Saturday 07 November 2020 03:00 PM IST : By സ്വന്തം ലേഖകൻ

ദിവസങ്ങൾക്കുള്ളിൽ പണി പൂർത്തിയാകുന്ന ചില കെട്ടിടങ്ങള്‍ കണ്ടിട്ടില്ലേ.. എന്താണിതിന്റെ രഹസ്യം?

steel1

പതിവ് രീതിയിലുള്ള കട്ട കെട്ടലും കോൺക്രീറ്റിങ്ങുമൊക്കെ ഒഴിവാക്കി സ്റ്റീൽ ഫ്രെയിമിൽ കെട്ടിടം നിർമിക്കുന്ന സാങ്കേതികവിദ്യയാണ് അതിവേഗനിർമാണത്തിനു പിന്നിലെ ഗുട്ടൻസ്. ഒന്നും രണ്ടുമല്ല അഞ്ചും ആറും അതിലധികവും നിലകളുള്ള കെട്ടിടങ്ങൾ വരെ ഇത്തരത്തിൽ നിർമിക്കാം.പ്രീ എൻജിനീയറിങ് ടെക്നിക്, യൂണിവേഴ്സൽ കോളം സെ‌ക്‌ഷൻ എന്നീ രണ്ട് മാർഗങ്ങളിലൂടെ ഇത്തരം കെട്ടിടങ്ങൾ നിർമിക്കുന്നു. സ്റ്റീൽ പ്ലേറ്റ് ഉപയോഗിച്ച് ആവശ്യമായ അളവുകളിലുള്ള പില്ലർ, ബീം എന്നിവ തയാറാക്കിയ ശേഷം നട്ട്, ബോൾട്ട് എന്നിവ ഉപയോഗിച്ച് അവ കൂട്ടി യോജിപ്പിക്കുന്നതാണ് ‘പ്രീ എൻജിനീയറിങ്’ ടെക്നിക്. കൃത്യമായ അളവുകളിൽ തന്നെ പില്ലറും ബീമും നിർമിക്കാം എന്നതാണ് ഇതിന്റെ മെച്ചം. നാല് എംഎം മുതൽ 20 എംഎം വരെ കനമുള്ള സ്റ്റീൽ പ്ലേറ്റ് ഉപയോഗിച്ചാണ് പില്ലറും ബീമും നിർമിക്കുന്നത്. ചതുരശ്രയടിക്ക് 300 രൂപ മുതലാണ് ഇതിനുള്ള ചെലവ്.

steel4

റെഡിമെയ്ഡ് സ്റ്റീൽ പില്ലർ, ബീം എന്നിവ ഉപയോഗിച്ച് കെട്ടിടം നിർമിക്കുന്നതാണ് രണ്ടാമത്തെ രീതി. സ്റ്റാൻഡേർഡ് അളവുകളിലായിരിക്കും പില്ലർ, ബീം എന്നിവ ലഭിക്കുക. അതിനാൽ ചില സാഹചര്യങ്ങളിൽ ആവശ്യമുള്ളതിലും കനമുള്ള പില്ലറോ ബീമോ ഉപയോഗിക്കേണ്ടി വന്നേക്കാം.ചതുരാകൃതിയിലായിരിക്കും പില്ലർ ലഭിക്കുക. ‘എച്ച്’ എന്ന ഇംഗ്ലിഷ് അക്ഷരത്തിന്റെ ആകൃതി ആയിരിക്കും പില്ലറിന്. 203 എംഎം മുതൽ 600 എംഎം വരെ കനമുള്ള റെഡിമെയ്ഡ് പില്ലർ ലഭ്യമാണ്. ചതുരശ്രയടിക്ക് 800 രൂപ മുതലാണ് ഇത്തരത്തിൽ സ്റ്റീൽ സ്ട്രക്ചർ നിർമിക്കുന്നതിനുള്ള ചെലവ്.

