ഇത് ഇലക്ട്രിക് വാഹനങ്ങളുടെ കാലം, ഇവി ചാർജിങ് പോയിന്റ് വീട്ടിൽ നൽകുമ്പോൾ
ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണ് ഇനി. കാലഘട്ടത്തിന്റെ ആവശ്യമായ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആളുകൾ ചുവടു മാറിത്തുടങ്ങി. പുതിയ കാര്യമായതു കൊണ്ടുതന്നെ സംശയങ്ങളും ഒട്ടേറെയാണ്. വീട്ടിൽ EV ചാർജിങ് പോയിന്റ് സുരക്ഷിതമായി ഒരുക്കുന്നതിനെക്കുറിച്ച് കൂടുതൽ അറിയാം.
വീടിന്റെ ഇലക്ട്രിക് സിസ്റ്റം കൃത്യമാണോ എന്ന് ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്. പുതിയ EV ചാർജർ സ്ഥാപിക്കാനുള്ള ശേഷി നമ്മുടെ ഇൻസുലേഷന് ഉണ്ടോ എന്ന് പരിശോധിക്കുക. പ്രത്യേകിച്ച് കെഎസ്ഇബിയിൽ നിന്നു വരുന്ന സർവീസ് വയറിന്റെ റേറ്റിങ് മുതൽ ഫ്യൂസിന്റെ റേറ്റിങ്, എംസിബി എന്നിവയെല്ലാം ശ്രദ്ധിക്കണം. പുതിയതായി EV ചാർജർ കൊടുക്കുമ്പോൾ അത് നാലുചക്ര വാഹനമോ ഇരുചക്രവാഹനമോ ആണെങ്കിലും പല റേറ്റിങ് ഉള്ളതുണ്ടാവും. അതിന്റെ വാട്ടേജ് അനുസരിച്ചുള്ള ഭാരം താങ്ങാനുള്ള ശേഷി ഉണ്ടോ എന്ന് പരിശോധിക്കണം. എന്നിട്ടു വേണം ചാർജിങ് പോയിന്റ് സ്ഥാപിക്കാൻ.
വീടിനു പുറത്ത് പാർക്കിങ് ഏരിയയിലോ അതോ എവിടെയാണോ സുഖകരമായി പാർക്ക് ചെയ്ത് ചാർജ് ചെയ്യാൻ സാധിക്കുക അവിടെ ചാർജിങ് പോയിന്റ് കൊടുക്കാം. ചാർജിങ് പോയിന്റ് നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത് എളുപ്പത്തിൽ കണക്ട് ചെയ്യാൻ പറ്റണം എന്നതാണ്. മറ്റൊന്ന് കുട്ടികൾക്ക് എളുപ്പത്തിൽ എത്താവുന്ന ഉയരമോ അവരുടെ കളിസ്ഥലമോ ആകരുത്. വെള്ളം കയറാത്ത വിധം ഉയരത്തിൽ വയ്ക്കാനും ശ്രദ്ധിക്കണം. കാരണം, നേരത്തെ വെള്ളം കയറാത്ത സ്ഥലങ്ങളിൽ വരെ ഇപ്പോൾ വെള്ളം കയറുന്ന കാഴ്ചയാണ്. അതു മുന്നിൽക്കണ്ട് വെള്ളം കയറിയാലും പ്രശ്നമുണ്ടാകാത്ത രീതിയിൽ ഉയർത്തി സ്വിച്ച് ബോർഡും മറ്റും നൽകണം.
ചാർജിങ് പോയിന്റിന്റെ സുരക്ഷയും ഉറപ്പാക്കണം. ഓവർകറന്റ് പ്രൊട്ടക്‌ഷൻ, എർത് വയർ ലീക്കേജ് പ്രൊട്ടക്‌ഷൻ എന്നിവ നിർബന്ധമായും കൊടുക്കണം. EV ചാർജർ നിർമാതാക്കളും വാഹന നിർമാതാക്കളും നിഷ്കർഷിച്ചിട്ടുള്ള നിബന്ധനകൾ കൃത്യമായി പാലിക്കണം. കാര്യക്ഷമമായിട്ടുള്ള എർത്തിങ്ങും മറ്റു കാര്യങ്ങളും നിഷ്കർഷിച്ചിട്ടുണ്ടാവും. അതു കൃത്യമായി പാലിക്കണം. സാധാരണ ചെയ്യാറുള്ളതു പോലെ താൽക്കാലിക വയറിങ് കൊടുത്ത് ചെയ്യുന്നത് അഭികാമ്യമല്ല. അത് അപകടത്തിലേക്കു നയിക്കാം. എന്തെങ്കിലും പ്രശ്നം പറ്റി ഡ്രിപ് ആയാലും വീടിനുള്ളിലെ കറന്റ് പോകാത്ത രീതിയിൽ വയറിങ് പരിഷ്കരിക്കുന്നതു നന്നായിരിക്കും.
പാർക്കിങ് ഏരിയയിലോ സുഖകരമായി പാർക്ക് ചെയ്ത് ചാർജ് ചെയ്യാൻ പറ്റുന്ന ഇടത്തോ ചാർജിങ് പോയിന്റ് നൽകാം. വെളളം കയറിയാലും എത്താത്ത ഉയരത്തിൽ നൽകണം. കുട്ടികൾക്ക് എളുപ്പം എത്താത്ത രീതിയിൽ നൽകാം.
പുതിയതായി വയ്ക്കുന്ന വീടുകളിൽ EV ചാർജിങ്ങിന് ഉതകും വിധമുള്ള വയറിങ് ഇലക്ട്രിക്കൽ കോൺട്രാക്ടറെ കൊണ്ട് ഡിസൈൻ ചെയ്യിക്കുക. ഉചിതമായ സ്ഥാനത്ത് ചാർജർ പിടിപ്പിക്കണം. മഴക്കാലത്ത് വെള്ളം കയറാതിരിക്കാനുള്ള ഉയരത്തിൽ നൽകാൻ ഇവിടെയും ശ്രദ്ധിക്കണം. കണക്ടഡ് ലോഡ് കൂടുമെന്നതിനാൽ അതിനുള്ള അനുമതി വേണം. അതിനായുള്ള നിയമപരമായ കാര്യങ്ങൾ ചെയ്യണം.
വിവരങ്ങൾക്കു കടപ്പാട്:
ജയകുമാർ നായർ
ഡയറക്ടർ, സസ്റ്റെനർജി ഫൗണ്ടേഷൻ, കോട്ടയം