Friday 05 July 2019 05:26 PM IST : By സിനു ചെറിയാൻ

ഞായറാഴ്ച ഫ്രീയായിരുന്നോളൂ! വാടകയ്ക്ക് വാഷിങ് മെഷീൻ വീട്ടുപടിക്കലെത്തും; പുതിയ സംരംഭമിങ്ങനെ

rent

ദിവസം ഞായറാഴ്ച, പ്രശ്നം തുണിയലക്കൽ. ഒരുമിച്ച് വാടകയ്ക്ക് താമസിക്കുന്ന എല്ലാവർക്കും ഒരാഴ്ചത്തെ തുണിയുണ്ട് അലക്കാൻ. ആകെയുള്ളതൊരു ഞായറാഴ്ച തുണിയലക്കി നശിപ്പിക്കണോ? ഫോണെടുക്കുക, ഗൃഹോപകരണങ്ങൾ വാടകയ്ക്കു കൊടുക്കുന്ന ആപ്പിൽ റജിസ്ട്രർ ചെയ്യുക. നിമിഷങ്ങൾക്കുള്ളിൽ വാഷിങ് മെഷീൻ വീട്ടുവാതിൽക്കലെത്തും. ഒറ്റദിവസംകൊണ്ട് എല്ലാവരുടെയും തുണി അലക്കി മെഷീൻ തിരികെപ്പോകും. മെഷീന്റെ വാടക പങ്കിട്ടെടുക്കാം. ഇത് ഭാവനയല്ല, സ്വപ്നമല്ല. സത്യം.. പകൽപോലെ സത്യം.

‘റെന്റ് എ കാർ’ പോലെ എൽഇഡി ടിവി മുതൽ ഫ്ലാസ്ക് വരെ എന്തും വാടകയ്ക്ക് നൽകുന്നവർ ഇപ്പോൾ കേരളത്തിലുമുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്കോ പഠനസംബന്ധമായ ആവശ്യങ്ങൾക്കോ ഏതാനും മാസങ്ങൾ മാത്രം നഗരത്തിൽ താമസിക്കേണ്ടി വരുന്നവർ, ഫ്ലാറ്റ് വാടകയ്ക്കെടുത്ത് കഴിയുന്ന അവിവാഹിതർ തുടങ്ങിയവരാണ് ഈ ബിസിനസിന്റെ ഗുണഭോക്താക്കൾ.

rent-2

സോഫ, കട്ടിൽ, അലമാര, അടുപ്പ്, ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, എസി എന്നിവയെല്ലാം വാടകയ്ക്ക് ലഭിക്കും. മിക്സി, തേപ്പുപെട്ടി, മെത്ത, തലയണ, കാർപെറ്റ്, കമ്പിളിപ്പുതപ്പ് തുടങ്ങിയവ വേണമെങ്കിൽ അതും. ഏതാനും ദിവസത്തേക്കോ അതല്ലെങ്കിൽ മാസവാടകയ്ക്കോ സംഗതി ലഭിക്കും. ദിവസം കൂടും തോറും വാടക കുറയുമെന്നതാണ് പ്രത്യേകത.

പാക്കേജ് ഓഫറുകളാണ് മറ്റൊരു കൗതുകം. ഒരു വീട്ടിലേക്കാവശ്യമായ മുഴുവൻ ഫർണിച്ചർ അല്ലെങ്കിൽ ഗൃഹോപകരണങ്ങൾ ഒരുമിച്ചെടുക്കുമ്പോൾ വാടകയിൽ ഇളവ് ലഭിക്കും. ബെഡ്റൂം ഫർണിച്ചർ, ലിവിങ് റൂം ഫർണിച്ചർ എന്നിങ്ങനെയും പാക്കേജുകളുണ്ട്.

സീസണൽ ഓഫറുകളും കളംപിടിച്ചു കഴിഞ്ഞു. ലോകകപ്പ് ക്രിക്കറ്റ് വലിയ എൽഇഡി ടിവിയിൽ കാണാൻ ആഗ്രഹിക്കാത്തവരുണ്ടോ? ഇത്തരക്കാർക്കായി എൽഇഡി ടിവിക്ക് ഓഫറുകളുണ്ടാകും. ചൂടു സഹിക്കാൻ വയ്യാഞ്ഞ് ഒരു എയർ കൂളർ വയ്ക്കണമെന്നു തോന്നിയാൽ...? ഏപ്രിൽ, മേയ് മാസങ്ങളിൽ കൂളറിനും ഓഫറുണ്ടാകും.

rent-33

എൽഇഡി ടിവിക്ക് ഒരു മാസത്തേക്ക് 2000 രൂപയാണ് കൊച്ചിയിലെ വാടക. കൂളറിനും അതുതന്നെ. ഒരു ദിവസത്തേക്കാണെങ്കിൽ 200 രൂപയ്ക്കു ലഭിക്കും. ഫ്രിഡ്ജിന് 1500 രൂപയാണ് മാസ വാടക. ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, അവ്ൻ, അടുപ്പ് തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന ഹോം അപ്ലയൻസസ് പാക്കേജ് ആണെങ്കിൽ 12,000 രൂപ മാസവാടക.

ആപ്പ് മുഖാന്തിരമോ ഗോഡൗണിൽ എത്തിയോ ഇഷ്ടപ്പെട്ട മോഡൽ തിരഞ്ഞടുത്താൽ കമ്പനി അത് വീട്ടിലെത്തിച്ചു തരും. ആവശ്യം കഴിഞ്ഞ് അറിയിക്കുമ്പോൾ തിരികെ കൊണ്ടുപോകുകയും ചെയ്യും. അതിനാൽ വണ്ടിക്കൂലി, കയറ്റിറക്ക് തുടങ്ങിയ കാര്യങ്ങളിലെ പൊല്ലാപ്പൊന്നും വീട്ടുകാർ അറിയേണ്ട.

വാടകയ്ക്ക് എടുക്കാൻ മാത്രമല്ല, നമുക്ക് അധികമുള്ളത് വാടകയ്ക്ക് നൽകാനും അവസരം ഒരുക്കുന്നു എന്നതാണ് ഈ ബിസിനസിന്റെ പ്രത്യേകത. വാടക കൃത്യമായി അക്കൗണ്ടിലെത്തും. ഇൻഷുറൻസ് കവറേജ് ഉറപ്പാക്കിയാൽ എന്തെങ്കിലും കേടുപറ്റിയാൽ നഷ്ടപരിഹാരം ലഭിക്കുകയും ചെയ്യും.