Wednesday 19 May 2021 11:59 AM IST : By സ്വന്തം ലേഖകൻ

ലോക് ഡൗണില്‍ വീടുപണി മുടങ്ങുമോ, നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാമോ? ഇളവുകളും നിര്‍ദ്ദേശങ്ങളും ഇങ്ങനെ

lock-down-home

സിമന്റ്, കമ്പി, ടൈല്‍, സാനിറ്ററിവെയര്‍, ഇലക്ട്രിക്കല്‍, പ്ലമിങ് സാധനങ്ങള്‍ തുടങ്ങി നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. ലോക്ഡൗണ്‍ നിയമങ്ങള്‍ കര്‍ശനമായി പാലിച്ച് രാവിലെ 11 മുതല്‍ വൈകിട്ട് ആറ് വരെയാണ് പ്രവര്‍ത്തിക്കാവുന്നത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുള്ള തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ഒഴികെയുള്ള ജില്ലകളിലാണ് കടകള്‍ തുറക്കാനാകുക.

ലോക്ഡൗണ്‍ സമയത്ത് നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാനാകുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലവിലുണ്ടായിരുന്നു. പൊതുജനസഞ്ചാരം, വാഹനഗതാഗതം എന്നിവയ്ക്ക് നിയന്ത്രണം ഉണ്ടായിരുന്നതിനാല്‍  ഭൂരിഭാഗം കടകളും തുറന്നിരുന്നില്ല.

സാധനങ്ങള്‍ വാങ്ങി സ്റ്റോക്ക് ചെയ്യാതെ കെട്ടിടനിര്‍മാണം തുടങ്ങിയ ഇടത്തരക്കാരാണ് ഇതുകാരണം പ്രതിസന്ധിയിലായത്. കാലവര്‍ഷം എത്തുന്നതിനു മുന്‍പ് വീടുപണി തീര്‍ക്കാന്‍ കണക്കുകൂട്ടിയിരുന്ന സാധാരണക്കാരും നിര്‍മാണസാമഗ്രികള്‍ കിട്ടാതെ വിഷമത്തിലായി.

പ്രവര്‍ത്തനസമയം, ഒരേ സമയം പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം തുടങ്ങിയ നിബന്ധനകളെല്ലാം കര്‍ശനമായി പാലിച്ച് കടകള്‍ തുറക്കാനാണ് നിര്‍ദേശം.

'എല്ലാവിധ സര്‍ക്കാര്‍, സ്വകാര്യ നിര്‍മാണ പ്രവര്‍ത്തികളും അനുവദിക്കപ്പെട്ടിട്ടുള്ളതാണെന്നും കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്  തൊഴിലാളികളെ നിര്‍മാണപ്രവര്‍ത്തികള്‍  നടക്കുന്ന സ്ഥലങ്ങളിലേക്കും തിരിച്ചും എത്തിക്കുന്ന എല്ലാ വാഹനങ്ങളും അനുവദിച്ചിട്ടുള്ളതിനാല്‍ അവ തടസ്സപ്പെടുത്താന്‍ പാടില്ലെന്നുമാണ്' പൊലീസ് മേധാവിയുടെ നിര്‍ദേശത്തില്‍ പറയുന്നത്. നിര്‍മാണ സാമഗ്രികളുടെ സുഗമമായ വിതരണത്തിന് അവ വില്‍ക്കുന്ന കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കേണ്ടതാണ് എന്നും സര്‍ക്കുലറില്‍ പറയുന്നു.

നിര്‍മാണത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെ പങ്കെടുപ്പിക്കുന്നതു സംബന്ധിച്ച കൃത്യമായ നിര്‍ദേശങ്ങളും സര്‍ക്കുലറിലുണ്ട്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ള തൊഴിലാളികളെ മാത്രമേ ജോലി ചെയ്യിക്കാന്‍ പാടുള്ളൂ. തൊഴിലാളികള്‍ക്ക് നിര്‍മാണം നടക്കുന്ന സ്ഥലത്തു തന്നെ താമസസൗകര്യം ഒരുക്കണം. ഇതിനു കഴിയുന്നില്ല എങ്കില്‍ തൊഴില്‍ സ്ഥലത്തേക്കും തിരിച്ചും വാഹനസൗകര്യം ക്രമീകരിക്കണം.

കോവിഡ് പ്രതിസന്ധിയും ലോക്ഡൗണും കാരണം തകര്‍ച്ചയിലായ നിര്‍മാണമേഖലയ്ക്ക് അല്‍പമെങ്കിലും ആശ്വാസമാകുന്നതാണ് കടകള്‍ തുറക്കാനുള്ള തീരുമാനം.