മാനന്തവാടി ടൗണിൽ നിന്ന് വരുമ്പോൾ ദൂരെ കാണാം പച്ചപ്പിന്റെ ബാക്ക്ഗ്രൗണ്ടിൽ വെളുത്ത ഒരു വീട്. കോടമഞ്ഞ് പുതച്ചു നിൽക്കുന്ന ആ വീട് ആരും പെട്ടെന്ന് ഒന്നു ശ്രദ്ധിക്കും. സഹ്യന്റെ സൗന്ദര്യം ആസ്വദിക്കാൻ യുവദമ്പതികളായ ആതിരയും പരസും നിർമിച്ച ഈ വീടിന്റെ ശില്പി ആർക്കിടെക്ട് രാകേഷ് കാക്കോത്ത് ആണ്. വീടിന്റെ വിശദാംശങ്ങൾ രാകേഷിനോടു ചോദിക്കാം.
മോഡേൺ മിനിമലിസ്റ്റിക് ശൈലിയിലുള്ള വീടാണിത്. വീട്ടുകാരുടെ താൽപര്യങ്ങളാണോ ഈ ശൈലി തിരഞ്ഞെടുക്കാൻ കാരണം?
അതെ, മോഡേൺ മിനിമലിസ്റ്റിക് ആർക്കിടെക്ചർ വേണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, ഈ വീടിനു ചുറ്റുവട്ടമുള്ള വീടുകൾ മിക്കവയും തൊണ്ണൂറുകളിലെ ട്രെൻഡ് ആയിരുന്ന, ചരിഞ്ഞ മേൽക്കൂരയോടു കൂടിയ വീടുകൾ ആണ്. പരമ്പരാഗത കേരളീയ ശൈലിയിലുള്ള വീടുകൾ ഒന്നും ആ പരിസരത്ത് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് പരിസരത്തെ വീടുകളിൽ നിന്ന് വ്യത്യസ്തമായും സമകാലിക ജീവിതശൈലിക്ക് ഏറ്റവും അനുയോജ്യമായുമുള്ള ആർക്കിടെക്ചർ ഈ വീടിനു തിരഞ്ഞെടുത്തത്.
നമ്മുടെ ട്രോപ്പിക്കൽ കാലാവസ്ഥയെ നേരിടാൻ വീടിനെ എങ്ങനെ സജ്ജമാക്കി?
മിനിമൽ ശൈലിയിലാണ് എലിവേഷൻ ഡിസൈൻ ചെയ്തത് എങ്കിലും ആവശ്യത്തിന് സൺ/റെയിൻ ഷേഡുകൾ കൊടുത്തുതന്നെയാണ് ഈ വീട് നിർമിച്ചിട്ടുള്ളത്. പ്രത്യേകിച്ച് വെയിൽ നന്നായി അടിക്കുന്ന പടിഞ്ഞാറും തെക്കും ദിക്കുകളിൽ ഷേഡുകൾ നീട്ടിയിടാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
പ്ലോട്ടിന്റെ പ്രത്യേകതകൾ വീടിന്റെ ഡിസൈനിനെ എങ്ങനെ സ്വാധീനിച്ചു?
പ്ലോട്ടിന്റെ ആകൃതിയും പ്രത്യേകതകളും ഡിസൈനിനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. വടക്കുനിന്ന് തെക്കോട്ട് ചരിഞ്ഞു കിടക്കുന്ന പ്ലോട്ടാണ്. ആ ചരിവിനെ രണ്ട് തട്ടായി മാറ്റി. താഴത്തെ തട്ട് പാർക്കിങ് സ്പേസും മുറ്റവുമൊക്കെയായി കണക്കാക്കി. വീട് മുകളിലെ തട്ടിലാണ്. എന്നാൽ തട്ടിലേക്ക് അല്പം തള്ളിനിൽക്കുന്നുമുണ്ട്. വീടിന്റെ മുകളിലെ നിലയിൽ എത്തുമ്പോൾ അതിമനോഹരമായ പ്രകൃതിഭംഗിയാണ് കാണാനാകുക. മുകളിലെ കിടപ്പുമുറികളിൽ നിന്നെല്ലാം അതിമനോഹരമായ കാഴ്ച ലഭിക്കും. താഴത്തെ നിലയിലെ ഗെസ്റ്റ് ലിവിങ്ങിൽ നിന്നുതന്നെ തെക്കും പടിഞ്ഞാറും വശങ്ങളിലേക്ക് പ്രകൃതിസുന്ദരമായ കാഴ്ചകൾ കാണാം.