steel3

രണ്ട് രീതിയിലുള്ള നിർമാണത്തിലും കോൺക്രീറ്റുകൊണ്ടുള്ള അടിത്തറയ്ക്കു മുകളിൽ സ്റ്റീലിന്റെ ബേസ് പ്ലേറ്റ് പിടിപ്പിച്ച് അതിൽ ബോൾട്ട് യൂണിറ്റ് ഉറപ്പിച്ചാണ് സ്റ്റീൽ പില്ലർ പിടിപ്പിക്കുന്നത്. മണ്ണിന്റെ ഉറപ്പ്, കെട്ടിടത്തിന്റെ ഭാരം, വിൻഡ് ലോഡ് തുടങ്ങിയ കാര്യങ്ങൾ വിശദമായി വിലയിരുത്തിയാണ് പൈലിങ്, അടിത്തറയുടെ ഡിസൈൻ എന്നിവ നിശ്ചയിക്കുന്നത്. ഇതിന് വിദഗ്ധനായ സ്ട്രക്ചറൽ എൻജിനീയറുടെ സേവനം അത്യാവശ്യമാണ്.സ്റ്റീൽ ബീമുകൾക്കു മുകളിൽ ലോഹപ്പാളി അഥവാ ‘മെറ്റൽ ഡെക്കിങ് ഷീറ്റ്’ പിടിപ്പിച്ചാണ് ഇത്തരം കെട്ടിടങ്ങളുടെ തറ നിർമിക്കുന്നത്. ലോഹപ്പാളിക്കു മുകളിൽ ടൈൽ ഒട്ടിക്കുകയോ വിനൈൽ ഷീറ്റ് വിരിക്കുകയോ വു‍ഡൻ പാനൽ പിടിപ്പിക്കുകയോ ഒക്കെ സൗകര്യം പോലെ ചെയ്യാം.

steel2

0.8 എംഎം മുതൽ രണ്ട് എംഎം വരെ കനമുള്ള ഡെക്കിങ് ഷീറ്റ് ആണ് ഫ്ലോറിങ്ങിനായി ഉപയോഗിക്കുന്നത്. ടൈൽ ഒട്ടിക്കാനാണെങ്കിൽ ഇതിനു മുകളിൽ നാലിഞ്ച് കനത്തിൽ കോൺക്രീറ്റ് ചെയ്യണം. ബഹുനിലക്കെട്ടിടങ്ങളുടെ എത്ര നില വേണമെങ്കിലും ഒറ്റദിവസം കൊണ്ട് കോൺക്രീറ്റ് ചെയ്യാം എന്നതാണ് സ്റ്റീൽ സ്ട്രക്ചർ നൽകുന്നതു കൊണ്ടുള്ള മറ്റൊരു ഗുണം. സാധാരണരീതിയിൽ താഴത്തെ നില കോൺക്രീറ്റ് ചെയ്ത് മൂന്നോ നാലോ ആഴ്ച കഴിഞ്ഞു മാത്രമേ മുകളിലത്തെ നില കോൺക്രീറ്റ് ചെയ്യാനാകൂ.ഭിത്തിക്ക് പാനൽ ഉപയോഗിക്കുമ്പോൾ സ്റ്റീൽ ഫ്രെയിമിൽ സ്ക്രൂ ചെയ്തോ വെൽഡ് ചെയ്തോ പിടിപ്പിക്കാവുന്ന രീതിയിലുളള സ്റ്റീൽ, അലുമിനിയം വാതിലുകളും ജനലുകളുമാണ് അനുയോജ്യം. ചെലവ് കുറഞ്ഞ രീതിയിൽ വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർക്കും ആശ്രയിക്കാവുന്നതാണ് ഈ സാങ്കേതികവിദ്യ.

വിവരങ്ങൾക്കു കടപ്പാട്:

ഫ്രെയിംടെക് സ്റ്റീൽ, ഇടപ്പള്ളി, കൊച്ചി

പാവന ഇൻഡസ്ട്രീസ്, പൂണിത്തുറ, കൊച്ചി

Tags:
  • Vanitha Veedu