മുത്തുമാല കോർത്ത പോലെ മുറികൾ; ഇതുപോലൊരു വീടുവേണമെന്ന് നമുക്കും തോന്നും Blending Tradition and Modernity in Kerala Home Design
ക്ഷേത്രനഗരങ്ങളിലെ വീടുകൾക്ക് ചില പ്രത്യേകതകളുണ്ട്. ക്ഷേത്രവാസ്തുവിനെ കൂടി ബഹുമാനിച്ചാകണം അതിന്റെ ഡിസൈൻ. ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിന്റെ തൊട്ടടുത്തു കിടക്കുന്ന ‘ഓംകാരം’ എന്ന ഈ വീട്, ഒരേ സമയം പരമ്പരാഗത കേരളീയ വാസ്തുവിന്റെയും മോഡേൺ ജീവിത ശൈലിയുടെയും മിശ്രണമാണ്. പ്രവാസികളായ വീട്ടുകാർ കൂടൽമാണിക്യക്ഷേത്രവുമായി അടുത്ത് ഇടപഴകുന്നവരാണ്. മാത്രവുമല്ല, ഉത്സവകാലത്ത് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഒത്തുചേരുന്ന ഇടവുമാണിവിടം. ഇതെല്ലാം മനസ്സിൽ വച്ചുവേണമായിരുന്നു ആർക്കിടെക്ട് സൂര്യ പ്രശാന്തിന് വീട് ഡിസൈൻ ചെയ്യാൻ.
സ്ട്രിങ് ഓഫ് പേൾസിന്റെ സൗന്ദര്യം
മൂന്നുവശവും റോഡ് ആണ് എന്നതാണ് ഈ പ്ലോട്ടിന്റെ പ്രത്യേകത. പടിഞ്ഞാറു ഭാഗത്തെ പ്രധാന റോഡിലേക്ക് നേരിട്ട് ഇറങ്ങുന്നതിനോടു യോജിപ്പില്ലാതിരുന്നതിനാൽ വടക്കുവശത്തെ പ്രൈവറ്റ് റോഡിലേക്ക് ഇറങ്ങാവുന്ന വിധത്തിൽ ഗേറ്റ് വച്ചു. പടിഞ്ഞാറു ഭാഗത്ത് നടന്നുവരാവുന്ന പടിപ്പുരയും റോഡിലേക്കു കാഴ്ച കിട്ടാൻ ജാളിയും കൊടുത്തു. ട്രെഡീഷണൽ, മോഡേൺ ഘടകങ്ങളുടെ മിശ്രണമായാണ് എലിവേഷനും ഡിസൈൻ ചെയ്തത്.
‘സ്ട്രിങ് ഓഫ് പേൾസ്’ എന്ന ആർക്കിടെക്ചറൽ തത്വം പിൻതുടർന്നാണ് മുറികൾ ക്രമീകരിച്ചത്. മുറികൾ മുത്തുപോലെയും അവ കൂട്ടിയിണക്കുന്ന സ്ട്രിങ് (string) ആയി ഇടനാഴിയും ക്രമീകരിക്കുന്ന രീതിയാണിത്. പബ്ലിക്, സെമി പ്രൈവറ്റ്, പ്രൈവറ്റ് എന്നിങ്ങനെ ഉപയോഗക്രമമനുസരിച്ച് മുറികൾ ഈ ഇടനാഴിക്കു ചുറ്റും ക്രമീകരിച്ചു.
ഹൃദയം ഡൈനിങ്
എല്ലാ മുറികളും തുറക്കുന്ന വീടിന്റെ ഹൃദയം ഡൈനിങ് ഏരിയയാണ്. അടുക്കളയിൽ നിന്നും ലിവിങ് ഏരിയകളിൽ നിന്നും ഇവിടേക്കു പ്രവേശിക്കാം. ഫോർമൽ ലിവിങ് ഡബിൾ ഹൈറ്റിൽ പ്രൗഢിയോടെ നിർമിച്ചു. കുറച്ചധികം പേരുണ്ടെങ്കിലും സന്തോഷത്തോടെ ഇരുന്നു സംസാരിക്കാൻ കഴിയും വിധത്തിലാണ് ഫാമിലി ലിവിങ് ഏരിയ ക്രമീകരിച്ചത്. ഫാമിലി ലിവിങ്ങിൽ നിന്ന് ഇറങ്ങാവുന്ന ഒരു ഡെക്കും ക്രമീകരിച്ചിട്ടുണ്ട്. ഇവിടെയൊരു ഫിഷ്പോണ്ടും ഉണ്ട്. ഈ വഴി ഗേറ്റിലേക്കു നീളുന്ന വിധത്തിലാണ് ക്രമീകരണം. പ്രായമായവർ ഉള്ളതിനാൽ വീൽച്ചെയർ സഞ്ചരിക്കാനുള്ള റാംപും ഇവിടെ കൊടുത്തു. മുകളിൽ വിശാലമായ ഓഫിസ് സ്പേസ് ക്രമീകരിച്ചിട്ടുണ്ട്. നാല് കിടപ്പുമുറികളാണ്. മാസ്റ്റർ ബെഡ്റൂമും അച്ഛനമ്മമാരുടെ മുറിയും താഴെയും മുകളിൽ മറ്റു രണ്ട് കിടപ്പുമുറികളുമാണ്. ടെറാക്കോട്ട ടൈൽസും ബട്ടൺ ടൈൽസും ചേർത്താണ് ബെഡ്റൂം ഫ്ലോറിങ് ചെയ്തത്. പ്രായമായവർക്കു കൂടി ഉപയോഗിക്കാൻ എളുപ്പമുള്ള രീതിയിൽ ബാത്റൂമുകൾ ക്രമീകരിച്ചു.