നിർമാണസാമഗ്രികളുടെ കാര്യത്തിലും മോഡേൺ വഴികളാണ് പിൻതുടർന്നത് എന്ന് തോന്നുന്നു. ജനലുകളിൽ തടിയുടെ സാന്നിധ്യം കാണുന്നേയില്ല.
ഇവിടെ പൂർണമായി ഉപയോഗിച്ചിരിക്കുന്നത് അലുമിനിയവും ഗ്ലാസും ചേർന്ന ജനലുകളാണ്. അതുപോലെ വീടിനു പുറത്തേക്ക് പോകുന്ന, പ്രധാന വാതിലുകൾ ഒഴികെയുള്ള ഒന്നിനും ഫ്രെയിം അല്ലെങ്കിൽ ചട്ടം നൽകിയിട്ടില്ല.
താഴത്തെ നിലയിലുള്ള, അച്ഛനമ്മമാരുടെ കിടപ്പുമുറിയിൽ നിന്നും മുകളിലെ നിലയിലെ മാസ്റ്റർ ബെഡ്റൂമിൽ നിന്നും പുറത്തേക്ക് നല്ല കാഴ്ചകളുണ്ട്. എന്നാൽ സ്വകാര്യത കുറവാണ്. തൊട്ടടുത്ത വീടുകളിൽ നിന്ന് ഈ മുറികളിലേക്ക് കാണാനാകും. ഇത് ഒഴിവാക്കാൻ സ്റ്റീൽ മെഷിനെ കൂട്ടുപിടിച്ചു. മുറിയിൽ നിന്നുള്ള കാഴ്ചകൾ ഈ മെഷ് തടസ്സപ്പെടുത്തില്ല. അതേസമയം മുറിക്കുള്ളിലേക്ക് കാഴ്ചയെത്തുകയുമില്ല. മുകളിലെ കിടപ്പുമുറിയിൽ നിന്നാണെങ്കിൽ പ്രത്യേക രീതിയിൽ ഈ മെഷിനെ വിഭജിച്ചിട്ടുണ്ട്. അതിലൂടെ പുറത്തേക്ക് മനോഹരമായ കാഴ്ച ലഭിക്കുകയും ചെയ്യും.
മുൻപുള്ള പ്രോജക്ടുകളിൽ ഒന്നുംതന്നെ പരീക്ഷിച്ചിട്ടില്ലാത്ത, എന്തെങ്കിലും പ്രത്യേക ഘടകം ഇവിടെയുണ്ടോ, നിർമാണരീതിയോ നിർമാണസാമഗ്രിയോ?
സ്റ്റീൽ മെഷ് സാധാരണ വീടുകളിൽ ഉപയോഗിക്കാറില്ല. എന്നാൽ ‘വീടിനു യോജിക്കില്ല’ എന്നു തോന്നിക്കാത്ത വിധത്തിൽ ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. സ്വകാര്യത കിട്ടാൻ മാത്രമല്ല, തെക്കുനിന്നുള്ള സൂര്യപ്രകാശത്തിന്റെ കാഠിന്യം കുറയ്ക്കാനും ഈ മെഷ് സഹായിച്ചിട്ടുണ്ട്.
ഈ വീട്ടിലെ റെയിൻവാട്ടർ ഹാർവെസ്റ്റിങ് പുതുമയുള്ളതാണ്. നിർമാണസമയത്തുതന്നെ പ്ലാൻ ചെയ്ത് കോളങ്ങൾക്കുള്ളിലൂടെ പൈപ്പുകൾ ഇറക്കി മഴവെള്ളം ശേഖരിക്കുന്ന പരിപാടിയാണ് ഇവിടെ പരീക്ഷിച്ചത്. പൈപ്പുകൾ ഒന്നും പുറത്തുകാണില്ല.
മഴവെള്ളം ഒഴുകി വരുന്ന പൈപ്പിനുള്ളിൽ പ്രകാശസ്രോതസ്സ് സ്ഥാപിച്ച് ‘സ്പൗട്ട് ലൈറ്റ്’ ചെയ്തിട്ടുണ്ട്. അത് ഞങ്ങളുടെ സ്വന്തം കണ്ടെത്തലാണ്. ഇത്രയും കാര്യങ്ങളാണ് ഈ വീടിനു മാത്രമായി നൽകിയത്.
Area: 3100 sqft Owner: പരസ് & ആതിര Location: മാനന്തവാടി, വയനാട് Design: സ്റ്റുഡിയോ ആക്സിസ്, കൊച്ചി Email: studioacisarchitects@gmail.com