Friday 15 November 2019 04:56 PM IST : By സ്വന്തം ലേഖകൻ

ബെൽഫ്രിയിലെ നിധി മുറി, ചരിത്രമുറങ്ങുന്ന 'വിശുദ്ധ രക്തത്തിന്റെ ചാപ്പൽ'; പികെയിലെ ബ്രൂഷ് ശിൽപ ചാരുതയുടെ നാട്

bruge

ആമിർ ഖാനും അനുഷ്കശർമ്മയും സുശാന്ത് സിങ് രജ്പുത്തും തകർത്തഭിനയിച്ച ബോളിവുഡ് ഹിറ്റ് 'പികെ' യുടെ മിക്ക സീനുകൾക്കും പശ്ചാത്തലമൊരുക്കിയത് യൂറോപ്പിലെ ഒരു കൊച്ചു പട്ടണമാണ് - ബെൽജിയത്തിലെ ബ്രൂഷ് (Bruges). വടക്കുപടിഞ്ഞാറൻ ബെൽജിയത്തിലെ വെസ്റ്റ് ഫ്ലാൻഡേഴ്സിന്റെ തലസ്ഥാനമാണ് ബ്രൂഷ്. ബ്രൂഷിന് ഇങ്ങനെയൊരു ' ഇന്ത്യൻ കണക്ഷൻ' ഉള്ളത് അധികം ആർക്കുമറിയില്ല.

b2

ബ്രൂഷിനെ ലോകപ്രശസ്തമാക്കുന്നത് അതിന്റെ പ്രകൃതി സൗന്ദര്യവും അതിനോട് ഇഴചേർന്നു കിടക്കുന്ന ശിൽപഭംഗിയുമാണ്. ലോക പൈതൃക പട്ടികയിലും ബ്രൂഷിന് സ്ഥാനമുണ്ട്. വിനോദ സഞ്ചാരികളുടെ പ്രിയ ഇടമാണ് ഇന്ന് ബ്രൂഷ് പട്ടണം.

b5

കനാലുകളും കല്ലുപാകിയ നടപ്പാതകളുമാണ് ബ്രൂഷിനെ സുന്ദരിയാക്കുന്നത്. ബെൽഫ്രി എന്ന മണി ഗോപുരം ഇവിടത്തെ മനോഹര കാഴ്ചകളിലൊന്നാണ്. ഈ ഗോപുരത്തിന്റെ രണ്ടാം നിലയിൽ പഴയൊരു നിധി മുറിയുമുണ്ട്. 366 പടികൾ കയറി ഗോപുരമുകളിൽ എത്തിയാൽ ബ്രൂഷിന്റെ പനോരമിക് വ്യൂ ദൃശ്യമാകും. ഇതിലെ സ്വരമാധുര്യം പൊഴിക്കുന്നത് 47 മണികളുള്ള കാരിലോൺ ആണ്.

b3

'വിശുദ്ധ രക്തത്തിന്റെ ചാപ്പൽ' (Chapel of the Holy Blood) എന്ന പള്ളിയുടെ സവിശേഷത ക്രിസ്തുവിന്റെ തിരുരക്തത്തിന്റെ ഏതാനും തുള്ളികൾ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണ പേടകമാണ്. ഒരു ചാപ്പലിനകത്ത് മറ്റൊരു ചാപ്പൽ എന്ന രീതിയിലാണ് ഇതിന്റെ നിർമാണം.

ഇവിടത്തെ പ്രസിദ്ധമായ മറ്റൊന്ന് 'ചുംബനപാലം' ( Kissing Bridge) ആണ്. പ്രായഭേദമെന്യേ ആളുകൾ ഇവിടെ ഒത്തുകൂടുക പതിവാണ്. കൊട്ടാരങ്ങൾ, കെട്ടിടങ്ങൾ, വീടുകൾ, പാലങ്ങൾ ഇവയ്ക്കൊക്കെ ഇടയിലൂടെ ഒഴുകുന്ന റൊമാന്റിക് കനാലുകൾ ആണ് 'വടക്കൻ വെനീസ് ' എന്നു ബ്രൂഷിനു പേരു കിട്ടാൻ കാരണം.

b1

കടപ്പാട്; ഡോ. ബിനുമോൾ ടോം, ആർക്കിടെക്ട്

Tags:
  • Architecture