Tuesday 04 May 2021 04:06 PM IST : By സ്വന്തം ലേഖകൻ

വീട്ടിലേക്ക് എത്ര ടണ്ണിന്റേ എസി വേണം, അറിയാന്‍ എളുപ്പ വഴിയുണ്ട്, എവിടെ പിടിപ്പിക്കണം, ഏത് മോ‍ഡലാണ് ട്രെൻഡ്?

ac 1

മുൻവർഷങ്ങളിലെ പോലെ പുതിയ മോഡലുകളുടെ ലോഞ്ചിങ്ങും വിലക്കിഴിവും സമ്മാനപദ്ധതികളും ഒെക്കയായി സജീവമാണ് എസി വിപണി. ഇൻവേർട്ടർ എസിക്കാണ് ഇപ്പോൾ ഡിമാൻഡ് കൂടുതൽ. അതിൽ തന്നെ പെട്ടെന്ന് തണുപ്പിക്കുന്നതും ബാക്ടീരിയയെയും വൈറസിനെയുമൊക്കെ നശിപ്പിക്കുന്ന ഫിൽറ്ററിങ് സംവിധാനമുള്ളതുമായ മോഡലുകളോട് താൽപര്യം കൂടുതലുണ്ട്. പണ്ടുണ്ടായിരുന്ന മുക്കാൽ ടൺ എസി ഇപ്പോഴില്ല. ഒന്ന്, ഒന്നര, രണ്ട് ടൺ എസിയാണ് വിപണിയിലുള്ളത്. മുറി തണുപ്പിക്കാനുള്ള ശേഷിയാണ് ടൺ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിനാൽതന്നെ മുറിയുടെ വലുപ്പം അനുസരിച്ചു വേണം എസി വാങ്ങാൻ.

ac 3

വീട്ടിലേക്ക് എത്ര ടണ്ണിന്റെ എസി വേണം എന്നറിയാൻ ഒരു എളുപ്പ വഴിയുണ്ട്. 140 ചതുരശ്രയടി വരെ വലുപ്പമുള്ള മുറികളിലേക്ക് ഒരു ടൺ, 140-180 ചതുരശ്രയടി വരെ ഒന്നര ടൺ, 180 - 240 വരെ രണ്ട് ടൺ എന്നതാണ് കേരളത്തിൽ പൊതുവേ പിന്തുടരുന്ന അനുപാതം. മുറിയുടെ ഉയരം, ജനലുകളുടെ എണ്ണം എന്നിവയും എസിയുടെ ടണ്ണേജിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 25,000 രൂപ മുതലാണ് ഒരു ടൺ എസിയുടെ വില. ഒന്നര ടണ്ണിന് 35,000 രൂപ മുതലും രണ്ട് ടണ്ണിന് 45,000 രൂപ മുതലും വില വരും.

കിടപ്പുമുറിയിൽ കട്ടിലിന്റെ ഹെഡ്ബോർഡിനു മുകളിലായി എസി പിടിപ്പിക്കുന്നത് ഒഴിവാക്കാം. തലയിലോ നെഞ്ചിലോ സ്ഥിരമായി തണുപ്പടിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. എപ്പോഴെങ്കിലും എസിക്ക് ‘വാട്ടർ ലീക്ക്’ തകരാർ ഉണ്ടായാൽ കട്ടിലിലേക്ക് വെള്ളം ഇറ്റുവീഴാം. ഹെഡ്ബോർഡിന്റെ ഇടതോ വലതോ ഉള്ള ചുമരിൽ എസി പിടിപ്പിക്കുന്നതാണ് നല്ലത്. വാതിലിന് നേരെ എസി പിടിപ്പിക്കുന്നത് ഒഴിവാക്കാം. തണുപ്പ് പാഴാകാൻ ഇത് ഇടയാക്കും. സീലിങ്ങിൽ നിന്ന് ഒന്ന് - ഒന്നര അടി താഴെയായി എസിയുടെ ഇൻഡോർ യൂണിറ്റ് പിടിപ്പിക്കുന്നതാണ് ഉത്തമം. സീലിങ്ങിനും എസിക്കും ഇടയിൽ ഇത്രയെങ്കിലും അകലം ഉണ്ടെങ്കിലേ സുഗമമായി വായു വലിച്ചെടുക്കാൻ കഴിയൂ. മേൽക്കൂരയ്ക്ക് വളരെ അടുത്തായാൽ ചൂടുവായു ആകും വലിച്ചെടുക്കുക. മുകളിൽ നിന്ന് വായു വലിച്ചെടുത്ത് തണുപ്പിച്ച ശേഷം അടിഭാഗത്തുകൂടി പുറത്തേക്കു വിടുന്ന രീതിയിലാണ് ഭൂരിഭാഗം മോഡലുകളുടെയും പ്രവർത്തനം. സാധാരണയിൽ നിന്നും പൊക്കം കൂടിയ മുറിയാണെങ്കിൽ തറനിരപ്പിൽ നിന്നും ഏഴര - എട്ട് അടി പൊക്കത്തിൽ എസി വയ്ക്കുന്നതാണ് നല്ലത്. ചുമരിന്റെ മധ്യത്തിലായി പിടിപ്പിക്കുന്നതാണ് മുറിയുടെ എല്ലാ ഭാഗത്തും തണുപ്പെത്താൻ നല്ലത്.

ac 2

വീടിന്റെ പുറംചുമരിൽ വായൂസഞ്ചാരമുള്ള ഭാഗത്ത് വേണം എക്സ്റ്റേണൽ യൂണിറ്റ് വയ്ക്കാൻ. ഇരുമ്പിന്റെ പ്രത്യേക സ്റ്റാൻഡിൽ (വോൾ ബ്രാക്കറ്റ്) വയ്ക്കുന്നതാണ് ഇപ്പോഴത്തെ രീതി. പണ്ട് സൺഷെയ്ഡിലും മറ്റും വയ്ക്കുകയായിരുന്നു പതിവ്. അടിഭാഗം തുരുമ്പിക്കാൻ സാധ്യത ഉണ്ടെന്നതും വൈബ്രേഷൻ കൂടുതലായിരിക്കും എന്നതുമാണ് പേരായ്മ. എക്സ്റ്റേണൽ യൂണിറ്റ് വയ്ക്കാനുളള റെഡിമെയ്ഡ് വോൾബ്രാക്കറ്റ് ഇപ്പോൾ സുലഭമാണ്. വയറിങ് മികച്ചതാണെങ്കിൽ പഴയ വീടുകളിലും വളരെ എളുപ്പത്തിൽ എസി പിടിപ്പിക്കാം. പവർ പ്ലഗ് വേണ്ടിവരും. ഇൻഡോർ - ഔട്ട്ഡോർ യൂണിറ്റുകളെ ബന്ധിപ്പിക്കാൻ ചുമര് തുളച്ച് പൈപ്പ് നൽകുകയാണ് പിന്നീട് വേണ്ടത്. രണ്ട് ഇഞ്ചിന്റെയോ മൂന്ന് ഇഞ്ചിന്റെയോ പൈപ്പ് മതിയാകും.

Tags:
  • Vanitha Veedu