തടിയില്ലാത്ത ട്രെഡീഷണൽ വീട്
തടിയോട് അത്ര താൽപര്യമുള്ളവരല്ല വീട്ടുകാർ. അതുകൊണ്ടുതന്നെ തടി ഉൽപന്നങ്ങൾ വീട്ടിൽ വേണ്ട എന്നതായിരുന്നു ഡിമാൻഡുകളിലൊന്ന്. ചിതൽ തന്നെ പ്രധാന പ്രശ്നം. തടിയില്ലാതെ ട്രെഡീഷണൽ ശൈലിയിലുള്ള വീടുപണിയുക എന്നത് ആർക്കിടെക്ടിനെ സംബന്ധിച്ച് വെല്ലുവിളി തന്നെയായിരുന്നു. അതിനൊരു പരിഹാരം കാണുകയാണ് ആർക്കിടെക്ട് ടീം ചെയ്തത്. നനവുള്ള ഭിത്തിയിൽ നിന്ന് കട്ടിള വഴിയാണ് വാതിലിലേക്ക് ചിതൽ എത്തുന്നത്. പഴയ കൊട്ടാരങ്ങളിലും ക്ഷേത്രങ്ങളിലും കല്ല് കൊണ്ടുള്ള കട്ടിള പണിത് ഈ പ്രശ്നം ഒഴിവാക്കിയിരുന്നു. അതേ ടെക്നിക് ഇവിടെയും പ്രയോഗിച്ചു. എല്ലാ വാതിലുകളുടെയും കട്ടിള ഗ്രാനൈറ്റ് ആണ്. നേരത്തേയിട്ട ദ്വാരത്തിലേക്ക് വാതിൽ സ്ക്രൂ ചെയ്തു പിടിപ്പിച്ചു. ജനലുകൾക്ക് അനൊഡൈസ്ഡ് അലുമിനിയം തിരഞ്ഞെടുത്തു. ഗോവണിപ്പടിയിൽ തടിയുണ്ടെങ്കിലും സ്റ്റീൽ തന്നെയാണ് പ്രധാനം. ഒരു ആർട് പീസ് എന്ന നിലയ്ക്കാണ് ഗോവണി സൃഷ്ടിച്ചത്.
എർത്തി ഇന്റീരിയർ
വീടിന്റെ മറ്റു ഘടകങ്ങളോടു ചേരുന്ന വിധത്തിൽ എർത്തി ടോണുകൾ ആണ് ഇന്റീരിയറിലേക്കു തിരഞ്ഞെടുത്തത്. ഇഷ്ടിക എക്സ്പോസ് ചെയതത് പലയിടത്തും കാണാനാകും. വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ടിവന്ന ജോലിയാണിത്. എക്സ്പോസ്ഡ് കോൺക്രീറ്റിന്റെ ഭംഗിയാണ് സീലിങ്ങിന്. ആത്തംകുടിയിൽ നിന്നു വാങ്ങിയ ഹാൻഡ്മെയ്ഡ് ടൈൽ വിരിച്ചുതരാൻ അവിടെ നിന്ന് ഒരു കുടുംബം തന്നെ ഇരിങ്ങാലക്കുടയിലെത്തി.
പൂന്തോട്ടത്തിന്റെ തുടർച്ചയായി പച്ചപ്പ്
ക്രോസ് വെന്റിലേഷന് വളരെയധികം പ്രാധാന്യം നൽകിയ ഡിസൈൻ ആണ് ഈ വീടിന്റേത്. അതേസമയം ഇരുളും വെളിച്ചവും ഇടകലർന്നു ലഭിക്കുന്ന രീതിയിലാണ് മുറികൾ ക്രമീകരിച്ചത്. പുറത്തെ ഗാർഡന്റെ തുടർച്ചയെന്നോണമാണ് അകത്തെ കോർട്‌യാർഡുകൾ. ട്രോപ്പിക്കൽ കാലാവസ്ഥയോടു യോജിച്ച ചെടികൾ തിരഞ്ഞെടുത്തു. ഇലക്ട്രിക്കൽ റൂം, സർവന്റ്സ് റൂം ഇതെല്ലാം മുകളിലെ നിലയിലാണ് നൽകിയത്.
Area: 5200 sqft Owner: ശ്രീജിത് & ജയശ്രീ Location: ഇരിങ്ങാലക്കുട Design: Surya Prasanth, Architect, Mudbricks, ഇരിങ്ങാലക്കുട, കൊച്ചി Email: contact@mudbricks.in ചിത്രങ്ങൾ: ജസ്റ്റിൻ സെബാസ്റ്റ്യൻ