Monday 24 May 2021 03:36 PM IST : By അഡ്വ: അൻസിൽ സക്കറിയ കോമാട്ട്

ഉപഭോക്താവ് കരാറിൽ നിന്ന് പിൻവാങ്ങിയാൽ തോന്നുംപടി നഷ്ടപരിഹാരം ഈടാക്കാനാവില്ല, കണക്കുണ്ട്

law 1

ബിൽഡറുടെ കയ്യിൽ നിന്ന് ഫ്ലാറ്റോ വില്ലയോ വാങ്ങുന്നതിനു മുൻപ് ഇരുകൂട്ടരും തമ്മിൽ കരാർ ഒപ്പിടുന്ന പതിവുണ്ട്. ബിൽഡറുടെ താൽപര്യപ്രകാരം വ്യവസ്ഥകളെല്ലാം ടൈപ്പ് ചെയ്ത കരാറിൽ ഒപ്പിടാനാണ് പലപ്പോഴും ഉപഭോക്താവ് നിർബന്ധിതനാവുക. അൻ‌പതിലധികം വ്യവസ്ഥകൾ വരെ ഇത്തരം യുണി ലാറ്ററൽ എഗ്രിമെന്റിൽ ഉണ്ടാകും. പലരും ഇതെല്ലാം വായിച്ചു നോക്കാറില്ല എന്നതാണ് വാസ്തവം. എന്തെങ്കിലും കാരണവശാൽ കരാറിൽ നിന്ന് പിൻവാങ്ങിയാൽ അഡ്വാൻസ് തുകയുടെ മുപ്പതും നാൽപതും ശതമാനം വരെയോ മുഴുവനായോ നഷ്ടപ്പെടുമെന്ന വ്യവസ്ഥയും ചിലപ്പോൾ കരാറിലുണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ, ‘ഞാൻ വ്യവസ്ഥകളൊക്കെ സമ്മതിച്ച് കരാർ ഒപ്പിട്ടു കൊടുത്തതല്ലേ’ എന്നു കരുതി പണം നഷ്ടപ്പെടുത്തുന്നവരുണ്ട്. എന്നാൽ, ആകെ വിലയുടെ 10 ശതമാനത്തിലധികം എണസ്റ്റ് മണി (Earnest Money) ആയി കണക്കാക്കി അഡ്വാൻസ് ഈടാക്കാൻ പാടില്ല എന്നതാണ് നിയമം.

നവീൻ കാത്രിയും പരീണ ഇൻഫ്രാ സ്ട്രക്ചറും തമ്മിലുള്ള കേസിലാണ് (2019) ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ സുപ്രധാന വിധി പുറപ്പെടുവിച്ചത്. സാധാരണക്കാരുടെ താൽപര്യവും സാമ്പത്തിക സുരക്ഷയും മുൻനിർത്തിയാണ് ഈ വിധി എന്നും വിധിന്യായത്തിൽ കൃത്യമായി പറയുന്നുണ്ട് എന്തു കാരണത്താൽ ഉപഭോക്താവ് കരാറിൽ നിന്ന് പിൻമാറിയാലും ആകെ തുകയുടെ പത്ത് ശതമാനമേ ബിൽഡർ നഷ്ടപരിഹാരമായി ഈടാക്കാവൂ എന്ന് ഈ വിധി വ്യക്തമായി പറയുന്നു. മിക്കവാറും കരാറുകളിൽ മൊത്തം തുകയുടെ മുപ്പതും നാൽപതും ശതമാനം വരെ ഏണസ്റ്റ് മണിയായി കണക്കാക്കുമെന്നും ഇടപാടിൽ നിന്നു പിൻവാങ്ങിയാൽ ആ തുക നഷ്ടപരിഹാരമായി ഈടാക്കും എന്നുമായിരിക്കും എഴുതിയിരിക്കുക.

ഉദാഹരണത്തിന് ഒരു കോടിയുടെ ഫ്ലാറ്റ് വാങ്ങാൻ 25 ലക്ഷം രൂപ അഡ്വാൻസ് നൽകിയ ആൾ എന്തെങ്കിലും കാരണത്താൽ കരാറിൽ നിന്ന് പിൻവാങ്ങിയാൽ പത്ത് ലക്ഷം രൂപ മാത്രമെ ബിൽഡർക്കു നഷ്ടപരിഹാരമായി ഈടാക്കാനാകൂ. അഡ്വാൻസ് തുകയും തവണകളായി കുറച്ചു തുകയും കൂടി നൽകിയ ശേഷമാണ് കരാറിൽ നിന്നു പിൻവാങ്ങുന്നതെങ്കിലും വിൽപന തുകയുടെ (ഫ്ലാറ്റിന്റെ ആകെ വില) പത്ത് ശതമാനമെ ബിൽഡർക്ക് നഷ്ടപരിഹാരമായി ഈടാക്കാനാകൂ. ഒരു കോടിയുടെ ഫ്ലാറ്റിന് അഡ്വാൻസ് തുകയായി പത്ത് ലക്ഷവും പലതവണയായി 25 ലക്ഷവും കൂടി നൽകിയിട്ടുണ്ടെങ്കിലും പരമാവധി പത്ത് ലക്ഷമെ നഷ്ടപരിഹാരം നൽകേണ്ടതുള്ളൂ. പണം നൽകിയതിന് ആവശ്യമായ തെളിവുകളും രോഖകളും സൂക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. n

Tags:
  • Vanitha Veedu