കഴിഞ്ഞ പത്തിരുപത് വർഷമായി ഞങ്ങളും വീടെന്ന സ്വപ്നത്തിനു പിറകേയായിരുന്നു. സന്തോഷവും ആശങ്കയുമെല്ലാം ഇടകലർന്ന ചേർന്ന സ്വപ്നയാത്ര ഒടുവിൽ ഹരിപ്പാട്ടെ ഞങ്ങളുടെ പ്രിയ വീട് ‘കൃഷ്ണഭദ്ര’ ത്തിൽ എത്തിനിൽക്കുന്നു. വീട് വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക്, പ്രത്യേകിച്ച് നാട്ടിൽ സ്ഥിരതാമസമല്ലാത്തവർക്ക് ഞങ്ങളുടെ ഗൃഹനിർമാണ അനുഭവങ്ങൾ സഹായകരമായേക്കാം. അതുകൊണ്ടുതന്നെ ഇതൊരു തുറന്നെഴുത്താണ്.
കാൽനൂറ്റാണ്ടായി ബെംഗളൂരു നഗരത്തിന്റെ ഭാഗമാണ് ഞങ്ങൾ. തറവാടിന് അടുത്തുതന്നെയുള്ള 10 സെന്റ് സ്ഥലം വാങ്ങി അവിടെയാണ് വീട് വച്ചത്. റോഡരികിൽനിന്നു മാറി ശാന്തമായ ചുറ്റുപാടിലാണ് പ്ലോട്ട്. വിദേശത്തും നാട്ടിലും അനുഭവസമ്പത്തുള്ള ഒരു ആർക്കിടെക്ടിനെയാണ് പ്ലാൻ വരയ്ക്കാൻ ഏൽപ്പിച്ചത്. ആഗ്രഹിച്ചതുപോലെ മനോഹരമായ ഒരു വീടിനുള്ള പ്ലാൻ അദ്ദേഹം തയാറാക്കിത്തന്നു.
പ്രകൃതിയെന്ന ലക്ഷ്വറി

ബെംഗളൂരുവിലെ ചെറിയ പ്ലോട്ടിൽ താമസിച്ചു ശീലിച്ചതിനാൽ വിശാലമായ ഇടങ്ങൾ, ധാരാളം കാറ്റും വെളിച്ചവും ഇതെല്ലാമാണ് ഞങ്ങൾക്ക് ലക്ഷ്വറി. പ്രകൃതിയോട് ഇണങ്ങിയ വീടുകളോട് പ്രത്യേക ഇഷ്ടവുമുണ്ട്. ടെറാക്കോട്ട ഹോളോബ്രിക്സ് ഭിത്തി നിർമാണത്തിന് തിരഞ്ഞെടുക്കാൻ പ്രധാന കാരണമതാണ്. അകത്തെ വായു അറകൾ വീടിനുള്ളിലേക്ക് ചൂടിനെ കടത്തിവിടില്ല. കാണാനും നല്ല ഭംഗി!
കിടപ്പുമുറികൾ മുകളിൽ മതിയെന്നായിരുന്നു ആദ്യ തീരുമാനം. പ്രായമാകുമ്പോൾ മുകളിലേക്കു കയറാനുള്ള പ്രയാസത്തെപ്പറ്റി അമ്മ വിശദീകരിച്ചപ്പോൾ ഒരു കിടപ്പുമുറി താഴേക്കു മാറ്റി. താഴത്തെ കിടപ്പുമുറി അടുക്കള കഴിഞ്ഞ് കൊടുക്കുന്നത് അനൗചിത്യമാകുമോ എന്നു സംശയമുണ്ടായിരുന്നെങ്കിലും അതിന്റെ പോസിറ്റീവ് വശങ്ങളാണ് പിന്നീട് അനുഭവിച്ചത്. സ്വകാര്യതയ്ക്ക് ഭംഗം വരാതെയുള്ള സ്ഥാനവും അതേസമയം പുറത്ത് ആരു വന്നാലും കാണാൻ കഴിയും എന്നതുമെല്ലാം താഴത്തെ കിടപ്പുമുറിയെ പ്രിയയിടമാക്കുന്നു.

