Thursday 29 April 2021 02:26 PM IST

മെഷീൻ കടമെടുത്ത് അഞ്ചു ദിവസത്തിനുള്ളിൽ വീട് പണിയാം; ഇന്ത്യയിലെ ആദ്യത്തെ 3D പ്രിൻ്റഡ് വീട് നിർമാണം കാണാം

Sona Thampi

Senior Editorial Coordinator

3d 1

കെട്ടിടം പണിയുക എന്നാൽ ഇനി കെട്ടിടം 'പ്രിൻ്റ് ' ചെയ്യുക എന്നു പറയുന്ന നാളുകൾ വിദൂരത്തല്ല. 3D കോൺക്രീറ്റ് പ്രിൻ്റിങ് എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ ആദ്യമായി നിർമിച്ച വീട് ചെന്നൈ ഐഐടി ക്യാംപസിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്തു. 600 ചതുരശ്രയടിയാണ് ഈ വീടാണ് വലുപ്പം.  ഒറ്റ നിലയിലുള്ള വീട്ടിൽ ഒരു കിടപ്പുമുറി, ഹാൾ, കിച്ചൻ എന്നീ സൗകര്യങ്ങളാണുള്ളത്. ഐഐടി ചെന്നൈയിലെ മൂന്നു പൂർവ്വ വിദ്യാർത്ഥികൾ ചേർന്നു രൂപീകരിച്ച സ്റ്റാർട്ടപ്പ് കമ്പനിയായ ടി വാസ്റ്റ മാനുഫാക്ചറിങ് സൊലൂഷൻസ് ആണ് ഈ സാങ്കേതിക വിദ്യ ഡിസൈൻ ചെയ്തത്. ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റീസ് ടെർവില്ലിഗർ സെൻ്റർ ഫോർ ഇന്നവേഷൻ ഇൻ ഷെൽട്ടറുമായി സഹകരിച്ചാണ് വീടു നിർമാണം.

3d 2

കൈയ്യിലൊതുങ്ങുന്ന വീടു നിർമാണം എന്ന ആശയത്തിന് കൂടുതൽ ആത്മവിശ്വാസം പകരുന്നതാണ് കോൺക്രീറ്റ് 3D പ്രിൻറിങ് ടെക്നോളജി. ചെലവും സമയവും കുറയ്ക്കുന്നു എന്നു മാത്രമല്ല, പ്രകൃതി സൗഹാർദ്ദ നിർമാണ വസ്തുക്കൾ ഉപയോഗിക്കുന്നു എന്നതുകൂടിയാണ് ഈ സാങ്കേതിക വിദ്യയുടെ മേന്മ. 'റെഡി -ടു-ഇംപ്ലിമെൻ്റ്‌ ' രീതിയിലുള്ള ഈ സാങ്കേതിക വിദ്യ ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്തതാണ്. അഞ്ചു ദിവസത്തിനുളളിലായിരുന്നു വീട് നിർമാണം. ഡിസൈനിനനുസരിച്ച് പ്രത്യേകതരം കോൺക്രീറ്റ് ഉപയോഗിച്ച് വീടിൻ്റെ ഭാഗങ്ങൾ പ്രിൻ്റ് ചെയ്തെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇവ സൈറ്റിലെത്തിച്ച് കൂട്ടിച്ചേർക്കുകയേ വേണ്ടൂ, വീട് റെഡി! ബോർവെൽ കുത്താൻ മെഷീൻ വാടകയ്ക്ക് എടുക്കുന്ന പോലെ ഇനി വീടുപണിയാനും മെഷീൻ വാടകയ്ക്ക് എടുക്കാം!

Tags:
  • Vanitha Veedu