത്ത കർട്ടനുകൾ മാറ്റിയാൽ പുറത്തെ പുൽത്തകിടിയിലേക്കിറങ്ങാം. ഫാമിലി ലിവിങ്ങിന്റെ എതിർവശത്തുള്ള ഭിത്തിയിലെ ജനലുകൾ തുറക്കുന്നത് പിറകുവശത്തെ ഗാർഡനിലേക്കും. പാൻട്രിയിലേക്ക് തുറന്നിരിക്കുന്ന ഒാപൻ ഡൈനിങ്ങാണിവിടെ. ഉൗണുമേശയുടെ കസേരകളിൽ വരെ കാണാം വേറിട്ടുനിൽക്കുന്ന ഡിസൈൻ ഭംഗി. ‘ഹാപ്പി ഡൈനിങ്’ ആണ് തീം. ‘എൽ’ ആകൃതിയിലാണ് കിച്ചന്റെ കിടപ്പ്.

mm jose 3

‘‘ശ്രേഷ്ഠമായ എക്സ്റ്റീരിയറിന്റെ തുടർച്ചയെന്നോണമാണ് ഇന്റീരിയർ വികസിപ്പിച്ചത്. പുറത്തെ ഭംഗി അകത്തേക്കും പ്രതിഫലിപ്പിക്കുന്ന രീതിയിലാണു ചെയ്തത്. ഒാരോ ഇന്റീരിയർ ഘടകവും സൂക്ഷ്മമായി കൂട്ടിയിണക്കിയാണ് ഇത് സാധിച്ചെടുത്തത്, ’’ ആർക്കിടെക്ട് എം. എം. ജോസ് പറയുന്നു. ‘‘മരങ്ങൾ അധികം വെട്ടിക്കളയാതെ ഭൂമിയുടെ കിടപ്പിനെ അലോസരപ്പെടുത്താതെയാണ് ഇൗ പ്രോജക്ട് ചെയ്തത് എന്നതും വലിയൊരു വെല്ലുവിളിയും ഉത്തരവാദിത്തവും ആയിരുന്നു.’’

ഡിസൈൻ ആർക്കിടെക്‌ട് എം. എം. ജോസ്

മൈൻഡ്സ്കേപ് ആർക്കിടെക്ട്സ്, പാലാ ,

mmjarch@gmail.com

Tags:
  • Vanitha Veedu