ഏതാണ്ട് എല്ലാ മുറികളും തന്നെ കോർട്‌യാർഡുകളോ ബാ ൽക്കണികളോ കൊണ്ടു ചുറ്റപ്പെട്ടതാണ് എന്നതാണ് പ്ലാനിന്റെ പ്രത്യേകത. പറമ്പിലെ മരങ്ങൾ പരമാവധി നിലനിർത്തിവേണം നിർമാണം എന്ന് ആഗ്രഹിച്ചിരുന്നു. പ്ലോട്ടിനു മുൻവശത്തുള്ള വാളൻപുളിയെ ഉൾക്കൊണ്ട് സിറ്റ്ഔട്ടിനോടു ചേർന്ന് കോർട്‌യാർഡ് ഉണ്ടായത് അങ്ങനെയാണ്. അടുക്കളയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നിടത്തും മൂന്ന് മരങ്ങൾ ഉണ്ടായിരുന്നു. ആ മരങ്ങൾ വീടിന്റെ ഭാഗമാക്കി യൂട്ടിലിറ്റി ഏരിയയും നിർമിച്ചു. എ ന്നാൽ നിർമാണപ്രവർത്തനങ്ങൾക്കിടെ ആ മരങ്ങൾ ഉണങ്ങിപ്പോയി. അവിടെ പുതിയ മരങ്ങൾ നടണം.
അകത്തെ പുറംലോകം

സിറ്റ്ഔട്ടിൽ നിന്ന് സാമാന്യം വിശാലമായ ഫോയറിലേക്കു കയറി, അവിടെനിന്നാണ് പ്രധാന വാതിൽ കൊടുത്തത്. ഓപ്പൺ പ്ലാൻ തരുന്ന വിശാലത ഞങ്ങൾ വളരെയധികം ആസ്വദിക്കുന്നു. അതുകൊണ്ട് ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, പാൻട്രി എന്നീ ഇടങ്ങൾ ഒരേ ഹാളിന്റെ ഭാഗമായി ക്രമീകരിക്കുകയായിരുന്നു.
ഡൈനിങ് ഏരിയയ്ക്ക് ഉയരം അല്പം കൂടുതൽ വേണം എന്നുണ്ടായിരുന്നു. ഡൈനിങ്ങിനോടു ചേർന്ന് ഒരു പാഷ്യോ ഉണ്ട്. അതിഥികൾ വരുമ്പോൾ ഡൈനിങ് കൂടുതൽ വിശാലവും രസകരവുമാകാൻ ഈ പാഷ്യോ സഹായിക്കും. ഇത്തരം കൂട്ടായ്മകളിൽ പാൻട്രിയുടെ സാന്നിധ്യവും സഹായകരമാകും.
ലിവിങ് ഡൈനിങ് ഹാളിന്റെ ഏറ്റവും പ്രധാന ആകർഷണം ഗോവണിയാണ്. വ്യത്യസ്തമായൊരു പരീക്ഷണത്തിനു മുതിരുകയായിരുന്നു ഗോവണിയുടെ കാര്യത്തിൽ. മെറ്റൽഷീറ്റ് വച്ചാണ് ഗോവണിയുടെ നിർമാണം. പടികളുടെ ആകൃതി വരുത്തിയ ഷീറ്റ് നാല് പീസുകളായി കൊണ്ടുവന്ന് വിളക്കിച്ചേർക്കുകയായിരുന്നു.
മാസ്റ്റർ ബെഡ്റൂമിൽ നിന്ന് രണ്ട് വാതിലുകൾ രണ്ട് വശങ്ങളിലെ ബാൽക്കണികളിലേക്ക് തുറക്കുന്നു. ഇതിലെ പ്രധാന ബാൽക്കണി കുട്ടികളുടെ മുറിയുമായുള്ള കണക്‌ഷൻ കൂടിയാണ്. കുട്ടികളുടെ കിടപ്പുമുറിയിൽ മെസനൈൻ ഫ്ലോർ കൂടി ഉൾപ്പെടുത്തി.
ടൈം ഈസ് മണി

ആഗ്രഹിച്ചതുപോലെത്തന്നെ ഡിസൈൻ ചെയ്തു കിട്ടിയ വീടാണ് ഞങ്ങളുടേത്. എന്നാൽ നിർമാണച്ചെലവ് കൈവിട്ടുപോയി. പ്ലാൻ ചെയ്തതിലും 40% ത്തോളം അധികം ചെലവാക്കേണ്ടിവന്നു. നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ഇത്ര തുക വേണ്ടിവരും എന്ന് നിർമാണം ഏറ്റെടുത്തവർ അറിയിച്ചിരുന്നെങ്കിലും ഓരോ ഘട്ടവും കഴിയുമ്പോൾ ചെലവിന്റെ കണക്ക് കാണിച്ചിരുന്നില്ല. നിർമാണക്കമ്പനിയുടെ ഭാഗത്തുനിന്നുമുണ്ടായ മണി മാനേജ്മെന്റിന്റെ അഭാവം മൂലമാണ് ഞങ്ങളുടെ വീടുനിർമാണത്തിന് ചെലവ് കൂടിയത് എന്ന് വിശ്വസിക്കുന്നു. മെട്രോ നഗരങ്ങളിലേതുപോലെ ഒരു പണി ഇത്ര രൂപയ്ക്ക് ഇന്ന സമയത്ത് തീർക്കും എന്ന രീതിയിൽ കരാർ കൊടുക്കുന്ന രീതി ഇവിടെയും പ്രാവർത്തികമാക്കേണ്ടതാണ്. 2009 ൽ കരാറിൽ പറഞ്ഞ ബജറ്റിലും സമയപരിധിയിലും നിന്നുകൊണ്ട് നാല് നില വീട് ബെംഗളൂരുവിൽ തീർത്ത അനുഭവസമ്പത്ത് ഞങ്ങൾക്കുണ്ട്.
പല പണികളും ചെയ്തു കഴിഞ്ഞാണ് അതിന്റെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞത്. വീടിനു മുൻവശത്തെ ജാളി കട്ടകൾ വലുത് ആയിരുന്നതിനാൽ ഒന്നു തള്ളിയാൽ മറിഞ്ഞുവീഴും. കൂടുതൽ മെറ്റൽ ഫ്രെയിം കൊടുത്ത് വീണ്ടും ഉറപ്പിക്കേണ്ടിവന്നു. ഇതെല്ലാം വീട്ടുകാർക്ക് നേരത്തേ അറിയാനായി എന്നുവരില്ല.
മക്കളുടെ വീട്ടിലെ വിളിപ്പേരായ കൃഷ്ണയും ഭദ്രയും ചേർത്താണ് കൃഷ്ണഭദ്രം എന്ന വീട്ടുപേരിലെത്തിയത്. പേര് തീരുമാനിച്ചപ്പോൾ അത് കുറിച്ചുവയ്ക്കുന്നതും അല്പം വ്യത്യസ്ത വേണം എന്നുറപ്പിച്ചു. കാലിഗ്രഫി വിദഗ്ധനായ നാരായണഭട്ടതിരിയാണ് നെയിംബോർഡിനുള്ള ലിപികൾ സംഭാവന ചെയ്തത്. ആഗ്രഹം പോലെ വീടുണ്ടാക്കിയെങ്കിലും തിരക്കുകൾ ഒഴിവാക്കി നാട്ടിലെത്താനാണ് ഞങ്ങൾ പാടുപെടുന്നത്. കൃഷ്ണഭദ്രത്തിൽ ഒത്തുകൂടാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കാറില്ല.
ചിത്രങ്ങൾ: ആകാശ് സഞ്ജീവ്
Area: 3200 sqft Owner: അഭിലാഷ് പിള്ള & മഞ്ജുള Location: ഹരിപ്പാട്, ആലപ്പുഴ Architect: രാജ്‌വിൻ ചാണ്ടി, Phone: 8075309825